വൈകല്യം മറന്ന്  കലയെ കൂട്ടുനടത്തി

ചരിക്കാൻ ചിരിക്കരുത്ത്: അറ്റുപോയ വലതുകാലിൽ കൃത്രിമ ഉപകരണം ( ഓട്ടോ ബോക്ക്) ഘടിപ്പിച്ച് അജയ് യാത്രക്കൊരുങ്ങുന്നു.
ഒരേസമയം പന്ത്രണ്ടു താരങ്ങളുടെ ചിത്രങ്ങൾ  രണ്ടു കൈകളും ഉപയോഗിച്ച്  തലകീഴായി വരയ്ക്കുന്ന അജയ്.
പ്രകൃതിക്ക് പിറകേ നടന്നു അജയ് പകർത്തിയ ചിത്രങ്ങൾ
ക്യാമറക്കണ്ണിൽ പതിഞ്ഞ തെയ്യക്കോലം.
പ്രകൃതിക്ക് പിറകേ നടന്നു അജയ് പകർത്തിയ ചിത്രങ്ങൾ
കർണാടകയിലെ ഭാദ്ര വന്യ ജീവി സംരക്ഷണ കേന്ദ്രത്തിൽ നിന്നു പകർത്തിയ ചിത്രങ്ങൾ.
കടും ചായത്തിൽ ചാലിച്ചെടുത്ത കോലം.

ജീവിതപാതയിൽ മുടന്താനിടയാക്കിയ ദുരന്തം നൽകിയ വേദനകളോട് സുല്ലുപറഞ്ഞ അജയ്പ്രകാശ് കയറിച്ചെന്നത് വർണ്ണങ്ങളുടെ ആകാശവിശാലതയിലേയ്ക്ക്. ചിത്രരചനയിലെ നവസങ്കേതങ്ങളേയും, ഛായാഗ്രാഹണകലയുടെ അപാരസാധ്യതകളേയും ഇടംവലം ചേർത്തുനിർത്തി ഈ ഇരുപത്തഞ്ചുകാരൻ, കൈവിട്ടുപോയ സ്വപ്നങ്ങൾക്ക് വീണ്ടും നിറക്കൂട്ടൊരുക്കുന്നു. 
ബാല്യകൗമാരങ്ങളുടെ കുസൃതിയും കുതൂഹലതകളും വെടിഞ്ഞ് ഭാവിയുടെ സ്വപ്നച്ചുമടുമായി യൗവ്വന യാഥാർത്ഥ്യങ്ങളിലേയ്ക്ക് പദമൂന്നി നിൽക്കെയായിരുന്നു വലതുകാലിന്റെ പാദം തകർത്ത ദുരന്തം. ആ ദുരിതത്തടവറയിൽ അധികകാലം വിതുമ്പിനിൽക്കാൻ അജയ്പ്രകാശിന് മനസ്സുവന്നില്ല. ഇച്ഛാശക്തിയിൽ ഉയിരെടുത്ത കരുത്തുമായി അജയ് പോരടിച്ചുകൊണ്ടേയിരിക്കുന്നു, വിധിയുടെ ക്രൂരതയോട്....


