കഥ പോലെ ജീവിതം, കഥ പോലെ മരണം 

ഞങ്ങളുടെ അയൽവാസി കൂടിയായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബാണ് എന്നിലെ കഥാകാരനെ കണ്ടെത്തിയത്. എന്റെ വായനയുടെ പ്രചോദനം സ്‌നേഹനിധിയായ സി.എച്ചായിരുന്നു. വടക്കൻ പാട്ടുകളും കടത്തനാടൻ കഥകളും കണ്ണീർ ബാല്യത്തിന്റെ ദുരിതമകറ്റി. എഴുതണമെന്ന് നിർബന്ധിച്ചതും സി.എച്ചായിരുന്നു. 1952 ൽ ആദ്യ കഥ -കണ്ണുനീർ കലർന്ന പുഞ്ചിരി- ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ലോകം കീഴടക്കിയ സംതൃപ്തിയായിരുന്നു അപ്പോൾ. ആദരവുകളോടെ സി.എച്ച് എന്ന മഹാനായ മനുഷ്യസ്‌നേഹിയുടെ മുന്നിൽ നിന്നപ്പോൾ ആഹ്ലാദംകൊണ്ട് കഥാകാരൻ പൊട്ടിക്കരഞ്ഞു.

1995 - വിശുദ്ധ ഹജ് കർമം നിർവഹിക്കാനെത്തിയ യു.എ ഖാദറുമൊത്ത് ഞാനും സുഹൃത്ത് വി. ഖാലിദും ജിദ്ദ നഗരം ചുറ്റിയതിന്റെയും പുലരും വരെ കഥകൾ പങ്കിട്ടതിന്റെയും മധുരോദാരമായ ഓർമകളിലേക്ക് ഇതാ പൊടുന്നനവെ, വേദനയുടെ നനവ് പടരുന്നു. ഉൺമയുടെ കഥാസരിത് സാഗരം തീർത്ത അദ്ദേഹത്തിന്റെ ഉഛ്വാസങ്ങളേയും പിന്നാലെ പ്രാണനേയും അർബുദത്തിന്റെ ഞെണ്ടിൻകാലുകൾ വരിഞ്ഞു മുറുക്കി. കാലത്തെ അതിജീവിച്ച മഹാനായ ഒരെഴുത്തുകാരന്റെ പ്രാചീനവും അർവാചീനവുമായ ബിംബ കൽപനകളിലെ ഊർജ സ്രോതസ്സുകളത്രയും ഇനി, ചരിത്രം.

 
അതെ, കടത്തനാടൻ കഥകളുടെ രാജശിൽപി കണ്ണടച്ചു. തൃക്കോട്ടൂരിന്റെ കഥാകാരൻ മരണാനന്തര ബഹളങ്ങളേതുമില്ലാത്തൊരു കോവിഡ് കാലത്ത് കടന്നു പോയിരിക്കുന്നു - ഒന്നും പറയാതെ. 
നിതാന്ത സൗഹൃദത്തിന്റെ ചരടിൽ കോർത്തെടുത്ത ഒരു ബന്ധമായിരുന്നു, പലർക്കുമെന്ന പോലെ എനിക്കും ഖാദർക്കയും അദ്ദേഹത്തിന്റെ കുടുംബവുമായി ഉണ്ടായിരുന്നത്. കോഴിക്കോട് പാപ്പിയോൺ പ്രസിദ്ധീകരിച്ച 'ഒലീവ് മരങ്ങൾ ചോര പെയ്യുന്നു' എന്ന എന്റെ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്ത് പ്രസംഗിച്ചതും മധുരോദാരമായ ഓർമ. മിക്ക അവധിക്കാലങ്ങളിലും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എഴുതാൻ ഏറെ കഥകൾ ബാക്കിവെച്ചാണ് ഖാദർക്കയുടെ മടക്കയാത്ര.     
കിഴക്കൻ ബർമയിലെ ബുദ്ധ വിഹാരങ്ങളും പഗോഡകളും നിറഞ്ഞ ബില്ലീൻ ഗ്രാമം. അവിടെ ഐരാവതി നദിക്കരയിലെ മാമൈദി എന്ന ബർമക്കാരിയിൽ കൊയിലാണ്ടി ഉസ്സങ്ങാന്റകത്ത് മൊയ്തീൻകുട്ടി ഹാജിക്ക് പിറന്ന യു.എ. ഖാദർ. പ്രസവിച്ച് മൂന്നാം നാൾ മാമൈദി മരണപ്പെട്ടു. ഏഴു വയസ്സ് വരെ ബർമയിൽ കഴിഞ്ഞു. കണ്ണീരിന്റേയും കഷ്ടപ്പാടിന്റേയും കാലം. 


