Sorry, you need to enable JavaScript to visit this website.

നിഷയുടെ ഇക്കണോമിക്‌സ്

കാൽ നൂറ്റാണ്ട് മുമ്പ് വരെ ലോകത്തെ ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു ബംഗ്ലാദേശ്. വേൾഡ് ബാങ്ക് അറ്റ്‌ലസിൽ രേഖപ്പെടുത്തിയ കാര്യമാണിത്. ആളോഹരി വരുമാനം ഏറ്റവും കുറഞ്ഞ പത്തിലൊന്ന്് പഴയ കിഴക്കൻ പാക്കിസ്ഥാനായ ബംഗ്ലാദേശാണ്. ഇന്ത്യയുടെ തലയ്ക്ക് മുകളിൽ കിഴക്കും വടക്കും ഓരോ പാക്കിസ്ഥാൻ. അര നൂറ്റാണ്ട് മുമ്പ് ഇതിലൊരെണ്ണം ഇല്ലാതാക്കി ബംഗ്ലാദേശാക്കി മാറ്റിയത് ഭാരതത്തിന്റെ നേട്ടം. ബംഗ്ലാദേശ് മോചനത്തിന്റെ ജൂബിലി ആഘോഷിക്കാൻ കോൺഗ്രസ് പ്രത്യേകം കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. പുതിയ രാജ്യത്തിന് എന്നും പ്രതിസന്ധിയായിരുന്നു. പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, ആഭ്യന്തര സംഘർഷം എന്നിങ്ങനെ പലതും. ഒന്നുമില്ലെങ്കിൽ ബ്രഹ്മപുത്ര നദി അതിന് തോന്നിയത് പോലെ ഒഴുകി പൊല്ലാപ്പുണ്ടാക്കും. കുറച്ചു കാലമായി ബംഗ്ലാദേശിൽ നിന്ന് ഇത്തരം വാർത്തകൾ കേൾക്കാനേയില്ല. ലോകത്തിന്റെ എല്ലാ കോണിലും ഈ ചെറിയ രാജ്യത്തു നിന്നുള്ള പ്രവാസികളുണ്ട്. ഈജിപ്തിനെ മറികടന്ന് ആഗോള തുണി വിപണിയിൽ ഒന്നാം സ്ഥാനക്കാരനാണ് പാവം പിടിച്ച ഈ നാട്. അവാന്തര വിഭാഗങ്ങൾ തമ്മിലുള്ള പോരും പഴയത് പോലില്ല. 2025 ആകുമ്പോഴേക്ക് ബംഗ്ലാദേശിന്റെ ജി.ഡി.പി ഇന്ത്യയെ മറികടക്കാൻ വരെ സാധ്യതയുണ്ടെന്ന് ചില സാമ്പത്തിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ കാര്യമാണ് ബഹുരസം. അവിടെ പെഷാവറിൽ ഒരു വിദ്വാന് ന്യൂഇയർ ഈവിന് ആളുകളെ ഒന്ന് പേടിപ്പിക്കണമെന്ന് തോന്നി. ഉടൻ ഓർഡർ കൊടുത്തു. ചെന്നായയുടെ മോന്തയുള്ള മുഖാവരണത്തിന്. അതുമണിഞ്ഞ് പെഷാവർ പോലീസ് സ്‌റ്റേഷന് മുമ്പിലൂടെ സൈക്കിളിലൊരു കറക്കം. ഏഡ് കോൺസ്റ്റബിളും സഹായിയും പുറത്തിറങ്ങി ഓനെ തൂക്കിയെടുത്ത് കസ്റ്റഡിയിലാക്കി. ഹെഡിന് മാത്രമേ മാസ്‌കുണ്ടായിരുന്നുള്ളൂ. ചെന്നായ വദനനെ അനുകൂലിച്ചും എതിർത്തും ട്വിറ്ററിൽ പൊരിഞ്ഞ പോരാണ് നടക്കുന്നത്. ഇന്ത്യയിലെ തലയെടുപ്പുള്ള മാധ്യമങ്ങളായ റിപ്പബ്ലിക് ടി.വിയും ടൈംസ് നൗവും ചെന്നായ എപ്പിസോഡ് നന്നായി ആഘോഷിച്ചു. ദില്ലിയിൽ അലമ്പുണ്ടാക്കുന്ന കർഷകരോട് കടക്ക് പുറത്ത് പറയാം. പാക്കിസ്ഥാനിൽ കുഴപ്പമുണ്ടാക്കുന്ന  ഛിദ്രശക്തികൾ ഇപ്പോഴും ഇടയ്ക്ക് തലപൊക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച ഈ സംഘം കാട്ടിക്കൂട്ടിയത് കണ്ടില്ലേ. അവിടത്തെ ക്ഷേത്രം തകർത്തത് രാജ്യത്തിന്റെ പ്രതിഛായയെ കുറച്ചൊന്നുമല്ല ബാധിച്ചത്. ആൾക്കൂട്ടത്തിന്റെ ഈ ക്രൂരകൃത്യത്തിന് പരിഹാരമുണ്ടാക്കാൻ ഇമ്രാൻ ഭരണകൂടത്തിനായെന്നത് നല്ല കാര്യം. ഭരണകൂടം മുൻകൈയെടുത്ത്് ക്ഷേത്രം പുനർനിർമിക്കാനുള്ള ഒരുക്കത്തിലാണ്. നല്ല കാര്യം. ബംഗ്ലാദേശിൽ നിന്ന് പാഠമുൾക്കൊണ്ട്് പാക്കിസ്ഥാനും നന്നായിക്കൂടെ. 