കോവിഡ് രോഗപ്രതിരോധ നടപടികൾക്കൊപ്പം പിറന്ന ലോക്ഡൗൺ, കലാസപര്യയ്ക്ക് മികവേറ്റാൻ ഈ ചെറുപ്പക്കാരനു മുന്നിൽ പുതിയൊരു കാലം തുറന്നുവെച്ചു. സിനിമാസീരിയൽ രംഗങ്ങളിലെ ഇഷ്ടതാരങ്ങളുടെ മുഖങ്ങൾ തലകീഴായി വരച്ചുതീർത്താണ് അജയ് ആസ്വാദകമനസ്സുകളിൽ ഇടം നേടിയത്. ഒരാളുടെ തന്നെ ഇത്തരം വേറിട്ട മുഖങ്ങൾ ഒരേ സമയം പിറക്കുന്ന ഇരുകൈ വിരലുകളിൽ പലമുഖങ്ങൾ അതിവേഗം വിരിയുന്നു. തലകീഴായിത്തന്നെ ഇതിനകം പന്ത്രണ്ടുപേരെ വരെ ഒറ്റ നിൽപ്പിൽ ഇതേ രീതിയിൽ ഒരുമിച്ചു വരച്ചു പൂർത്തിയാക്കാൻ കഴിഞ്ഞു. കഥകളിയും, ഗ്രാമീണതയുടെ വേരിറക്കമുള്ള വടക്കൻപെരുമയായ തെയ്യംതിറകളും, അവയുടെ അലങ്കാരമായ മുഖമെഴുത്തും, കിരീടവും, മുടിയും, ആടയാഭരണങ്ങളും അജയ് തന്റെ കാൻവാസിൽ കടുംനിറങ്ങളിൽ ചാലിച്ചുചേർത്തു. എന്നും തോളിൽ തൂങ്ങിയാടുന്ന ക്യാമറയിൽ പതിയുന്നത് ഏറേയും ഇത്തരം രൂപങ്ങളും പ്രകൃതിയുടെ ദൃശ്യചാരുതയും. തന്റെ രചനയ്ക്ക് വിധേയരായ മമ്മുട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ആസിഫലി, ജയസൂര്യ, ഉണ്ണിമുകുന്ദൻ, ടൊവിനോ തോമസ് തുടങ്ങിയവർക്കും. മറ്റു രംഗങ്ങളിൽ അറിയപ്പെടുന്ന രാജ്കലേഷ്, ശരത് അപ്പാനി, വിൻസെന്റ് പെരേപ്പ തുടങ്ങിയവർക്കും അവരുടെ ചിത്രങ്ങൾ വരച്ച് അയച്ചു കൊടുത്തപ്പോൾ, അവയുടെ രചനാ രീതിയും പൂർണ്ണതയും ആസ്വദിച്ച മിക്കവരും സമൂഹമാധ്യമങ്ങളിൽ അവ പങ്കുവെച്ച ശേഷം അജയിന് സ്‌നേഹാഭിനന്ദനങ്ങൾ പകരം സമ്മാനിച്ചു.

 

രചന മൊട്ടിട്ട ബാല്യകാഴ്ചകൾ
മാഹി സ്വദേശിയായ യോഗിമഠത്തിൽ ജയപ്രകാശിന്റേയും കണ്ണൂർ അഴീക്കോട് പള്ളിക്കര അജിതയുടേയും ഏകമകനായ അജയിന്റെ മനസ്സിൽ ചെറുപ്രായത്തിൽ തന്നെ പടർന്നുകയറിയതാണ് ഫോട്ടോഗ്രഫിയിലുള്ള കമ്പം. ബാല്യം മുഴുവൻ കുടുംബക്കാരുടെ ഓമനയായി അമ്മവീട്ടിൽ. നാട്ടിലെ കാവുകളിൽ തെയ്യക്കാലം പൂക്കുമ്പോൾ കുരുത്തോല ചുറ്റി, നിറപ്പകിട്ടുള്ള ആടയാഭരണങ്ങളണിഞ്ഞ് ചെണ്ടത്താളത്തിൽ ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളെ കാണാൻ വീട്ടുകാരുടെ കൈയിൽ തൂങ്ങി അജയും ഉണ്ടാകും. ആളിച്ചുവയ്ക്കുന്ന അഗ്നികുണ്ഠത്തിലേയ്ക്ക് അലറിക്കുതിക്കുന്ന തെയ്യങ്ങൾ ആ മനസ്സിൽ അന്നുതൊട്ടേ ഏതോ അനുഭൂതി തീർത്തു. കൗമാരമായപ്പോൾ വാശിപിടിച്ചു നേടിയ ക്യാമറയിൽ പതിഞ്ഞതെല്ലാം ആ രൂപങ്ങളായിരുന്നു. ചെണ്ടയിൽ കോൽത്താളം മുറുകുന്ന ദിക്കിലേക്കെല്ലാം നട്ടുച്ചയോ നട്ടപ്പാതിരയോ നോക്കാതെ തെയ്യങ്ങളെത്തേടിയെത്തുക എന്നത് പിന്നെപ്പിന്നെ ഹരം പകരുന്ന ശീലമായി. നാലുവർഷം മുമ്പുണ്ടായ അപകടത്തിൽ കൈവിട്ടുപോയ മനക്കരുത്ത് വീണ്ടെടുക്കാനായിരുന്നു അതിനുശേഷമുള്ള ഇത്തരം യാത്രകൾ ഓരോന്നും. വീട്ടുകാരുടെ വിലക്കുകളിലൊന്നും അജയ് പതറിനിന്നില്ല.

