Sorry, you need to enable JavaScript to visit this website.

മോസ്‌കോ ബാപ്പു അഥവാ ഒരു റഷ്യൻ പ്രണയകഥ

റഷ്യ, ജിദ്ദാ പ്രവാസിയായ റഷീദിനൊരു വികാരമാണ്. മൂന്നാം തവണയും റഷ്യയിലേക്കുള്ള യാത്രയ്‌ക്കൊരുങ്ങുമ്പോഴാണ് കോവിഡ് പ്രതിസന്ധി തടസ്സമായത്. ക്യാമറയും തോൾസഞ്ചിയുമായി ഒറ്റയ്ക്ക് മോസ്‌കോയിലും സമീപ നഗരങ്ങളിലും നാളുകളോളം നടത്തിയ അലച്ചിൽ. അതോടെ 'മോസ്‌കോ ബാപ്പു' എന്നൊരു ഇരട്ടപ്പേരും നാട്ടുകാരിട്ടു. റഷ്യക്കാരുമായി ഇന്ത്യൻ കഥകളും ചരിത്രവും പറഞ്ഞ് സൗഹൃദം പങ്കിട്ടു. അവരുടെ ആതിഥ്യം സ്വീകരിച്ചു. റെഡ് സ്‌ക്വയറിൽ ചുവന്ന പൂക്കൾ വിതറി. മുസ്സോളിയത്തിൽ ശയിക്കുന്ന ലെനിന് സല്യൂട്ടടിച്ചു. റഷ്യയോടുള്ള അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് ഈ മലപ്പുറം പാണ്ടിക്കാട്ടുകാരൻ പങ്കുവെക്കുന്ന മനോഗതങ്ങൾ...

റഷ്യയിൽ മഴ പെയ്യുമ്പോൾ കേരളത്തിൽ കുട പിടിക്കുന്നവർ എന്ന് കമ്യൂണിസ്റ്റുകാരെ കളിയാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ആലങ്കാരികമായൊരു രാഷ്ട്രീയ ആക്ഷേപ ഹാസ്യം മാത്രമായിരുന്നു അത്. ഇന്നിപ്പോൾ റഷ്യയിൽ മഴ പെയ്യുമ്പോൾ കേരളത്തിലെന്നല്ല, എവിടെയും കുട പിടിക്കാനാളെക്കിട്ടാത്ത ഈ കാലത്ത്, ജിദ്ദയിൽ പ്രവാസിയായ മലപ്പുറം പാണ്ടിക്കാട്ടുകാരൻ കരുവാരക്കോട്ടിൽ മുഹമ്മദ് അബ്ദുൽ റഷീദ് എന്ന മോസ്‌കോ ബാപ്പുവിന്റെ മൊബൈലിൽ, റഷ്യയിലെപ്പോൾ മഴ പെയ്യുമെന്നും നിലാവുദിക്കുമെന്നും റഷ്യൻ സമയമെത്രയെന്നും റൂബിളിന്റെ വിനിമയ നിരക്ക് എത്രയെന്നുമൊക്കെ കൃത്യമായ ഡാറ്റ ശേഖരിച്ചു വെച്ചിരിക്കുന്നു. റഷ്യൻ ഭൂമിശാസ്ത്രം, രാഷ്ട്രീയം, കായിക വിശേഷങ്ങൾ.. എല്ലാം റഷീദിന്റെ വിരലകലത്തിൽ റെഡി. 


