കൊറോണക്കൊരു തുറന്ന കത്ത് 

റാഹിൽ ഷാൻ കണ്ണൂർ


ലോകത്തെമ്പാടുമുള്ള മനുഷ്യരുടെ ദൈനം ദിന ജീവിതത്തെ മാറ്റി മറിച്ച കൊറോണക്കൊരു തുറന്ന കത്തെഴുതി ഷാർജയിലെ പ്രവാസി ബാലൻ ശ്രദ്ധേയനാകുന്നു. ഷാർജ പ്രോഗ്രസ്സീവ് ഇംഗ്ലീഷ് സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥി റാഹിൽ ഷാനാണ് കൊറോണക്കൊരു തുറന്ന കത്തെഴുതിയത്. 
കൂട്ടുകാരൊന്നിച്ച് കളിക്കാൻ കാത്തിരുന്ന നേരത്ത് അവിചാരിതമായി വന്ന മഴയോട് പോകാൻ പറയുന്ന ഇംഗ്ലീഷ് ബാലന്റെ റെയിൻ റെയിൻ ഗോ എവേയ്, കം എഗയിൻ അനതർ ഡേ, ലിറ്റിൽ ജോണി വാൺട്‌സ് ടു പ്‌ളേ എന്ന പ്രശസ്തമായ നഴ്‌സറി ഗാനത്തെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് റാഹിലിന്റെ കത്ത്.
നിഷ്‌കളങ്ക ബാല്യത്തിന്റെ നിർമലമായ ചോദ്യങ്ങളും അന്വേഷണങ്ങളും ഏവരിലും കൗതുകമുണർത്തും. പ്രിയപ്പെട്ട കൊറോണ, നീയെന്തിനാണ് വന്നത്. എല്ലാ ജനങ്ങളും പ്രയാസത്തിലാണ്. എന്റെ അച്ഛനും അമ്മയും അവശരായി കിടപ്പിലാണ്. അവർക്കിരുവർക്കും ശ്വസിക്കുവാൻ നല്ല ബുദ്ധിമുട്ടുണ്ട്. ഈ നില തുടർന്നാൽ അവർ മരിച്ചുപോകും. അതിനാൽ എത്രയും വേഗം സ്ഥലം വിടണമെന്നാണ് ഈ കൊച്ചുബാലൻ കൊറോണയോട് ആവശ്യപ്പെടുന്നത്. 


എനിക്ക് പരീക്ഷ വരാറായി. ഉമ്മയും ഉപ്പയും ഇങ്ങനെ കിടപ്പിലായാൽ പിന്നെ ആരാണ് എന്നെ പഠിപ്പിക്കുക, ആരാണ് എനിക്ക് ഭക്ഷണം നൽകുക, ആരാണ് എന്നെ പരിചരിക്കുക. എന്റെ അച്ഛനേയും അമ്മയേയും മാത്രമല്ല എല്ലാവരേയും കഷ്ടത്തിലാക്കുന്ന കൊറോണ, നീ എത്രയും വേഗം ഈ ലോകത്തുനിന്നും പോകണം. 
വീടിന്റെ ഇടുങ്ങിയ ഇടനാഴികകളിൽനിന്നും പുറം ലോകത്തിന്റെ വിശാലതയിൽ എനിക്ക് പാറി നടക്കണം. പൂക്കളോടും പൂത്തുമ്പികളോടും കിന്നാരം പറഞ്ഞ് പ്രകൃതിയുടെ മനോഹാരിത മതിവരുവോളം നുകരണം. പാർക്കിലും ബീച്ചിലുമൊക്കെ ഓടിക്കളിക്കണം. 
കൊറോണ, നീ പോയാലല്ലേ ഇതൊക്കെ നടക്കൂ.  
കൂട്ടുകാരും നാട്ടുകാരും ബന്ധുക്കളുമൊക്കെ പരസ്പരം കാണാനും കൂടിയാടാനുമൊക്കെ വല്ലാതെ കൊതിക്കുന്നുണ്ട്. സ്‌കൂളിലെ കൂട്ടുകാരെ കാണാതെ അവരുമായി കളിക്കാതെ ഇനിയും എത്രനാൾ കഴിയണം. ദയവ് ചെയ്ത് ഞങ്ങളുടെ വിലപ്പെട്ട ബാല്യം നശിപ്പിക്കരുതെന്നാണ് റാഹിലിന് കൊറോണയോട് പറയാനുള്ളത്.
പ്രായത്തിൽ കവിഞ്ഞ പക്വതയോടെ തന്റെ വിഹ്വലതകളും പ്രയാസങ്ങളും ലളിതമായ ഇംഗഌഷിലാണ് റാഹിൽ കുറിച്ച് വെച്ചത്. മുഖം മറക്കുന്ന ഫേസ് മാസ്‌ക് ജീവിതത്തിലെ ഏറ്റവും മനോഹരമായ പുഞ്ചിരിയെ മായ്ക്കുമോ എന്ന ഈ കൊച്ചുബാലന്റെ ആശങ്ക കൊറോണയുടെ ഭീകരമുഖമാണ് അനാവരണം ചെയ്യുന്നത്. 


