ലണ്ടൻ ലേല വിപണിയിലെ വിസ്മയം
പതിനെട്ടാം നൂറ്റാണ്ടിലെ വിശുദ്ധ ഹറമിന്റെയും പരിസരപ്രദേശങ്ങളുടേയും രൂപം വ്യക്തമാക്കുന്ന വിസ്മയകരമായ ചിത്രം ലണ്ടനിലെ പ്രസിദ്ധമായ സോതിബി ഓക്ഷൻ ഹൗസ് ലേലത്തിൽ വിൽക്കുന്നു. ചെമ്പ് തകിടിൽ കൊത്തുപണിയിലൂടെയുണ്ടാക്കിയ ചിത്രം നവംബർ പതിനാലിനാണ് സോതിബി ഓക്ഷൻ ഹൗസ് ലേലത്തിൽ പ്രദർശിപ്പിക്കുക. 'കഅ്ബതുല്ലാ അൽഉൽയ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മക്കയുടെ പുരാതന ഗാംഭീര്യം തുടിക്കുന്ന അത്യപൂർവ ചിത്രങ്ങളിൽ ഒന്നാണിത്. ഇക്കാലത്ത് വരച്ച മക്കയുടെ ഏറ്റവും വലിയ ചിത്രമാണിത്. അറഫയിൽനിന്ന് മക്കയിലേക്ക് പ്രവഹിക്കുന്ന തീർഥാടക സംഘങ്ങൾ അടക്കം മക്ക ദൃശ്യങ്ങളുടെ വിശദാംശങ്ങളുടെ ആധിക്യവും സൂക്ഷ്മതയും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിൽ ഹറം കവാടങ്ങളിലും സമീപത്തെ മറ്റു മസ്ജിദുകളിലും തീർഥാടകരെ കാണുന്നതിന് സാധിക്കും. വീടുകളുടെ ടെറസ്സുകളിൽ കയറി നിൽക്കുന്നവരെയും തമ്പുകൾക്കു സമീപം നിൽക്കുന്നവരെയും ചിത്രത്തിൽ കാണാവുന്നതാണ്. നാൽപതു വർഷത്തിനുശേഷം ആദ്യമായാണ് ഈ ചിത്രം പരസ്യമായി പ്രദർശിപ്പിക്കുന്നത്.
ഓട്ടോമൻ സാമ്രാജ്യത്തിന്റെ ചരിത്രം പ്രതിപാദിച്ച് പശ്ചാത്യ നയതന്ത്ര ഉദ്യോഗസ്ഥൻ ഡോസൻ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ മക്കയുടെ വലിയ പെയിന്റിംഗ് അടങ്ങിയിരുന്നു. പുസ്തകത്തിനുള്ള പ്രിയം വർധിച്ചത് കൂടുതൽ വലിയ ചിത്രം തയാറാക്കുന്നതിന് 1791 ൽ പാരീസിൽ സഹോദരന്മാരായ ചാൾസ് നിക്കോളാസിനെയും ജോസഫ് വാരിനെയും ചുമതലപ്പെടുത്തുന്നതിന് ഡോസനെ പ്രേരിപ്പിച്ചു. ഇവർ വരച്ച ചിത്രമാണ് സോദെബി ഇപ്പോൾ ലേലത്തിൽ വെക്കുന്നത്. ഈ ചിത്രത്തിന്റെ ഏതാനും കോപ്പികൾ ഡോസൻ കോൺസ്റ്റാന്റിനോപ്പിളിൽ വെച്ച് ഹജ് തീർഥാടകർക്കും യാത്രക്കാർക്കും വിൽപന നടത്തിയെന്നാണ് കരുതുന്നത്. ഇന്ന് ഈ ചിത്രത്തിന്റെ പരിമിതമായ കോപ്പികൾ മാത്രമാണ് ലോകത്തുള്ളത്.
