Sorry, you need to enable JavaScript to visit this website.

ബാഹുബലിയുടെ പോർവിളി 

കഥ


കഥമദം പൂണ്ടു പാഞ്ഞടുക്കുന്ന കൊലകൊമ്പന്റെ മസ്തകത്തിൽ ചാടിച്ചവിട്ടിക്കയറി അടിയറവു പറയിക്കുന്ന ബാഹുബലി. വാൾപ്പയറ്റിന്റെ മിന്നൽപ്പിണരുകളും മാഹിഷ്മതിയുടെ യുദ്ധക്കളങ്ങളും വിറകൊള്ളിക്കുന്നത് പത്തല്ല, ഇരുപതല്ല 
, അഞ്ഞൂറോളം കസേരകളെ. ആളൊഴിഞ്ഞ, ആരവമൊഴിഞ്ഞ സിനിമാ കൊട്ടകയിലെ ഒരേയൊരു പ്രേക്ഷകൻ, അത് ചന്ദ്രൻ. പ്രൊജക്ടർ ഓപ്പറേറ്റർ ചന്ദ്രൻ.

കഴിഞ്ഞ എത്രയോ മാസമായി ചന്ദ്രൻ ബാഹുബലി കാണുകയാണ്. തന്റെ ഹൃദയത്തിന്റെ സിംഹാസനത്തിൽ ഒറ്റപ്പടത്തിലൂടെ കയറ്റി പ്രതിഷ്ഠിച്ച പ്രഭാസിനെ, ആണഴകിന്റെ പര്യായമായ നായകനെ, ചന്ദ്രൻ വന്നു കാണുകയാണ്. ഡോൾബി ഡിജിറ്റൽ ഓണാക്കും. മുതലാളി പറയും ഒരു മണിക്കൂറിട്ടോടിക്കാൻ. മൂന്ന് ദിവസം കൂടുമ്പോൾ ഓടിച്ചില്ലെങ്കിൽ മെഷീനെല്ലാം കേടാകും, ഇംപോർട്ടഡ് അല്ലേ. ബാഹുബലിയുടെ ഗർജനങ്ങളും നടനതാണ്ഡവങ്ങളും കണ്ടുകൊണ്ടങ്ങു ഓഫാക്കുമ്പോൾ ചന്ദ്രന്റെ കണ്ണു നിറഞ്ഞുപോകും. പാവം ബാഹുബലി. എത്രയെത്ര ഹൃദയങ്ങളെ പുളകംകൊള്ളിച്ചവൻ. ഇനിയും എത്രയെത്ര യുവത്വങ്ങളെ ഹരംകൊള്ളിക്കേണ്ടവൻ.. 
പക്ഷെ, ദാ വന്നിരിക്കുന്നു സകല കാർക്കോടകന്മാരേയും ഒന്നിച്ചു വിഴുങ്ങാൻ. വാളുമില്ല ,പരിചയുമില്ല. പീരങ്കിയില്ല, പട്ടാളവുമില്ല. ഒരു വീരനും ഒരു തന്ത്രവും ഒരു പകിടയും അവന്റെ മുന്നിൽ ഒന്നുമല്ല. അവൻ വല്ല മനുഷ്യനായോ, മൃഗാകൃതിയോ പൂണ്ടു വന്നാൽ, ഒരു ബാഹുബലിയും വേണ്ട, ഞാനീ തീയേറ്ററിലിട്ടു ശ്വാസം മുട്ടിച്ചങ്ങു കൊല്ലും. എ.സിയിലെ കാർബൺ മോണോക്‌സൈഡ് തുറന്നുവിട്ട് , വാതിലടച്ചു, നാളെ വന്നു നോക്കുമ്പോൾ കൊറോണക്കാലൻ നിലംപരിശ്.

അത്രക്കുണ്ട് ചന്ദ്രന് ദേഷ്യമിപ്പോൾ, അതോ സങ്കടമോ?
ഫിലിം ഓപ്പറേറ്ററായത് ചുമ്മാതല്ല. ആ ജോലിയോടുള്ള ഇഷ്ടം കൊണ്ടാ. പണ്ട് മാഷ് ക്ലാസിൽ പറഞ്ഞതാ നമ്മളെ ജോലിയല്ല തെരഞ്ഞെടുക്കേണ്ടത്, ജോലി നമ്മൾ വേണം തെരഞ്ഞെടുക്കാനെന്ന്. അങ്ങനെ ലോകത്ത് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ജോലി തെരഞ്ഞെടുത്തതല്ലേ. ഇഷ്ടം പോലെ സിനിമ കാണാമല്ലോ. പണ്ട് അപ്പന്റെ പോക്കറ്റടിച്ചും അമ്മേടെ മണിപ്പേഴ്‌സ് തുറന്നും റിലീസുപടത്തിന് കരിഞ്ചന്തേന്ന് ടിക്കറ്റുമെടുത്തു ഫസ്റ്റ് ഡേ, ഫസ്റ്റ്‌ഷോ കാണാൻ ഫസ്റ്റായി, ഫാസ്റ്റായി ഇടിച്ചു കയറിയതാ. ആദ്യം നസീർ ഫാൻ, പിന്നെ ലാലേട്ടൻ, പിന്നെ മമ്മുക്ക, പിന്നെ മോൻ ദുൽഖർ, പിന്നെ അവരെയെല്ലാം ആദരവോടെ മാറ്റി പ്രതിഷ്ഠിച്ചു സാക്ഷാൽ ബാഹുബലിയെ. 
രാവിലെ എഴുന്നേൽക്കുന്നത് പ്രാർഥിച്ചു കൊണ്ടല്ല, പകരം മാഹിഷ്മതീന്നു പറഞ്ഞോണ്ടാരുന്നു. ഇപ്പം പട്ടിണി, അർധപട്ടിണി , അത്താഴപ്പട്ടിണി. ഭാര്യ വന്നു പ്രാകും: മനുഷ്യാ, മതി സിനിമാപ്രാന്ത്. മോനൊരുത്തൻ പത്തിലാണ്. ഈ ഓപ്പറേറ്റർ പണിവിട്ട് വല്ലതും നോക്ക് റബർ വെട്ടോ, വാഴകൃഷിയോ മറ്റോ. അല്ലെങ്കി വല്ല ലോട്ടറിയെങ്കിലും വിൽക്കൂ..