*** *** ***

ജോ ബൈഡനെങ്ങാനും കഷ്ടകാലത്തിന് പ്രസിഡന്റായാൽ ഈ രാജ്യത്ത് ജീവിക്കാനാവില്ലെന്ന് പറഞ്ഞ മഹാനാണ് ട്രംപണ്ണൻ. തോറ്റിട്ടും പദവി ഒഴിഞ്ഞു കൊടുക്കാൻ തയാറല്ലാതിരുന്ന ട്രംപ് പല വേലകളും കിട്ടിയ ചാൻസിൽ ഒപ്പിക്കുന്ന തിരിക്കിലാണ്. അമേരിക്കയിലെ ഉംറ വിസയായ എച്ച് വൺ ബി പോലുള്ളതിന് ഏർപ്പെടുത്തിയ വിലക്ക്് മാർച്ച് വരെ നീട്ടി. തോറ്റ ട്രംപിനെ മിസോറം ഗവർണറാക്കാമെന്ന് പറഞ്ഞ് ട്രോളിയ കൂട്ടർ അത്രയ്ക്കങ്ങ്് സുഖിക്കണ്ട. ഐക്യരാഷ്ട്ര സഭയുടെ ബജറ്റ് പാസാക്കുന്നതിനും തടസ്സമുണ്ടാക്കി. നമ്മുടെ തലക്ക്് മുകളിൽ കയറിയിരുന്ന് വേല ഒപ്പിച്ചതിന് ഇതിരിക്കട്ടെ പണിഷ്‌മെന്റ്. കോവിഡ് കാലത്ത് തൊഴിൽ രഹിതർക്ക് നൽകുന്ന 600 ഡോളർ പ്രതിമാസ സഹായം റദ്ദാക്കി. ഇത് തീരെ കുറഞ്ഞുവെന്ന്് പറഞ്ഞായിരുന്നു ബില്ല് ഒപ്പിടാതിരുന്നത്. 2000 ഡോളറെങ്കിലും മാസം കിട്ടാതെ തൊഴിൽ രഹിതൻ എങ്ങനെ ജീവിക്കുമെന്ന ട്രംപ് ചേട്ടന്റെ ചോദ്യം മനസ്സിരുത്തി കേൾക്കേണ്ടതാണ്. മൂപ്പരുടെ പ്രശ്‌നം കാണാതെ പോകുന്നതും ശരിയല്ല. വൈറ്റ്് ഹൗസിൽ നിന്ന്് ഇറങ്ങുന്ന നിമിഷം നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പേടിപ്പിക്കുന്ന ബീവിയാണല്ലോ അവിടെയുള്ളത്. 

