Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൈ ഉയർത്തുന്നത് 'നമസ്‌കാര'ത്തിന് മാത്രം 

ബഹ്‌റൈനിൽ ഒരു വിമാനക്കമ്പനി പുതുതായി ആരംഭിച്ച ഘട്ടത്തിൽ കില്ലർ ഓഫറുകൾ പ്രഖ്യാപിച്ചാണ് യാത്രക്കാരെ ആകർഷിച്ചത്. വെറും ഒരു ദീനാർ ടിക്കറ്റിന് മുടക്കിയോ, കൊച്ചിയോ കോഴിക്കോടോ പെനാംഗോ കണ്ടുവരാം. ഗൾഫിന്റെ പവിഴ ദ്വീപിൽ ഈ വൃത്താന്തം കാട്ടുതീ പോലെ പടർന്നു. മലയാളികളെല്ലാം ആഞ്ഞു പിടിച്ചപ്പോൾ കമ്പനിയുടെ വെബ്‌സൈറ്റ് മണിക്കൂറുകൾക്കകം ഹാംഗായി. ഏതായാലും വിമാന കമ്പനി ഉദ്ദേശിച്ചത് നടന്നു. ഇത് പോലെ അവിശ്വസനീയമായ ഓഫറുമായി ഇന്ത്യയിലെ ബജറ്റ് എയർലൈനായ എയർ ഡെക്കാനും മുന്നോട്ട് വന്നിരുന്നു. പത്ത് വർഷം മുമ്പാണ് അത്. വാലന്റൈൻസ് ഡേ പ്രമാണിച്ച് വിമാന കമ്പനി ഒരു രൂപ യാത്രാ നിരക്ക് ഈടാക്കിയാണ് ഇന്ത്യൻ നഗരങ്ങളിലേക്ക് പറന്നത്. നല്ലതിനൊന്നും വലിയ ആയുസ്സുണ്ടാവാറില്ലെന്ന് പണ്ടുള്ളവർ പറയാറുള്ളത് പോലെ ജനനന്മ ലാക്കാക്കി പ്രവർത്തിച്ചവർ  വിസ്മൃതിയിലായി. വിമാന കമ്പനികൾ ഇത്തരത്തിലല്ലാതെയും സൗജന്യങ്ങൾ വാഗ്ദാനം ചെയ്യാറുണ്ട്. അച്ഛനും അമ്മയ്ക്കും ടിക്കറ്റെടുത്താൽ കുഞ്ഞിന് ഫ്രീ. ഒരു ടിക്കറ്റെടുത്താൽ മറ്റൊരെണ്ണം ഫ്രീ. ഓണത്തിന് ഞങ്ങളുടെ പേടകത്തിൽ കയറിയാൽ ദാവണിയുടുത്ത മങ്കമാർ ബ്രാഹ്മിൺസ് സാമ്പാറും അമ്പലപ്പുഴ പാൽപായസവുമുൾപ്പെടുന്ന സദ്യ വിളമ്പും. ഇപ്പോൾ കരയിലേതിനേക്കാൾ മത്സരമാണല്ലോ ആകാശത്ത്. അതുകൊണ്ട് കഴിയുന്നതും ആളുകളെ പ്രലോഭിപ്പിച്ച് വശീകരിക്കാനുള്ള തന്ത്രങ്ങൾ ഏവരും പയറ്റും. ഇന്ത്യയിലാണെങ്കിൽ ആഭ്യന്തര സെക്ടറിൽ മുടിഞ്ഞ കോമ്പിറ്റീഷനും. സ്ഥാപന ഉടമകളും മാനേജ്‌മെന്റ് വിദഗ്ധരും കോടികൾ മുടക്കി അച്ചടി മാധ്യമങ്ങളിലും ടി.വിയിലും പരസ്യം നൽകും. ഫീച്ചറുകളെഴുതിക്കും. ഇതെല്ലാം കണ്ടു നിൽക്കുന്ന ജീവനക്കാർ വെറുതെ ഇരിക്കുന്നതെങ്ങനെ? അണ്ണാറക്കണ്ണനും തന്നാലായത് എന്ന സിദ്ധാന്തം വഴികാട്ടി. ഇൻഡിഗോ എയർലൈൻസിലെ ഗ്രൗണ്ട് സ്റ്റാഫാണ് മാതൃക.  