മാനസിക നിലയും രക്തസമ്മർദവും 

കോവിഡും അനുബന്ധ ജീവിതസഹചര്യങ്ങളും കാരണം ആളുകളുടെ മാനസിക നിലയിൽ കാര്യമായ തകരാറ് വന്ന കാലമാണിത്. ജോലി നഷ്ടവും മറ്റും നിരവധി കാരണങ്ങൾ ആളുകളുടെ മനോനിലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഏത് സമയത്തും പൊട്ടിത്തെറിക്കാവുന്ന തരത്തിൽ നിരവധി പ്രശ്‌നങ്ങളിലൂടെയാണ് പലരും കടന്നുപോകുന്നത്. നേരത്തെ തന്നെ ഉണ്ടായിരുന്ന രക്ത സമർദം ഇന്ന് സർവസാധാരണമായ ഒരു ജീവിതശൈലി രോഗമായിമാറിയിട്ടുണ്ട്. മാറിയ ജീവിത സാഹചര്യങ്ങളും ജീവിത ശൈലിയും, അതോടൊപ്പം ജോലിയിലും ജീവിതത്തിലും നേരിടേണ്ടി വരുന്ന മാനസിക സംഘർഷങ്ങളുമൊക്കെയാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗൾഫ് നാടുകളിൽജീവിക്കുന്ന മലയാളികളിൽ 34 ശതമാനം പേർക്കും കേരളത്തിൽ
കഴിയുന്നവരിൽ 22 ശതമാനം പേർക്കും രക്താസമ്മർദം ഉണ്ടെന്നാണ്പഠനറിപ്പോർട്ട്. 80 നും 120 നും ഇടയിൽ രക്തസമ്മർദംനിലനിർത്തുന്നതാണ് അഭികാമ്യം. എങ്കിലും 90 മുതൽ 140 വരെയെത്തുന്നത് വലിയ പ്രശ്‌നമായി കാണേണ്ടതില്ല. എന്നാൽ ബി.പി 140 ന് മുകളിലേക്ക് കടക്കുന്നവർ കർശനമായ നടപടികൾ സ്വീകരിക്കുകയൊ ചികിത്സ തേടുകയോ വേണം. രക്തസമ്മർദം നിയന്ത്രണ വിധേയമാക്കിയിട്ടില്ലെങ്കിൽ വൃക്കരോഗങ്ങൾ,പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ സങ്കീർണ പ്രശ്‌നങ്ങൾക്ക് ഇടവരുത്തും. ജീവിതശൈലി രോഗങ്ങളിലേറ്റവും സങ്കീർണകാരിയായ രക്ത സമ്മർദം മരുന്നുപയോഗിച്ച് നിയന്ത്രണവിധേയമാക്കാമെങ്കിലും രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ മരുന്നിലൂടെ പൂർണമായും ഇല്ലാതാക്കാൻ സാധിച്ചെന്ന് വരില്ല. രക്തസമ്മർദത്തെ തടയാനുള്ള നല്ല മാർഗം രോഗം വരാതെ പ്രതിരോധിക്കുക എന്നുള്ളതാണ്. ബി.പി വന്നതിന് ശേഷം കാലങ്ങളോളം മരുന്ന് കഴിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുക എന്നത് തന്നെയാണ്.
ഇതിനുള്ള ഫലപ്രദമായ മാർഗം ആരോഗ്യകരമായ ജീവിത രീതിയും ആരോഗ്യകരമായ ഭക്ഷണരീതികളുമാണ്. ഭക്ഷണക്രമീകരണത്തിലൂടെ തന്നെ ഒരു പരിധിവരെ ഈ പ്രശ്‌നത്തെ നിയന്ത്രിച്ചു നിർത്താനാകും.
കറിയുപ്പിന്റെ ഉപയോഗം കുറക്കുക
മലയാളികളിൽ രക്തസമ്മർദം ഉണ്ടാവാൻ പ്രധാന കാരണം ഉയർന്നതോതിലുള്ള കറിയുപ്പിന്റെ ഉപയോഗമാണ്. ഒരാൾക്ക് ഒരു ദിവസം ഏകദേശം ആറു ഗ്രാമിൽ താഴെയേ ഉപ്പ് ആവശ്യമുള്ളൂ.
ഭക്ഷണ സാധനങ്ങളിൽ പ്രകൃത്യാ അടങ്ങിയിട്ടുള്ള ഉപ്പിൽ നിന്ന് തന്നെ ഇത് ലഭിക്കുന്നുണ്ട്. എന്നാൽ മലയാളികൾ ദിവസവും 10 മുതൽ 15 ഗ്രാം വരെ ഉപ്പ് അകത്താക്കുന്നുണ്ട്. 
കറിയുപ്പ് ഒരു ദിവസം ആറു ഗ്രാമിൽ കൂടുതൽ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. രക്തസമ്മർദം നിയന്ത്രിക്കുന്ന ഭക്ഷണ ക്രമീകരണങ്ങളിൽ പ്രധാനം കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്.
ഉയർന്ന ബി.പിയുള്ളവർ ഉപ്പ് കൂടുതലടങ്ങിയിട്ടുള്ള പപ്പടം,അച്ചാറുകൾ, ഉണക്കമീൻ തുടങ്ങിയവ ഒഴിവാക്കണം. കൂടാതെ ഭക്ഷണപദാർത്ഥങ്ങളിൽ ചേർക്കുന്ന ഉപ്പിന്റെ അളവ് കുറക്കുകയും വേണം. കറിയുപ്പിന് പകരം ഇന്തുപ്പ് പോലുള്ളവ ഉപയോഗിക്കാവുന്നതാണ്.

