- സി.ഒ.ടി. അസീസ്
ഏകദേശം മുപ്പത് കൊല്ലത്തിനപ്പുറം, ഗൾഫ് പണം കൊണ്ട് കേരളം ഇത്രയേറെ സമൃദ്ധമാവുന്നതിന് മുമ്പ്. രാവിലെ എട്ടിന് വടകരയിൽ നിന്ന് പുറപ്പെടുന്ന കോഴിക്കോട്-മംഗലാപുരം ലോക്കൽ ട്രെയിനിൽ മൊയ്തു എന്നു പേരായ സാധു മനുഷ്യൻ മാഹിയിലേക്ക് സ്ഥിരമായി യാത്ര ചെയ്യാറുണ്ടായിരുന്നു. ഏതാനും സഞ്ചികളുമായാണ് യാത്ര. തിരികെ വരുമ്പോൾ ഇതിലെല്ലാം മാഹിയിൽ നികുതിയുടെ ആനുകൂല്യം ലഭിക്കുന്ന നെയ്യ്, പഞ്ചസാര തുടങ്ങി പലചരക്ക് കടകൾക്ക് അത്യാവശ്യമുള്ള വസ്തുക്കളുണ്ടാവും. കേന്ദ്ര സർക്കാരിന്റെ ട്രെയിൻ സർവീസുകളെ അതിരറ്റ് വിശ്വസിക്കുന്ന മൊയ്തുവിന്റെ യാത്ര എന്നും തീവണ്ടിയിൽ. ഒരു ദിവസത്തെ അധ്വാനത്തിലൂടെ ഇയാൾക്ക് നിത്യേന മുന്നൂറ് രൂപ വരെ ലഭിക്കും. ഇക്കാലത്തെ മൂവായിരത്തിന്റെ മൂല്യമുണ്ടായിരുന്നു ആ തുകയ്ക്ക്. ആർക്കും നഷ്ടമില്ലാത്ത ഒരു ഏർപ്പാട്. മാഹിയിലെ പീടികക്കാരന് കച്ചവടം, റെയിൽവേയ്ക്ക് വരുമാനം, ഇയാളിൽ നിന്ന് വാങ്ങി കച്ചവടം ചെയ്യുന്ന വടകര മേഖലയിലെ വ്യാപാരിക്കും ലാഭം. ലഹരി തേടിയെത്തുന്നവരും പെട്രോൾ, ഡീസൽ ആവശ്യക്കാരും പിൽക്കാലത്ത് ഇതേ പാത സ്വീകരിച്ചു. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും മാർബിൾ വാങ്ങാനെത്തിയവരും മാഹി വിപണിയെ സജീവമാക്കി. പുതുശ്ശേരിയെന്ന് വിളിച്ചു തുടങ്ങിയ പോണ്ടിച്ചേരിയുടെ ഭാഗമായതിനാലാണ് മാഹിയ്ക്ക് ഈ സൗഭാഗ്യം സിദ്ധിച്ചത്.
തൃശൂരിൽ സമാപിച്ച ജനജാഗ്രതാ യാത്രയുടെ ടയർ പഞ്ചറായത് കൊടുവള്ളിയിൽ വെച്ച്. കാരാട്ട് ഫൈസൽ മിനി കൂപ്പർ കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ 10 ലക്ഷം നികുതി വെട്ടിച്ചുവെന്നാണ് ആരോപണം. സഖാവ് കാരാട്ടിന്റെ മിനി കൂപ്പർ രജിസ്ട്രേഷൻ സംബന്ധിച്ച് മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണമാണ് പോണ്ടിച്ചേരി വഴിയുള്ള നികുതി വെട്ടിപ്പിലെ ഉന്നതരുടെ പങ്ക് പുറത്തു കൊണ്ടുവന്നത്. ആദ്യ ദിവസം പിടികൂടിയത് തെന്നിന്ത്യൻ സിനിമാ താരം അമല പോളിനെ. വിവാഹ മോചിതയായി ഏകാകിയായി കഴിയുന്ന മഹിളയുടെ വിഷമമൊന്നും പരിഗണിക്കാതെയാണ് റിപ്പോർട്ടിംഗ്. തമിഴുനാട്ടിലേയും ആന്ധ്രാ പ്രദേശിലേയും കൃഷിക്കാർ കഷ്ടപ്പെട്ട് വിളയിക്കുന്ന പച്ചക്കറിയും അരിയും മുളകുമാണ് മലയാളികളുടെ ഭക്ഷണം. ഇതിനായി നമ്മൾ മുടക്കുന്നത് നിസ്സാര തുക. രണ്ട് സംസ്ഥാനങ്ങളിലേയും സിനിമാ ആസ്വാദകർ മലയാളി താരങ്ങൾ നടിച്ച പടം കാണുമ്പോൾ വൻ തുക തിരിച്ച് കേരളത്തിന് ലഭിക്കുന്നു. കോടി വരെ വരുമത്രെ പ്രതിഫലം. ഒരർഥത്തിൽ കേരള ഇക്കോണമിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നത് നമ്മുടെ തിരുവല്ല, തൃശൂർ, കൊച്ചി പ്രദേശങ്ങളിൽ നിന്നുള്ള മലയാളി നടിമാരാണ്. തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ നിറഞ്ഞ സദസ്സിൽ ഓടുന്ന ചിത്രങ്ങളിൽ അഭിനയിക്കുന്ന തിരക്കിനിടയിൽ വാഹനം രജിസ്റ്റർ ചെയ്തത് ആന്ധ്രയിലോ തമിഴുനാട്ടിലോ പുതുശ്ശേരിയിലോ എന്നൊക്കെ അന്വേഷിക്കാൻ ആർക്കാണ് നേരം? ഏതായാലും ആഡംബര കാർ വ്യാജ വിലാസത്തിൽ രജിസ്റ്റർ ചെയ്തെന്ന കേസിൽ തെന്നിന്ത്യൻ നടി അമലാ പോളിന് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരിക്കുകയാണ്. ചെന്നൈയിലെ കാർ ഡീലറിൽ നിന്നാണ് അമല പോൾ 1.12 കോടി വില വരുന്ന ബെൻസ് എസ് ക്ളാസ് കാർ വാങ്ങിയത്. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യണമെങ്കിൽ സ്ഥിരം താമസക്കാരായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. പോണ്ടിച്ചേരി സ്വദേശിയായ എൻജിനീയറിംഗ് വിദ്യാർഥിയുടെ പേരിൽ വ്യാജമായി കാർ രജിസ്റ്റർ ചെയ്തു. കാര്യങ്ങളന്വേഷിച്ച് ചാനൽ ലേഖകനെത്തിയപ്പോൾ വിദ്യാർഥിയുടെ അമ്മ ആശ്ചര്യപ്പെടുകയായിരുന്നു. കാർ കേരളത്തിൽ രജിസ്റ്റർ ചെയ്യണമെങ്കിൽ ഇരുപത് ലക്ഷം രൂപ റോഡ് ടാക്സ് ഇനത്തിൽ അടയ്ക്കണം. ഇതെല്ലാം കേട്ട് മാറിയിരിക്കുകയല്ല താരം ചെയ്തത്. തെന്നിന്ത്യൻ ഭാഷകളിലെ സിനിമകളിൽ അഭിനയിക്കാൻ വല്ലവരുടേയും അനുവാദം ചോദിക്കേണ്ടി വരുമോയെന്ന് അമല അന്വേഷിക്കുന്നുണ്ട്. ഇപ്പോൾ വള്ള ത്തിലുള്ള യാത്രയാണ് താൻ തെരഞ്ഞെടുക്കുന്നതെന്നും അതിനാൽ വിവാദങ്ങളൊന്നും ഉണ്ടാവില്ലല്ലോയെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
കുടയും പിടിച്ച് വളർത്തു നായയ്ക്കൊപ്പം വള്ളത്തിൽ പോകുന്ന ചിത്രവും പോസ്റ്റിനൊപ്പം പങ്ക് വെച്ചിട്ടുണ്ട്. അമലയ്ക്ക് കൂട്ടായി അതാ പുതിയ തലമുറയിലെ നായകനടനും. രണ്ടാമത്തെ ദിവസം ഫഹദ് ഫാസിലിന്റേതായിരുന്നു. പോണ്ടിച്ചേരിയിൽ കാർ രജിസ്റ്റർ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ വാർത്ത പുറത്തു വന്നതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിന് ഫഹദ് ഫാസിൽ മറുപടി നൽകി. വാഹനത്തിന്റെ രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റുമെന്ന് യുവനടൻ അറിയിച്ചു. ഫഹദ് 70 ലക്ഷം രൂപ വിലയുള്ള ബെൻസ് കാർ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തത് വഴി സർക്കാർ ഖജനാവിന് 14 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. മൂവരുടേയും കാര്യം സാരമില്ലെന്ന് വെക്കാം. പിള്ളാരല്ലേ. എന്നാൽ നടനും എം.പിയുമായ സുരേഷ് ഗോപി അങ്ങനെയല്ലല്ലോ. തിന്മകൾക്കെതിരെ പോരാടുന്ന ധീര യോദ്ധാവിന്റെ ഇമേജാണല്ലോ അദ്ദേഹത്തിന്. വിശേഷ സിദ്ധി തിരിച്ചറിഞ്ഞാണല്ലോ മോഡിജി അദ്ദേഹത്തെ എം.പിയായി നോമിനേറ്റ് ചെയ്തത്. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാർ പുതുച്ചേരിയിലാണ് രജിസ്റ്റർ ചെയ്തത്. ഇതിലൂടെ 17 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിന് നഷ്ടം. പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ വിലാസമാണ് രജിസ്ട്രേഷനായി നൽകിയിരിക്കുന്നത്. വ്യാജ വിലാസമാണ് താരം ഇതിനായി നൽകിയിരിക്കുന്നതെന്നും ആരോപണമുണ്ട്. സുരേഷ് ഗോപിയെ അറിയില്ലെന്ന് ഫ്ളാറ്റിലെ താമസക്കാർ ചാനലുകാരോട് പറഞ്ഞു.
