കുട്ടിക്കാലം മുതൽതന്നെ രാജ്യം മുഴുവൻ സൈക്കിളിൽ സഞ്ചരിക്കണമെന്ന മോഹമുണ്ടായിരുന്നു. കുന്നോളം സ്വപ്‌നങ്ങൾ ഒരു കുഞ്ഞു ബാഗിലാക്കിയുള്ള ഒരു നീണ്ട യാത്ര. മുൻപ് പലവട്ടം സഞ്ചാരത്തിനൊരുങ്ങിയെങ്കിലും കുടുംബപരമായ ബാധ്യതകൾ പിറകോട്ടു വലിച്ചു. മുപ്പതുകളിലും നാൽപതുകളിലുമൊന്നും യാത്ര തിരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ഖേദം ഇപ്പോഴുമുണ്ട്. അൻപത്തിയഞ്ചു വയസ്സായതിനു ശേഷമാണ് തന്റെ ആഗ്രഹ സാഫല്യം നേടാനായത്. കടൽ ഭിത്തിയിലിരുന്ന് അദ്ദേഹം മലയാളം ന്യൂസിനോടു പറഞ്ഞു.
രാജ്യം മുഴുവൻ യാത്ര ചെയ്യാൻ എത്ര പണം കൈയിൽ കരുതണം. ചോദ്യം ഛത്തീസ്ഗഢിലെ കർഷകനായ ഷേക്ക് മുഹമ്മദ് ജമാലിനോടാണെങ്കിൽ ചിരിച്ചുകൊണ്ട് അദ്ദേഹം മറുപടി പറയും. ഒരു ചില്ലിക്കാശ് പോലും വേണ്ട.
2018 ഓഗസ്റ്റ് പതിനഞ്ചിന് സൈക്കിളിൽ ത്രിവർണ പതാക ഉയർത്തിക്കൊണ്ട് യാത്ര തുടങ്ങിയതാണ് ഈ അൻപത്തിയേഴുകാരൻ.
അറുപതിനായിരം കിലോമീറ്റർ സഞ്ചരിച്ച് ഇന്ത്യയുടെ ഹൃദയം തൊട്ടറിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. അൻപത്തിയെട്ടായിരം കിലോമീറ്റർ യാത്ര ചെയ്ത് ബുധനാഴ്ചയാണ് അദ്ദേഹം കോഴിക്കോട്ടെത്തിയത്. കടൽ തീരത്തെ പൂഴിപ്പരപ്പിൽ വിശ്രമിക്കുകയായിരുന്നു അദ്ദേഹം.
ഛത്തീസ്ഗഢിലെ ദുർഗ് ജില്ലയിലെ ഭിലായിലെ ഒരു പരമ്പരാഗത കർഷക കുടുംബത്തിലെ അംഗമാണ് മുഹമ്മദ് ജമാൽ. രണ്ടു വർഷം മുൻപാണ് ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടത്. വൈകാതെ തന്റെ രണ്ടു പെൺമക്കളുടെയും വിവാഹം നടത്തി. കുടുംബപരമായ എല്ലാ ചുമതലകളും നിർവഹിച്ചതിനു ശേഷമാണ് അദ്ദേഹം രാജ്യം കാണാനിറങ്ങിയത്.

കുട്ടിക്കാലം മുതൽ തന്നെ രാജ്യം മുഴുവൻ സൈക്കിളിൽ സഞ്ചരിക്കണമെന്ന മോഹമുണ്ടായിരുന്നു. കുന്നോളം സ്വപ്‌നങ്ങൾ ഒരു കുഞ്ഞു ബാഗിലാക്കിയുള്ള ഒരു നീണ്ട യാത്ര. മുൻപ് പലവട്ടം സഞ്ചാരത്തിനൊരുങ്ങിയെങ്കിലും കുടുംബപരമായ ബാധ്യതകൾ പിറകോട്ടു വലിച്ചു. മുപ്പതുകളിലും നാൽപതുകളിലുമൊന്നും യാത്ര തിരിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ഖേദം ഇപ്പോഴുമുണ്ട്. അൻപത്തിയഞ്ചു വയസ്സായതിനു ശേഷമാണ് തന്റെ ആഗ്രഹ സാഫല്യം നേടാനായത്. കടൽ ഭിത്തിയിലിരുന്ന് അദ്ദേഹം മലയാളം ന്യൂസിനോടു പറഞ്ഞു.
സന്തത സഹചാരിയായ പഴയ സൈക്കിളിന്റെ കേടുപാടുകൾ തീർത്താണ് യാത്രക്കൊരുങ്ങിയത്. കരിയറിലുള്ള ചെറിയ പെട്ടിയിൽ രണ്ടു ജോഡി വസ്ത്രങ്ങളും രണ്ട് പുതപ്പും ഒരു പായയും. മാത്രമല്ല, സൈക്കിളിന്റെ പഞ്ചറൊട്ടിക്കാനുള്ള സാധനങ്ങളും ചില ഉപകരണങ്ങളും കൈവശം കരുതി. ഒരു യാത്രാപുസ്തകവും യാത്ര ചെയ്യുന്നതിനു വേണ്ടിയുള്ള റൂട്ട് മാപ്പും. ഇത്രയും സാധനങ്ങളുമായാണ് അദ്ദേഹം തന്റെ സ്വപ്‌നയാത്ര തുടങ്ങിയത്.