പക്ഷെ ഈ സംതൃപ്തി എന്നൊന്നുണ്ടല്ലോ. അതുകിട്ടില്ല. ഒന്നും മിണ്ടാതെ,തേങ്ങാ പൊതിച്ചു തിരുമ്മിയും കൊടുത്തു ചോറ്റുപൊതിയുമായി പുതിയ പളപളപ്പൻ ഫോർ കെയിലേക്ക് 
വന്നു കയറുമ്പോൾ എന്താ ഒരു സായൂജ്യം. ആർക്കും ഒരാരാധനാലയത്തിലും കിട്ടാത്ത ശാന്തി തനിക്കു കൈവരുന്നപോലെ. ബാഹുബലിയേന്നു വിളിച്ചങ്ങു തുടങ്ങും.

ചിലപ്പോൾ ചില സിനിമകൾ കാണുമ്പോ ഉറക്കം വരും, പാവം ഇതെല്ലം കാണുന്ന കഴുതകൾ എന്നു മനസ്സിൽ പറയും. പക്ഷെ, ചോറല്ലേ, കേറ് കേറ് മക്കളേന്ന് പറയും.

കഴിഞ്ഞ ഏഴെട്ടു മാസംകൊണ്ട് മാന്ദ്യമല്ലേ. താനെന്നല്ല, എല്ലാവരും അനുഭവിക്കുന്നു. പലരും പലവിധം. പക്ഷേ ഇപ്പോഴുള്ള ആശങ്ക അതൊന്നുമല്ല. ഈ നെറ്റ്ഫ്‌ളിക്‌സും ആമസോൺ പ്രൈമും  എല്ലാംകൂടി സുനാമിപോലെ വന്ന് ഈ സിനിമാ തിയേറ്ററിന്റെ ഭാവി ഇല്ലാണ്ടാക്കുമോന്നാ.. തന്റേയും. ജനം ഇനി കൂട്ടത്തോടെ ഇടിച്ചുവന്നു കാണുമോന്നാ...സാമൂഹിക അകലം പാലിച്ചും കോളേജു പിള്ളേർ മാസ്‌കും ധരിച്ചു വന്നാൽ പിന്നെയെന്താണ് തിയേറ്റർ, എന്തൊരു തിയേറ്റർ.

വാളും പരിചയും ഇല്ലാത്ത അങ്കങ്ങളാകും, വീറും വാശിയും ഇല്ലാത്ത യുദ്ധങ്ങളാകും. പിന്നെയെല്ലാം അഭിനയങ്ങളാകും, വെറും അഭിനയങ്ങൾ. 
ഇങ്ങനെയെല്ലാം ചിന്തിച്ചമാന്തിച്ചു വന്ന് ചന്ദ്രൻ സ്‌ക്രീനിൽ ബാഹുബലിയിട്ടു, ഒരു ദിനം.
ഈശ്വരാ ....അതാ മാസ്‌കണിഞ്ഞ് ബാഹുബലി യുദ്ധം ചെയ്യുന്നു. പടയാളികൾക്കു മുഴുവൻ മാസ്‌ക്. യുദ്ധത്തിനിടയിൽ ആരോഗ്യപ്രവർത്തകൻ വാൺ ചെയ്യുന്നുണ്ട് സാമൂഹ്യ അകലം പാലിക്കാൻ. ഇന്നുവരെ താൻ കണ്ട ബാഹുബലിയല്ല സ്‌ക്രീനിൽ. മാസ്‌ക് അണിഞ്ഞു നിൽക്കുന്ന തമ്പുരാട്ടി, പറയുന്ന ഡയലോഗുകൾ പാതിയും വിഴുങ്ങുന്നു. അവസാനം ബാഹുബലി തന്റെ എതിരാളികളുമായി സന്ധിചേർന്ന്, കൂട്ടുചേർന്ന് പട പുറപ്പെടുന്നു.
അദൃശ്യ ശത്രുവിനെ തോൽപ്പിക്കാൻ പുതിയ ആയുധങ്ങളും പേറി.
ചന്ദ്രനും അവരിലൊരാളായി തിയേറ്റർ അടച്ച്, ഗേറ്റും പൂട്ടി റോഡിലൂടെ ഇറങ്ങി നടന്നു, ഒരു കൈയിൽ സാനിറ്റൈസറും മറുകയ്യിൽ സോപ്പും മുറുകെ പിടിച്ച്. 
സ്‌ക്രീനിൽ ബാഹുബലി തകർത്താടുകയാണ്.. മാസ്‌കണിഞ്ഞ ബാഹുബലി.

Latest News