മോസ്‌കോ ബാപ്പു എന്ന ഇരട്ടപ്പേര് കിട്ടിയതിനു പിന്നിലൊരു കഥയുണ്ട്. പാണ്ടിക്കാട് പയ്യപ്പറമ്പിലെ പാക്കിസ്ഥാൻമുക്കിൽ നിന്നാണ് റഷീദ് വരുന്നത്. ലീഗുകാർ കൂടുതലുള്ളതുകൊണ്ടാണ് ഈ പേര് കിട്ടിയതെന്നും അവിടെ ഇടതുപക്ഷ അനുഭാവികളായി ഞങ്ങൾ കുറച്ചു പേരേയുള്ളൂവെന്നും റഷീദ്. ആദ്യ റഷ്യൻ യാത്രയ്ക്കു ശേഷം നാട്ടിലെത്തിയപ്പോഴാണ് പാക്കിസ്ഥാൻമുക്കുകാർ, റഷീദിനെ മോസ്‌കോ ബാപ്പു എന്ന് വിളിച്ചുതുടങ്ങിയത്. കരുവാരക്കോട്ടിൽ അബൂബക്കർ മുസ്‌ല്യാരുടെയും താഴെപറമ്പൻ ഖദീജയുടെയും മകനായ റഷീദ് ജിദ്ദയിൽ ബസാം ട്രേഡിംഗ് കമ്പനിയിലെ ടെക്‌നിക്കൽ വെയർഹൗസ് സൂപ്പർവൈസറാണ്. ജിദ്ദ നവോദയ പ്രവർത്തകൻ കൂടിയായ റഷീദ് രണ്ടു തവണയായി റഷ്യൻ നഗരങ്ങളിൽ മാസങ്ങളോളം ചുറ്റിക്കറങ്ങി. മൂന്നാം തവണ പോകാനുള്ള വിസ റെഡിയായിരുന്നു. 
യാത്രക്കൊരുങ്ങുമ്പോഴാണ് കോവിഡ് പ്രതിസന്ധി വന്നത്. എത്ര തവണ പോയാലും കൊതി തീരാത്ത രാജ്യമാണ് റഷ്യയെന്ന് റഷീദ് പറയുന്നു.


നിലമ്പൂർ മാനവേദൻ, എം.എസ്.ഐ, മമ്പാട് കോളേജ് എന്നിവിടങ്ങളിലെ പഠനശേഷം അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്കിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിംഗിൽ ഡിപ്ലോമ. തുടർന്ന് കർണാടകയിലെ ഷുഗർ ഫാക്ടറിയിൽ ഒരു കൊല്ലം ജോലി. തിരികെയെത്തി പാണ്ടിക്കാട് ബസ് സ്റ്റാന്റ് കോംപ്ലക്‌സിൽ സുഹൃത്തുമായി ചേർന്ന് മൊബൈൽ ഫോൺ കട തുടങ്ങി. ഒന്നര വർഷം കഴിഞ്ഞപ്പോഴാണ് ഹിന്ദു പത്രത്തിലെ വിദേശത്തേക്കുള്ള തൊഴിൽ പരസ്യം കണ്ട് അപേക്ഷിച്ചത്. (അന്നും ഇന്നും ഹിന്ദു പത്രം വായിക്കുന്നു, റഷീദ്. 
ബൃന്ദാ കാരാട്ട് തന്റെ പാണ്ടിക്കാട് സന്ദർശനവേളയിൽ ഹിന്ദുപത്രം അന്വേഷിച്ച് നടന്നു കിട്ടാതായപ്പോൾ റഷീദാണവർക്ക് പത്രമെത്തിച്ചു കൊടുത്തത്). കൊച്ചിയിലായിരുന്നു അഭിമുഖം.

അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ കമ്പനിയായ ഡി.ആർ.എസ് ടെക്‌നോളജീസിലേക്കായിരുന്നു ആളെ ആവശ്യമുണ്ടായിരുന്നത്. റഷീദിന് നിയമനം കിട്ടി. 2010 ൽ ദുബായ് വഴി അഫ്ഗാനിലെത്തി. പട്ടാള ടാങ്കുകൾ ഉഴുത് മറിച്ച കാണ്ഡഹാറിലെ വാട്ടർ പ്ലാന്റിലായിരുന്നു ജോലി. 1350 അമേരിക്കൻ ഡോളർ ശമ്പളവും താമസവും. സുഹൃത്ത് മലപ്പുറം പൂക്കോട്ടുംപാടം സ്വദേശി റസാഖ് അന്ന് അഫ്ഗാനിലുണ്ടായിരുന്നത് റഷീദിന് ധൈര്യം നൽകി. റഷ്യക്കാരും താലിബാനുകളും അമേരിക്കക്കാരും അവശേഷിപ്പിച്ച യുദ്ധാവശിഷ്ടങ്ങളിൽ നിന്നാണ് പിൽക്കാല അഫ്ഗാൻ ഉയിർത്തെഴുന്നേറ്റത്. റഷ്യക്കാരുടെ കാലം, ജനറൽ നജീബുല്ലയുടെ ഭരണം.. ഇതായിരുന്നു അഫ്ഗാന്റെ സുവർണ കാലമെന്ന് ചില മുതിർന്ന അഫ്ഗാനികൾ റഷീദിനോട് പറഞ്ഞു. ബാരക്കുകളിലൂടെ ശുദ്ധജല വിതരണക്കുഴൽ നാട്ടുന്ന ജോലിയായിരുന്നു കാണ്ഡഹാറിൽ. ക്യാമ്പിൽ നിന്ന് ക്യാമ്പുകളിലേക്കുള്ള റഷീദിന്റെയും സഹപ്രവർത്തകരുടെയും യാത്ര ഹെലികോപ്റ്ററുകളിലായിരുന്നു. തൂക്കിലേറ്റപ്പെട്ട ജനറൽ നജീബുല്ല, ഒരു ഹീറോ പരിവേഷത്തോടെ ഇന്നും റഷീദിന്റെ മനസ്സിലുണ്ട്. ഹിന്ദി നന്നായി പഠിച്ചുവെങ്കിലും അവരുടെ മാതൃഭാഷയായ പഷ്തു പഠിക്കാൻ കഴിയാത്ത വിഷമമുണ്ട്. മധുരമൂറുന്ന നിരവധി അനുഭവങ്ങളുമായാണ് റഷീദ് അഫ്ഗാനിലെ കരാർ കാലാവധിക്കു ശേഷം മടങ്ങിയത്.