മക്ക നേരിട്ട് കണ്ടാണോ അതല്ല, പ്രാഥമിക ചിത്രങ്ങൾ അവലംബിച്ചാണോ ഈ ചിത്രം വരച്ചതെന്ന് നമുക്ക് സംശയം തോന്നും. ചിത്രകാരന്റെ ചില സങ്കൽപങ്ങൾ ചിത്രത്തിൽ ഇടംപിടിച്ചിട്ടുണ്ടാകാമെങ്കിലും സഞ്ചാരികളുടെയും ഹജ് തീർഥാടകരുടെയും കഥകളെ അവലംബിച്ചാകും ചിത്രം വരച്ചതെന്നാണ് കരുതുന്നതെന്ന് സൂദെബി ഓക്ഷൻ ഹൗസിലെ പുസ്തക വിഭാഗം മേധാവി റിച്ചാർഡ് വറ്റോരിനി പറഞ്ഞു. ഇത് പൂർണമായും സങ്കൽപമല്ല. നൂറു ശതമാനവും യാഥാർഥ്യവുമല്ല. എന്നാൽ യാഥാർഥങ്ങളെ അവലംബിച്ചാകും ഈ ചിത്രരചനയുടെ അടിസ്ഥാന ആശയം ചിത്രകാരൻ രൂപീകരിച്ചതെന്ന് റിച്ചാർഡ് വറ്റോരിനി പറഞ്ഞു. 1791 ൽ ഫ്രാൻസിൽ തയാറാക്കിയ ചിത്രം പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലേക്ക് അയക്കുകയായിരുന്നു. ദൗർഭാഗ്യവശാൽ ചിത്രരചനകൾ സൂക്ഷിച്ച സ്റ്റോറിൽ അഗ്നിബാധയുണ്ടായി. അവിടെ ദോസൻ സൂക്ഷിച്ചിരുന്ന മുഴുവൻ കോപ്പികളും കത്തിനശിച്ചു. വിൽക്കുകയോ തനിക്കു വേണ്ടി സൂക്ഷിക്കുകയോ ചെയ്ത കോപ്പികൾ മാത്രമാണ് അവശേഷിച്ചത്. അതുകൊണ്ടു തന്നെ ഈ കോപ്പികളുടെ ഒറിജിനൽ ചിത്രം ഇന്ന് ലഭ്യമല്ല.
അഗ്നിബാധയിൽ ചില ചിത്രങ്ങൾ കത്തിനശിക്കാതെ ബാക്കിയായെന്നാണ് കരുതുന്നത്. എന്നാൽ 1791 ൽ അച്ചടിച്ച കോപ്പികളൊന്നും കണ്ടെത്തുന്നതിന് സാധിച്ചിട്ടില്ല. ഇതിന്റെ കോപ്പി അവസാനമായി സംഘടിപ്പിച്ചത് ഓസ്ട്രിയൻ സഞ്ചാരി ആൻഡ്രിയാസ് ഹംഗ്ലിംഗർ ആണെന്നാണ് കരുതുന്നത്. 1798 ൽ ഇസ്താംബൂളിലെ താമസ കാലത്ത് ചിത്രം നേടുന്നതിന് കഠിനശ്രമം നടത്തിയതായി 1804 ൽ ആൻഡ്രിയാസ് എഴുതി. ബെയ്റ നഗരത്തിൽ പുരാവസ്തുക്കൾ വിൽക്കുന്ന വ്യാപാരിയിൽ നിന്ന് 1802 ൽ ആൻഡ്രിയാസ് ഇതിന്റെ കോപ്പി വാങ്ങി. ചിത്രത്തിന്റെ കോപ്പി തയാറാക്കാമെന്ന നിർദേശം വ്യാപാരിയാണ് ആൻഡ്രിയാസിനു മുന്നിൽ വെച്ചത്. വിയന്നയിൽ വെച്ച് ചെമ്പിൽ ഈ ചിത്രം കൊത്തിയെടുക്കുകയും 1803 ൽ അച്ചടിക്കുകയും ചെയ്തു. 1803 ൽ അച്ചടിച്ച കോപ്പി ബ്രിട്ടീഷ് മ്യൂസിയം 2012 ൽ ഹജ് യാത്രാ എക്സിബിഷനിൽ പ്രദർശിപ്പിച്ചിരുന്നു.
ഈ ചിത്രത്തിന് ആറു കോപ്പികൾ കൂടിയുള്ളതായി വ്യക്തമായിട്ടുണ്ടെന്ന് റിച്ചാർഡ് വറ്റോരിനി പറഞ്ഞു. എന്നാൽ ഇവയൊന്നും ഇതുവരെ ലേലത്തിൽ വെച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ കോപ്പി ആദ്യമായാണ് ലേലത്തിൽ പ്രത്യക്ഷപ്പെടുന്നത്. മുപ്പതിനായിരം മുതൽ നാൽപതിനായിരം പൗണ്ടു വരെയാണ് ചിത്രത്തിന് വില കണക്കാക്കുന്നത്.
