തിരുവനന്തപുരം- തുള്ളിക്കൊരുകുടം പെയ്ത് തിമിർക്കുന്ന തുലാമഴ മാറി നിന്നാൽ ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തീപാറും. നിർണ്ണായകമായ ഇന്ത്യ- ന്യൂസിലാൻഡ് മൂന്നാം ട്വന്റി 20 മത്സരത്തിനായി കളിക്കാർക്കൊപ്പം ആരാധകരും സജ്ജരായിക്കഴിഞ്ഞു. വൈകിട്ട് ഏഴിനാണ് എല്ലാവരും കാത്തിരിക്കുന്ന വാശിയേറിയ മത്സരം.
കനത്ത മഴയെ വകവയ്ക്കാതെ തിരുവനന്തപുരത്ത് ക്രിക്കറ്റ് ലഹരി പതയുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ക്രിക്കറ്റ് പ്രേമികൾ തലസ്ഥാന നഗരിയിൽ എത്തിത്തുടങ്ങി. ഹോട്ടലുകൾ നിറഞ്ഞുകഴിഞ്ഞു.
മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചതിനാൽ ഇന്നത്തെ മത്സരം ഇരുകൂട്ടർക്കും നിർണ്ണായകമാണ്. ഏകദിന പരമ്പരയിൽ കിവീസിനെ തോൽപ്പിച്ച കോഹ്‌ലിയും കൂട്ടരും ട്വന്റി20യിലും അതാവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. മഴ മാത്രമാണ് അവർക്ക് ആശങ്ക.
കഴിഞ്ഞ മൂന്ന് ദിവസമായി മഴ കേരളത്തിൽ ശക്തമായി തുടരുകയാണ്. ഇന്നും കനത്ത മഴ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിച്ചിട്ടുണ്ട്. ഉച്ചക്ക് മൂന്നിനും വൈകിട്ട് അഞ്ചിനും ഏഴിനും മഴ പെയ്യുമെന്നാണ് പ്രവചനം. എന്നാൽ കനത്ത മഴ പെയ്താലും വെള്ളം കെട്ടികിടക്കാതിരിക്കാനുള്ള ഫിഷ് പോണ്ട് ഡ്രൈനേജ് സംവിധാനമാണ് സ്റ്റേഡിയത്തിലുള്ളത്. പെട്ടെന്ന് മഴ പെയ്ത് മാറിയാലും കളി മുടങ്ങാതിരിക്കാൻ ഇതുമൂലം കഴിയും. പിച്ചുകൾ മൂടിയിട്ടിരിക്കുകയാണ്.
കാര്യവട്ടത്ത് ക്രിക്കറ്റ് പ്രേമികളുടെ തിരക്ക് അനുഭവപ്പെട്ടുതുടങ്ങി. ഓൺലൈൻ ടിക്കറ്റ് മാറ്റാനായി നിവധിയാളുകളാണ് കാര്യവട്ടത്ത് എത്തിക്കൊണ്ടിരിക്കുന്നത്. ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കപ്പെടുന്നുണ്ട്. 10000 രൂപയുടെ ടിക്കറ്റിന് 20000 രൂപയാണ് വില. ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ക്രിക്കറ്റ് അസോസിയേഷൻ നൽകുന്നത്.
തലസ്ഥാനത്ത് നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കനത്തസുരക്ഷാ സൗകര്യങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ദക്ഷിണ മേഖലാ എ.ഡി.ജി.പി ബി. സന്ധ്യ, ഐ.ജി. മനോജ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ ആറ് എസ്.പിമാർ, 60 സി.ഐമാർ, 240 എസ്.ഐമാർ ഉൾപ്പെടെ 2500 പോലീസുകാർക്കാണ് സുരക്ഷാ ചുമതല. മൊബൈൽ ഫോണല്ലാതെ ഒരു സാധനവും കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോകാനാവില്ലെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പതാകകളും, ബാനറുകളും, വാദ്യോപകരങ്ങളുമെല്ലാം തടയും. കുടിവെള്ളവും ഭക്ഷണവും വേണ്ടവർ സ്റ്റേഡിയത്തിനുള്ളിലെ കൗണ്ടറുകളിൽനിന്ന് വാങ്ങണം. മത്സരം പ്രമാണിച്ച് തലസ്ഥാനത്ത് ഇന്ന് വലിയ തോതിൽ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും.