- ചൈനയെ തോൽപിച്ചത് സഡൻഡെത്തിൽ
- ലോകകപ്പിന് യോഗ്യത
കകാമിഗാഹാര (ജപ്പാൻ) - ഷൂട്ടൗട്ടിലേക്ക് നീണ്ട ഫൈനലിൽ ചൈനയെ 5-4 ന് തോൽപിച്ച് ഇന്ത്യ ഏഷ്യാ കപ്പ് വനിതാ ഹോക്കി ചാമ്പ്യന്മാരായി. രണ്ടാം തവണയാണ് ഇന്ത്യ ഏഷ്യാ കപ്പ് നേടുന്നത്. 2004 ൽ ദൽഹിയിൽ നടന്ന ടൂർണമെന്റിൽ ജപ്പാനെ 1-0 ന് തോൽപിച്ചാണ് ആദ്യ കിരീടം സ്വന്തമാക്കിയത്.
2009 ലെ ഫൈനലിൽ ചൈനയോട് തോറ്റിരുന്നു. ഏഷ്യൻ ചാമ്പ്യന്മാരായതിലൂടെ അടുത്ത വർഷത്തെ ലണ്ടൻ ലോകകപ്പിനും ഇന്ത്യ യോഗ്യത നേടി. നിശ്ചിത സമയത്ത് 1-1 ആയിരുന്നു സ്‌കോർ നില. ഇക്കഴിഞ്ഞ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ ചൈന കീഴടക്കിയിരുന്നു.
ഇതോടെ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യയായി ഏഷ്യൻ ചാമ്പ്യന്മാർ. കഴിഞ്ഞ മാസമാണ് ഇന്ത്യൻ പുരുഷന്മാർ ഏഷ്യാ കപ്പ് സ്വന്തമാക്കിയത്.
പൂൾ മത്സരത്തിൽ ചൈനയെ 4-1 ന് തകർത്ത ഇന്ത്യ ഫൈനലിലും നന്നായി തുടങ്ങി. ഇരുപത്തഞ്ചാം മിനിറ്റിൽ ഫീൽഡ് ഗോളിലൂടെ നവജോത് കൗർ ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു.
നാൽപത്തേഴാം മിനിറ്റിലായിരുന്നു ചൈന തിരിച്ചടിച്ചത്. പെനാൽട്ടി കോർണറിൽ നിന്ന് ലുവൊ ടിയാൻടിയാൻ സ്‌കോർ ചെയ്തു.
ഷൂട്ടൗട്ടിൽ നിശ്ചിത അഞ്ച് ഷോട്ടുകൾ വീതം കഴിഞ്ഞപ്പോൾ 4-4 ആയിരുന്നു സ്‌കോർ നില. സഡൻഡെത്തിൽ ഇന്ത്യക്കുവേണ്ടി റാണി ഗോളടിച്ചു. എന്നാൽ ചൈനയുടെ ശ്രമം പാളി. ആതിഥേയരായ ജപ്പാനെ 1-0 ന് തോൽപിച്ച് തെക്കൻ കൊറിയ മൂന്നാം സ്ഥാനം നേടി.