കോവിഡും വൈറസിന്റെ രൂപമാറ്റവും

2020 ൽ ലോകത്തെ നിശ്ചലമാക്കിയ കോവിഡ് ഇന്ന് പുതിയ വർഷത്തിലേക്കെത്തുമ്പോഴും മാനവരാശിയെ ഭീതിപ്പെടുത്തി നിൽക്കുകയാണ്. രൂപമാറ്റം വന്ന കോവിഡ് 2021 നെ എങ്ങനെയാണ് സ്വാധീനിക്കുക എന്ന കാര്യത്തിൽ ലോകം മുഴുവൻ ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ് പ്രതിരോധത്തിനുള്ള വൈറസ് ലോകവ്യാപകമായി ഉപയോഗിച്ചു തുടങ്ങുന്നത് വൻ പ്രതീക്ഷ സമ്മാനിക്കുന്നുണ്ട്. എന്നാൽ രൂപമാറ്റം വന്ന കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ വാക്‌സിന് സാധിക്കുമോ എന്ന ആശങ്കയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ശാസ്ത്ര ലോകത്ത് ഉയർന്നുകേട്ടിരുന്നത്. അതേസമയം, പുതിയ വൈറസിനെയും പ്രതിരോധിക്കാനുള്ള ശക്തി വാക്‌സിനുണ്ട് എന്ന പൊതു അഭിപ്രായത്തിലേക്ക് ശാസ്ത്രലോകം എത്തിയത് പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. 
കോവിഡ് 19 രോഗത്തിനു കാരണമാകുന്ന സാർസ് കോവ്2  പോലുള്ള ആർ.എൻ.എ വൈറസുകളുടെ ജനിതക ക്രമത്തിൽ മ്യൂട്ടേഷനുകൾ വഴി പടിപടിയായി മാറ്റങ്ങൾ വരാം. കോവിഡ് വൈറസിൽ മാസത്തിൽ 12 മ്യൂട്ടേഷൻ എന്ന തോതിൽ മാറ്റം വരാമെന്നാണ് കണക്കാക്കുന്നത്. 

കോവിഡ് 19 ജീനോമിക്‌സ് യു.കെ കൺസോർഷ്യം ആണ് ഈ വ്യതിയാനം ഗവേഷണത്തിലൂടെ കണ്ടെത്തിയത്. യു.കെയിലെ നാല് പൊതുജനാരോഗ്യ ഏജൻസികൾ, സംഗേർ ഇൻസ്റ്റിറ്റിയൂട്ട് കൂടാതെ 12 ഗവേഷണ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത സംരംഭമായ ഈ കൺസോർഷ്യം ഇക്കഴിഞ്ഞ ഏപ്രിലിൽ സ്ഥാപിതമായത് മുതൽ നിരന്തരം  റാൻഡം സാമ്പിളുകളിൽ ജനിതക പഠനങ്ങൾ നടത്തിപ്പോന്നിരുന്നു. ഏപ്രിൽ മുതൽ 1,40,000 വൈറസ് ജീനോമുകൾ പഠന വിധേയമാക്കി.
മനുഷ്യ കോശങ്ങളിലേക്ക് കയറിപ്പറ്റാൻ വൈറസ് ഉപയോഗിക്കുന്ന അതിന്റെ ആവരണത്തിലെ സ്‌പൈക് പ്രോട്ടീനെ ബാധിക്കുന്ന ഒരു മ്യൂട്ടേഷനാണ് വേഗത്തിൽ പകരാനുള്ള ശേഷി ജനിതകമാറ്റം സംഭവിച്ച വൈറസിന് നൽകിയതെന്ന് കരുതപ്പെടുന്നു.
ബ്രിട്ടനിൽ കണ്ടെത്തിയ പുതിയ വൈറസ് ഇന്ത്യയിലും കണ്ടെത്തിയിട്ടുണ്ട്. വൻ പ്രതിരോധ സംവിധാനങ്ങൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മാസമാണ് ഈ വൈറസ്  ബ്രിട്ടന്റെ പല ഭാഗങ്ങളിലും കണ്ടെത്തിയത്. ഇതോടെ ലണ്ടൻ മാർക്കറ്റ് അടച്ചിടുകയും നിരവധി ലോക രാജ്യങ്ങൾ വീണ്ടും അതിർത്തികൾ അടക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങളുടെ ഫലങ്ങൾ അടുത്ത ദിവസം പുറത്തുവരും. അതുവരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയാണ് പല ലോക രാജ്യങ്ങളും അതിർത്തികൾ അടച്ചിട്ടത്. 
