Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

1961   ഒരു പ്രണയ കഥ 

  •  അഹമ്മദ് അസദ് 

ഈ കഥകൾ വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ നിന്ന് ഉയരുന്ന വളരെ കൃത്യമായ ചില ചോദ്യങ്ങളുണ്ട്, എന്തിനാണ് പി.പി ഇസ്മയിൽ എഴുത്തു നിർത്തിയത്? പേരും പെരുമയും ഒന്നും വേണ്ടെന്ന് വെച്ച് മൗനത്തിലേക്ക്  അദ്ദേഹം വഴി മാറിയത് എന്തിനായിരുന്നു? ശേഖരിച്ച പുസ്തകങ്ങളത്രയും സംഭാവന ചെയ്ത് സ്വന്തം സ്ഥലം എഴുതിക്കൊടുത്ത് പി.എ. സെയ്തുമുഹമ്മദ് സ്മാരക ലൈബ്രറിക്ക് രൂപം കൊടുത്ത പി.പി ഇസ്മയിൽ എഴുത്ത് കൊണ്ടും ജീവിതം കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു. അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ മഹാപ്രതിഭ. 

എഴുത്തുകാരെ തലമുറകളുടെ ചതുരക്കള്ളികളിൽ വേർ തിരിച്ചു തുടങ്ങിയത് എഴുപതുകളുടെ പകുതിയോടെയാണ്. അഞ്ചാം തലമുറ കഥാകാരൻമാരുടെ വരവോടെ ഈ തലമുറ തിരിക്കൽ സാംസ്‌കാരിക ഭൂമികയിലെ പ്രധാന ചർച്ചയായി. ഈ ചർച്ചകൾ നടക്കുന്ന കാലത്ത് മലയാള സാഹിത്യത്തിലെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ ഹൃദയത്തോട് ചേർത്തു നിർത്തിയിരുന്ന പി.പി. ഇസ്മയിൽ എന്ന എഴുത്തുകാരൻ ഏതാണ്ട് എഴുത്ത് നിർത്തിയിരുന്നു. അൻപതുകളിൽ ശക്തമായി എഴുതിയിരുന്ന പി.പി ഇസ്മയിൽ എൻ.പി മുഹമ്മദിന്റെയും കെ.ടി.മുഹമ്മദിന്റെയും ചരിത്രകാരൻ പി.എ. സെയ്തുമുഹമ്മദിന്റെയും സമകാലികനായിരുന്നു. ഇപ്പോഴും അജ്ഞാതമായ കാരണത്താൽ അറുപതുകളുടെ അവസാനം എഴുത്തു നിർത്തിയ പി.പി ഇസ്മയിൽ സാഹിത്യ ഭൂമികയിൽ തന്റെ വിരലടയാളം ചാർത്തി  നിരീക്ഷകനും പുതിയ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന പ്രിയപ്പെട്ട ഇസ്മയിൽ മാഷുമായി മാറി. 2010 ൽ രോഗം തളത്തുന്നതുവരെ അദ്ദേഹം മലയാള സാഹിത്യത്തിന്റെ സ്പന്ദനങ്ങൾ വായനയിലൂടെ അനുഭവിച്ചിരുന്നു.  2011 ജനുവരി നാലിനായിരുന്നു മരണം. ദീർഘകാലം മതിലകം പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായിരുന്ന പി.പി ഇസ്മയിൽ കേരളം കണ്ട മികച്ച സഹകാരികളിൽ ഒരാളായിരുന്നു. 1980 ലാണ് അധ്യാപക ജോലിയിൽനിന്ന് വിരമിച്ചത്.  