മത്സ്യം കറിവെച്ച് കഴിക്കുക
ഒമേഗ 3 കൊഴുപ്പ് അടങ്ങിയ മീനുകൾ കറിവെച്ച് കഴിക്കുന്നത്‌രക്താസമ്മർദം നിയന്ത്രിക്കാൻ നല്ലതാണ്. മത്തി, അയല, ചൂര, കോരതുടങ്ങിയ മീനുകൾ ഇക്കൂട്ടത്തിൽപ്പെടും. ബി.പി കുറക്കുന്നതിന് പുറമെ ഈ മീനുകൾ ഹൃദ്രോഗ സാധ്യത കുറക്കുകയും ചെയ്യുന്നവയാണ്. എണ്ണയിൽ വറുത്തതോ പൊരിച്ചതോ ആയ മത്സ്യങ്ങൾക്ക് ഈ ഗുണം ലഭിക്കണമെന്നില്ല.

കാപ്പിയിൽനിന്ന് ഗ്രീൻ ടീയിലേക്ക് മാറുക
അമിതമായി കാപ്പി കുടിക്കുന്നത് പ്രഷർ വർദ്ധിപ്പിക്കുമെന്നതിനാൽ ഹൃദ്രോഗവും, രക്തസമ്മർദവും ഉള്ളവർ കാപ്പി കുടി കുറയ്ക്കുന്നതാണ് നല്ലത്. ചായകുടി പ്രഷർ കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന ആന്റീ ഓക്‌സിഡന്റുകൾ ഹൃദ്രോഗസാധ്യത കുറയ്ക്കും. അതിനാൽ മിതമായി കടുപ്പം കുറഞ്ഞചായ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഗ്രീൻ ടീയാണ് രക്ത സമ്മർദമുള്ളവർക്ക് കൂടുതൽ നല്ലത്. ഗ്രീൻ ടീയിൽഅടങ്ങിയിട്ടുള്ള കാറ്റച്ചിൻ എന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിന് ഗുണം ചെയ്യും.

മദ്യം ഉപേക്ഷിക്കുക
അമിതമദ്യപാനം രക്തസമ്മർദം വർദ്ധിപ്പിക്കുമെന്ന് പഠനങ്ങളിൽതെളിഞ്ഞിട്ടുണ്ട്. രക്ത സമ്മർദമുള്ളവർ മദ്യപാനംനിർത്താത്തിടത്തോളം കാലം പ്രഷറിനുള്ള ചികിത്സ ഫലപ്രദമാവില്ല.

പുകവലിയും പുകയിലയും ഉപേക്ഷിക്കുക
പുകയിലയുടെ ഉപയോഗം പ്രഷർ കുതിച്ചു കയറാൻ കാരണമാകും. അതുകൊണ്ട് പുകവലിയും പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും രക്തസമ്മർദമുള്ളവർ ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. പാസീവ് സ്‌മോക്കിംഗും രക്തസമ്മർദം വർദ്ധിക്കാൻ കാരണമായിത്തീരുന്നുണ്ട്. പുകവലിക്കാർ സ്വന്തത്തിന് പുറമെ മറ്റുള്ളവർക്കും രക്തസമ്മർദം അസുഖമായി സമ്മാനിക്കാൻ സാധ്യതയുള്ളവരാണ്. പുകവലിക്കാരനായ ഒരാൾ വീട്ടിലുണ്ടെങ്കിൽ വീട്ടിലെപുകവലിക്കാത്ത അംഗങ്ങൾക്ക് രക്തസമ്മർദം ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.

