Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പൂനിലാവിന്റെ സ്മൃതികളൂറുന്ന പൂമുറ്റങ്ങളിൽ 

നിലാവിന്റെ സൗന്ദര്യം ഒരിക്കലെങ്കിലും ആസ്വദിക്കാത്തവർ കുറവായിരിക്കും. ജീവിതത്തിൽ പലപ്പോഴും നഷ്ടപ്പെടുന്ന പ്രധാനപ്പെട്ട ഒരു പ്രകൃതിസൗന്ദര്യമാണ് നിലാവ്. നിയോൺ വെളിച്ചത്തിന്റെ സമൃദ്ധിയിൽ ആകാശക്കാഴ്ചകളുടെ രാത്രിവർണവും വിസ്മയവും പലപ്പോഴും പട്ടണവാസികൾ വിസ്മരിച്ചു പോകുന്നു. മരുഭൂമിയിലെ നിലാവിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്. അത് കാണണമെങ്കിൽ പട്ടണത്തിലെ ദീപ സമൃദ്ധികൾക്കിടയിൽ നിന്നും മരുഭൂ വന്യതയുടെ നിശ്ശബ്ദതയിലേക്ക് ഇടക്കൊക്കെ ചേക്കേറണം. 
നാട്ടിലെ നിലാവിന് ആയിരം കാഴ്ചകളും താളലയങ്ങളുമാണ്. നാട്ടുവഴിയിലൂടെ നടക്കുമ്പോൾ നിലാവ് വൃക്ഷ ശിഖരങ്ങൾക്കിടയിലൂടെ പെയ്തിറങ്ങി അമൂർത്തമായ ഒട്ടനവധി പാൽനിലാ ചിത്രങ്ങൾ വരച്ചിടും.നിശാഗന്ധിയുടെ സുഗന്ധവും പാലപ്പൂ മണവും ഇലഞ്ഞിപ്പൂ ഗന്ധവും ഇടവഴികളിലെ നിലാവിനെ അത്തറണിയിക്കും.വിജനമായ പാടവരമ്പിലൂടെ നിലാവുള്ള രാത്രിയിൽ നടക്കുമ്പോഴാണ് നിലാവിന്റെ വാചാലത ഏറ്റവും കൂടുതൽ അനുഭവിക്കാനാവുക. ഗ്രാമത്തിലെ ഒറ്റയടിപ്പാതയിൽ പൂനിലാവുള്ള രാത്രികളിൽ നടന്നു നീങ്ങുമ്പോൾ നിലാവിന് വഴിയോരങ്ങളിലെ വൃക്ഷങ്ങൾ കസവ് തുന്നുന്നത് കൗതുകത്തോടെ നോക്കി നിൽക്കാറുണ്ടായിരുന്നു.
അകലങ്ങളിൽ വീടുകളിൽ നിന്നും ഉയരുന്ന രാത്രി ഗാനങ്ങളുടെ പതിഞ്ഞ ശബ്ദവും ചീവിടുകളുടെ നിർത്താതെയുള്ള കരച്ചിലും കുന്നിൻ പുറങ്ങളിൽനിന്ന് ഓരിയിടുന്ന കുറുക്കന്റെ ഒച്ചയും ചേർന്ന് നിലാവുള്ള രാത്രികളിലെ ഭീകരമായ സംഗീതം ഭീതിപ്പെടുത്തുന്നതാണെങ്കിലും മറക്കാനാവാത്തതാണ്. എന്റെ തറവാട്ടിലേക്ക് എത്തണമെങ്കിൽ കിഴക്ക് നിന്നാണെങ്കിൽ വിശാലമായ പള്ളിപ്പറമ്പും പാക്കനാർപുരം കുന്നും കഴിഞ്ഞ് വേണം. നിലാവുള്ള രാത്രികളിൽ പള്ളിപ്പറമ്പിലെ തളം കെട്ടിയ ഗാഢനിശ്ശബ്ദതയിൽ ഇലയനക്കങ്ങൾ അശരീരികളായി തോന്നും. ദശാബ്ദങ്ങളായി നിത്യനിദ്രയിലാണ്ട പഴമക്കാർ പൊട്ടിപ്പൊളിഞ്ഞ കല്ലറകളിലൂടെ പുറത്ത് കടന്ന് പിന്നാലെ വരുന്നത് പോലെ കുട്ടിക്കാലത്ത് സങ്കൽപിക്കാറുണ്ടായിരുന്നു. പുതു കല്ലറകൾക്ക് മീതെ നാട്ടിയ നൊച്ചിൽ കാടുകൾ നിഗൂഢമായ താളത്തിൽ നിലാവത്ത് ചാഞ്ചാടുന്നത് കാണാമായിരുന്നു. 