കൈവശം പണമില്ലാതിരുന്നിട്ടും യാത്രയ്ക്കിടയിൽ യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്. എത്തിപ്പെടുന്ന സ്ഥലത്ത് അവിടത്തെ ആളുകളാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. യാത്രക്കിടയിൽ ആരോടും ഭക്ഷണം ആവശ്യപ്പെടാറില്ല.
എന്നാൽ എത്തുന്നയിടങ്ങളിലെല്ലാം ആളുകൾ ആവശ്യമുള്ള സാധനങ്ങളെല്ലാം വാങ്ങിത്തരുന്നുണ്ട്. ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ഹൈവേ പെട്രോൾ സ്‌റ്റേഷനുകളിലാണ് രാത്രിയിലെ വിശ്രമം. പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കുന്നതും ഫോൺ ചാർജിംഗും കുളിയും വസ്ത്രം അലക്കുന്നതുമെല്ലാം അവിടെ വെച്ചാണ്. ഒരു ദിവസം ഏകദേശം എൺപത് മുതൽ നൂറു കിലോമീറ്റർ വരെ യാത്ര ചെയ്യാറുണ്ട്. സൈക്കിളിന്റെ ടയർ ഇതിനകം തന്നെ ഒൻപതു പ്രാവശ്യം മാറ്റിയിട്ടു. ഇതെല്ലാം തന്നെ ഓരോയിടത്തുമുള്ള ആളുകളാണ് സംഭാവന ചെയ്തത്.
യാത്രയ്ക്കിടയിൽ ചിലയിടങ്ങളിൽ പോലീസിന്റെ സഹായം തേടാറുണ്ടെന്നും ജമാൽ പറയുന്നു. ഭിലായിൽനിന്ന് തുടങ്ങി നാഗ്പുർ, ഹൈദരാബാദ്, ബംഗ്ലൂർ വഴിയാണ് കന്യാകുമാരിയിലെത്തിയത്. പഞ്ചാബിലെത്തിയപ്പോഴാണ് കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. അതിനാൽ അവിടെ രണ്ടു മാസത്തോളം തങ്ങേണ്ടിവന്നു. അതിർത്തി അടച്ചതിനാൽ സംസ്ഥാനത്തിനകത്തെ പലയിടങ്ങളും സന്ദർശിക്കാൻ കഴിഞ്ഞു. ലോക്ഡൗണിൽ പഞ്ചാബിൽ കുടുങ്ങിയപ്പോൾ തനിക്കിനി കൂടുതൽ യാത്ര ചെയ്യാനാവില്ലെന്നും അവിടെ കിടന്ന് മരിക്കേണ്ടിവരുമെന്നും ചിന്തിച്ചിട്ടുണ്ട്. പണക്കാരനെന്നും പാവപ്പെട്ടവനെന്നുമുള്ള വകഭേദം കോവിഡിനില്ലെന്നും ആർക്കും എപ്പോഴും ഈ രോഗം പടർന്നുപിടിക്കാമെന്നും ധൈര്യം കൈവിടരുതെന്നും ദേശവാസികൾ ഉപദേശിക്കുമായിരുന്നു.
യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നവരോടെല്ലാം സൈക്കിളിംഗിന്റെ ഗുണങ്ങളെക്കുറിച്ചും അദ്ദേഹം ഉപദേശിക്കാറുണ്ട്. ശരീരത്തിലെ കൊഴുപ്പിനെ അലിയിച്ചുകളയാനും അമിത വണ്ണവും കുടവയറും ഇല്ലാതാക്കാനും ഫലപ്രദമായ വ്യായാമമാണ് സൈക്കിളിംഗ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ദിവസവും രണ്ടു മണിക്കൂറെങ്കിലും സൈക്കിൾ ചവിട്ടുന്നത് ശീലമാക്കണമെന്നും അദ്ദേഹം ഉപദേശിക്കുന്നു.
ദൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്ന നിരാശയും അദ്ദേഹം മനസ്സിൽ സൂക്ഷിക്കുന്നു. എങ്കിലും കർഷക പ്രക്ഷോഭം വിജയം കണ്ടെത്തുമെന്ന വിശ്വാസമാണ് അദ്ദേഹത്തിനുള്ളത്. കൃഷിയെയും കർഷകരെയും നശിപ്പിക്കുന്ന തീരുമാനമാണ് സർക്കാരിന്റേത്. തന്റെ വിയർപ്പിന്റെ വില പോലും കർഷകന് ലഭിക്കുന്നില്ല. കൃഷി ചെയ്യാനുള്ള യാതൊരു സഹായവും സർക്കാർ കർഷകർക്കു നൽകുന്നില്ല. കർഷകന്റെ ശക്തി സർക്കാർ തിരിച്ചറിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു --അടുത്ത ലക്ഷ്യസ്ഥാനമായ വയനാട്ടിലേയ്ക്കുള്ള യാത്രയിൽ അദ്ദേഹം പറഞ്ഞുനിർത്തി.