 

ദുരന്തമെത്തിയ ഓണക്കാലം
വടകരയിലെ റാണി പബ്ലിക്ക് സ്‌ക്കൂളിൽ പ്ലസ്ടു പഠനം കഴിഞ്ഞ്, തലശ്ശേരി നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷനിൽ (NTTF) ചേർന്നാണ് ടൂൾസ് ആന്റ് ഡൈ വിഷയത്തിൽ മൂന്നുവർഷംകൊണ്ട് അജയ് ഡിപ്ലോമ നേടിയത്. തുടർന്നുള്ള വ്യവസായപരിശീലനം ബെംഗ്ലൂരുവിലെ ഇൻഡോ-മിംടെക് എന്ന സ്ഥാപനത്തിൽ. അവിടെ ഒരുവർഷം പിന്നിടുന്നതിനിടയിലാണ് നാലുവർഷം മുമ്പത്തെ ഓണക്കാലത്ത് അജയിന്റെയും കുടുംബത്തിന്റേയും പ്രതീക്ഷകൾ ഒന്നൊഴിയാതെ തകർന്ന ദുർവിധി എത്തുന്നത്. ഓണാവധി ആഘോഷിക്കാൻ അഴീക്കോട്ടെ അമ്മവീട്ടിലേയ്ക്കാണ് അന്ന് അജയ് വണ്ടിയിറങ്ങിയത്. ഉത്രാടം നാളിൽ അച്ഛൻ ജയപ്രകാശിന് അത്യാവശ്യമായി മാഹിയിൽ ചെല്ലണം. അവിടേയ്ക്കുള്ള യാത്രയ്ക്ക് ട്രെയിനിൽ കയറ്റാൻ പുലർച്ചെ അച്ഛനെ ബൈക്കിന്റെ പിറകിലിരുത്തി ചിറയ്ക്കൽ റെയിൽവെ സ്റ്റേഷനിലേയ്ക്ക് തിരിച്ചതായിരുന്നു. സ്റ്റേഷനിൽ എത്താറായപ്പോഴാണ് എതിരെ ദിശതെറ്റി പാഞ്ഞുവന്ന മിനിലോറി ബൈക്കോടൊപ്പം ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. വിവരമറിഞ്ഞെത്തിയ കുടുംബക്കാർ മുട്ടിനു താഴെ മുറിഞ്ഞുതൂങ്ങിയ വലംകാലിൽനിന്ന് ചിതറിത്തെറിച്ച ചോരയിൽ മുങ്ങിപ്പിടയുന്ന അജയിനെ കോരിയെടുത്ത് കിട്ടിയ വാഹനത്തിൽ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് കുതിച്ചു.

പിറകെ കാഴ്ചയിൽ അത്രത്തോളം ഗുരുതരാവസ്ഥയില്ലാത്ത ജയപ്രകാശിനേയും. ഓണാവധി ആയതിനാൽ പ്രധാന ഡോക്ടർമാരാരും ഇല്ല. ഒ.പി വിഭാഗത്തിലുള്ളവർ പ്രാഥമിക ചികിത്സപോലും നൽകാനാവാത്ത അജയിന്റെ ഗുരുതര നിലകണ്ട് പെട്ടെന്ന് മംഗലാപുരത്തെത്തിക്കാൻ നിർദ്ദേശിച്ചു. നൂറ്റിമുപ്പതിലധികം കിലോമീറ്റർ അകലെ ആംബുലൻസിൽ അതിവേഗം മംഗലാപുരം ആശുപത്രിയിലെത്തി. പക്ഷ, ആ യാത്രയ്ക്കിടയിൽ അറ്റുതൂങ്ങിയ പാദഭാഗത്തെ രക്തം മുഴുവൻ കട്ടപിടിച്ചു കഴിഞ്ഞിരുന്നു. മുട്ടിനു താഴെ മുറിച്ചു മാറ്റുകയല്ലാതെ മറ്റു ചികിൽസാ മാർഗ്ഗമില്ലെന്ന ഡോക്ടർമാരുടെ നിസ്സഹായവസ്ഥയ്ക്കു മുന്നിൽ രക്ഷിതാക്കൾക്കൊപ്പം അജയിനും കീഴടങ്ങേണ്ടിവന്നു. ശസ്ത്രക്രിയകഴിഞ്ഞ ദിവസം മരവിപ്പിന്റേയും വേദനസംഹാരികളുടേയും പിൻബലത്തിൽ ഒന്നുമറിയാതെ ഉറങ്ങിയ അജയ് പിറ്റേന്നു തൊട്ട് കിടക്കയിൽ പുളഞ്ഞു. മുറിവുണങ്ങാൻ അതേ വേദനയുമായി ആശുപത്രിമുറിയിൽ രണ്ടരമാസം. തുടർചികിൽസ വേണ്ടതിനാൽ ഒരു മാസത്തിലേറെ മംഗലാപുരത്തുനിന്ന് അധികം അകലെ അല്ലാത്ത മണിപ്പാലിലെ അമ്മാമന്റെ വീട്ടിൽ.