മലയാള സാഹിത്യ ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട ഈ പ്രതിഭയെ അറിയാൻ സാഹിത്യ വിദ്യാർഥികൾക്ക് സമാഹാരങ്ങളൊന്നും ഇതുവരെ അവശേഷിച്ചിരുന്നില്ല. എഴുതിയ കഥകൾ, പകുതി എഴുതി വെച്ച നോവൽ തുടങ്ങി അദ്ദേഹത്തിന്റെ സൃഷ്ടികൾ കണ്ടെത്തുകയെന്ന പ്രയാസകരമായ ദൗത്യം കുറച്ചു രചനകൾ സമാഹരിച്ചു കൊണ്ട് സുനിൽ പി. മതിലകവും സുഹൃത്തുക്കളും നിർവഹിച്ചിരിക്കുന്നു. പി.പി. ഇസ്മയിൽ മാഷുടെ ആറു കഥകളുടെ ഒരു സമാഹാരമാണ് സുനിലിന്റെ പ്രിന്റ് ഹൗസ് പബഌക്കേഷൻസ് ഈ അടുത്ത കാലത്ത് പുറത്തിറക്കിയത്. 
പി.പി.ഇസ്മയിലിനെ ഹൃദയം കൊണ്ട് തൊട്ടറിഞ്ഞിട്ടുള്ള ഹംസ കാക്കശേരിയുടെ അവതാരിക. മതിലകത്തുകാർ മാത്രമല്ല, സാംസ്‌കാരിക കേരളം മൊത്തത്തിൽ നിയോഗങ്ങൾ നിർവഹിക്കാൻ കാലം പരുവപ്പെടുത്തിയെടുത്ത ഇവരോട് കടപ്പെട്ടിരിക്കുന്നു. പി.പി.ഇസ്മയിന്റെ മക്കളായ റസിയ, നജീബ്, നസീർ, സലീൽ എന്നിവരും ഭാര്യ ഐഷ ടീച്ചറും ഈ സംരംഭത്തിന് പരമാവധി സഹകരണം നൽകി. 
മലബാറിൽ നിന്ന് കെ.ടി യും എൻ.പി യും  നിലമ്പൂർ ആയിഷയെ പോലുള്ള പെൺ ശബ്ദങ്ങളും മുസ്‌ലിം സമുദായത്തിലെ കടുത്ത അനാചാരങ്ങൾക്കും പൗരോഹിത്യത്തിനും എതിരെ പട നയിച്ചപ്പോൾ മലബാറിന്റെ അന്നത്തെ തെക്കെ അതിർത്തിയായ കൊടുങ്ങല്ലൂരിനടുത്ത മതിലകത്തു നിന്ന് പി.പി. ഇസ്മയിൽ ഈ നീക്കത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നിരന്തരമായി എഴുതി. സമുദായത്തിലെ പ്രമാണിമാരും പുരോഹിതന്മാരും പി.പി. ഇസ്മയിലിനെതിരെ തിരിഞ്ഞു. എതിർപ്പുകളുണ്ടായി. സമുദായത്തെ ശുദ്ധീകരിച്ച് നേർവഴിക്ക് നടത്താനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 
എല്ലാ എതിർപ്പുകളെയും സധൈര്യം നേരിട്ട ഇസ്മയിൽ മാസ്റ്റർ തന്നിലെ ഇടതുപക്ഷ സഹയാത്രികനെയും ചേർത്തു പിടിച്ചു കൊണ്ട് അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചക്കു വേണ്ടിയും സജീവമായി രംഗത്തുണ്ടായിരുന്നു. അന്ന് മതിലകം പ്രഭാത് ആർട്‌സ് ക്ലബ്ബ് എന്ന സാംസ്‌കാരിക കൂട്ടായ്മ അവതരിപ്പിച്ച പി.പി.ഇസ്മയിലിന്റെ നാടകമായിരുന്നു ദുനിയാവിൽനിന്ന് ആഖിറത്തിലേക്ക്. ഏതാണ്ട് ഇതേ സമയത്താണ് കെ.ടി യുടെ ഇത് ഭൂമിയാണ് എന്ന നാടകവും പുറത്തു വരുന്നത്. 
