Sorry, you need to enable JavaScript to visit this website.

സർഗാത്മകതയുടെ പകൽ നക്ഷത്രം

വിധി വൈപരീത്യത്താൽ തളർന്നു പോയ തന്റെ പാതി ശരീരത്തെ ശാപമായി കാണാതെ മോക്ഷമായി കാണുന്ന മുബീന  വിളത്തൂർ  ഇന്ന് അക്ഷരങ്ങളെ കൂട്ടുകാരിയാക്കി എഴുത്തുവഴികളിൽ തന്റേതായ പാത വെട്ടിത്തെളിയിക്കുകയാണ്.    

ചിലരങ്ങനെയാണ്. ജീവിതം കൊണ്ട് നമ്മെ വല്ലാതെ വിസ്മയിപ്പിച്ചു കളയും. എളിയ ജീവിതം കൊണ്ട് വലിയൊരു സന്ദേശം പകർന്നു തരും. പറഞ്ഞു വരുന്നത് പരിമിതികളുടെ അകലത്തിൽ നിന്ന് ആത്മവിശ്വാസവും പരിശ്രമവും കൊണ്ട് സർഗാത്മകതയുടെ  വഴിയിൽ വെട്ടം തെളിയിച്ച പാലക്കാട് ജില്ലയിലെ വിളത്തൂർ എന്ന ഗ്രാമത്തിലെ യുവ എഴുത്തുകാരി മുബീന വിളത്തൂരിനെ കുറിച്ചാണ്. 
വിധി വൈപരീത്യത്താൽ തളർന്നു പോയ തന്റെ പാതി ശരീരത്തെ ശാപമായി കാണാതെ മോക്ഷമായി കാണുന്ന മുബീന  വിളത്തൂർ  ഇന്ന് അക്ഷരങ്ങളെ കൂട്ടുകാരിയാക്കി എഴുത്തുവഴികളിൽ തന്റേതായ പാത വെട്ടിത്തെളിയിക്കുകയാണ്'.            
കവിതയും കഥയും അനുഭവക്കുറിപ്പുകളുമെല്ലായി ഒട്ടേറെ സൃഷ്ടികൾ വെളിച്ചം കണ്ടുകഴിഞ്ഞു. ആനുകാലികങ്ങളിലും  സോഷ്യൽ മീഡിയകളിലുമായി എഴുത്തുകളിൽ സജീവം. അക്ഷരങ്ങളെ പ്രാണനായി കണ്ടപ്പോൾ  മുതലാണ് ജീവിതത്തിനും പുതിയ അർത്ഥങ്ങൾ ഉണ്ടായതെന്ന സന്തോഷം  മുബീന പങ്കു വെക്കുന്നു. 


രണ്ടര വയസ്സിൽ കടുത്ത പനിയുടെ രൂപത്തിൽ വന്നാണ്  നടന്നു കൊതി തീരാത്ത അവളുടെ കാലുകൾ വിശ്രമത്തിലായത്. പിന്നീടങ്ങോട്ട്  സന്ദർശിക്കാത്ത ആശുപത്രികളോ ഡോക്ടർമാരോ  ഇല്ല. 
വൈദ്യശാസ്ത്രം പിള്ളവാതം എന്ന് പേരിട്ടു വിളിച്ച അസുഖം പിന്നീട് ജീവിതത്തെ കട്ടിലിൽ മാത്രമായി ഒതുക്കി.  
പ്രതികൂല സാഹചര്യമായതുകൊണ്ടാവും ചെറുപ്പത്തിൽ തനിക്ക് വിദ്യാഭ്യാസം കിട്ടാതെ പോയതെന്ന് അവൾ ഓർക്കുന്നു. എല്ലാവരെയും പോലെ തനിക്കും പഠിക്കണം എന്ന ആഗ്രഹം വല്ലാതെ  അലട്ടിയപ്പോഴാണ് മാതാപിതാക്കളുടെ സഹായത്തോടെ അക്ഷരങ്ങൾ പഠിക്കാൻ ശ്രമിച്ചത്.  
പത്താം  ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ടൂഷ്യൻ എടുക്കാൻ വന്ന രമണി ടീച്ചറാണ് ആദ്യമായി മലയാളത്തിലും ഇംഗ്ലീഷിലും പേരെഴുതാൻ പഠിപ്പിച്ചതെന്ന് മുബീന നന്ദിയോടെ ഓർക്കുന്നു. പിന്നീട് മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയത് മുതലാണ് ഇംഗ്ലീഷ് കൂട്ടിവായിക്കാനും മംഗ്ലീഷിൽ ടൈപ് ചെയ്യാനും പഠിച്ചത്.  ആദ്യമായി ചേർന്ന 'സ്‌നേഹസന്ദേശം' വാട്‌സ്ആപ്  ഗ്രൂപ്പ്  വഴിയാണ് എഴുത്തിനെയും  വായനയെയും സ്‌നേഹിച്ചു തുടങ്ങിയത്'. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവും. പിന്നീടങ്ങോട്ട് സോഷ്യൽ മീഡിയയും സുഹൃത്തുക്കളും പകർന്നു തന്ന പിന്തുണയും ആത്മവിശ്വാസവുമാണ് തന്നെ ഇവിടെയെത്തിച്ചതെന്നാണ്  മുബീനയുടെ വിലയിരുത്തൽ.