ഡാഷ് ഡയറ്റ്
ബി.പി നിയന്ത്രിക്കുവാന് ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ്ഡയറ്റ് ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്, മത്സ്യം, പരിപ്പുകൾ എന്നിവയും ഉൾപ്പെടുന്നതാണ് ഡാഷ് ഡയറ്റ്.  ഈ വിഭവങ്ങളിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്‌നീഷ്യം, കാത്സ്യം എന്നിവ പ്രഷർ കുറയ്ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും രക്തസമ്മർദം കുറക്കാൻ നല്ലതാണ്.

ശരീരഭാരം കുറക്കുക
പൊണ്ണത്തടിയുള്ളവരിൽ രക്തസമ്മർദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശരീര ഭാര നിയന്ത്രണത്തിലൂടെ രക്തസമ്മർദം നിയന്ത്രിച്ച് നിർത്താൻ സാധിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
പത്ത് കിലോഗ്രാം തൂക്കം കുറയുമ്പോൾ 5 മുതൽ 20 പോയിന്റ് വരെ രക്തസമ്മർദം കുറയാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ നൽകുന്ന വിവരം. ഭക്ഷണ നിയന്ത്രണവും വ്യായാമവും ശീലമാക്കുന്നവർക്ക് ശരീര ഭാരം കുറയ്ക്കാൻ സാധിക്കും.

വ്യായാമം
ശരീര ഭാരം കുറക്കാനും പ്രഷർ കുറയ്ക്കാനും വ്യായാമം വളരെയധികം സഹായകരമാണ്. നീന്തൽ, നടത്തം, ജോഗിംഗ്, നൃത്തം, വിവിധ കളികൾ തുടങ്ങിയവ രക്തസമ്മർദം കുറക്കാൻ സഹായിക്കും. രാവിലെ ആഹാരത്തിന് മുമ്പായി അരമണിക്കൂർ വ്യായാമം ചെയ്യുന്നതാണ് കൂടുതൽ ഫലപ്രദം. ഹൃദ്രോഗം, കൊളസ്‌ട്രോൾ, പ്രമേഹം, പൊണ്ണത്തടി, മാനസീക സംഘർഷം തുടങ്ങിയ പ്രശ്‌നങ്ങളെ മറികടക്കാനും വ്യായാമം സഹായിക്കും. ഇതിന് പുറമെ ശരീരത്തിന് ഉന്മേഷം ലഭിക്കാനും നല്ല ഉറക്കം ലഭിക്കാനും വ്യായാമം ശീലമാക്കുന്നത് നല്ലതാണ്.

ധ്യാനവും പ്രാർഥനയും
വ്യായാമത്തെ പോലെ തന്നെ ജീവനകലകളും രക്തസമ്മർദം കുറക്കാൻ സഹായിക്കും. യോഗാസനമോ മനസ്സ് ശാന്തമാക്കിയുള്ള പ്രാർഥനകളോ ശീലമാക്കാവുന്നതാണ്. രക്തസമ്മർദം കുറയ്ക്കുന്നതോടൊപ്പം ഹൃദ്രോഗം, പ്രമേഹം, കൊളസ്‌ട്രോൾ പോലുള്ള അസുഖങ്ങളെ തടയാനും ഇത് സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, ധ്യാനം തുടങ്ങിയവ നിത്യ ജീവിതത്തിന് ഉന്മേഷവും പ്രസരിപ്പും നല്കുന്ന ഘടകങ്ങൾ കൂടിയാണ്. ആരോഗ്യകരമായ ജീവിതശൈലി ശീലമാക്കുന്നത് ജീവിതത്തിന് പുതിയ ഊർജം പകരും. അതോടൊപ്പം
ഹൃദ്രോഗം വൃക്കരോഗം പക്ഷാഘാതം തുടങ്ങിയ മാരകമായ രോഗങ്ങൾക്കെതിരെ അത് പ്രതിരോധം തീർക്കും.
 

Latest News