വികാരങ്ങളുടെയും വിചാരങ്ങളുടേയുമെല്ലാം ശക്തമായ അടിയൊഴുക്കാണല്ലോ കവിത. പലപ്പോഴും അത് തന്നോട് തന്നെയുള്ള കലാപമാകാം . അതുകൊണ്ടായിരിക്കാം ആത്മഭാഷണമായും ആത്മവിലാപമായും ഉള്ളിലെരിയുന്ന പ്രതിഷേധങ്ങളുടെ, പ്രതികരണങ്ങളുടെ തീക്കനലുകൾ കവിതകളിൽ നിറക്കപ്പെടുന്നതും ഉത്തമ സൃഷ്ടികൾ പിറവി കൊള്ളുന്നതും. മൊയ്തീൻ അംഗടിമുഗറിന്റെ ‘ആത്മഹത്യ ചെയ്ത കർഷകന്റെ വീട്' എന്ന കവിതാസമാഹാരം ഇത്തരത്തിൽ ഭാവനയുടെ ചിറക് വിടർത്തി യാഥാർഥ്യങ്ങളുടെ നേരറിവിലേക്ക് വെളിച്ചം വീശിയാണ് കടന്നു പോകുന്നത് ''കവിത വന്ന വഴി'' എന്ന കവിതയിൽ കവി അടയാളപ്പെടുത്തുന്നത് നോക്കൂ..
'ഇപ്പോൾ
സ്മൃതികളുടെ
ആഗ്നേയശിലയിൽ തട്ടി
മുനയൊടിഞ്ഞ തൂലിക
നിലവിളിക്കുന്നു
വാക്കുകൾ വക്കുപൊട്ടി
കലഹിച്ചു മടങ്ങുന്നു''
വാക്കുകളുടെ അടങ്ങാത്ത കലാപം കവിയെ വിടാതെ പിന്തുടരുന്നതായി പലയിടത്തും കാണാം.
''ഉയിരിന്റെ സത്യങ്ങളെ ഉറഞ്ഞുപോയ വാക്കുകൾ കൊണ്ട് മൗനത്തിൽ ഒളിപ്പിച്ചിട്ടുള്ള കവിയായാണ് കവി സ്വയം അടയാളപ്പെടുത്തുന്നത്'' എന്ന് അവതാരികയിൽ മുരളി മംഗലത്ത് മാഷ് അടയാളപ്പെടുത്തുന്നത് ഓരോ കവിതകളിലൂടെയും യാത്ര ചെയ്യുമ്പോൾ നമുക്കും ഉറപ്പിച്ചു പറയാനാവും .
'ഉടലിനോടും ആത്മാവിനോടും
ഒരുപോലെ സംവദിക്കുന്ന എന്നെ
നിങ്ങൾ കവി എന്ന് വിളിക്കരുത്
ഒലിച്ചിറങ്ങിയ വഴിയിൽ
ഒച്ചയുണ്ടാക്കാൻ ശ്രമിച്ചു
കാവ്യാത്മകമായി
പരാജയപ്പെട്ടവനാണ് ഞാൻ’
എന്ന് കവി സ്വയം സമർപ്പണം നടത്തുന്നുവെങ്കിലും വരികളിക്കിടയിലൂടെ കടന്നുപോവുമ്പോൾ ആത്മാവും ഉടലും ചേർന്ന കവിതകളുടെ ആഴപ്പരപ്പിലൂടെ ദീർഘദൂരം യാത്ര ചെയ്ത കാവ്യസമ്പത്ത് വായനക്കാർക്കും കണ്ടെത്താവുന്നതാണ് .
ശീർഷക കവിത - സമകാലിക പ്രാധാന്യമുള്ളതാണ്. കർഷക മനസ്സിന്റെ ഉൾത്തുടിപ്പറിഞ്ഞ വരികൾ എവിടെയൊക്കെയോ നമ്മെ കൊളുത്തി വലിച്ചു കൊണ്ടു പോകുന്നു.
'ജപ്തിഭീഷണി ഭയന്ന്
ആത്മഹത്യ ചെയ്ത
കർഷകന്റെ വീട്
ഞാൻ വിലക്ക് വാങ്ങി
ലേലം പിടിക്കാൻ
മറ്റാരുമുണ്ടായിരുന്നില്ല’
'പ്ലസ് ടു വിദ്യാർത്ഥിയായ
മകളായിരിക്കാം
ഏഴായിരം രൂപയുടെ കടം
എഴുതിത്തള്ളിയ
വാർത്ത അച്ചടിച്ചവന്ന
പത്രക്കട്ടിംഗ്
ചുവരിൽ ഒട്ടിച്ചുവെച്ചത്’
എന്നുമെല്ലാം കവി വേദനയോടെ എഴുതിവെക്കുമ്പോൾ വരികളിക്കിടയിലെ ആത്മസംഘർഷങ്ങൾ ഓരോ വായനക്കാരനും അനുഭവിച്ചു കൊണ്ടേയിരിക്കുന്നു.