രണ്ടര വർഷത്തോളം മഞ്ചേരിയിലൊരു മൊബൈൽ കട തുടങ്ങി. ആയിടയ്ക്കായിരുന്നു ഹിന്ദു പത്രത്തിൽ തന്നെ മറ്റൊരു പരസ്യം കണ്ട് അപേക്ഷിച്ചത്. സൗദിയിലെ പെപ്‌സി കമ്പനിയിലേക്ക് (ബുഗ്ഷാൻ) ആളെയെടുക്കുന്ന അഭിമുഖം. അഫ്ഗാൻ പരിചയത്തിന്റെ പിൻബലം തുണയായി. കൊച്ചിയിൽ അഭിമുഖത്തിനെത്തിയ ഈജിപ്തുകാരൻ ഫഹദ് മുതദാരിസിന് റഷീദിനെ ഇഷ്ടമായി. 
2015 സെപ്റ്റംബറിൽ ജിദ്ദയിലെത്തി. പെപ്‌സി ഫാക്ടറിയിൽ സ്റ്റോർ കീപ്പർ ജോലി. റഷ്യൻ കമ്പം വിട്ടിരുന്നില്ല. 2018 ലെ ഫിഫാ ലോകകപ്പ് റഷ്യയിൽ. റഷീദ് ഓൺലൈനിൽ അപേക്ഷ നൽകി. ഫിഫാ ഫാൻ ഐ.ഡി എന്ന വിഭാഗത്തിൽ വിസയും താമസ സൗകര്യവുമെല്ലാം നൽകുന്ന ആകർഷകമായ പാക്കേജിന് റഷീദ് അർഹത നേടി. 