 

വിലാപത്തിന് വിലങ്ങിട്ട മനക്കരുത്ത്
ഇതിനിടയിൽ ബന്ധുക്കളും സുഹൃത്തുക്കളും പകർന്ന ആത്മവിശ്വാസത്തിന്റേയും സ്‌നേഹലാളനകളുടേയും തുണയിൽ എന്തും നേരിടാനുള്ള ശക്തിയിലേയ്ക്ക് അജയ് പിച്ചവെച്ചു തുടങ്ങി. സന്ദർശകരായി എത്തി നോക്കിലും വാക്കിലും കഷ്ടം വയ്ക്കുന്നവരെ അവൻ സ്വയം വിലക്കി: 'വേണ്ട, മറക്കാൻ ശ്രമിക്കുന്ന ഓർമകളിലേയ്ക്ക് ദയവായി എന്നെ തിരിച്ചയയ്ക്കരുത്. കരഞ്ഞൊടുങ്ങാനുള്ളതല്ല ഇനി എന്റെ ജീവിതം. എങ്ങനെയും മുന്നോട്ടുപോയേ പറ്റൂ. അതിനു നിങ്ങൾ തരേണ്ടത് മനക്കരുത്താണ്.' ഇനിയെന്ത് എന്ന ആശങ്കയോടെ മാസങ്ങൾ നീണ്ട കിടപ്പിനിടയിലാണ് അജയും ബന്ധുക്കളും കൃത്രിമക്കാലിന്റെ സാധ്യത തേടിയത്. ബെംഗ്ലൂരുവിലുള്ള ഇത്തരം അവയവങ്ങളുടെ നിർമാതാക്കളെ ബന്ധപ്പെട്ടപ്പോൾ 'ഓട്ടോ ബോക്ക്' (OTTO BOCK) എന്ന കൃത്രിമക്കാൽ ചേർത്തുവയ്ക്കാനായേക്കുമെന്ന പ്രതീക്ഷ ലഭിച്ചു. അതു ഘടിപ്പിച്ചപ്പോഴുണ്ടായ വേദന സഹിച്ച് ബെംഗ്ലൂരുവിൽ തന്നെ താമസിച്ചു മൂന്നുമാസത്തെ ഫിസിയോതെറാപ്പി. പതുക്കെ നടന്നു ശീലമായപ്പോൾ സ്വന്തം കാര്യങ്ങൾ സ്വയം നിറവേറ്റാമെന്നായി. അപ്പോഴേയ്ക്കും അജയിന്റെ മനസ്സിൽ തലശ്ശേരിയിലെ തന്റെ പഴയ പരിശീലനകേന്ദ്രം ഒരിക്കൽകൂടി തെളിഞ്ഞുവന്നു. ബന്ധുക്കളുടെ ഉത്ക്കണ്ഠകളെ തണുപ്പിച്ച് ദുഃഖസിംഹാസനത്തിൽ നിന്നിറങ്ങി സ്വന്തം കാലുകളിൽ നേരെ എത്തിയത് വീണ്ടും എൻ.ടി.ടി.എഫിൽ. ഇവിടെ ഒരു വർഷത്തെ ബിരുദാനന്തരബിരുദം പൂർത്തിയാകാറായപ്പോഴേയ്ക്കും മലേഷ്യയിലെ പ്രസിഷൻ സ്പ്രിംഗ് എന്ന സ്ഥാപനത്തിൽ ജോലിയ്ക്കുള്ള വാഗ്ദാനമെത്തി. അധ്യാപകരും സഹപാഠികളും തന്നെയാണ് അതിനു വഴിയൊരുക്കിയത്. മിക്കപ്പോഴും നിന്നുകൊണ്ടുള്ള ജോലിയാണെന്ന് അറിഞ്ഞത് അവിടെ പ്രവേശിച്ച ശേഷമായിരുന്നു. അധികനേരം നിൽക്കുമ്പോൾ കൃത്രിമാവയവം ഘടിപ്പിച്ച ഭാഗത്ത് വേദനയും പഴുപ്പും പതിവായിട്ടും ഒരുവർഷം ആ ജോലിയിൽ വിടാതെ പിടിച്ചുനിന്നു. ഇരുപത്തഞ്ചു വയസ്സു തികയാതെ ആ സ്ഥാപനത്തിൽ സ്ഥിരീകരണമില്ലെന്ന അറിവിൽ നിശ്ചിത പ്രായമാകുമ്പോൾ തിരിച്ചെത്താമെന്ന ചിന്തയോടെ നാട്ടിലേയ്ക്ക് മടങ്ങി. ആ കാത്തിരിപ്പിനിടയിലാണ് യാത്രകൾക്ക് പൂട്ടുവീഴ്ത്തി ലോക്ഡൗൺ എത്തിയത്. മലേഷ്യൻ മോഹം ഉപേക്ഷിക്കാതെ ബാല്യംതൊട്ട് കൈയിലൊതുക്കിയ കലകളെയെല്ലാം പൊടിതട്ടിയെടുത്തത് ഈ വിപരീത സാഹചര്യത്തിലാണ്. വർണ്ണക്കൂട്ടുകളിൽ പല ദൃശ്യങ്ങളുടേയും രൂപഭാവങ്ങൾക്ക് വീണ്ടും വിരൽസ്പർശം. തോൽവിക്കു വഴങ്ങാത്ത മനസ്സുമായി മലേഷ്യൻ സമ്പാദ്യമായ പുതിയ ക്യാമറയും തോളിലേറ്റി.