പടിഞ്ഞാറ് നിന്നാണെങ്കിൽ തോലേരി പാടം കഴിയണം. രാത്രികാലങ്ങളിൽ മനന്താട്ടിലും കുലുപ്പയിലുമൊക്കെ നടക്കുന്ന മതപ്രഭാഷണ പരമ്പര കേൾക്കാൻ കുസൃതികൾക്ക് കൈയും കാലും വെച്ച നാളുകളിൽ ഉമ്മയോടൊത്ത് ചൂട്ട് കത്തിച്ചു വീശി നടന്ന ഓർമയുണ്ട്. നിലാവ് പെയ്യുന്ന രാത്രികളിൽ അകലാപ്പുഴയിലൂടെയും കുറ്റിയാടി പുഴയിലൂടെയുമുള്ള തോണി യാത്ര അവിസ്മരണീയമാണ്. കോട്യാടി പാടത്തും തോലേരികാപ്പിലും മീൻ കുത്തിപ്പിടിക്കാൻ പോവുന്നതും ഹരമാണ്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് താറാക്കൂട്ടങ്ങളോടൊത്ത് രാപ്പാർക്കുന്ന ഗോപാലേട്ടന്റെ മുനിഞ്ഞ് കത്തുന്ന വിളക്ക് തോലേരി പാടത്തെ മറക്കാത്ത നിലാക്കാഴ്ചയായിരുന്നു. എല്ലാം ചേർന്ന് നിലാവിന് എന്തെന്നില്ലാത്ത ഭംഗിയായിരുന്നു ആ കുട്ടിക്കാല രാത്രികളിൽ. 
കവികളും അനുരാഗികളും നിലാവിനെ ഇത്രമേൽ പ്രണയിച്ചു പോവുന്നതിന്റെ രഹസ്യം അന്നൊന്നും മനസ്സിലായിരുന്നില്ല. കൗമാര സൗഹൃദങ്ങളും യാത്രകളും ക്യാമ്പുകളും നിലാവിന് പുതിയ രാഗവും ഭാവവും പകർന്നു. വാൽനക്ഷത്രത്തെ കാത്തിരുന്ന നൊച്ചാട് കുന്നിൻ പുറത്തെ ചെറുനിലാ രാത്രി ഓർമയിലെത്തുന്നു. ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്ത് നിന്ന് നിലാവിൽ കുളിച്ച മൈസൂർ പട്ടണം കാണേണ്ട കാഴ്ച തന്നെ. നൈനിറ്റാളിലെ അരമ്പിന്ദോ ആശ്രമത്തിന്റെ മുറ്റത്ത് പെയ്ത നിലാവിന് ദേശഭക്തിയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും തീക്ഷ്ണതയായിരുന്നു. താജ്മഹലിൽ നിലാവ് പെയ്തപ്പോൾ ഷാജഹാനോട് അസൂയ തോന്നി. മുംതാസിനോട് ആദരവും. ഹരിദ്വാരിലും ഋഷികേശിലും നിലാവിന് വേദമന്ത്രങ്ങളുടെ താളമായിരുന്നു. ശ്രാവണ ബലഗോളയിലെ ഗോമഡേശ്വര ക്ഷേത്രത്തിന് സമീപത്തെ കുന്നിൽ അനുഭവിച്ച പൗർണമി രാവ് ആഖ്യാനങ്ങളുടെയും പുനരാഖ്യാനങ്ങളുടെയും രാവായിരുന്നു.
