ദുബായ്- സൗദി അറേബ്യ പ്രഖ്യാപിച്ച അപ്രതീക്ഷിത യാത്രാവിലക്കില്‍ കുടുങ്ങി നിരവധി മലയാളികള്‍. ഇന്നു മുതല്‍ അടുത്ത ദിവസങ്ങളില്‍ സൗദി നഗരങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഒട്ടേറെ പേരുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കയാണ്.
സൗദി നഗരങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനായി 14 ദിവസം ഹോട്ടലില്‍ താമസിച്ചവരാണ് പൊടുന്നനെ പ്രതിസന്ധിയിലായത്.ഇവരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കണമെന്നറിയാത ട്രാവല്‍ ഏജന്‍സി അധികൃതരും കുഴങ്ങുകയാണ്. സൗദിയില്‍ സ്‌കൂളുകള്‍ക്ക് അവധിയായതിനാല്‍ ദുബായ് സന്ദര്‍ശിക്കാനെത്തിയവരും എന്നു മടങ്ങാനാകുമെന്ന് ഉറപ്പില്ലാതെ അനിശ്ചിതത്വത്തിലാണ്.
ഇപ്പോള്‍ ഒരാഴ്ചത്തേക്കാണ് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെങ്കിലും ആവശ്യമെങ്കില്‍ ഒരാഴ്ച കൂടി നീട്ടുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
യാത്ര പുറപ്പെടുന്നതിനു മുമ്പ് 14 ദിവസം ഇന്ത്യയില്‍ താമസിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് മറികടക്കുന്നതിനാണ് ട്രാവല്‍ ഏജന്‍സികളുടെ പാക്കേജിലെത്തിയ നൂറുകണക്കിനു മലയാളികള്‍ ദുബായിലെ ഹോട്ടലുകളില്‍ കഴിയുന്നത്.
ബ്രിട്ടനിലും മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലും ജനിതകമാറ്റം സംഭവിച്ച കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സൗദി അറേബ്യ രാജ്യന്തര അതിര്‍ത്തികള്‍ അടച്ചത്. കടല്‍മാര്‍ഗവും കരമാര്‍ഗവും രാജ്യത്തേക്കുള്ള യാത്രക്കാരുടെ പ്രവേശനം ഒരാഴ്ചത്തേക്കാണ് വിലക്കിയത്. എല്ലാ വിദേശ വിമാന സര്‍വീസുകളും റദ്ദാക്കുകയും ചെയ്തു.
ചരക്കുനീക്കത്തെ നിരോധനം ബാധിക്കില്ലെന്നും സൗദി ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
പുതിയ തരം കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. അയര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലന്‍ഡ്‌സ്, ബെല്‍ജിയം എന്നീ രാജ്യങ്ങളെല്ലാം യു.കെയില്‍നിന്നുള്ള വിമാനസര്‍വീസ് നിര്‍ത്തിവച്ചു. യുകെയിലെ സാഹചര്യം നിരീക്ഷിച്ചു വരുകയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
യു.കെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച വൈറസ് അതിവേഗം മനുഷ്യരില്‍ പടരുമെങ്കിലും എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമല്ല. ഇതേ വൈറസ് നെതര്‍ലന്‍ഡ്‌സ്, ഡെന്‍മാര്‍ക്ക്, ഓസ്‌ട്രേലിയ രാജ്യങ്ങളിലെ കോവിഡ് രോഗികളിലും കണ്ടെത്തിയിട്ടുണ്ട്. ലണ്ടന്‍ ഉള്‍പ്പെടുന്ന തെക്കുപടിഞ്ഞാറന്‍ ഇംഗ്ലണ്ടിലാണ് പുതിയ കൊറോണ വൈറസ് കൂടുതലായി കാണപ്പെടുന്നത്.