റിയാദ് - അടുത്ത ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി ജനുവരി അഞ്ചിന് സൗദിയിൽ നടക്കുമെന്ന് റിപ്പോർട്ട്. മുൻ നിശ്ചയ പ്രകാരം അടുത്ത ഗൾഫ് ഉച്ചകോടി ഈ മാസാവസാനം ബഹ്‌റൈനിൽ നടക്കേണ്ടതായിരുന്നു. മൂന്നര വർഷം നീണ്ട ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഉച്ചകോടി ജി.സി.സി ആസ്ഥാനമന്ദിരത്തിന് ആതിഥ്യം വഹിക്കുന്ന സൗദിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. വീഡിയോ കോൺഫറൻസ് രീതിയിലാകില്ല ഉച്ചകോടി നടക്കുകയെന്നാണ് വിവരം. ഉച്ചകോടിയിൽ ഗൾഫ് നേതാക്കൾ നേരിട്ട് പങ്കെടുക്കുമെന്ന് കുവൈത്ത് നയതന്ത്ര വൃത്തങ്ങൾ പറഞ്ഞു.
ഗൾഫ് പ്രതിസന്ധിക്ക് അടുത്ത ഉച്ചകോടിയിൽ അന്ത്യമാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു. ഗൾഫ് പ്രതിസന്ധിക്ക് അന്ത്യമുണ്ടാക്കലാണ് ഉച്ചകോടിയിലെ ഏറ്റവും പ്രധാനപ്പെട്ട അജണ്ടയെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ കുവൈത്തും അമേരിക്കയും നടത്തുന്ന മധ്യസ്ഥശ്രമങ്ങളിൽ വലിയ പുരോഗതിയുണ്ട്. പ്രതിസന്ധിയുടെ തുടക്കം മുതൽ പ്രശ്‌നപരിഹാരത്തിന് കുവൈത്ത് മധ്യസ്ഥശ്രമങ്ങൾ നടത്തിവരികയാണ്.