കഴിഞ്ഞ ദിവസം മകന്റെ പുസ്തകങ്ങൾ അടുക്കിവെക്കുന്നതിനിടയിൽ റാഹിലിന്റെ മാതാവാണ് ഈ ഡയറിക്കുറിപ്പുകൾ കണ്ടെത്തിയത്. റാഹിലിന്റെ മാതാപിതാക്കൾ കൊറോണയോട് മല്ലിട്ട ദിവസങ്ങളെ വളരെ മനോഹരമായാണ് ഈ ബാലൻ കുറിച്ചുവെച്ചിരിക്കുന്നത്. ഡയറിക്കുറിപ്പുകളിൽ നാട്ടിലുള്ള സഹോദരി സീഷക്കെഴുതിയ കുറിപ്പുകളും ശ്രദ്ധേയമാണ്. തന്റെ പരിഭവങ്ങളും സങ്കടങ്ങളുമൊക്കെ ഹൃദയസ്പൃക്കായ രീതിയിലാണ് റാഹിൽ പങ്കുവെക്കുന്നത്.
കണ്ണൂർ ജില്ലയിലെ നാരായൺപാറ സ്വദേശികളായ ഷാൻ, റോഷിൻ ദമ്പതികളുടെ ഇളയ മകനായ റാഹിൽ ഒരു നല്ല കലാകാരൻ കൂടിയാണ്. ഡ്രോയിംഗിലും പെയിന്റിംഗിലുമൊക്കെ കൊച്ചു പ്രായത്തിലേ തൽപരനായിരുന്ന റാഹിലിന്റെ പല ചിത്രങ്ങളും ഇതിനകം തന്നെ മാധ്യമ ശ്രദ്ധ നേടിയിട്ടുണ്ട് 


മാതാവ് തൂലിക പടവാളാക്കിയ പ്രവാസി അധ്യാപികയായ റോഷിൻഷാൻ കണ്ണൂരും പിതാവ് ഷാൻ കണ്ണൂരും കലാകാരന്മാരായതിനാൽ കലാവാസന ഈ ബാലന് പാരമ്പര്യമാകാം. എഴുത്തിലും ചിത്രം വരയിലും ക്രാഫ്റ്റിലുമൊക്കെ മികവ് തെളിയിച്ചാണ് റോഷിൻ തന്റെ സർഗസഞ്ചാരം അടയാളപ്പെടുത്തുന്നതെങ്കിൽ ഗസലുകളാണ് ഷാനിന്റെ മേഖല. 
കണ്ണൂരിലെ എച്ച്.ഐ.എസ് ഇംഗ്ലീഷ് സ്‌കൂൾ നാലാം തരം വിദ്യാർഥിനിയായ റാഹിലിന്റെ സഹോദരി സീഷയും നല്ലൊരു കലാകാരിയാണ്. പാട്ടും നൃത്തവുമൊക്കെയാണ് സീഷ തെരഞ്ഞെടുക്കുന്നത്. 

Latest News