തിരുവനന്തപുരം- കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിൽ ആദ്യ അന്താരാഷ്ട്ര മത്സരമായ ഇന്ത്യ-ന്യൂസിലാന്റ് ട്വന്റി20 വൻ വിജയമായതോടെ കൂടുതൽ മത്സരങ്ങൾക്ക് കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) ശ്രമമാരംഭിച്ചു. ഐ.പി.എൽ മത്സരങ്ങൾ ഉൾപ്പെടെ ഇവിടെ സംഘടിപ്പിക്കാനാണ് ശ്രമം. ട്വന്റി20 ക്ക് വൻ ജനക്കൂട്ടമെത്തിയതും മികച്ച ഗ്രൗണ്ടെന്ന പ്രശംസ ലഭിച്ചതുമാണ് കെ.സി.എക്ക് ആവേശം പകരുന്നത്. രാജസ്ഥാൻ റോയൽസ് ടീമിനെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.
നിലവിൽ വർഷത്തിൽ 180 ദിവസത്തേക്ക് പ്രതിദിന വാടകക്കാണ് കെ.സി.എ സ്റ്റേഡിയം ഏറ്റെടുത്തിട്ടുള്ളത്. ഐ.പി.എല്ലിൽ ഹോം ഗ്രൗണ്ട് ഇല്ലാത്തതോ ഹോം ഗ്രൗണ്ടുകളിൽ കാണികൾ കാര്യമായി ഇല്ലാത്തതോ ആയ ടീമുകളുടെ മത്സരം ഇവിടേക്ക് ആകർഷിക്കാനാണ് ശ്രമം. ഐ.എസ്.എൽ സംഘാടകരായ ഐ.എം.ജി റിലയൻസ് പ്രതിനിധികളും കാര്യവട്ടത്ത് ഉണ്ടായിരുന്നു. കാണികളുടെ വൻ പങ്കാളിത്തവും ആവേശവും അവർക്കു നേരിട്ട് വ്യക്തമായി.
നിലക്കാത്ത മഴയിൽ ഒൻപതു മണിക്കൂറിലേറെ കാത്തിരിക്കേണ്ടി വന്നിട്ടും മുറുമുറുപ്പ് കാണിക്കാതിരുന്ന കാണികൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മത്സരം നടക്കുമോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലും 45,000 ത്തോളം കാണികൾ സംയമനം കാത്തു. സ്‌പോർട്‌സ് ഹബ്ബിലെ കന്നി ടി20 കാണുക എന്ന അവരുടെ ആഗ്രഹത്തിനു മുന്നിൽ ഒടുവിൽ പ്രകൃതിയും കനിഞ്ഞു. മഴ രാത്രി എട്ടരയോടെ അവസാനിക്കുകയും ഒമ്പതരക്കു ശേഷം എട്ടോവർ വീതമുള്ള കളി അരങ്ങേറുകയും ചെയ്തു.
സഹനത്തോടെ മത്സരം വീക്ഷിച്ച തിരുവനന്തപുരത്തെ കാണികളെ ഇന്ത്യൻ ക്യാപ്ടൻ വിരാട് കോഹ്‌ലി പ്രശംസ കൊണ്ട് മൂടി. സ്റ്റേഡിയവും ഔട്ഫീൽഡും അതിശയിപ്പിച്ചുവെന്നും ട്വീറ്റ് ചെയ്ത കോഹ്‌ലി ഗ്രൗണ്ട് സ്റ്റാഫിനെ അഭിനന്ദിച്ചു. മുൻ ഇന്ത്യൻ താരങ്ങളും കാണികളെ പ്രശംസിച്ചു. ഗ്രൗണ്ട് സ്റ്റാഫിന്റെ പ്രവർത്തനങ്ങൾ അതിശയിപ്പിക്കുന്നതെന്നായിരുന്നു വി.വി.എസ് ലക്ഷ്മണിന്റെ ട്വീറ്റ്. കോരിച്ചൊരിയുന്ന മഴയിലും കാത്തിരുന്ന കാണികളെ ലക്ഷ്മൺ പ്രശംസിച്ചു.
മത്സരത്തിലെ മാൻ ഓഫ് ദ മാച്ച് കാണികളാണെന്ന് ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു. ക്രിക്കറ്റ് ആരാധകർക്ക് സഞ്ജയ് മഞ്ചരേക്കർ ആശംസ അർപ്പിച്ചു. ഒൻപതു മണിക്കൂർ മഴ നനഞ്ഞിട്ടും ഗാലറി വിട്ടുപോകാൻ കാണികൾ തയാറായില്ല. ഇതോടെ മഴ ചെറുതായി ശമിച്ചപ്പോൾ കാണികൾക്ക് ആവേശം പകരാൻ കോഹ്‌ലിയും കൂട്ടരും ഫുട്‌ബോൾ കളിച്ചു. ഗ്രൗണ്ടും സ്റ്റേഡിയത്തിലെ അനുബന്ധ സൗകര്യങ്ങളും മനോഹരമാണെന്നു ഇന്ത്യൻ കോച്ച് രവിശാസ്ത്രി പറഞ്ഞു. മഴ മാറി 15 മിനിറ്റിനുള്ളിൽ സ്റ്റേഡിയം സജ്ജമാക്കാമെന്ന് തെളിയിച്ചത് വലിയ നേട്ടമായി.