*** *** ***
നാട്ടിൽ ചില്ലറ ക്രിമിനൽ ആക്റ്റിവിറ്റീസുമായി നടക്കുന്നവർക്ക്് ഏറ്റവും സുപരിചിതനായ പോലീസ് ഓഫീസർ സ്ഥലം എസ്.ഐയും സി.ഐയുമൊക്കെയായിരിക്കും. ചെറുകിട പട്ടണങ്ങളിലെ ഏറ്റവും പവറുള്ള സർക്കാർ ഉദ്യോഗസ്ഥൻ സി.ഐ ആയിരിക്കും. ഡെപ്യൂട്ടി കലക്ടർ, എ.ഡി.എം, സബ് ജഡ്ജി എന്നതിനെയൊക്കെ ആര് മൈൻഡ് ചെയ്യുന്നു? സി.ഐക്ക് വിഭവ സമൃദ്ധമായ പാർട്ടി ഒരുക്കി എന്റെ വീട്ടിന് മുമ്പിൽ മാത്രമാണ് ചുവന്ന തിരിയുന്ന ലൈറ്റുള്ള വണ്ടി വന്ന് നിർത്തിയതെന്ന് ക്രെഡിറ്റായി പറഞ്ഞു നടക്കുന്നവരെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. ഇതിന്റെയൊക്കെ എൻലാർജ്ഡ് വേർഷനാണ് ജില്ലാ പോലീസ് സൂപ്രണ്ടും സിറ്റി പോലീസ് കമ്മീഷണറുമൊക്കെ. ഐ.പി.എസ് ഓഫീസർമാർ 
-ഐ.പി.എസ് പദവിയുടെ പവർ ഒന്നു വേറെ തന്നെയാണ്. സൂപ്പർ സ്റ്റാർ  മോഹൻലാലിന്റെ മുൻ ഡ്രൈവറും ഇപ്പോൾ സിനിമാ നിർമാതാവുമായ ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഡ്രസ് കോഡ് അനുസരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ചടങ്ങിനെത്തിയ താരങ്ങൾ ഉൾപ്പെടെയുള്ളവർ ധരിച്ചിരുന്നത്. മുൻകൂട്ടി നിർദേശം നൽകിയതിനാൽ ഇക്കാര്യം കൃത്യമായി നടപ്പാക്കുകയും ചെയ്തു. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്‌റ്റൈലിൽ മമ്മൂട്ടിയെത്തിയപ്പോൾ കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളുമുണ്ട്. 
താരങ്ങളും മുതലാളിമാരുമെല്ലാം ഡ്രസ് കോഡിൽ എത്തുക സ്വാഭാവികമാണ്. എന്നാൽ ഇവിടെ വിചിത്രമായി തോന്നിയത് മറ്റൊരു കാര്യമാണ്. അത് വിവാഹ സൽക്കാരവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്ന ഒരു വീഡിയോയാണ്. ഈ വീഡിയോയിലെ ഹൈലൈറ്റ് ബീക്കൺ ലൈറ്റിട്ട് കുതിച്ചെത്തിയ ഒരു പോലീസ് വാഹനമാണ്. രണ്ട് നക്ഷത്രങ്ങൾ പതിപ്പിച്ച ഇന്നോവ കാർ, അതായത് ഐ.ജി റാങ്കിലുള്ള ഉദ്യാഗസ്ഥനാണ് വന്നിറങ്ങിയതെന്ന് വ്യക്തം. ഇദ്ദേഹത്തിന്റെ മാത്രല്ല വാഹനത്തിന്റെ ഡോർ തുറന്ന് കൊടുത്ത ഗൺമാന്റെയും ഡ്രസ് കോഡും കറുപ്പ് തന്നെയായിരുന്നു. പോലീസ് വാഹനത്തിൽ ബീക്കൺ ലൈറ്റിട്ട് പോകാൻ മാത്രം എന്ത് അടിയന്തര പ്രാധാന്യമായിരുന്നു അവിടെ ഉണ്ടായിരുന്നത് എന്നത് ഐ.ജി  വ്യക്തമാക്കുമായിരിക്കും.  2017 മെയ് ഒന്നു മുതലാണ് രാജ്യത്തെ വാഹനങ്ങളിൽ ബീക്കൺ ലൈറ്റിനു നിരോധനം ഏർപ്പെടുത്തിയിരുന്നത്. തീരുമാനം വന്നതിന് പിന്നാലെ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ജഡ്ജിമാരും ഉൾപ്പെടെ സകല വി.വി.ഐ.പികളും ബീക്കൺ ലൈറ്റ് ഒഴിവാക്കുകയും ചെയ്തിരുന്നു.

