ആദിപുരുഷില്‍ അഭിനയിച്ചത്  സൈഫ് അലി ഖാന് പുലിവാലായി 

മുംബൈ-ആദിപുരുഷ് സിനിമയുമായി ബന്ധപ്പെട്ട് സൈഫ് അലി ഖാന്‍ വിവാദത്തില്‍. ഇതോടെ ഓം റാവത്തിന്റെ സംവിധാനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രമായ 'ആദിപുരുഷ്' വീണ്ടും ചര്‍ച്ചയാകുകയാണ്. രാമനും രാവണനും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ പ്രഭാസും സെയ്ഫ് അലി ഖാനുമാണ് ഈ കഥാപാത്രങ്ങളെ യഥാക്രമം അവതരിപ്പിക്കുന്നത്. താന്‍ അവതരിപ്പിക്കുന്ന 'രാവണനോ'ട് ചിത്രത്തിനുള്ള സമീപനം എത്തരത്തിലുള്ളതാണെന്ന് സെയ്ഫ് അലി ഖാന്‍ കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.സെയ്ഫിനെതിരെ ട്വിറ്ററില്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് അവര്‍. അസുര രാജാവായ രാവണനെ 'മാനുഷികമായ' കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നാണ് സെയ്ഫ് പറഞ്ഞത്. 'ഒരു അസുര രാജാവിനെ അവതരിപ്പിക്കുക ഏറെ കൗതുകമുണര്‍ത്തുന്ന ഒന്നാണ്. ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ ചിത്രം ന്യായീകരിക്കും. രാവണന്റെ സഹോദരിയായ ശൂര്‍പ്പണഖയുടെ മൂക്ക് രാമ സഹോദരനായ ലക്ഷ്മണന്‍ ഛേദിച്ചതല്ലേ', സെയ്ഫ് അഭിമുഖത്തില്‍ പറഞ്ഞു. സെയ്ഫ് ഖേദം പ്രകടിപ്പിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ അത്ര സേഫാകില്ലെന്നാണ് എതിരാളികള്‍ പറയുന്നത്. 
 

Latest News