ക്രിസ്മസ്, പുതുവത്സരം: കേരള സെക്ടറിലേക്ക് വിമാന നിരക്ക് കൂടി

അബുദാബി- ക്രിസ്മസും പുതുവര്‍ഷവുമായതോടെ കേരള-ഗള്‍ഫ് സെക്ടറില്‍ വിമാന ടിക്കറ്റ് നിരക്കില്‍ വര്‍ധന. വേണ്ടത്ര എയര്‍ സര്‍വീസുകളില്ലാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയാകും.
കഴിഞ്ഞ ആഴ്ച വരെ 500 ദിര്‍ഹത്തിന് വണ്‍വേ ടിക്കറ്റ് നിരക്ക് കിട്ടിയിരുന്നെങ്കില്‍ ഈ ആഴ്ച 200-400 ദിര്‍ഹം (4000-8000 രൂപ) വരെ വര്‍ധിച്ച് 700 മുതല്‍ 900 ദിര്‍ഹം വരെയായി. അടുത്ത ആഴ്ച ഇത് 400-800 ദിര്‍ഹം കൂടി വര്‍ധിക്കും.
വ്യത്യസ്ത ദിവസങ്ങളില്‍
ബുക്കിംഗിന്  ആനുപാതികമായി വിവിധ എയര്‍ലൈനുകളുടെ നിരക്കില്‍ വ്യത്യാസമുണ്ട്. എന്നാല്‍ യാത്രക്കാരില്ലാത്ത ചില ദിവസങ്ങളില്‍  അല്‍പം കുറയും. 24-–48 മണിക്കൂറിനകമാണ് യാത്ര തീരുമാനിക്കുന്നതെങ്കില്‍ ടിക്കറ്റിനു ഇരട്ടിയിലേറെ തുക നല്‍കേണ്ടി വരും.  അതുകൊണ്ടുതന്നെ പ്രവാസികള്‍ക്കു നാട്ടില്‍ ക്രിസ്മസ്, പുതുവര്‍ഷം ആഘോഷിക്കണമെങ്കില്‍ ചെലവേറും.  

വന്ദേഭാരത് വിമാന സര്‍വീസുകള്‍ മാര്‍ച്ച് വരെ നീട്ടിയതോടെ പുതുവര്‍ഷത്തില്‍ സാധാരണ വിമാന സര്‍വീസ് തുടങ്ങുമെന്ന പ്രതീക്ഷക്കു മങ്ങലേറ്റു.  കൂടാതെ മൂന്ന് ആഴ്ചത്തെ ശൈത്യകാല അവധിക്കായി യു.എ.ഇയില്‍ 10ന് സ്‌കൂളുകള്‍ അടയ്ക്കുന്നതും ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണമായി.

നേരത്തേ ദുബായില്‍നിന്നു കൊച്ചിയിലേക്കു മാത്രം എമിറേറ്റ്‌സ് എയര്‍ലൈന് ആഴ്ചയില്‍ ആഴ്ചയില്‍ 14 സര്‍വീസ് ഉണ്ടായിരുന്നിടത്ത് എയര്‍ ബബിള്‍ കരാര്‍ പ്രകാരം 5 വിമാനം മാത്രം.  മറ്റു എയര്‍ലൈനുകളുടെ സര്‍വീസും ആനുപാതികമായി കുറഞ്ഞു.  

നിലവില്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍, ഫ്‌ളൈ ദുബായ്, എയര്‍ അറേബ്യ, ഇത്തിഹാദ് എയര്‍വേയ്‌സ്  വിമാനങ്ങളാണ്  ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നത്.

 

Latest News