*** *** ***

കൊറോണക്കാലം മാറുന്നതിന്റെ സൂചനയായി സ്‌കൂളുകൾ വീണ്ടും പ്രവർത്തിച്ചു തുടങ്ങി. സിനിമാ ശാലകളും വൈകാതെ സജീവമാവും. 
2020 ൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമാണ് മലയാളത്തിൽ പുറത്തിറങ്ങിയത്. തുടർന്ന് റിലീസ് ചെയ്യാനിരുന്ന മിക്ക സിനിമകളുടെയും റിലീസ് 2021 ലേക്ക് മാറ്റുകയായിരുന്നു.   റിലീസ് ചെയ്ത സിനിമകളിൽ കപ്പേള, അയ്യപ്പനും കോശിയും, സൂഫിയും സുജാതയും തുടങ്ങിയ ഏതാനും സിനിമകൾ മാത്രമാണ് തിയേറ്ററുകളിൽ നിന്നും മികച്ച വിജയം നേടിയത്.  ഇതിനിടയിലും ഈ വർഷം മലയാളികളുടെ മനസ്സുതൊട്ട ഒരു പിടി ഗാനങ്ങൾ പിറന്നുവെന്നത് ആശ്വാസമാണ്. 2020 ലെ പാട്ടുകൾ ഓർക്കുമ്പോൾ പെട്ടെന്ന് നമ്മുടെ നാവിൽ വരുന്നത് അയ്യപ്പനും കോശിയും  എന്ന സിനിമയിലെ 'കളകാത്ത സന്ദനമേറി' എന്ന ഗാനമാണ്.  ആക്ഷൻ രംഗങ്ങളും നാടൻ തല്ലും ഒത്ത ഡയലോഗുമായി പ്രേക്ഷകരെ പിടിച്ചിരുത്തിയ  ചിത്രമായിരുന്നു അയ്യപ്പനും കോശിയും.  പൃഥ്വിരാജിനെയും ബിജു മേനോനെയും മുഖ്യ കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്ത ചിത്രമാണിത്.    മലയാളികളുടെ നാവിലുടക്കിയ മറ്റൊരു ഗാനമാണ് 'വാതിക്കലു വെള്ളരിപ്രാവ്' എന്ന ഗാനം.  ജയസൂര്യ, ദേവ് മോഹൻ, ബോളിവുഡ് താരം അദിതി റാവു ഹൈദരിയും കേന്ദ്ര കഥാപാത്രമായിരുന്ന 'സൂഫിയും സുജാതയും'  എന്ന ചിത്രത്തിലെ ഗാനമാണിത്.  ഈ ഗാനം പ്രായഭേദമെന്യേ ഏറ്റെടുത്ത ഒരു ഗാനം കൂടിയാണ്.  ബി.കെ. ഹരിനാരായണന്റേതായിരുന്നു വരികൾ. ഈണം പകർന്നത് എം. ജയചന്ദ്രനാണ്.   നിത്യ മമ്മൻ, അർജുൻ കൃഷ്ണ എന്നിവരാണ് ഗാനം ആലപിച്ചത്.    ഒടിടി പഌറ്റ് ഫോമിൽ നേരിട്ട് റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമാണ് 'സൂഫിയും സുജാതയും'. അകാലത്തിൽ വിടവാങ്ങിയ നരണിപ്പുഴ ഷാനവാസിന്റെ ചിത്രമായിരുന്നു ഇത്.  ഈ ചിത്രത്തിലെ തന്നെ 'അൽഹം ദുലില്ലാ' എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധേയമായിരുന്നു.    
2020 ൽ പുറത്തിറങ്ങിയ സിത്താര പാടിയ 'കടുകുമണിക്കൊരു കണ്ണുണ്ട്' എന്ന ഗാനവും സൂപ്പർ ഹിറ്റ് ഗാനങ്ങളിൽ ഉൾപ്പെടുന്നതാണ്.  ദേശീയ പുരസ്‌കാര ജേതാവായ മുഹമ്മദ് മുസ്തഫയുടെ ആദ്യ സംവിധാന ചിത്രമായിരുന്ന കപ്പേളയിലെ ഗാനമാണിത്. ചിത്രത്തിന്റെ തുടക്കം നാട്ടിൻപുറത്തെ ഒരു പ്രണയ കഥയിൽ നിന്നുമാണ്. ശേഷം അപ്രതീക്ഷിത ട്വിസ്റ്റുകളിലൂടെ നീങ്ങിയ  ചിത്രത്തിലെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു.   'കടുകുമണിക്കൊരു കണ്ണുണ്ട്'  എന്ന ഗാനത്തിന് സംഗീതം നിർവഹിച്ചത് സുഷിൻ ശ്യാം ആണ്.   