മൂന്നാഴ്ച മുമ്പ് ചെന്നൈയിൽ നിന്ന് ദൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ വന്നിറങ്ങിയ രാജീവ് കത്യാൽ എന്ന യാത്രികന് ടാർമാക്കിൽ അടിപൊളി സ്വീകരണമൊരുക്കി. വിമാനം ലാന്റ് ചെയ്ത് കുറച്ചു സമയമായിട്ടും യാത്രക്കാരെ ടെർമിനലിലെത്തിക്കാനുള്ള ബസ് വരാത്തതിന്റെ കാരണം രാജീവിന് പെട്ടെന്ന് മനസ്സിലായില്ല. കണ്ണിൽ നിന്ന് പൊന്നീച്ച പറക്കാൻ തുടങ്ങിയപ്പോഴാണ് ഇൻഡിഗോയുടെ കരുത്ത് തിരിച്ചറിഞ്ഞത്.
ഇത്രയും നല്ലൊരു കാഴ്ച മാളോരെ അറിയിക്കാൻ മൊബൈൽ ക്യാമറയുമായി മോന്റു കൽറ എന്ന മറ്റൊരു വിമാന കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് അവിടെയുണ്ടായിരുന്നത് ഭാഗ്യം. ഇപ്പോഴത്തെ ഒരു രീതിയും അങ്ങിനെയാണല്ലോ. ആദ്യം അപകട രംഗം ചിത്രീകരിക്കുക, എന്നിട്ടാവാം രക്ഷാ പ്രവർത്തനം. ഇതേ വിമാനക്കമ്പനി ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് ബാഡ്മിന്റൺ താരം പിവി സിന്ധു ദിവസങ്ങൾക്കപ്പുറം  ട്വീറ്റ് ചെയ്തിരുന്നു. ലഗേജ് കാരിയറിന് ഉൾക്കൊള്ളാനാവാത്ത ബാഗുമായി വന്നാൽ പിന്നെ എന്ത് പി.വി സിന്ധു? വിമാനത്തോടൊപ്പം പ്രചരിപ്പിക്കുന്ന സംസ്‌കാരം പുറത്തെടുക്കാനുള്ള സുവർണാവസരങ്ങളാണിതൊക്കെ. വിമാനയാത്രയ്ക്കിടെ അപമര്യാദയായി പെരുമാറിയതായി സിന്ധു ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. മുബൈയിലേക്ക് പോകുമ്പോഴാണ് തനിക്ക് മോശം അനുഭവം നേരിടേണ്ടി വന്നതെന്ന് സിന്ധു വ്യക്തമാക്കി. ഇൻഡിഗോ എയർലൈൻ ഗ്രൗണ്ട് സ്റ്റാഫ് ആയ അജിതേഷാണ് താരത്തോട് മോശമായി പെരുമാറിയത്. എന്നാൽ ഇൻഡിഗോ എയർലൈൻസ് സിന്ധുവിന്റെ ആരോ പണങ്ങൾ നിഷേധിച്ചു. അമിത ഭാരമുള്ള ലഗേജ് കാർഗോയിലേക്ക് മാറ്റുന്ന വിവരം താരത്തെ അറിയിക്കുകയായിരുന്നു. തങ്ങളുടെ ജീവനക്കാരൻ മോശമായി പെരുമാറിയിട്ടില്ലെന്നും ഇൻഡിഗോ അറിയിച്ചു.
ദൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവ ത്തെ അപലപിച്ച് രാഷ്ട്രീയ നേതാക്കളടക്കം മുന്നോട്ട് വന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഇൻഡിഗോയെ ട്രോളി പോസ്റ്റുകളും പ്രചരിച്ചു.  ഇതിനിടയിലാണ് അവസരം മുതലെടുത്ത്  എയർ ഇന്ത്യ ട്വിറ്ററിൽ പോസ്റ്റുകളുമായി രംഗത്ത് വന്നത്. 
ഞങ്ങൾ കൈ ഉയർത്തുന്നത് നമസ്‌കാരം പറയാൻ മാത്രമാണെന്ന് ദേശീയ വിമാന കമ്പനി വ്യക്തമാക്കി. ഓവറാക്കി ചളമാക്കല്ലേ എന്ന് മാത്രമേ പറയാനുള്ളൂ. എയർ ഇന്ത്യയുടെ കൈയിലിരിപ്പ് പല കാലത്തായി അനുഭവിച്ചവരാണ് ഗൾഫ് മലയാളികൾ. ദൽഹി വിമാനത്താവളത്തിലെ സംഭവം പുറത്തറിഞ്ഞ ദിവസം ടൈംസ് നൗ ചാനൽ ഈ വിഷയം ഗൗരവത്തോടെ ചർച്ച ചെയ്തു. ചാനലിലെ ദൃശ്യങ്ങൾ അതിവേഗം സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. സംഭവം വിവാദമായത്തിനെ തുടർന്ന് ഇൻഡിഗോ എയർലൈൻസ് മാപ്പ് പറഞ്ഞു.  വ്യോമയാന മന്ത്രി ജയന്ത് സിൻഹ ഇൻഡിഗോയോട്  വിശദമായ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. 
*** *** ***
നോട്ട് നിരോധിച്ചതിന്റെ വാർഷികാചരണ തിരക്കിലായിരുന്നു മലയാളത്തിലെ ദൃശ്യ മാധ്യമങ്ങൾ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാർഗ രേഖ  നൽകിയ പൂനെയിലെ അർഥക്രാന്തി ഫൗണ്ടേഷൻ സ്ഥാപകൻ അനിൽ ബോകിൽ പുതിയ ഉപദേശവുമായി എത്തി. പൊതുമേഖലയിലടക്കം ജോലി ചെയ്യുന്ന വർക്ക് ആഴ്ചയിൽ ആറ് പ്രവൃത്തി ദിവസമാക്കണം.  ഇത്തരത്തിൽ ജോലി സമയം പുനഃക്രമീകരിക്കുന്നതിലൂടെ ജിഡിപി നിരക്ക് ഉയരുമെന്നാണ് അനിലിന്റെ കണ്ടെത്തൽ.  എല്ലാ നികുതികളും ഒഴിവാക്കി ബാങ്കിൽ നിന്ന് പണം പിൻവലിക്കുമ്പോൾ മാത്രം നികുതി ഈടാക്കിത്തുടങ്ങണമെന്ന് വേറെ ഉപദേശം ഫ്രീ ആയി കൊടുത്തുവെന്നും റിപ്പോർട്ടുണ്ട്. അഛാഛൻ ദിനം വരാനുള്ള സാധ്യത തെളിഞ്ഞു വരികയാണ്. മോഡിജി ചെന്നൈയിലെത്തിയത് ദിനതന്തി പത്രത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാനാണ്. ഇന്ത്യയുടെ സൽപേര് ഉയർത്തിക്കാട്ടാനാണ് മാധ്യമ പ്രവർത്തകർ ശ്രദ്ധിക്കേണ്ടതെന്ന് അദ്ദേഹം ഉണർത്തി. അയലത്തെ അച്ചടി മാധ്യമ ഭീമനാണ് ദിനതന്തി. അച്ചടി മാധ്യമത്തെ മാത്രം ശ്രദ്ധിച്ചാൽ പോരല്ലോ എന്നതിനാൽ പ്രധാനമന്ത്രിജി പ്രധാന ടി.