ഖത്തർ പ്രവാസിയായ മുഹമ്മദ് ഹസ്ബുല്ല കൊല്ലം, രചനയും ഈണവും നൽകി മഫാസ് മീഡിയയുടെ ബാനറിൽ സിയാദ് പെരിയത്തിൽ നിർമിച്ച അഹദിലേക്ക് ഇഷ്കിലേക്ക് എന്ന ആൽബം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമാവുകയാണ്. യു ട്യൂബിൽ റിലീസ് ചെയ്ത ആൽബം കുറഞ്ഞ ദിവസങ്ങൾകൊണ്ട് തന്നെ അരലക്ഷത്തിലേറെ പേർ കാണുകയും ആയിരത്തിലേറെ പേർ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തതോടെ ആസ്വാദക ലോകത്ത് ഏറെ ചർച്ചയാവുകയാണ്.
സൂഫിസവും ഭക്തിയും നിറഞ്ഞുനിൽക്കുന്ന മനോഹരമായ പശ്ചാത്തലത്തിൽ മികച്ച വരികളും അനുയോജ്യമായ ആലാപനവും തന്നെയാണ് ഹസ്ബുല്ലയുടെ പ്രഥമ സംരംഭമായ ഈ ആൽബത്തെ ഇത്രയും ജനകീയമാക്കിയത്. ലുഖ്മാനുൽ ഹകീം, ഹബീബ് റഹ് മാൻ, അശ്കർ ചോല, മുഹമ്മദ് ഇർഷാദ് എന്നിവർ വരികളുടെ ആന്തരികാർഥങ്ങൾഉൾകൊണ്ട് ആലപിച്ചതാണ് ആൽബത്തെ കൂടുതൽ ആകർഷകമാക്കുന്നത്.

ഖത്തറിലെ വകറയിലെ പോപ്പി ട്രേഡിംഗ് എന്ന മൊബൈൽ ഷോപ്പ് ജീവനക്കാരനാണ് ഹസ്ബുല്ല. റൂമിൽ നിന്നും ഷോപ്പിലേക്ക് നിത്യവും നടന്നാണ് പോകാറുള്ളത്. ആ സമയത്താണ് ഭക്തിയും ദിവ്യാനുരാഗവും കോർത്തിണക്കുന്ന ഈ ഗാനത്തിന്റെ ആശയമുദിക്കുന്നത്. റൂമിലെയും കമ്പനിയിലേയും കൂട്ടുകാരോടൊപ്പം നാട്ടിലെ സുഹൃത്തുക്കളും പ്രോൽസാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്തപ്പോഴാണ് കാലങ്ങളായി മനസിൽ താലോലിച്ച സ്വപ്നം സാക്ഷാൽക്കരിക്കാനായത്. നേരത്തെ ജോലി ചെയ്ത വകറ സ്വീറ്റ്സിലെ സുഹൃത്തുക്കളുടെ സ്നേഹോഷ്മളമായ പിന്തുണയും ഖത്തറിലേക്ക് വരുവാൻ വിസ തരപ്പെടുത്തി തന്ന എലൈറ്റ് ലോജിസ്റ്റിക്സ് റിയാസ്ക്ക ദുബായിയിൽ നിന്ന് വിളിച്ച് അഭിനന്ദനമറിയിച്ചതും ഏറെ ആവേശത്തോടെയാണ് ഹസ്ബുല്ല ഓർക്കുന്നത്.
പലപ്പോഴും ഉറക്കമില്ലാത്ത രാത്രികളും ചിന്തയുമൊക്കെയായി സംഗീതത്തിന്റെ ചേതോഹരമായ മുഹൂർത്തങ്ങൾ അനുഭവിച്ചാണ് ഈ രചന പൂർത്തിയാക്കിയത്. ആശയവും ആവിഷ്കാരവും സമന്വയിപ്പിക്കുന്ന ഈണവും ഹസ്ബുല്ല തന്നെ നൽകിയതോടെ ആൽബം കൂടുതൽ ഹൃദ്യമാവുകയായിരുന്നു.
സ്വന്തത്തെ അറിയാനും സ്രഷ്ടാവിനെ അറിയാനുമുള്ള അദമ്യമായ ആഗ്രഹമാണ് ജീവിതത്തെ മനോഹരമാക്കുന്നത്. ആ അന്വേഷണത്തിന്റെ സൗന്ദര്യവും സൗരഭ്യവും ഒപ്പിയെടുക്കുന്നിടത്താണ് അഹദിലേക്ക് ഇഷ്കിലേക്ക് ശ്രദ്ധേയമാകുന്നത്.