*** *** ***

കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഫ്ഌവേഴ്‌സ് ടി.വിയിലെ ഉപ്പും മുളകും. അഞ്ചു വർഷങ്ങളായി ആരാധകരെ ആവേശത്തിലാഴ്ത്തി ഓരോ എപ്പിസോഡും കടന്നു പോകുന്ന ഉപ്പും മുളകിലൂടെ ശ്രദ്ധ നേടിയ താരമാണ് നിഷ സാരംഗ്. നീലിമ ബാലചന്ദ്രൻ തമ്പിയായി എത്തുന്ന താരത്തിന്റെ ഒരു അഭിമുഖം ശ്രദ്ധേയമായി. നിഷയുടെ ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ല. പലപ്പോഴും ഇക്കാര്യത്തെ കുറിച്ച് നടി തുറന്നു പറഞ്ഞിരുന്നു. സ്വയം അധ്വാനിച്ച് രണ്ട് പെൺകുട്ടികളെ വളർത്തിയ നിഷ ഇതുവരെയുള്ള ജീവിതത്തിൽ സമ്പാദിച്ചതെന്ത് എന്ന് അഭിമുഖത്തിൽ പറയുന്നു. 'ചെറുപ്പം മുതൽ സമ്പാദിക്കാൻ വളരെ താൽപര്യമുള്ള ആളായിരുന്നു'. അങ്ങനെ എങ്കിൽ തന്നെ ഇന്ന് സമ്പാദ്യം എവിടെ എത്തി നിൽക്കുന്നു എന്നായിരുന്നു അവതാരകൻ നിഷ സാംരഗിനോട് ചോദിച്ചത്. താരത്തിന്റെ മറുപടിയിങ്ങനെ.. 'വലിയ സമ്പാദ്യമൊന്നുമില്ല. സമ്പാദിക്കാൻ വേണ്ടിയുള്ളതൊന്നും ഞാൻ ഉണ്ടാക്കിയിട്ടില്ല. എനിക്ക് രണ്ട് കുട്ടികളാണ്. രണ്ടാളെയും പഠിപ്പിച്ചു. നല്ല വിദ്യാഭ്യാസം കൊടുക്കാൻ പറ്റി. പിന്നെ ഒരാളെ കല്യാണം കഴിപ്പിച്ച് അയച്ചു. ഇപ്പോൾ അവൾക്ക് കുട്ടിയായി. ഇനി ഇളയ മകളുടെ പി.ജി ഒക്കെ കഴിഞ്ഞ് അവളെ കൂടി വിവാഹം കഴിപ്പിച്ച് അയക്കണം. അത്രയെ സമ്പാദ്യമുള്ള.േ ചെറുപ്പത്തിലെ സമ്പാദിക്കാൻ ഇഷ്ടമാണ്. എന്നു കരുതി വലിയ സമ്പത്തൊന്നും എന്റെ കൈയിൽ വന്നിട്ടില്ല. കിട്ടിയതെല്ലാം കൊണ്ട് എന്റെ കാര്യങ്ങളെല്ലാം നന്നായി നടത്താൻ പറ്റി എന്നുള്ളതാണ്. നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ പറ്റുക എന്നതാണ് ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം.സമ്പാദിക്കുക എന്നത് മാത്രമല്ലല്ലോ. ആരുടെയും കൈയിൽ നിന്നും കടം വാങ്ങിക്കാതെ നമ്മുടെ വീട്ടിലെ കാര്യങ്ങൾ മനോഹരമായി ചെയ്യാൻ കഴിയുന്നതാണ് ഏറ്റവും വലിയ കാര്യം. അതെനിക്ക് സാധിച്ചു. വേണമെങ്കിൽ എനിക്ക് കിട്ടുന്ന കാശ് ധൂർത്തടിച്ച് ജീവിക്കാം. അത് ചെയ്യാതെ വീട്ടിലെ കാര്യങ്ങൾ ചെയ്യുകയായിരുന്നു' ??നിഷ പറഞ്ഞു. എത്ര നല്ല കാഴ്ചപ്പാട്? 