പി.പി ഇസ്മയിലിന്റെ നാടകം തെക്കെ മലബാറിൽ കോളിളക്കം സൃഷ്ടിച്ചു. പ്രത്യേകിച്ച് തീരദേശ മേഖലകളിൽ. മജീദ് കാക്കശ്ശേരി, വി.എം.ഇസ്മയിൽ, വി.ടി. കുഞ്ഞപ്പൻ, ജോസഫ് മാസ്റ്റർ തുടങ്ങി മതിലകത്തെയും അന്നത്തെ തെക്കേ മലബാറിലെയും പ്രമുഖ സാംസ്‌കാരിക പ്രവർത്തകർ പി.പി ഇസ്മയിലിന്റെ എഴുത്തിനെയും ധീരതയെയും പിന്തുണച്ചവരായിരുന്നു. പി.ഭാസ്‌കരനെയും ശോഭനാ പരമേശ്വരൻനായരെയും പോലുള്ളവർ അടുത്ത സുഹൃത്തുക്കളായിരുന്നു. തൃശൂരിൽ പഠിച്ചിരുന്ന കാലത്തു തന്നെ വിപുലമായ സൗഹൃദം ഉണ്ടായിരുന്നു പി.പി ഇസ്മയിലിന്. ഒരു പക്ഷെ സാംസ്‌കാരിക കേന്ദ്രമായ തൃശൂരിലെ ജീവിതം പി.പി ഇസ്മയിലിന്റെ എഴുത്തിനെ പരുവപ്പെടുത്തിയ പ്രധാന ഘടകമായിരിക്കണം.  ഇക്കാലത്താണ് പി.ഭാസ്‌കരനും രാമുകര്യാട്ടും നീലക്കുയിൽ എന്ന സിനിമയെ കുറിച്ച് ആലോചിക്കുന്നത്. അതിന്റെ തുടക്കം ഇസ്മയിലിന്റെ മുറിയിൽ നിന്നായിരുന്നു. പി.എ സെയ്തുമുഹമ്മദ് ഉൾപ്പടെ നിരവധി പ്രമുഖർ സഹകരിച്ച ആ ആ വിഖ്യാത സിനിമയിലെ പല സംഭാഷണങ്ങളും എഴുതിയത് പി.പി. ഇസ്മയിൽ ആയിരുന്നെന്ന് പിൽക്കാലത്ത് ശോഭന പരമേശ്വരൻ നായർ സാക്ഷ്യപ്പെടുത്തിയതായി ഹംസ കാക്കശേരി പറയുമ്പോൾ കേരളത്തിന് അത് ഒരു പുതിയ അറിവാണ്. 
സമാഹാരത്തിലെ ലിസി എന്ന ആദ്യകഥ മുതൽ 1961 ൽ ചന്ദ്രിക ആഴ്ചപതിപ്പിൽ (1980 ൽ ചന്ദ്രിക പി.പി.ഇസ്മയിൽ എഴുതിയ കഥകളുടെ പുനഃപ്രകാശനം നടത്തിയിരുന്നു ) എഴുതിയ വിങ്ങി പൊട്ടുന്ന ഒരു ഹൃദയവും കൂടെ കുറെ കണ്ണുനീരും എന്ന കഥ വരെ മനോഹരമായ വായനാനുഭവമാണ് ഇന്നും വായനക്കാരന് സമ്മാനിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പ് പി.പി.ഇസ്മായിൽ നിലമ്പൂരിൽ ഏകാധ്യാപക വിദ്യാലയത്തിൽ അധ്യാപകനായിരുന്ന കാലത്ത് എഴുതിയ നീലകണ്ണുകൾ എന്ന കഥ തോട്ടം തൊഴിലാളികളുടെ കൂടി ജീവിതത്തിലേക്ക് തുറന്നു വെച്ച അനുഭവത്തിന്റെ ഒരു ഏടാണ്. കഥ അവസാനിക്കുമ്പോൾ നീലകണ്ണുകളുള്ള പെൺകുട്ടി വായനക്കാരന്റെ മനസിന്റെ ഭാഗമാകുന്ന രചനാ കൗശലം. ആധുനികതക്കും ഉത്തരാധുനികതക്കും മുമ്പാണ് ഈ കഥ അച്ചടിച്ചു വരുന്നത്. 