മാധ്യമങ്ങളുടെ അതിപ്രസരം മരണത്തിനു ശേഷവും ഒരു കുടുംബത്തെ എങ്ങനെ വേട്ടയാടുന്നു എന്ന യാഥാർഥ്യം
'പരേത വിചാരണ ചെയ്യപ്പെടുമ്പോൾ' എന്ന് കവിതയിൽ ശക്തമായി തന്നെ അടയാളപ്പെടുത്തുന്നു.
''അക്ഷരങ്ങൾക്കിടയിലെ
ആർദ്രമായ മൗനത്തിൽ നിന്നാണ്
മാധ്യമങ്ങൾ ഊഹങ്ങളുടെ
ദൃശ്യസംവിധാനത്തിലൂടെ
മരണത്തിന്റെ ക്ലൈമാക്സ്
തിരഞ്ഞത്”
കലുഷിതമായ കാലത്തിന്റെ അപചയങ്ങളെ തല കീഴായി നോക്കേണ്ടി വരുന്ന വവ്വാലുകൾ ഓരോ കാലത്തുമുള്ള മനുഷ്യരുടെ പ്രതീകങ്ങളാണ്.
''തലകീഴായി കിടന്ന്
തല തിരിഞ്ഞ ലോകത്തെ നേരെ വീക്ഷിച്ചതാണ്
ഞങ്ങളുടെ തെറ്റ്”
(വവ്വാലുകളുടെ ആത്മഗതം )
ലേബർ ക്യാംപുകളിലെ സന്ധ്യ' എന്ന കവിതയിൽ പ്രവാസികളുടെ ഉള്ളുലഞ്ഞ നൊമ്പരത്തിന്റെ നേർക്കാഴ്ചകളിൽ കണ്ണുടക്കുന്നു
'കൺപീലിയിൽ കുരുങ്ങിയ
നനവുകളെയും
കാഴ്ച കവർന്നെടുത്ത
കിനാക്കളെയും
ഈ മണൽക്കാട്ടിൽ
ഞാൻ അടക്കം ചെയ്യട്ടെ’
'ഒരു പ്രവാസിയുടെ അന്ത്യം' - എന്ന കവിതയിലും പ്രവാസത്തിന്റെ ഒറ്റപ്പെടലുകളെ നോവുണർത്തുന്ന വരികളിൽ അവതരിപ്പിക്കുന്നത് ഒരു പക്ഷേ അനുഭവങ്ങളുടെ വെളിച്ചത്തിലാവാം.
''ഉരുകിയൊലിക്കുന്ന
ഏത് വെട്ടത്തിലാണ്
പ്രവാസി എന്ന കവിതയെ നെയ്തെടുക്കാനാവുക'' ?
'ഉമ്മ' പകരം വെക്കാനില്ലാത്ത സ്നേഹം..നഷ്ടപ്പെടുമ്പോൾ മാത്രമാണ് ഓരോ നഷ്ടങ്ങളുടെയും ആഴം നാം തിരിച്ചറിയുന്നത്.
'ഉമ്മ അന്ത്യശ്വാസം വലിച്ച
അന്ന് രാത്രിയാണ്
ഉമ്മയോളം
ജീവിതം കണ്ട മൺകലം
അടുക്കളയിൽ
ആരവത്തോടെ വിങ്ങിപ്പൊട്ടിയത്’.
‘ഉമ്മ മരിച്ച രാത്രി' എന്ന കവിതയിലെ മുറിപ്പെടുത്തുന്ന വരികൾക്ക് ഉമ്മയോളം തന്നെ പ്രാധാന്യമുണ്ട്.
പ്രണയത്തിന്റെയും വിരഹത്തിന്റെയും മഴയും വേനലും കൊണ്ടു മിക്ക കവിതകളും കോർക്കപ്പെട്ടിരിക്കുന്നു. ആഹ്ലാദിപ്പിച്ചും വേദനിപ്പിച്ചും കടന്നു പോകുന്ന വരികൾ കവിതയിൽ പലയിടത്തും സുലഭമായി കണ്ടെത്താം..
'നീ വിട പറഞ്ഞുപോയ
രാവിന്റെ പ്രഭാതം തൊട്ടാണ്
ഞാൻ മൗനത്തെ പ്രണയിച്ചു
തുടങ്ങിയത്’
'അതിർത്തി ഭേദിച്ച്
മതിൽ കെട്ടുന്നതിന് മുമ്പ്
എനിക്കൊന്നു കൂടി
നിന്നെ ആലിംഗനം ചെയ്യണം’
'എന്റെ നിറമുള്ള
രാവുകളൊക്കെയും
നിന്റെ ദാനമാണ്’
വിഷയവൈവിധ്യം കൊണ്ടും ആഖ്യാനശൈലി കൊണ്ടും മികച്ച കവിതകൾ സമ്മാനിച്ച കവിക്ക് മലയാളസാഹിത്യത്തിൽ ശക്തമായ സാന്നിധ്യമാവാൻ കഴിയട്ടെയെന്നാശിക്കുക.
ആത്മഹത്യ ചെയ്ത കർഷകന്റെ
വീട് (കവിതാ സമാഹാരം)
മൊയ്തീൻ അംഗടിമുഗർ
ലിപി പബ്ലിക്കേഷൻ
വില: 130 രൂപ