ജൻമത്താൽ മറുനാടനും കർമത്താൽ തനി നാടനുമായ ഇവന്റെ കുട്ടിക്കാല കുതൂഹലങ്ങൾക്കും കളിമ്പങ്ങൾക്കും കളിത്തൊട്ടിലൊരുക്കി കച്ചയണിയിച്ച് ചവുട്ടിച്ചുവടുറപ്പിച്ച് മെയ്ക്കരുത്തും മനക്കട്ടിയും സൃഷ്ടിച്ച് പോറ്റിപ്പരിപാലിച്ചത് പന്തലായിനി അംശം ദേശമെന്ന് യു.എ. ഖാദർ.
കോഴിക്കോട് പൊക്കുന്നിലെ 'അക്ഷരം' എന്ന സ്വന്തം വീടിന്റെ പൂമുഖത്തിരുന്ന് തൃക്കോട്ടൂർ പെരുമയിലൂടെ വടക്കൻ മലബാറിന്റെ മിത്തുകളെ പുനരാവിഷ്‌കരിച്ച ആ അനുഗൃഹീത കഥാകാരനോടൊപ്പം ചെലവിട്ട സായാഹ്നങ്ങൾ അവിസ്മരണീയം. എഴുത്തിൽ കരുത്തിന്റെ ശൈലി സ്വീകരിച്ച ഈ കഥാകാരന്റെ ജീവിതം തീക്ഷ്ണമായ അനുഭവങ്ങളുടെ അക്ഷയ ഖനിയാണ്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ബർമയിൽ നിന്ന് പലായനം ചെയ്ത ഇന്ത്യക്കാരുടെ കൂട്ടത്തിൽ മൊയ്തീൻകുട്ടി ഹാജിയുടെ വിരലിൽ തൂങ്ങി മകൻ ഖാദറുമുണ്ടായിരുന്നു. കൊയിലാണ്ടി സ്‌കൂളിൽ ചേർന്ന ബർമീസ് മുഖമുള്ള ഖാദർ തനി മലയാളിയായി വളർന്നു (ബർമക്കാരന്റെ മുഖം തനിക്ക് ഒറ്റപ്പെടലിന്റെ ദുഃഖമുണ്ടാക്കിയിരുന്നുവെങ്കിലും പലപ്പോഴും അനുഗ്രഹവുമായിരുന്നുവെന്ന് ഖാദർ).
കുട്ടിക്കാലത്തെക്കുറിച്ചോർക്കുമ്പോൾ ക്ലേശപൂർണമായ അനുഭവങ്ങൾ മാത്രമേ ഖാദറിന് അയവിറക്കാനുള്ളൂ. ബാപ്പയുടെ നാട്ടിലുള്ള ഭാര്യയിൽ നിന്നും കുട്ടികളിൽ നിന്നും തീർത്തും ഒറ്റപ്പെട്ട് തറവാടിന്റെ ചാവടിയിൽ അന്തിയുറങ്ങി കണ്ണീര് കുടിച്ച കാലം. വീട്ടിലും പുറത്തും പരിഹാസ ശരമേറ്റ് നടക്കേണ്ട ഗതികേട്. ഒരിറക്ക് ചായ പോലും ആവശ്യപ്പെട്ടാൽ കുടിക്കാൻ കിട്ടാത്ത കാലം. രാത്രിയുടെ നിശ്ശബ്ദത ഭേദിച്ച് അകലെയുള്ള അമ്പലത്തിൽ നിന്ന് മുഴങ്ങിയെത്തുന്ന ചെണ്ടയുടെ ശബ്ദം. ആ താളം മാത്രമായി ഖാദറിന്റെ സാന്ത്വനം. ക്ലേശപൂർണമായ ഒരു ബാല്യത്തിൽ നിന്ന് മിത്തോളജിയുടെ ആഴങ്ങളിലേക്കിറങ്ങി കഥയുടെ പവിഴങ്ങളുമായി പൊങ്ങി വന്ന ഒരു യു.എ. ഖാദർ. ആ പരിണാമമിങ്ങനെ:  
