ജി 20 പ്രതിനിധികൾക്ക് മലയാളത്തിൽ സ്വാഗതമാശംസിക്കാൻ ഭാഗ്യം സിദ്ധിച്ച ഒരു ഇന്ത്യക്കാരൻ കൂടിയായി അരീക്കോട് കൊഴക്കോട്ടൂർ സ്വദേശി ഒറ്റകത്ത് ഹനീഫ.
2020 നവംബർ 21, 22 തിയതികളിലായി റിയാദ് ആതിഥേയത്വം വഹിച്ച 15-ാമത് ജി 20 ഉച്ചകോടി പ്രതിനിധികൾക്ക് മലയാളത്തിൽ സ്വാഗതം പറഞ്ഞ് ജനശ്രദ്ധയാകർഷിച്ച വ്യക്തിയെ കുറിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും അന്വേഷിച്ച നിരവധി പേർക്കുള്ള ഉത്തരം ഇതാണ്. അരീക്കോട് കൊഴക്കോട്ടൂർ സ്വദേശി ഹനീഫയാണ് ഈ പ്രതിഭാധനൻ.

അറബിക് കാലിഗ്രഫിയിലുള്ള അനുപമമായ സിദ്ധിയാണ് വിർച്വൽ രീതിയിൽ നടന്ന ജി 20 ഉച്ചകോടിയിലേക്ക് വിദേശ പ്രതിനിധികളെ സ്വാഗതം ചെയ്തുകൊണ്ട് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിയിൽ മുഖം കാണിക്കാൻ ഹനീഫയെ അധികൃതർ തെരഞ്ഞെടുത്തത്. 30 ലക്ഷത്തിൽപരം ഇന്ത്യക്കാരിൽ ഇദ്ദേഹത്തിന് മാത്രമാണ് ഈ അവസരം ലഭിച്ചുവെന്നത് സൗദിയിലെ മുഴുവൻ മലയാളികൾക്കും അഭിമാനമാനിക്കാൻ വക നൽകുന്നുണ്ട്. രാജ്യത്തെ വിദേശികൾ സൗദി അറേബ്യൻ സംസ്കാരത്തോടും കലകളോടും എത്രമാത്രം താദാത്മ്യപ്പെട്ടിരിക്കുന്നുവെന്ന് ലോകത്തിന് ബോധ്യപ്പെടുത്താനാണ് സൗദി ഭരണകൂടം ഈ ഡോക്യുമെന്ററി തയാറാക്കിയത്.
20.11.20 വെള്ളിയാഴ്ച ഉച്ചക്ക് ശേഷം രണ്ട് മണിക്ക് സൗദി എയർലൈൻസിനുവേണ്ടി പുറത്തിറങ്ങിയ ഡോക്യുമെന്ററിയുടെ നിർമാണച്ചുമതല അറോറ അഡ്വർട്ടൈസിംഗ് കമ്പനിക്കായിരുന്നു. സൗദിയിലെ ഇഖ്റഅ് ടി.വി ചാനൽ സ്റ്റുഡിയോയിലായിരുന്നു ചിത്രീകരണം. ബ്രസീൽ, തുർക്കി, അമേരിക്ക, സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ബ്രിട്ടൻ, ഫ്രൻസ്, ജർമനി, ചൈന, ജപ്പാൻ തുടങ്ങി 20 ഓളം രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ വേഷമണിഞ്ഞിരുന്നു.
അറബിക് കാലിഗ്രാഫി ചെയ്യുന്ന ഇന്ത്യക്കാരിൽ നിന്നാണ് ഹനീഫയെ തെരഞ്ഞെടുത്തത്. 20 വർഷമായി സൗദിയുടെ വടക്കൻ അതിർത്തി പ്രവിശ്യയിലെ നിംറയിൽ അറബിക് കാലിഗ്രഫി മേഖലയിൽ ജോലി ചെയ്തുവരികയാണ് ഇദ്ദേഹം. നവംബർ 20 മുതൽ സൗദി ടി.വിയിലും സൗദി വിമാനങ്ങളിലും സോഷ്യൽ മീഡിയകളിലും ഡോക്യുമെന്ററി സംപ്രേഷണം ചെയ്തിരുന്നു.

സൗദി അറേബ്യയിൽ എത്തുന്നതിനുമുമ്പ് ചെറിയ രൂപത്തിൽ ബാനറുകളും ബോർഡുകളും എഴുതാറുണ്ടായിരുന്നു എന്നതൊഴിച്ചാൽ പ്രൊഫഷനൽ ആയി കാലിഗ്രാഫി പഠിച്ചിട്ടില്ലെന്ന് ഹനീഫ പറയുന്നു. മഞ്ചേരി മേക്ക് ഗ്ലാസ് മാർട്ടിൽ വാഹനങ്ങൾക്കുള്ള സ്റ്റിക്കർ ഹാൻഡ് കട്ടിങ്ങും ഗ്ലാസ് ഡിസൈനറും ആയി ജോലി ചെയ്യുന്നതിനടയിലാണ് അൽബാഹയിലെ അൽഫറായിലെ ഒരു ബുക്ക്സ്റ്റാളിലേക്ക് വിസ ലഭിക്കുന്നത്. ബുക്ക്സ്റ്റാളിൽ മദ്രസയിലേക്ക് ആവശ്യമായ ചാർട്ടുകൾ എഴുതലായിരുന്നു ജോലി. 2000 മുതൽ 2015 വരെയുള്ള അൽബാഹയിലെ പ്രവാസത്തിലാണ് ഹനീഫ കാലിഗ്രഫി പരിശീലിച്ചത്. പിന്നീട് പ്രവാസം നിർത്തി നാട്ടിലെത്തിയ ഹനീഫ താൽക്കാലികമായി കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്നു. ബൈക്ക് അപകടത്തിൽപെട്ടു ജോലി നിർത്തി. വീണ്ടും അൽബാഹക്കടുത്ത നിംറയിലെത്തി പ്രവാസം തെരഞ്ഞെടുത്തു. ആദ്യം അഫാക്ക് അഡ്വർടൈസിംഗ് എന്ന സ്ഥാപനത്തിൽ ഫഌക്സ് പ്രിന്റിംഗ് ജോലി ചെയ്തു. ഇപ്പോൾ ആറു മാസമായി ഓർക്കിഡ് പ്രസന്റേഷൻ എന്ന സ്ഥാപനത്തിൽ അറബിക് എഴുത്തും വരയുമായി ജോലി ചെയ്യുകയാണ് ഹനീഫ. പരേതനായ ഒറ്റകത്ത് മൊയ്തീൻ കുട്ടിയുടെയും പൂവ്വഞ്ചേരി ഫാത്തിമയുടെയും മകനാണ്. ഭാര്യ: സാജിദ. മിദ്ലാജ്, ഹൈഫ, മിഖ്ദാദ് എന്നിവരാണ് മക്കൾ.