 

കിനാവുപാടത്ത് കൊയ്‌തെടുത്ത ചിത്രകല
സ്ഥലകാലവും, കാലിനെ അലട്ടുന്ന വേദനയും മറന്ന് നിറക്കൂട്ടുകളുടെ വൈവിധ്യങ്ങളിൽ അലയുകയാണ് ഇപ്പോൾ ഈ യുവാവ്. കോവിഡ് കാലം കാവുകളെ കൊട്ടിയടച്ചതിനാൽ തെയ്യക്കോലങ്ങളുടെ ഒരിക്കലും മതിവരാത്ത കണ്ണഞ്ചിക്കുന്ന കാഴ്ചകൾ പകർത്താനാവുന്നില്ല. സ്വന്തം കാൽചലനത്തിലൂടെ വീണ്ടും ജീവൻവെച്ച  പഴയ  ബൈക്കിലും സൈക്കിളിലും ഇതിനായി അലയാൻ ആവാത്ത ദുഃഖവും. എറണാകുളത്ത് ചിത്രകലയുടെ ഔപചാരികപഠനത്തിനായി ഇതിനിടയിൽ ശ്രമിച്ചെങ്കിലും കോവിഡ് അവിടെയും വഴിമുടക്കി.
നിമിഷാർധംകൊണ്ട് ഉണക്കിയെടുക്കാനാവുംവിധം പ്രത്യേകതരം നിറക്കൂട്ടുകൾ വെള്ളത്തിൽ ചാലിച്ച് ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കാവുന്ന 'അക്രലിക്' രീതിയോടായിരുന്നു അജയിന് കൂടുതൽ ഇഷ്ടം. ഇങ്ങനെ വരച്ചുകൂട്ടിയ മനോഹരമായ ചിത്രങ്ങളുടെ വൻശേഖരം തന്നെയുണ്ട് അജയിന്റെ പക്കൽ. ബെംഗ്ലൂരുവിൽ തലകീഴായി ചിത്രം വരയ്ക്കുന്ന ഒരു കലാകാരനെക്കുറിച്ചുള്ള അറിവാണ് ഈ രീതിയും പരീക്ഷിക്കാൻ പ്രേരണയായത്. പല ക്യാൻവാസുകളിൽ ഒരേ സമയം രണ്ടു കൈകൾകൊണ്ടും, തലതിരിച്ചുമുള്ള ചിത്രരചനയിലെ പുതിയ സങ്കേതത്തെ അജയ് അതിവേഗം മെരുക്കിയെടുത്തു.