മനുഷ്യ കോശങ്ങളിൽ എളുപ്പത്തിൽ കയറിപ്പറ്റാനും വേഗത്തിൽ പടരാനും ഈ വൈറസിനു കഴിയുമോ എന്നതാണ് ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്നത്. 
കൂടുതൽ രൂക്ഷമായ രോഗവും കൂടുതൽ മരണങ്ങളും ഉണ്ടാകുമോ, സാധാരണ ഉപയോഗിക്കുന്ന പി.സി.ആർ/ആന്റിജൻ ടെസ്റ്റുകൾക്ക് ഇതിനെ കണ്ടെത്താൻ കഴിയുമോ, ഇപ്പോൾ നിർമിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകൾ ഇതിനെ തടയാൻ പര്യാപ്തമാകുമോ എന്ന കാര്യങ്ങളും ശാസ്ത്രജ്ഞർ പരിശോധിച്ചിരുന്നു. 
മൂന്നു കാര്യത്തിലും അമിതമായ ആശങ്ക വേണ്ടെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തിയത് ആശ്വാസമായി. രോഗതീവ്രത കൂടുതലാണെന്നതിന് ഇതുവരെ തെളിവൊന്നുമില്ല. മാത്രമല്ല, ഈ ഉപ ഗ്രൂപ്പിന്റെ മറ്റൊരു പ്രത്യേകത ഒ.ആർ.എഫ് എട്ട് എന്ന മറ്റൊരു പ്രോട്ടീനിലെ മറ്റൊരു മ്യൂട്ടേഷൻ ഈ പ്രോട്ടീന്റെ  ഒരു ഭാഗം ഇല്ലാതാക്കുന്നതാണ്. മുമ്പ് സിംഗപ്പുരിൽ ഇതേ മ്യൂട്ടേഷനുള്ള വൈറസ് ബാധിച്ചവർക്ക് രോഗം വളരെ ലഘുവായിരുന്നു എന്നത് ഒരുപക്ഷേ  ആശ്വാസകരമായേക്കാം. സാധാരണ ഉപയോഗിക്കുന്ന പി.സി.ആർ ടെസ്റ്റുകളും ആന്റിജൻ ടെസ്റ്റുകളും വഴി ഈ വൈറസിനെയും കണ്ടെത്താനാകും. 
ഇന്നുള്ള ഒട്ടുമുക്കാൽ വാക്‌സിനുകളും സ്‌പൈക് പ്രോട്ടീനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. പുതിയ വൈറസ് ഉപ ഗ്രൂപ്പിന്റെ ആവിർഭാവം കാരണം വലിയ ഭീതി ഉണ്ടാകേണ്ട കാര്യമില്ല. എന്നാൽ വൈറസ് നമ്മുടെ സമൂഹത്തിൽ എത്താതിരിക്കുകയോ എത്തിയാൽ പടരാതിരിക്കുകയോ ചെയ്യാൻ വേണ്ടിയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നത് തുടരണം. സൂക്ഷ്മ ജീവികളിലെ ഇത്തരം ജനിതക വ്യതിയാനങ്ങൾ സാധാരണമാണ്. പെരുകി പുതിയവ ഉണ്ടാവുന്തോറും മ്യൂട്ടേഷനുണ്ടാവാനുള്ള സാധ്യത കൂടുന്നുണ്ട്. ജനിതക പദാർഥത്തിൽ അബദ്ധവശാൽ ഉണ്ടാകുന്ന തെറ്റുകൾ തിരുത്താനുള്ള സംവിധാനം വൈറസുകൾക്ക് ഇല്ലാത്തതിനാൽ താരതമ്യേന വൈറസുകളിൽ ഇതിന്റെ സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ ഇത്തരം നിരവധി സ്‌ട്രെയിനുകളുടെ ഉത്ഭവം ശാസ്ത്ര ലോകം പ്രതീക്ഷിച്ചിരുന്നതാണ്. കോവിഡ് വൈറസിന്റെ കാര്യത്തിലാണെങ്കിൽ ഓരോ മാസവും ഒന്നോ രണ്ടോ പുതിയ പ്രധാന ജനിതക വ്യതിയാനങ്ങളാണ് കണ്ടുപിടിക്കപ്പെടുന്നത്. ഈ മ്യൂട്ടേഷൻ കണ്ടെത്തിയതു പോലും ബോധപൂർവമായ ഗവേഷണ അന്വേഷണത്തിന്റെ  ഭാഗമായാണ്. ഇംഗ്ലണ്ടിലെ വിദഗ്ധർ പറയുന്നത് പ്രകാരം, 4000 ത്തോളം ജനിതക വ്യതിയാനങ്ങൾ അവർ കണ്ടെത്തിയിട്ടുണ്ടെന്നാണ്. എന്നാൽ ഒട്ടു മിക്കവാറും വ്യതിയാനങ്ങൾ പ്രസക്തമായ മാറ്റങ്ങൾ വൈറസിന്റെ സ്വഭാവ സവിശേഷതകളിൽ ഉണ്ടാക്കിയിട്ടില്ല. 
