അബുദാബി- മനുഷ്യനിര്‍മിത തടാകത്തില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തിരികെ നീന്താന്‍ സഹായിച്ച അബുദാബി വന്യജീവി വകുപ്പ് മാതൃകയായി.
ആറ് മീറ്റര്‍ നീളമുള്ള തിമിംഗല സ്രാവിന് നീന്തുന്നതിനിടെ വഴി തെറ്റുകയായിരുന്നു. അല്‍ ബഹിയ പ്രദേശത്തെ തടാകത്തില്‍ കുടുങ്ങിയ തിമിംഗലം അവിടെക്കിടന്ന് കറങ്ങി, മടങ്ങാന്‍ കഴിഞ്ഞില്ല, ഭക്ഷണം കിട്ടാന്‍ പ്രയാസമുണ്ടാകുകയും ചെയ്തു.
അറേബ്യന്‍ ഗള്‍ഫിലേക്കുള്ള ഏക എക്‌സിറ്റ് 20 കിലോമീറ്റര്‍ അകലെയായിരുന്നു.
പരിസ്ഥിതി ഏജന്‍സി അബുദാബി, നാഷണല്‍ അക്വേറിയം എന്നിവയിലെ ഉദ്യോഗസ്ഥരടങ്ങിയ വന്യജീവി രക്ഷാ സംഘം ഗതാഗത ബാഗ് ഒരുക്കിയാണ് സ്രാവിനെ രക്ഷപ്പെടുത്തിയത്.
അബുദാബി ഗവണ്‍മെന്റ് മീഡിയ ഓഫീസ് പങ്കിട്ട വീഡിയോയില്‍, സ്രാവിനെ പിടിച്ച് ബാഗിലേക്ക് സുരക്ഷിതമായി നീക്കുന്ന ദൃശ്യങ്ങളുണ്ട്. സ്രാവിന് അപകടമൊന്നും പറ്റുന്നില്ലന്ന് ഉറപ്പുവരുത്തുന്നതിനായി മുങ്ങല്‍ വിദഗ്ധര്‍ നിരീക്ഷിച്ചു.
20 കിലോമീറ്റര്‍ അകലെയുള്ള അറേബ്യന്‍ ഗള്‍ഫിലേക്ക് സ്രാവിനെ എത്തിക്കാന്‍ അബുദാബി മറൈന്‍ ക്ലബ് സഹായിച്ചു. ഈ പ്രക്രിയക്ക് അഞ്ച് മണിക്കൂറെടുത്തു. അതിനുശേഷം തിമിംഗല സ്രാവിനെ സുരക്ഷിതമായി വിട്ടയച്ചു. ലോകത്താദ്യമാണ് ഇത്തരമൊരു രക്ഷാദൗത്യം.