വി സ്റ്റേഷനായ ജയ ടി.വിയിൽ കാര്യങ്ങൾ മുറയ്ക്ക് നടക്കുന്നില്ലേയെന്ന് ഉറപ്പു വരുത്താൻ കേന്ദ്ര ഉദ്യോഗസ്ഥരെ ഏർപ്പാടാക്കി. അമ്മ വിട വാങ്ങിയ ശേഷം അവിടെ ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതി വരരുതല്ലോ. ചായക്കടക്കാരൻ ബീരാന്റെ പറ്റ് ക്ലിയറാക്കിയിട്ട് മാസം മൂന്ന് കഴിഞ്ഞെന്ന വിവരം അങ്ങ് ദില്ലി വരെ എത്തിയ മട്ടുണ്ട്. മുൻ മുഖ്യമന്ത്രി ജയലളിതയുടെ നേതൃത്വത്തിൽ തുടങ്ങിയ ജയ ടി.വി നിയന്ത്രിക്കുന്നത് തോഴി വി കെ ശശികലയുടെ കുടുംബാംഗങ്ങളാണ്. സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുകയാണ്  ശശികല. ജയ ടി.വി ഓഫീസിന് പുറമെ  ശശികലയുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള ജാസ് സിനിമാസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തി.
*** *** ***
പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ട വിവരങ്ങളിൽ കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, ബിജെപി എംപി ആർ കെ സിൻഹ എന്നിവരുടെ കള്ളപ്പണ കണക്കുകൾ  ഉൾപ്പെടുന്നു. നടൻ അമിതാഭ് ബച്ചൻ, ഇന്ത്യയിൽ ജീവിക്കാനാവാതെ ലണ്ടനിലേക്ക് പറന്ന  വിജയ് മല്യ, പഴയ ഇടനിലക്കാരി നീര റാഡിയ, കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, പി ചിദംബരത്തിന്റെ  മകൻ കാർത്തി, സഞ്ജയ് ദത്തിന്റെ  ഭാര്യ മാന്യത ദത്ത് തുടങ്ങിയവരുൾ പ്പെടെ 714 പേർ പട്ടികയിലുണ്ട്. പറുദീസയിലെ കടലാസുകളിൽ ബി.ജെ.പിയ്ക്ക് കൂട്ടായി കോൺഗ്രസുമുണ്ടാവുന്നത് മനസ്സിലാക്കാം. പറുദീസയിലെ പട്ടികയിൽ മാധ്യമങ്ങളെ പരിഗണിച്ചില്ലെന്ന് ആരും പരാതി പറയരുത്. സീ ഗ്രൂപ്പിന്റെ രണ്ട് ചാനലുകളും ഹിന്ദുസ്ഥാൻ ടൈംസ് പത്രവും റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 
*** *** ***
ആഗ്രയിലും രാജസ്ഥാനിലുമുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിദേശ ടൂറിസ്റ്റുകളുടെ വരവ് കുറയാൻ സാധ്യത ഇല്ലേയെന്ന് മാധ്യമ പ്രവർത്തകൻ മന്ത്രി കണ്ണേട്ടനോട്. ഇൻസ്റ്റന്റ് മറുപടി ഇങ്ങനെ- നിത്യവും വെടിവെപ്പ് നടക്കുന്ന അമേരിക്കയിൽ ആരെങ്കിലും പോകാതിരിക്കുന്നുണ്ടോ? എതിർപ്പുകളെ അതിജീവിച്ച് മന്ത്രി രാജസ്ഥാനിൽ നിന്ന് രാജ്യസഭാ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. സ്വന്തം നാട്ടിൽ എം.