- ഞങ്ങളുടെ അയൽവാസി കൂടിയായിരുന്ന സി.എച്ച് മുഹമ്മദ്‌കോയ സാഹിബാണ് എന്നിലെ കഥാകാരനെ കണ്ടെത്തിയത്. എന്റെ വായനയുടെ പ്രചോദനം സ്നേഹനിധിയായ സി.എച്ചായിരുന്നു. വടക്കൻ പാട്ടുകളും കടത്തനാടൻ കഥകളും കണ്ണീർ ബാല്യത്തിന്റെ ദുരിതമകറ്റി. എഴുതണമെന്ന് നിർബന്ധിച്ചതും സി.എച്ചായിരുന്നു. 1952 ൽ ആദ്യ കഥ - കണ്ണുനീർ കലർന്ന പുഞ്ചിരി - ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. ലോകം കീഴടക്കിയ സംതൃപ്തിയായിരുന്നു അപ്പോൾ. ആദരവുകളോടെ സി.എച്ച് എന്ന മഹാനായ മനുഷ്യസ്നേഹിയുടെ മുന്നിൽ നിന്നപ്പോൾ ആഹ്ലാദം കൊണ്ട് കഥാകാരൻ പൊട്ടിക്കരഞ്ഞു.


തനിക്ക് താൻ പോന്നവനായെന്ന തിണ്ണബലം വന്നപ്പോൾ, താങ്ങും തടിയുമൊത്ത പെണ്ണിനെ വെക്കാനും വിളമ്പാനും കൂട്ടിണക്കാരിയാക്കിയിറക്കി, അന്തിത്തല ചായ്പ്പിന് കൂരയും ഒരുക്കൂട്ടി കുടിവാഴിച്ച്, നിലവിളക്കും നിലപാടു തറയുമൊരുക്കി, എങ്ങുനിന്നോ വന്നെത്തിയവനെ ഏറ്റെടുത്ത് ഇത്രടം വരെയെത്തിച്ച തൃക്കോട്ടൂരംശം പാലൂർ ദേശം. ആ കുറുമ്പ്രനാടൻ ഗ്രാമം ഖാദറിന് ജീവനാണ്. അത് ഇന്നലത്തെ പ്രഭാത ശോഭകളിലേക്ക് ചിന്തകളെ കുരുക്കിട്ടു കൊണ്ടുപോകുന്നു. ഹൈസ്‌കൂൾ മൈതാനത്ത് സ്വാതന്ത്ര്യ ദിനപ്പുലരിയിൽ മുഴങ്ങിയ ആചാര വെടി. സി.കെ. ഗോവിന്ദൻ നായരുടെ നീണ്ടു നെടുതായ ആകാരം. ബാഫഖി തങ്ങളുടെ നീളൻ കുപ്പായം. കേളപ്പജിയുടെ എഴുന്നു നിൽക്കുന്ന കുറ്റിത്തലമുടി... കൊയിലാണ്ടിയുടെ ഓർമകളെ സദസ്സുകളിൽ ആവിഷ്‌കരിക്കുമ്പോൾ തന്റെ നാവിന് നീളം നൂറു മുഴമെന്ന് കഥാകൃത്ത്.
കൊയിലാണ്ടിയിൽ നിന്ന് സ്‌കൂൾ പഠനശേഷം ചെന്നൈ കോളേജ് ഓഫ് ആർട്സിൽ ചിത്രകലാ പഠനത്തിന് പോയ യു.എ. ഖാദർ സാമ്പത്തിക ക്ലേശം കാരണം പഠനം മുഴുമിക്കാനാവാതെ തിരിച്ചുവന്നു. കഥയും വരയുമായി പിന്നെ ഹരങ്ങൾ. ചന്ദ്രികയിലെ കഥയ്ക്ക് ശേഷം തുടർച്ചയായി എഴുതി. 1955 ൽ നിലമ്പൂരിൽ കല്ലടി ഉണ്ണിക്കമ്മു സാഹിബിന്റെ മരക്കമ്പനിയിൽ ജോലി ലഭിച്ചു. കിഴക്കൻ ഏറനാടിന്റെ സാംസ്‌കാരിക ചലനങ്ങളുമായി ബന്ധപ്പെടാൻ അവസരം ലഭിച്ചത് ഇക്കാലത്താണ് ('പൂമരത്തളിരുകളിൽ' എന്ന പുസ്തകത്തിൽ ഖാദർ തന്റെ നിലമ്പൂർ ജീവിതത്തിന്റെ മധുരം പങ്കിടുന്നുണ്ട്).