റിപ്പബ്ലിക് ടി.വി മുതലാളി അർണബ് ഗോസ്വാമി കൂടുതൽ ഫെയ്മസാകുന്നതും കണ്ടാണ് 2020 വിട വാങ്ങിയത്. ബാർക്ക് സി.ഇ.ഒ ദാസ് ഗുപ്ത അർണബിന്റെ ചാനൽ പന പോലെ പടർന്നു് പന്തലിക്കാൻ വേണ്ട ഒത്താശ ചെയ്തു. പ്രത്യുപകാരമായി പഞ്ചനക്ഷത്ര ഹോട്ടലിൽ ചെന്ന്് കണ്ട് അർണബ് കടല മിഠായി മേടിച്ചു കൊടുത്തു. ഗുപ്തക്കും കുടുംബത്തിനും ഇഷ്ടം പോലെ കറങ്ങാൻ വിദേശ വിമാനങ്ങളിൽ ഫ്രീ പാസും പാരിസ്, ന്യൂയോർക്ക്, ലണ്ടൻ നഗരങ്ങളിലെ ഹോട്ടലുകളിൽ മൂപ്പരുടെ അക്കൗണ്ടിൽ ഫുഡ് അടിക്കാനും താമസിക്കാനും സൗകര്യം ചെയ്തു കൊടുത്തു. ഇതൊക്കെ ഏതൊരു ഇന്ത്യക്കാരനും രാജ്യത്തെ മറ്റൊരു പൗരന് ചെയ്തു കൊടുക്കേണ്ടതല്ലേ. ബാർക്ക് സി.ഇ.ഒയും അർണബ് ഗോസ്വാമിയും മറ്റുള്ളവരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഗുപ്തയുടെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.  ടി.ആർ.പി അളക്കുന്നതിനായി ബാരോമീറ്റർ സ്ഥാപിച്ച ആളുകളുടെ രഹസ്യ വിവരങ്ങൾ ദാസ് ഗുപ്ത പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് വീട്ടുകാർക്ക് കൈക്കൂലി കൊടുക്കുകയും ഇംഗ്ലീഷ് ഭാഷ മനസ്സിലാകുന്നില്ലെങ്കിലും അവരോട് തങ്ങളുടെ ചാനലുകൾ കാണാൻ ആവശ്യപ്പെടുകയും ചെയ്‌തെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് 15 ഓളം പേരെയാണ് മുംബൈ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്. ഇതൊക്കെ കേൾക്കുമ്പോൾ ശരിക്കും ശശിയായത് ആരാണ്? റിപ്പബ്ലിക് ചാനലിൽ മുടങ്ങാതെ പരസ്യം നൽകിയ ഇന്ത്യയിലെ കൺസ്യൂമർ ബ്രാൻഡുകളുടെ ഉൽപാദകർ. ഇവയിൽ പലതിന്റേയും ആസ്ഥാനവും മുംബൈയാണെന്നതാണ് രസം. 

*** *** ***

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ തിരുവനന്തപുരത്തെ ആര്യാ രാജേന്ദ്രനാണെന്ന് ദേശീയ ചാനലുകൾ മുതൽ തെലുങ്കിലെ ഇ.ടി.വിയും ടി.വി 9 ഉം മറ്റും സാക്ഷ്യപ്പെടുത്തുന്നു. അതിനിടയ്ക്ക് ആരോ പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ ബി.ജെ.പിയുടെ ഒരു മേയർ ഇതിന് മുമ്പുണ്ടായിട്ടുണ്ടെന്ന്. മലയാളത്തിൽ ന്യൂസ് 18 ചാനലിലെ ചർച്ചയിൽ ബി.ജെ.പിയുടെ വനിതാ നേതാവ് 19 വയസ്സിൽ മേയറായ കാര്യമൊക്കെ പറയുന്നുണ്ട്. ചർച്ച നയിച്ച ഹോസ്റ്റിന് ഇതിന്റെ പ്രായപരിധി പറഞ്ഞു കൊടുക്കാൻ തോന്നിയില്ല.


 

Latest News