അമേരിക്കയിലെ പ്രശസ്ത ടിവി അവതാരകന്‍  ലാറി കിങിന് കോവിഡ് ബാധ

ന്യൂയോര്‍ക്ക്- പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകന്‍ ലാറി കിങിനെ  കോവിഡ്19 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരാഴ്ചയിലേറെയായി ലോസ് ആഞ്ചല്‍സ്  സെഡാര്‍സ് സിനായ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ് ഇദ്ദേഹം. എണ്‍പത്തി ഏഴുകാരനായ ലാറി കിങ്ങിന് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ നിലവിലുണ്ട്. ടൈപ്പ് 2 പ്രമേഹരോഗമുള്ള അദ്ദേഹത്തിന് നിരവധി തവണ ഹൃദയാഘാതമുണ്ടായി.  ശ്വാസകോശാര്‍ബുദവും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
ചുരുട്ടി വെച്ച ഷര്‍ട്ടിന്റെ കൈകളുമായി പല നിറത്തിലുള്ള ടൈകളും സസ്‌പെന്‍ഡേഴ്‌സും വലിപ്പമേറിയ കണ്ണടകളും ധരിച്ചെത്തുന്ന ലാറി കിങ് അമേരിക്കന്‍ ടെലിവിഷന്‍ മാധ്യമരംഗത്തെ ഏറ്റവും ശ്രദ്ധ നേടിയ അവതാരകനാണ്. യാസര്‍ അറാഫത്ത്, വ്‌ളാഡിമിര്‍ പുടിന്‍ തുടങ്ങിയ ലോക നേതാക്കളുമായി ലാറി നടത്തിയ അഭിമുഖങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. 2010 ല്‍ സിഎന്‍എന്നില്‍ നിന്ന് വിരമിക്കുന്നതുവരെ 25 കൊല്ലത്തോളം തുടര്‍ച്ചയായി അവതരിപ്പിച്ച 'ലാറി കിങ് ലൈവ്' ഏറെ പ്രേക്ഷകരുള്ള പരിപാടിയായിരുന്നു. അതിന് ശേഷം സ്വന്തമായി വെബ്‌സൈറ്റ് ആരംഭിച്ച ലാറി 2012 ല്‍ ആരംഭിച്ച ഓറ ടിവിയില്‍ 'ലാറ കിങ് നൗ' എന്ന പരിപാടി അവതരിപ്പിക്കാനാരംഭിച്ചു. 
 

Latest News