നഷ്ടപ്പെട്ടുപോയ പഠനത്തെ തിരിച്ചു പിടിക്കാനുള്ള തിരക്കിലാണിപ്പോൾ. നാലാം ക്ലാസ് തുല്യതാ പരീക്ഷ വിജയിച്ചു കഴിഞ്ഞു. ഇനി  ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലാണ്.
    'എഴുത്ത് ജീവിതം തനിക്കു പലതും നേടിത്തന്നിട്ടുണ്ട്. ഒരുപാട് പുസ്തകങ്ങൾ പരിചയപ്പെടാനുള്ള അവസരം. സുഹൃത്തുക്കളുടെ സ്‌നേഹം. പുരസ്‌കാരങ്ങൾ. അങ്ങനെ പലതും' ---അവൾ വാചാലയാവുന്നു.
വിളത്തൂർ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ പുരസ്‌കാരം, വരം  കൂട്ടായ്മയുടെ പുരസ്‌കാരം, സ്‌നേഹസന്ദേശം ചാരിറ്റിയുടെ പുരസ്‌കാരം, ബോളിഗ്രാഫോ  വാട്‌സ്ആപ് ഗ്രൂപ്പിന്റെ പുരസ്‌കാരം, കൊപ്പം ജനമൈത്രി പോലീസിന്റെ പുരസ്‌കാരം, 
വിളത്തൂർ ഡി.വൈ.എഫ്.ഐയുടെ പുരസ്‌കാരം,  എസ്.കെ.എസ്.എസ്.എഫിന്റെ പുരസ്‌കാരം,  വിളത്തൂർ അങ്കണവാടിയുടെ പുരസ്‌കാരം തുടങ്ങിയവയെല്ലാം ഇതിനോടകം തന്നെ  മുബീനയെ തേടിയെത്തിയിട്ടുണ്ട്.
തന്റെ സൃഷ്ടികളെല്ലാം ചേർത്ത് ഒരു പുസ്തകമാക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ.. അതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. 
    തികഞ്ഞ ലക്ഷ്യബോധത്തോടെയും പ്രതീക്ഷയോടെയും തന്റെ സർഗവൈഭവത്താൽ മുന്നേറുന്ന മുബീനക്ക്  നല്ലൊരു കഥാകൃത്തും അതുപോലെ തന്നെ നല്ലൊരു വായനക്കാരിയും ആവണമെന്നാണ് ആഗ്രഹം.
തന്റെ കഴിവും ആത്മവിശ്വാസവും തിരിച്ചറിഞ്ഞു മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുന്ന മുബീനയുടെ മുന്നോട്ടുള്ള പ്രയാണത്തിന്  എല്ലാവിധ ഭാവുകങ്ങളും പ്രാർത്ഥനയും.


 

Latest News