ദിവ്യാനുരാഗ ലഹരി തീർക്കുന്ന സൂഫിസത്തോടുള്ള അഭിനിവേശമാണ് ഈ രചനയുടെ പ്രേരകമെന്ന് ഹസ്ബുല്ല പറയുമ്പോൾ സൂഫിസത്തിന്റെ വിശാലമായ തലങ്ങളറിയാനും അനുഭവിക്കുവാനുമുള്ള ഒരു ചെറുപ്പക്കാരന്റെ വെമ്പൽ നമുക്ക് വായിച്ചെടുക്കാം. ഞാൻ സൂഫിസത്തെക്കുറിച്ച് ആധികാരികമായി പറയാൻ ആളല്ല. മനസിലാക്കാൻ ശ്രമിക്കുന്ന ഒരു വിദ്യാർഥി മാത്രമാണ് എന്നാണ് ഹസ്ബുല്ല പറയുന്നത്.
സ്വന്തത്തെ മുന്നിൽ പ്രതിഷ്ഠിച്ചു കൊണ്ട് അതിന്റെ പ്രതിബിംബത്തിൽ തന്നെത്തന്നെ തിരയുന്ന അനുഭവമാണ് സൂഫി ജീവിതം. ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമപ്പുറം ദൈവസ്നേഹത്തിലും അവനോടുള്ള ഇഷ്ടത്തിലും അനുരക്തരായി കഴിയുന്ന സൂഫി ചിന്തയും കാഴ്ചപ്പാടുകളും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മാസ്മര ശക്തിയുള്ള സൂഫി സംഗീതം ഭക്തിയുടേയും അനുരാഗത്തിന്റേയും വിസ്മയ ലോകത്തേക്കാണ് നമ്മെ കൊണ്ടെത്തിക്കുക. സൂഫി ചിന്തയെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ കൂടുതൽ മനസ്സിലാക്കുവാൻ ശ്രമിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
സമീർ ബിൻസി, ഷഹ് ബാസ് അമൻ, കൊല്ലം ഷാഫി, സിയാഉൽ ഹഖ്, റസ ബീഗം എന്നിവരുടെയൊക്കെ പാട്ടുകളാണ് ഏറെ പ്രിയം. അവരെയൊക്കെ സ്നേഹബഹുമാനങ്ങളോടെ ഗുരുതുല്യരായാണ് ഹസ്ബുല്ല കാണുന്നത്. എഴുത്ത്, ചിത്രരചന, അഭിനയം, പാട്ട് തുടങ്ങിയ മേഖലകളിലൊക്കെ കഴിവ് തെളിയിച്ച സ്വന്തം സഹോദരൻ അഡ്വ. മുഹമ്മദ് റാജിഫ് ആണ് ഹസ്ബുല്ലയുടെ റോൾ മോഡൽ.
ഒരു സിനിമാ സംവിധായകനാവുകയെന്നതാണ് തന്റെ സ്വപ്നമെന്നും ഒരു നാൾ അതും സാധിച്ചെടുക്കുമെന്നും ഹസ്ബുല്ല പറയുമ്പോൾ ഈ ചെറുപ്പക്കാരന്റെ ആത്മവിശ്വാസം നമ്മിൽ കൗതുകമുണർത്തും.

കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടിക്കടുത്ത് കൊല്ലം സ്വദേശിയായ ടി.കെ. ഹംസയുടേയും ഖദീജയുടേയും മൂന്ന് മക്കളിൽ ഇളയവനായ ഹസ്ബുല്ല ഖത്തറിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനാണ്. സ്കൂൾ കാലഘട്ടത്തിൽ പാട്ടുകൾ പാടാനും മോണോ ആക്ടിലുമൊക്കെ തൽപരനായിരുന്ന ഹസ്ബുല്ലയുടെ ഉള്ളിൽ സംഗീതമുണ്ടായിരുന്നു. ഭാവിയിൽ എന്താകണമെന്ന് പൂർവവിദ്യാർഥി കൂട്ടായ്മയുടെ യോഗത്തിൽ അധ്യാപകൻ അന്വേഷിച്ചപ്പോൾ സംഗീതജ്ഞനാവണമെന്നാണ് ആഗ്രഹമെന്ന് പറഞ്ഞിരുന്നതായി ആൽബം ഹിറ്റായപ്പോൾ ചില കൂട്ടുകാർ അനുസ്മരിച്ചതായി ഹസ്ബുല്ല പറഞ്ഞു.

പ്രവാസത്തിന്റെ വരണ്ട വാരാന്ത്യങ്ങൾക്ക് നിറം പകരാനായി റൂമിൽ ഒത്തുകൂടി പാട്ടുകൾ പാടാറുണ്ട്. കൂടാതെ കല്യാണപാട്ട്, പിറന്നാൾ പാട്ട്, ആശംസ പാട്ട് എന്നിവയിലൊക്കെ സജീവമായ ഹസ്ബുല്ലയുടെ ആദ്യ സൂഫി ഗാനമെന്നതും ഈ ആൽബത്തിന്റെ പ്രത്യേകതയാണ്.
നാട്ടിലെ കെ. ജെ. എം. കൾചറൽ ബ്രിഡ്ജ് എന്ന കഌബ്ബും ബി. എഫ്. സി. ആർ എന്ന ഫുട്ബോൾ ടീമുമൊക്കെ ഹസ്ബുല്ലയുടെ കലാകാരനെ വളർത്തുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ചിട്ടുണ്ട്.
റാഷിദ് കോഴിക്കോടാണ് ആൽബത്തിന്റെ സംവിധാനം. യാസർ പ്രൊഡക്ഷൻ കൺട്രോളറും ഷാജഹാൻ, അർഷാദ് എന്നിവർ കോർഡിനേറ്റർമാരായും പ്രവർത്തിച്ചു. സ്റ്റുഡിയോ- സഹറാൻ കിഴിശ്ശേരി, കാമറ- ആശിഫ് അമറിയിൽ, തശ്രീഫ് എടപ്പാൾ, എഡിറ്റിംഗ്- മുഫസ്സിൽ പാണക്കാട്, ഓഡിയോ മിക്സിംഗ്- അമീൻ ചീക്കോട്, ആശയം- തമീമുൽ അൻസാരി, റഹീം, സഹായം- സയ്യിദ് അൽതാഫ്, അൻസാർ കൊയിലാണ്ടി എന്നിവരും ആൽബത്തിന്റെ ഭാഗമാണ്.
https://youtu.be/GkVmIedJlP8