1961 ൽ എഴുതിയ  വിങ്ങിപ്പൊട്ടുന്ന ഒരു ഹൃദയവും കൂടെ കുറെ കണ്ണുനീരും മലയാളത്തിലെ എക്കാലത്തെയും മനോഹരമായ പ്രണയ കഥയാണ്. പി.പി.ഇസ്മയിലിന്റെ ഏതാണ്ട് എല്ലാ കഥകളിലും അന്തർലീനമായ പ്രണയവും മാനവികതയും ഈ കഥയിൽ അതിന്റെ എല്ലാ ഭാവുകത്വത്തോടെയും നിറഞ്ഞു നിൽക്കുന്നു. ഈ കഥയുടെ തുടക്കം ഇങ്ങനെയാണ്. 
ഇതളുകൾ വാടിയ ഒരു പനിനീർ പൂ മേശപ്പുറത്തു വെച്ച് കൊണ്ടവൾ പറഞ്ഞു.
ഇതാ വാടിക്കൊഴിഞ്ഞൊരു പൂവ് , വേണമെങ്കിൽ എടുക്കാം. 
പകരം ഒന്നും തരാനില്ലല്ലൊ
മറക്കാതിരുന്നാൽ മതി.
ഹൃദയം തുറന്നാണ് അവൾ അതു പറഞ്ഞതെന്ന് അയാൾക്ക് തോന്നി. ലീന, ലീല എന്ന് രണ്ട് യുവതികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന കഥാനായകന് നാട്ടിൽ കാത്തിരിക്കുന്ന കാമുകിയുണ്ട്. രാജലക്ഷ്മി. ലീനയും ലീലയും ഉള്ള നാട്ടിൽനിന്ന് സ്ഥലം മാറി പോകുന്ന അയാൾക്ക് കുറെ ദിവസങ്ങൾക്ക് ശേഷം രണ്ട് വിവരങ്ങൾ ലഭിക്കുന്നു. ഒന്ന് നർത്തകി കൂടിയായിരുന്ന ലീന ഭ്രാന്താശുപത്രിയിൽ. രണ്ട് സഹ പ്രവർത്തക കൂടിയായിരുന്ന ലീലയെ അവ്യക്തമായ കാരണങ്ങളാൽ സസ്‌പെന്റ് ചെയ്തു. അപ്പോൾ അയാളുടെ ഹൃദയം മന്ത്രിക്കുന്നത് ഇങ്ങനെ, ഇനി രാജലക്ഷ്മി ജീവിച്ചിരിക്കുന്നുണ്ടാകുമൊ ദൈവമേ...…  
അവിചാരിതവും ആകസ്മികവുമായ വഴിത്തിരിവുകൾ കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുന്ന ഈ കഥയുടെ പുതുമ പതിറ്റാണ്ടുകൾക്ക് ശേഷവും നഷ്ടപ്പെട്ടിട്ടില്ല. ഒരേ സമയം സാമൂഹ്യ പരിഷ്‌കർത്താവും നവോത്ഥാന പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന പി.പി.ഇസ്മയിൽ തന്റെ മനസ്സിൽ നിറഞ്ഞു  നിന്നത് ആർദ്രതയായിരുന്നെന്ന് കഥകളിലൂടെ തെളിയിക്കുന്നു. 
ഈ കഥകൾ വായിക്കുമ്പോൾ വായനക്കാരന്റെ മനസ്സിൽ നിന്ന് ഉയരുന്ന വളരെ കൃത്യമായ ചില ചോദ്യങ്ങളുണ്ട്, എന്തിനാണ് പി.പി ഇസ്മയിൽ എഴുത്തു നിർത്തിയത്? പേരും പെരുമയും ഒന്നും വേണ്ടെന്ന് വെച്ച് മൗനത്തിലേക്ക് അദ്ദേഹം വഴി മാറിയത് എന്തിനായിരുന്നു? ശേഖരിച്ച പുസ്തകങ്ങളത്രയും സംഭാവന ചെയ്ത് സ്വന്തം സ്ഥലം എഴുതിക്കൊടുത്ത് പി.എ. സെയ്തുമുഹമ്മദ് സ്മാരക ലൈബ്രറിക്ക് രൂപം കൊടുത്ത പി.പി ഇസ്മയിൽ എഴുത്ത് കൊണ്ടും ജീവിതം കൊണ്ടും മലയാളിയെ വിസ്മയിപ്പിച്ച പ്രതിഭയായിരുന്നു.

അധികമൊന്നും ചർച്ച ചെയ്യപ്പെടാതെ പോയ മഹാപ്രതിഭ. 

 

Latest News