ചാലക്കുടിക്കാരന്‍ ചങ്ങാതി; ചിത്രീകരണം തുടങ്ങുന്നു

കൊച്ചി- കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കാന്‍ വിനയന്‍. കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന 'ചാലക്കുടിക്കാരന്‍ ചങ്ങാതി' എന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു.  
മണിയുടെ ജീവിതത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് താന്‍ ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രം ചെയ്യുന്നതെന്നും എന്നാല്‍ ചിത്രത്തില്‍ മണിയുടെ കുടുംബ ജീവതത്തെക്കുറിച്ചോ വ്യക്തി ജീവിതത്തെക്കുറിച്ചോ പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിനയന്‍ പറഞ്ഞു. മണിയുടെ ജീവിതം അതുപോലെ പകര്‍ത്തുന്ന ഒരു ബയോ എപ്പിക്കല്ല ചാലക്കുടിക്കാരന്‍ ചങ്ങാതി. എനിക്ക് വളരെ ബഹുമാനമുള്ള ഒരു കലാകാരനായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ അടിസ്ഥാന വര്‍ഗത്തില്‍ ജനിച്ച്, പട്ടിണിയുടെയും കഷ്ടപ്പാടുകളുടെയും ഇടയില്‍നിന്ന് വളര്‍ന്നു വന്ന് സിനിമയിലും ജനങ്ങളുടെ മനസ്സിലും സ്വന്തമായ ഒരിടം ഉണ്ടാക്കിയെടുത്ത കലാകാരന്റെ ജീവിതമാണ് പറയാന്‍ ഉദ്ദേശിക്കുന്നത്. മണിയുടെ ജീവിതം ഒരു പോരാട്ടമായിരുന്നു. സിനിമയില്‍ അവന്റെ നിറം പലപ്പോഴും മാറ്റിനിര്‍ത്തപ്പെടാന്‍ കാരണമായിട്ടുണ്ട്. നമ്മള്‍ കറുപ്പിനെ കുറിച്ചും ദളിതരുടെ ജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കാറുണ്ട്. പക്ഷേ, കാര്യത്തോടടുക്കുമ്പോള്‍ അതൊന്നും അത്ര എളുപ്പമല്ല. ആ അനുഭവങ്ങള്‍ വളരെ കടുപ്പമാണ്. അത്തരം കാര്യങ്ങളൊക്കെയാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് -വിനയന്‍ വ്യക്തമാക്കി.
സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍, മുന്‍ മന്ത്രിമാരായ കാനം രാജേന്ദ്രന്‍. കെ.ഇ ഇസ്മയില്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, ജോസ് തോമസ്, ബൈജു കൊട്ടാരക്കര, അജ്മല്‍ ശ്രീകണ്ഠാപുരം തുടങ്ങി സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. സിനിമാ രംഗത്ത് വിനയനുണ്ടായിരുന്ന വിലക്ക് നീക്കാന്‍ സിനിമാ സംഘടനകള്‍ തയ്യാറായതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രമുഖ താരങ്ങള്‍ അണനിരക്കും. പുതുമുഖ നടനാണ് മണിയുടെ വേഷം അവതരിപ്പിക്കുന്നത്.

 

Latest News