കൃത്രിമാവയവം കൂടിച്ചേർത്ത കാലിന്റെ ചലനം അനായാസമാക്കാനും പ്രകൃതിയോടുള്ള ചങ്ങാത്തം കൈമോശം വരാതിരിക്കാനും ബൈക്കിലും സൈക്കിളിലും യാത്രകൾ പുനരാരംഭിച്ച അജയിനെ ആ കാൽ ഇടയ്‌ക്കൊക്കെ കുത്തിനോവിക്കുന്നുണ്ട്. മുട്ടോളം വരിഞ്ഞുമുറുകുന്ന പ്രത്യേകതരം സോക്‌സിട്ടാണ് 'ഓട്ടോ ബോക്' ചേർത്തുവെച്ചഭാഗം ഉറപ്പിച്ച് മൂടിയിരിക്കുന്നത്. അകത്ത് വിയർപ്പുകിനിഞ്ഞ് പഴുപ്പുവന്നു തുടങ്ങുമ്പോൾ ഇതുമാറ്റാൻ ബെംഗ്ലൂരുവിൽ എത്തണം.


ചിത്രരചന ജീവിതമാർഗ്ഗമാക്കാമെന്ന കൊതിയൊന്നും അജയിനില്ല. എന്നാൽ ഫോട്ടോഗ്രാഫർ എന്ന നിലയിൽ എവിടെയെങ്കിലും ജോലി ലഭിച്ചാൽ തന്റെ ജീവിതമോഹവും സാമ്പത്തികഭദ്രതയില്ലാത്ത കുടുംബത്തിന്റെ അത്താണി എന്ന നിലയിൽ അവരുടെ സംരക്ഷണവും ഉറപ്പാക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. ഇതിന് വൈകല്യങ്ങളോടുള്ള കാഴ്ചപ്പാട് മാറ്റാൻ കഴിയുന്നവർ തന്നെ വേണം കനിയാൻ. ആഗ്രഹങ്ങളൊന്നും പൂവണിഞ്ഞില്ലെങ്കിൽ, സാഹചര്യം ഒത്തുവരുമ്പോൾ മലേഷ്യയിലെ തൊഴിലിടത്തിലേയ്ക്കു തന്നെ മടക്കം. ശുഭാപ്തിവിശ്വാസത്തിന്റെ ഊർജം ഉള്ളിൽനിന്നും ഊറ്റിയെടുത്ത് വിജയത്തിലേയ്ക്കുള്ള ചവിട്ടുപടി കയറാനൊരുങ്ങുകയാണ് ഇച്ഛാശക്തിയുടെ ആൾരൂപമായി മാറിയ അജയ്പ്രകാശ്. 'വെളിച്ചത്തിലേയ്ക്കു തന്നെ നോക്കിനിന്നാൽ ആർക്കും സ്വന്തം നിഴലിനെ കാണാനാവില്ല. ക്ഷമയും നിശ്ചയദാർഢ്യത്തോടെയുള്ള കഠിനപ്രയത്‌നവും ഏതു വൈകല്യത്തേയും അതിജീവിക്കാൻ കരുത്തേകും.' - അറിവുകൊണ്ട് അന്ധതയും അതിജീവിച്ച് വിശ്വത്തോളം പ്രശസ്തയായ ഹെലൻകെല്ലറിന്റെ വാക്കുകൾ അജയ് കടമെടുത്ത് ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു...
 

Latest News