ദേശാഭിമാനിയുടെ കീഴിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന പ്രപഞ്ചം വാരികയുടെ സഹപത്രാധിപരായും ഖാദർ ജോലി ചെയ്തു. 1960 ൽ കേരള ഹെൽത്ത് സർവീസിലും 1967 മുതൽ കോഴിക്കോട് ആകാശവാണിയിലും പ്രവർത്തിച്ചു. കോഴിക്കോട് ഗവൺമെന്റ് ജനറൽ ആശുപത്രി അഡ്മിനിസ്ട്രേഷനിൽ നിന്നു 1990 ൽ റിട്ടയർ ചെയ്തു. മംഗളം ദിനപത്രത്തിന്റെ കോഴിക്കോട് യൂനിറ്റിൽ റസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചു. നോവലുകൾ, കഥാ സമാഹാരങ്ങൾ, ലേഖനങ്ങൾ, യാത്രാവിവരണം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി എഴുപതോളം കൃതികൾ രചിച്ചിട്ടുള്ള ഈ എഴുത്തുകാരന് 1983 ൽ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു (തൃക്കോട്ടൂർ പെരുമ). 2009 ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. കഥ പോലെ ജീവിതം എന്ന യാത്രാനുഭവ കൃതിക്ക് എസ്.കെ. പൊറ്റെക്കാട് അവാർഡും ഒരു പിടി വറ്റ് എന്ന നോവലിന് അബുദാബി ശക്തി അവാർഡും ലഭിച്ചു. 1999 ലെ കുവൈത്ത് കെ.എം.സി.സിയുടെ സി.എച്ച് മുഹമ്മദ് കോയ അവാർഡ് അദ്ദേഹത്തിന്റെ കളിമുറ്റം എന്ന കൃതിക്കായിരുന്നു. മാതൃഭൂമി സാഹിത്യ പുരസ്‌കാരത്തിനും അർഹനായിട്ടുണ്ട്. തൃക്കോട്ടൂർ കഥകൾ, കൃഷ്ണമണിയിലെ തീനാളം, അഘോരശിവം, വായേ പാതാളം, കലശം, ഖുറൈശിക്കൂട്ടം, പൂമരത്തളിരുകൾ എന്നിവയാണ് പ്രധാന രചനകൾ. കാവും തെയ്യവും ഭൂതപ്പൊരുളുകളും ആചാരാനുഷ്ഠാനങ്ങളും നാടോടി വിജ്ഞാന വഴികളും മിത്തുകളായി യു.എ ഖാദറിന്റെ രചനകളിൽ നിറഞ്ഞുനിന്നു. ഏഴു പതിറ്റാണ്ട് മലയാളത്തിന്റെ സാംസ്‌കാരിക ഭൂമികയിൽ നിറഞ്ഞു നിന്ന പ്രതിഭയാണ് കാലത്തിന്റെ മറുതീരത്തേക്ക് യാത്രയായത്. ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തമിഴ് ഭാഷകളിലേക്ക് യു.എ ഖാദറിന്റെ കഥകൾ വിവർത്തനം ചെയ്തിട്ടുണ്ട്. ജന്മദേശമായ ബർമ കാണാൻ ആഗ്രഹമില്ലേയെന്ന് ഒരിക്കൽ ചോദിച്ചപ്പോൾ ഖാദർ ഒരു നിമിഷം മൗനിയായതോർക്കുന്നു. - ഒരു തവണ ശ്രമിച്ചതാണ്. ഐരാവതിയും തേക്കിൻ കാടുകളും പഗോഡകളും വ്യാളീരൂപങ്ങളുമൊക്കെ കാണാനാഗ്രഹമുണ്ട്. മുൻ രാഷ്ട്രപതിയുടെ പത്നി ബർമക്കാരിയായ ഉഷാ നാരായണൻ മുഖേനയും ശ്രമം നടത്തിയിരുന്നു. പക്ഷേ പോകാൻ കഴിഞ്ഞില്ല.

Latest News