സൗദി -ഉറുഗ്വേ മൽസരത്തിനാണ് അപേക്ഷിച്ചത്. 240 യൂറോ അടച്ചു. ഫാൻ ഐ.ഡി കാർഡ് കിട്ടി. പെരുന്നാൾ അവധി കൂടിയായിരുന്നു അത്. ഇഷ്ട രാജ്യത്തേക്കുള്ള ആദ്യയാത്ര. റഷ്യൻ മുദ്രയുള്ള ടീഷർട്ട് ധരിച്ചായിരുന്നു സൗദി എയർലൈൻസിൽ മോസ്‌കോയി്‌ലേക്ക് പുറപ്പെട്ടത്. ആരും കൂട്ടിനില്ലാതെ, ഒറ്റക്കുള്ള യാത്ര. എന്നും ഇത്തരം യാത്രകളാണ് റഷീദിനിഷ്ടം. 100 യൂറോയും 2000 റിയാലുമേ കൈയിലുള്ളൂ. മോസ്‌കോ എയർപോർട്ടിൽ റിയാൽ മാറ്റിക്കിട്ടിയില്ല. ഇരുപത് നാൾക്കു ശേഷം തിരിച്ചെത്തുമ്പോഴും റിയാൽ പഴ്‌സിൽ ഭദ്രം. 
മോസ്‌കോയിലിറങ്ങി ആദ്യദിവസം തന്നെ നഗര സന്ദർശനത്തിന്റെ ത്രിൽ. ഫിഫ ഫാൻ ഐ.ഡി പാക്കേജിൽ ലഭിച്ച പാർപ്പിടത്തിൽ ബ്രസീലുകാരും കൊളംബിയക്കാരും അർജന്റീനക്കാരും. എല്ലാ ദിവസവും പുലർച്ചെയെഴുന്നേറ്റ് റഷീദ് ഒറ്റക്ക് നഗരം ചുറ്റി. റെഡ് സ്‌ക്വയർ, സ്റ്റാലിൻഗ്രാഡ്, ക്രെംലിൻ.. അപരിചിതരുമായി സൗഹൃദം സ്ഥാപിക്കാൻ റഷീദ് മിടുക്കനാണ്. സ്വദേശികളോടായിരുന്നു കൂടുതൽ താൽപര്യം. അവരിൽ പലരും താൻ ഇന്ത്യക്കാരനാണെന്നറിയുമ്പോൾ വലിയ ആവേശം. നാലാം നാൾ മോസ്‌കോയിൽ നിന്ന് സൗദിയും ഉറുഗ്വെയും ഏറ്റുമുട്ടുന്ന റോസ്‌റ്റോവ് ഡോൺ സ്‌റ്റേഡിയത്തിലേക്ക്. മോസ്‌കോയിൽ നിന്ന് 1300 കിലോമീറ്റർ അകലെയാണ് 45,500 പേർക്ക് ഇരിക്കാവുന്ന പ്രസിദ്ധമായ ഈ സ്റ്റേഡിയം. മെട്രോയിലായിരുന്നു യാത്ര. ഈ യാത്രക്കിടയിൽ പരിചയപ്പെട്ട വൃദ്ധദമ്പതികളുടെ സ്‌നേഹം റഷീദിന് മറക്കാനാവില്ല. വോഡ്ക നുണഞ്ഞിരുന്ന അവർ റഷീദിനെ മകനെയെന്ന പോലെ സ്‌നേഹിച്ചു. യാത്രയിലുടനീളം അവർ നെഹ്‌റു-ഇന്ദിര-രാജ്കപൂർ എന്നൊക്കെ ഉരുവിട്ടു. അവർ തന്ന ചുരുട്ട് വലിച്ചു. മോസ്‌കോ മുഴുവൻ കാണാനാകാത്ത വിഷമത്തോടെയായിരുന്നു സ്‌റ്റേഡിയത്തിലേക്കുള്ള യാത്ര. ലെനിൻ മുസ്സോളിയവും അപ്പോൾ കാണാൻ കഴിഞ്ഞിരുന്നില്ല. 


ചരിത്രമുറങ്ങുന്ന റോസ്‌റ്റോവ് ഡോൺ. രാത്രി പത്ത് മണിക്ക് മാത്രം സൂര്യൻ അസ്തമിക്കുന്ന നഗരം. അതിശയങ്ങളുടെ രാപ്പകൽ. ലോകമെമ്പാടുമുള്ള ഫുട്‌ബോൾ ഭ്രാന്തന്മാരുടെ ഉന്മാദം ചുരന്നു നിന്ന അന്തരീക്ഷം. വിവിധ ടീമുകളുടെ ആരാധകർ ആടിപ്പാടി. സൗദിക്ക് പരാജയം സമ്മാനിച്ച കളിയായിപ്പോയി എന്ന ദുഃഖം. കൈയിൽ കരുതിയിരുന്ന സൗദി പതാക ഗാലറിയിൽ നിന്ന് ഉയർത്താതെ ബാഗിൽ തന്നെ വെച്ചു. തിരികെ മോസ്‌കോയിലേക്കും അവിടെ നിന്ന് ജിദ്ദയിലേക്കും.
കൊതി തീരും വരെ മോസ്‌കോ കണ്ടില്ലല്ലോ എന്ന ഖേദത്തോടെയായിരുന്നു റഷീദിന്റെ തിരിച്ചുവരവ്. 2019 മേയിൽ വീണ്ടും റഷ്യയിലേക്ക്. ജിദ്ദയിലെ റഷ്യൻ കോൺസുലേറ്റിൽ നിന്ന് പെട്ടെന്ന് വിസ കിട്ടി. ഫ്‌ളൈ ദുബായ് വിമാനത്തിൽ വീണ്ടും മോസ്‌കോയിലേക്ക്. സെന്റ് പീറ്റേഴ്‌സ്ബർഗും ലെനിൻ മുസ്സോളിയവും കൺനിറയെ കണ്ടു. മതിവരുവോളം ഫോട്ടോകളും വീഡിയോദൃശ്യങ്ങളും പകർത്തി. സർവീസ് തുടങ്ങിയ കാലം തൊട്ട് ഇന്നോളം സമയം തെറ്റാതെ ഓടുന്ന ലോകത്തിലെ ഏക തീവണ്ടി സർവീസായ 'റെഡ് ആരോ' ട്രെയിനിൽ സെന്റ് പീറ്റേഴ്‌സ്ബർഗിലേക്കുള്ള യാത്ര അവിസ്മരണീയമായിരുന്നുവെന്ന് റഷീദ് പറയുന്നു. രണ്ടാമത്തെ റഷ്യൻ പര്യടനത്തിൽ തന്റെ മനസ്സിൽ തറഞ്ഞു നിൽക്കുന്ന അനുഭവങ്ങളിലൊന്ന്. മറ്റൊന്ന് ലെനിൻ മുസ്സോളിയം. 