പ്രധാനപ്പെട്ട പതിനേഴോളം വ്യതിയാനങ്ങളാണ് ഈ പുതിയ സ്‌ട്രെയിനിൽ കണ്ടെത്തിയത്. ഇതിൽ ഏറ്റവും പ്രധാനം കോശങ്ങൾക്ക് ഉള്ളിലേക്ക് വൈറസിന് കടക്കാനുള്ള താക്കോലായി പ്രവർത്തിക്കുന്ന സ്‌പൈക് പ്രോട്ടീന്റെ മേലുള്ള വ്യതിയാനമാണ്.  കുന്തമുനയുടെ രൂപത്തിലുള്ള ഈ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഭാഗത്തു വന്ന വ്യതിയാനം കൂടുതൽ എളുപ്പത്തിൽ മനുഷ്യരിലേക്ക് കടക്കാൻ വൈറസിനെ സഹായിക്കാം എന്ന് സംശയിക്കപ്പെടുന്നു. പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് സാധാരണ വൈറസിനേക്കാൾ എഴുപതു ശതമാനം കൂടുതൽ വേഗത്തിൽ പുതിയ സ്‌ട്രെയിനിനു  പടർന്നുപിടിക്കാനാകും എന്നാണ്. എന്നാൽ ഇക്കാര്യങ്ങൾ  തീർച്ചയാക്കാനുള്ള വിവരങ്ങൾ കിട്ടിയിട്ടില്ല.
ലണ്ടനിലെ ഏതാണ്ട് മുക്കാൽ ഭാഗം കൊറോണാവൈറസ് കേസുകളും ഈ സ്‌ട്രെയിൻ മൂലമാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നു സംശയിക്കപ്പെടുന്നു. കൂടുതൽ വേഗത്തിൽ പടർന്നുപിടിക്കാൻ ഇതിനു കഴിവുണ്ട് എന്നതുകൊണ്ടാണ് ഈ വ്യതിയാനമെന്നു സംശയിക്കുന്നവരുണ്ട്.  നോർത്തേൺ ഐർലൻഡിൽ ഒഴിച്ച് യൂകെയുടെ മിക്കവാറും ഭാഗങ്ങളിലും ചില യൂറോപ്യൻ രാജ്യങ്ങളിലും ഈ വൈറസ് എത്തി.
പ്രാഥമിക പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ വൈറസിന് 70 ശതമാനം വരെ കൂടുതൽ വേഗത്തിൽ പടർന്നു പിടിക്കാനാകും എന്നാണ്  (വൈറസിന്റെ ഞ0 യിൽ 0.4 ന്റെ വർധന). അതുകൊണ്ടാണ് ലണ്ടൻ നഗരത്തിലെ വൈറസ് ബാധകളിൽ കൂടിയ പങ്കും പുതിയ വേരിയന്റ് മൂലമുള്ളതായത് എന്നും ചില  ഗവേഷകർ വിശ്വസിക്കുന്നു. എന്നാൽ ഈ കാഴ്ചപ്പാടിന് വിമർശനങ്ങളും കുറവല്ല. ലണ്ടൻ പോലെ തിരക്കു കൂടിയ ഒരു നഗരത്തിൽ പ്രത്യക്ഷപ്പെട്ടതുകൊണ്ടാണ് ഈ സ്‌ട്രെയിൻ പെട്ടെന്ന് പടർന്നു പിടിക്കുന്നതായി തോന്നുന്നത് എന്ന അഭിപ്രായമുള്ള ശാസ്ത്രജ്ഞരും ഉണ്ട്. 

Latest News