കശ്മീരിലെ ദാൽ തടാകക്കരയിലെ മുഗൾ ഗാർഡനിൽ അനിർവചനീയമായ നിലാവിന്റെ കവിത വായിച്ചതോർക്കുന്നു. ജബലുന്നൂറിലെ ഹിറാ ഗുഹയിൽ പെയ്ത നിലാവിന് നിത്യ നൂതന വെളിപാടുകളുടെ വശ്യ ലാവണ്യമായിരുന്നു. ഹജിന്റെ രാവുകളിൽ മുസ്ദലിഫയിൽ മേൽക്കൂരയില്ലാതെ നിലത്ത് രാപ്പാർക്കുമ്പോൾ ചന്ദ്രൻ മൊഴിഞ്ഞ പ്രാപഞ്ചിക സത്യം ഉള്ള് തുറപ്പിച്ച വേദ 
വാക്യങ്ങളായിരുന്നു. 
ഏറ്റവും കൂടുതൽ ത്രസിപ്പിച്ച നിലാവ് ആസ്വദിച്ചത് സ്‌പെയിനിൽ ഗ്രാനഡയിലെ അൽ ഹംറ കൊട്ടാരത്തിന്റെ പൂന്തോട്ടത്തിൽ വെച്ചാണ്. ഓർമകളിൽ നിറയെ ഗതകാല സ്മൃതികളുടെ അവാച്യമായ കുളിരും കനലും. പശ്ചാത്തലത്തിൽ മെഹ്ദി ഹസൻ സാഹിബിന്റെ ഭൂലി ബിസ് രീ ചന്ദ് ഉമീദേൻ ചന്ദ് ഫസാനെ യാദ് ആയേൻ എന്ന ഗസലും കൂടി ആയപ്പോൾ അക്ഷരാർത്ഥത്തിൽ അതൊരു സ്വപ്‌നതുല്യ രാത്രിയായി മാറി. 
മരുഭൂമിയിലെ നിലാവ് തേടിയുള്ള അടങ്ങാത്ത അലച്ചിലിൽ പലപ്പോഴും കൂട്ടിനെത്താറുള്ള ഹാഷിഫും ഷമീമും എന്റെ ഹൃദയമറിയുന്ന സഹയാത്രികരാണ്. തായിഫ് ചുരത്തിൽ, ഹദയിൽ, ഷഫയിൽ, അല്ലീത്തിൽ, ഖുൻഫുദയിൽ, അൽബാഹയിൽ, ഖുറുമയിൽ തുടങ്ങി പല ദേശങ്ങളിലും ഞങ്ങൾ നിലാവ് തേടി യാത്ര ചെയ്തിട്ടുണ്ട്. സൗദിയിൽ ജിദ്ദക്ക് സമീപമുള്ള മൂൺ വാലി എന്ന പ്രദേശത്ത് ചെന്ന് പൗർണമി ആസ്വദിക്കൽ ഒരു അനുപമ അനുഭവം തന്നെയാണ്. പലപ്പോഴും നിറതിങ്കൾ തേടിയുള്ള യാത്രയ്‌ക്കൊടുവിൽ അവിടെ എത്തിപ്പെടാറുണ്ട്. പ്രിയ എഴുത്തുകാരൻ അബു ഇരിങ്ങാട്ടിരിയും സുഹൃത്തുക്കളും ചേർന്ന് ആസ്വദിച്ച പനിമതി രാവ് അവയിൽ മറക്കാനാവത്തതാണ്. 
ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ കടലിൽ മാത്രമല്ല , മനുഷ്യ മനസ്സിലും ചെറുതല്ലാത്ത വൈകാരിക വ്യതിയാനങ്ങൾ ഉണ്ടാക്കുന്നുണ്ട്. പതിനാലാം രാവിലെ പനിമതി മനുഷ്യ ഹൃദയത്തിൽ പ്രണയ പാരാവശ്യം ത്വരിതമാക്കും. വിരഹം അനുഭവിക്കുന്ന പ്രവാസിയെപ്പോലെ ആ രാവുകളിൽ നിലാവാസ്വദിക്കുന്നവർ വിരളമായിരിക്കും. പ്രിയപ്പെട്ട നാടിന്റെയും പ്രിയതമയുടെയും ഓർമകൾ അനുസ്യൂതം പെയ്തിറങ്ങുന്ന രാത്രികൾ ആയിരിക്കും അവർക്ക് പലപ്പോഴും പൗർണമി രാത്രികൾ. അതൊക്കെ കൂടി കൊണ്ടായിരിക്കണം പൗർണമി നാളുകളിൽ വ്രതമെടുക്കാൻ വിശ്വാസികൾ കൽപിക്കപ്പെട്ടതും.

Latest News