*** *** ***
അഭിഭാഷകരിൽ ചിലർ എത്തിക്സ് മറന്നാണ് പ്രവർത്തിക്കുന്നതെന്നും ഇതേക്കുറിച്ച് അന്വേഷിച്ചാൽ ഒരു പരമ്പരയ്ക്ക് സ്കോപ്പുണ്ടെന്നും കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു വക്കീൽ കാൽ നൂറ്റാണ്ട് മുമ്പ് പറഞ്ഞിരുന്നു. കമ്മീഷനായി നിയോഗിക്കപ്പെടാൻ ന്യായാധിപന്മാരെ അവിഹിതമായി സ്വാധീനിക്കാൻ ശ്രമിക്കുന്ന യുവ അഭിഭാഷകർ മുതൽ വാഹന അപകട കേസുകളിൽ വക്കാലത്ത് ഫോറം പോലീസുകാരെ ഏൽപിച്ചവർ വരെയുണ്ടെന്ന് പല സംഘടനകളുടേയും തലപ്പത്തുള്ള സീനിയർ ലോയർ പറഞ്ഞപ്പോൾ വിശ്വസിക്കാതിരിക്കാനായില്ല. ജീർണത എവിടെ വരെ എത്തിനിൽക്കുന്നുവെന്നതിന് തെളിവായി ചാലക്കുടിയിൽ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട കേസിൽ അഡ്വ. സിപി ഉദയഭാനുവിന്റെ അറസ്റ്റ്.
മിനി സ്ക്രീനിലെ സായാഹ്ന ചർച്ചകളുടെ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. മകന്റെ കേസിൽ നീതി ലഭിക്കാൻ ഉദയഭാനു ഹാജരായാൽ മതിയെന്ന് കടത്തനാട്ടിൽ നിന്നുള്ള അമ്മ പറഞ്ഞതും മറക്കാറായിട്ടില്ല.
*** *** ***
മലയാളി ഐ.പി.എസ് ഓഫീസർ കൊച്ചി സ്വദേശി സഫീർ കരീമിനെയും ഭാര്യ ജോയ്സിയെയും ചെന്നൈയിൽ ഐ.എ.എസ് പരീക്ഷയിൽ കോപ്പിയടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കേഡറിൽ 2015 ബാച്ച് ഐപിഎസ് ട്രെയിനിയായി ജോലി ചെയ്യുന്നതിനിടെ സഫീർ ഐഎഎസ് പരീക്ഷ എഴുതുകയായിരുന്നു. അത്യാധുനിക സാങ്കേതിക സംവിധാനം ഉപയോഗിച്ചായിരുന്നു സഫീറിന്റെ കോപ്പിയടി. ഗൂഗിൾ െ്രെഡവ്, ബ്ലൂടൂത്ത്, മൈക്രോ ക്യാമറ എന്നിവ ഇതിനായി ഉപയോഗിച്ചു. ചെറിയ ക്യാമറ വഴി ചോദ്യങ്ങൾ പരീക്ഷാ ഹാളിന് പുറത്തുണ്ടായിരുന്ന ഭാര്യക്ക് കൈമാറുകയും ഭാര്യ ഫോൺ വഴി ഉത്തരങ്ങൾ സഫീറിന് നൽകുകയു മായിരുന്നു. ചെവിയിൽ ഘടിപ്പിച്ച ബ്ലൂടൂത്ത് വഴിയായിരുന്നു വിനിമയം. ഏതെങ്കിലും ഭാഗത്തെ ശബ്ദം വ്യക്തമാകാതെ വന്നാൽ പെൻസിൽ കൊണ്ട് എഴുതി അത് ഭാര്യയ്ക്ക് നൽകും. ആ ഭാഗം ഭാര്യ ഒരിക്കൽ കൂടി കേൾപ്പിക്കുകയും ചെയ്യും. ഇരുവരെയും കൂടാതെ ഐഎഎസ് കോച്ചിംഗ് സെന്ററിലെ പി രാംബാബുവും പിടിയിലായി. പൂമുഖ വാതിൽക്കൽ സ്നേഹം തുളുമ്പി നിൽക്കുന്ന പഴഞ്ചൻ ഭാര്യയെയൊക്കെ ആർക്ക് വേണം? ഇതായിരിക്കണം ഭാര്യ.