ലോകചരിത്രം മാറ്റിയെഴുതിയ മഹാനായ ലെനിന്റെ ശവകുടീരം കണ്ട് സല്യൂട്ട് ചെയ്താണ് റഷീദ് അവിടെ നിന്ന് മടങ്ങിയത്. ലോക വാസ്തുശിൽപ ചരിത്രത്തിനാകെ മാതൃകയായ മോസ്‌കോ പാലസ് സ്‌ക്വയർ, വേൾഡ് ഹെറിറ്റേജ് മ്യൂസിയം, കത്തീഡ്രൽ.. റഷ്യൻ സ്‌കെച്ചുകളത്രയും മനസ്സിലും ക്യാമറയിലും പകർത്തിയാണ് റഷീദ് മടങ്ങിയത്. രണ്ടാം സന്ദർശനം കൂടി കഴിഞ്ഞതോടെ ജിദ്ദയിൽ സുഹൃത്തുക്കൾക്കിടയിലും നാട്ടിൽ പോയപ്പോൾ അവിടെയും മോസ്‌കോ ബാപ്പു എന്ന പേര് ഒരിക്കൽ കൂടി പ്രസിദ്ധമായി. മൂന്നാം തവണയും റഷ്യയിലേക്കുള്ള പാക്കിംഗും മറ്റും പൂർത്തിയാക്കി കാത്തിരിക്കുന്നതിനിടെയാണ് വ്യോമഗതാഗതം നിലച്ചത്. യാത്രാപദ്ധതികളൊക്കെ മൊബൈലിൽ രേഖപ്പെടുത്തി വെച്ചതായിരുന്നു. 
വിമാന സർവീസ് പുനരാരംഭിക്കുന്നതോടെ വീണ്ടും മോസ്‌കോയിലേക്ക് പോകും -റഷീദ് പറഞ്ഞു. വണ്ടൂർ സ്വദേശിയായ ഷിബ്‌നയാണ് റഷീദിന്റെ ഭാര്യ. മക്കൾ: അഫ്രീൻ, അഫ്ര, അഹ്‌സാൻ. 


ഗോർബച്ചേവിന്റെ വരവോടെ സോവിയറ്റ് യൂനിയൻ തുണ്ടംതുണ്ടമായി മുറിഞ്ഞുപോകും മുമ്പെ ആ രാജ്യത്ത് ജീവിച്ച പഴയ തലമുറയിലെ ചില നല്ല മനുഷ്യരെ കണ്ടുമുട്ടിയ കഥ പറയുമ്പോൾ റഷീദിന് കൂടുതൽ ആവേശം. മൊബൈലിൽ അത്തരം വൃദ്ധന്മാരുടെയും വൃദ്ധകളുടെയും അനവധി പടങ്ങൾ. 
കൈയിൽ സദാ കൊണ്ടുനടക്കുന്ന റഷ്യൻ നിർമിത ബാഗിൽ ആ റഷ്യൻ ആതിഥേയർ സമ്മാനിച്ച സുവനീറുകൾ, ലെനിൻ മുദ്രകൾ, ചർച്ചിന്റെ രൂപങ്ങൾ, കൗതുക വസ്തുക്കൾ, വിപ്ലവ സ്മാരകമായുള്ള ചെറിയ പ്രതിമകൾ, റൂബിളുകൾ.. അതെ, റഷ്യയും റഷ്യൻ ചരിത്രവും റഷ്യൻ നിർമിതികളുമെല്ലാം റഷീദിന് കടുത്ത ഭ്രമവും ഭ്രാന്തും തന്നെ. മോസ്‌കോ ബാപ്പു എന്ന വിളിപ്പേരിട്ടവന് തെറ്റിയിട്ടില്ല.

Latest News