എൽ.എയോ കൗൺസിലറോ ആകാൻ കഴിയാത്തവർ ഇവിടെ എന്തിന് വന്നു നിൽക്കണമെന്ന് ചോദിച്ചവരുണ്ട്. ഇതിൽ ഒരു ഫാക്ച്വൽ എററുണ്ട്. അദ്ദേഹം വി.എസ് അച്യുതാനന്ദൻ കേരളം ഭരിച്ച വേളയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എം.എൽ.എ ആയിരുന്നുവല്ലോ. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരുടെ ധീര ചെയ്തികളെ ഓർമപ്പെടുത്തുകയാണ് ഏഷ്യാനെറ്റ്. ഇ.കെ നായനാർ മുഖ്യമന്ത്രിയായ വേളയിൽ നീല ലോഹിതദാസ് നാടാറുടെ പേരിൽ പരാതി വന്ന ഉടൻ രാജി വാങ്ങി. വി.എസ് മുഖ്യമന്ത്രിയായപ്പോൾ കുരുവിളയെ രാജിവെപ്പിച്ചതും നിസ്സാര കാര്യത്തിന്. പിന്നീട് പിണറായി മുഖ്യമന്ത്രിയായപ്പോൾ കമ്യൂണിസ്റ്റുകാരനായ ഇ.പി ജയരാജന്റെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയ്ക്കും പാർട്ടി സെക്രട്ടറിയ്ക്കും തിരക്കായിരുന്നു. കായൽ നികത്തി കേരളത്തിന്റെ വിസ്തീർണം കൂട്ടാൻ ഉത്സാഹിക്കുന്ന പാവം പ്രവാസിയെ സംരക്ഷിക്കുന്നത് ചാനലുകാർക്ക് ദഹിക്കുന്നില്ലെന്ന് വേണം മനസ്സിലാക്കാൻ. 
*** *** ***
എ.ബി.വി.പിയുടെ ചിന്തൻ ബൈഠക് അനന്തപുരിയിലാണ്. ഛലോ കേരളം മുദ്രാവാക്യം മുഴക്കി ഒരു സംഘം ഇൻഡോറിൽ നിന്ന് ടിക്കറ്റെടുക്കാതെ ട്രെയിനിൽ വരികയായിരുന്നു. ഇൻഡോർ-കൊച്ചു വേളി എക്‌സ്പ്രസിന്റെ ഒരു ബോഗി അടച്ചിട്ടായിരുന്നു സത്യാന്വേഷികളുടെ യാത്ര. ഇന്ദ്രപ്രസ്ഥത്തിനടുത്ത് ഇൻഡോറിൽ നിന്ന് രാവുകൾ പിന്നിട്ടാണ് കൊങ്കൺ പാതയിലൂടെ സ്വന്തം ട്രെയിൻ വടക്കൻ കേരളത്തിലെത്തിയത്. കണ്ണൂരിലെ പ്രബുദ്ധ ജനത ബഹളം വെച്ചു. കംപാർട്ടുമെന്റ് ഉള്ളിൽ നിന്ന് ലോക്ക് ചെയ്ത മാഹാന്മാരെ ആദരിച്ചത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചും. കേരളത്തിലെ ക്രമസമാധാന തകർച്ച ബോധ്യപ്പെട്ട വിദ്യാർഥി സംഘത്തിന്റെ കാര്യം ഷൂട്ട് ചെയ്ത് മീഡിയാ വൺ വാർത്തയാക്കി. ടി.പി കേസിലെ പതിമൂന്നാം പ്രതി കുഞ്ഞനന്തൻ പരോളിലിറങ്ങി സ്റ്റഡി ക്ലാസിലും പൊതുയോഗങ്ങളിലും സജീവമായി പങ്കെടുത്ത് വരികയായിരുന്നു. കൂത്തുപറമ്പിനടുത്ത് നടന്ന പൊതുയോഗത്തിൽ സഖാവ് സംസാരിക്കുന്നത് മംഗളം ചാനലിന്റെ എക്‌സ്‌ക്ലൂസീവായിരുന്നു.  

Latest News