*** *** ***
മാതൃഭൂമി ന്യൂസിന്റെ ചോദ്യം ഉത്തരത്തിൽ അരുൺ ഷൂരിയായിരുന്നു അതിഥി. ഉണ്ണി ബാലകൃഷ്ണന്റെ നോൺ സ്റ്റോപ്പ് ചോദ്യങ്ങളില്ല. മിക്കപ്പോഴും ഒരു ശ്രോതാവായി ഇരിക്കുകയായിരുന്നു ആതിഥേയൻ. രാജസ്ഥാൻ പത്രിക എന്ന പ്രമുഖ ഹിന്ദി പത്രത്തെ ശ്വാസം മുട്ടിച്ചു കൊല്ലാൻ ശ്രമം നടന്നത് മുതൽ പല വിഷയങ്ങളും പരാമർശിച്ചു. എപ്പിസോഡുകളുടെ പൂർണ രൂപം അടുത്ത ദിവസങ്ങളിൽ പ്രിന്റിലുമുണ്ടായിരുന്നു. ഏതെങ്കിലും സെലിബ്രിറ്റിയെ കൊന്നില്ലെങ്കിൽ പിന്നെ എന്തോന്ന് സോഷ്യൽ മീഡിയ. കഴിഞ്ഞ വാരാന്ത്യത്തിൽ മലയാളത്തിന്റെ പ്രിയ ഗായിക എസ്.ജാനകിയ്ക്ക് ആദരാഞ്ജലിയർപ്പിച്ചും അവർ നിർവൃതിയടഞ്ഞു. താൻ പാട്ട് നിർത്തുകയാണെന്ന് കേരളത്തിന് വെളിയിലൊരു ചടങ്ങിൽ വെച്ച് ജാനകിയമ്മ പ്രഖ്യാപിച്ചതിനെയാണ് ദുരുപയോഗം ചെയ്തത്. അടുത്ത ദിവസം എസ്. ജാനകിയുടെ പാട്ടുകളുൾപ്പെടുത്തി ഏഷ്യാനെറ്റ് പ്രത്യേക പ്രോഗ്രാം ടെലികാസ്റ്റ് ചെയ്തു. കേന്ദ്രത്തിലായാലും സംസ്ഥാനത്തായാലും നേതാക്കൾക്കെല്ലാം ശോചനാലയം ഒരു വീക്നെസായിട്ടുണ്ട്. കേരളത്തിന്റെ പൊതുമാരമത്ത് മന്ത്രിയും കവിയുമായ ജി. സുധാകരൻ കഴിഞ്ഞ ദിവസം തലസ്ഥാന നഗരയിൽ ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തപ്പോൾ ആദ്യം ഓടിക്കയറി പരിശോധിച്ചത് ശൗചാലയത്തിലെ സൗകര്യങ്ങളാണ്. കൈരളി ടിവിയിലെ കോക്ക്ടെയിലിൽ ഇത് ഉൾപ്പെടുത്തിയിരുന്നു. ആഗ്രയിൽ സ്വിസ് ദമ്പതികൾക്ക് നേരെ അക്രമമുണ്ടായത് ടൂറിസത്തെ ബാധിക്കില്ലേയെന്ന് കേന്ദ്ര മന്ത്രി കണ്ണേട്ടനോട് പത്രക്കാരൻ. തൽക്ഷണം മറുപടിയുമുണ്ടായി. നിത്യേന വെടിവെപ്പ് നടക്കുന്ന അമേരിക്കയിലേക്ക് എന്താ ടൂറിസ്റ്റുകൾ പോകുന്നില്ലേ? അടിപൊളി.