'കഅ്ബതുല്ലാ അൽഉൽയ' എന്നാണ്
ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
മക്കയുടെ പുരാതന ഗാംഭീര്യം തുടിക്കുന്ന
അത്യപൂർവ ചിത്രങ്ങളിൽ ഒന്നാണിത്. ഇക്കാലത്ത് വരച്ച
മക്കയുടെ ഏറ്റവും വലിയ ചിത്രമാണിത്. അറഫയിൽ നിന്ന്
മക്കയിലേക്ക് പ്രവഹിക്കുന്ന തീർഥാടക സംഘങ്ങൾ അടക്കം
മക്കാ ദൃശ്യങ്ങളുടെ വിശദാംശങ്ങളുടെ ആധിക്യവും സൂക്ഷ്മതയും
ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിൽ ഹറം കവാടങ്ങളിലും സമീപത്തെ മറ്റു മസ്ജിദുകളിലും തീർഥാടകരെ കാണാൻ
സാധിക്കും. വീടുകളുടെ ടെറസ്സുകളിൽ കയറി
നിൽക്കുന്നവരെയും തമ്പുകൾക്കു സമീപം
നിൽക്കുന്നവരെയും ചിത്രത്തിൽ കാണാവുന്നതാണ്.
നാൽപതു വർഷത്തിനു ശേഷം ആദ്യമായാണ്
ഈ ചിത്രം പരസ്യമായി പ്രദർശിപ്പിക്കുന്നത്.
ഹാമിൽട്ടന്റെ ഓർമക്കുറിപ്പുകൾ
ഒന്നാം ലോക മഹായുദ്ധത്തിനൊടുവിൽ ബ്രിട്ടീഷ് ഗവൺമെന്റ് പ്രതിനിധി റോബർട്ട് എഡ്വേർഡ് ഹാമിൽട്ടൻ ബ്രിട്ടീഷ് ഗവൺമെന്റിനെ പ്രതിനിധീകരിച്ച് 1917 ൽ അബ്ദുൽ അസീസ് രാജാവുമായി നടത്തിയ കൂടിക്കാഴ്ചകളെ കുറിച്ച വിവരങ്ങൾ അടങ്ങിയ ചരിത്ര പുസ്തകവും സോതിബി ലേലവിപണിയിൽ വെക്കുന്നുണ്ട്. വ്യക്തിപരമായ ആവശ്യത്തിന് ഹാമിൽട്ടൻ എഴുതി സൂക്ഷിച്ച ഓർമക്കുറിപ്പുകളാണിത്.
ഈ പുസ്തകം പൊതുജനങ്ങൾക്കു വേണ്ടി പ്രസിദ്ധീകരിച്ചിട്ടില്ല. അബ്ദുൽ അസീസ് രാജാവിന്റെ ചിന്തകൾ, ബ്രിട്ടനുമായുള്ള രാജാവിന്റെ ബന്ധങ്ങൾ എന്നിവയെല്ലാം പുസ്തകം പ്രതിപാദിക്കുന്നു. സർക്കാർ രേഖയായ ഈ പുസ്തക്കിന്റെ 50 കോപ്പികൾ അച്ചടിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയിൽ ഇതിന്റെ ഒരു കോപ്പി കണ്ടെത്തിയിട്ടുണ്ട്. ഹാമിൽട്ടന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പുസ്തകങ്ങൾ സോതിബി കഴിഞ്ഞ വർഷം വിറ്റിരുന്നു. 80,000 പൗണ്ടിനാണ് ഓർമക്കുറിപ്പുകളുടെ കോപ്പി വിറ്റത്. ഈ പുസ്തകത്തിന്റെ തെറ്റുതിരുത്തലുകൾ വരുത്താത്ത, രചയിതാവ് ഒപ്പുവെച്ച കോപ്പിയാണ് ഇപ്പോൾ സൂദെബി ലേലത്തിൽ വിൽക്കുന്നത്.
1917 ഒക്ടോബർ ഒമ്പതിന് കുവൈത്തിൽ നിന്ന് റിയാദിലേക്കുള്ള യാത്രയും നവംബർ 13 ന് അബ്ദുൽ അസീസ് രാജാവിനെ കണ്ടതും പുസ്തകത്തിൽ വിവരിക്കുന്നു. റിയാദ് യാത്രയിലെ വിശദാംശങ്ങൾ, മേഖലയിലെ രാഷ്ട്രീയ സ്ഥിതിഗതികൾ, കാലാവസ്ഥ, റിയാദ് സന്ദർശനത്തിന്റെ അവസാന ദിവസം അബ്ദുൽ അസീസ് രാജാവ് ജോർജ് രാജാവിന് കൈമാറുന്നതിന് ആൺമാനെയും പെൺമാനെയും സമ്മാനിച്ചതുമെല്ലാം ഓർമക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.






