ആശ്രിത ലെവി തവണകളില്ല, മുന്‍കൂർ അടക്കണം

റിയാദ് - സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കുള്ള ആശ്രിത ലെവി തവണകളായി അടക്കാൻ പറ്റില്ലെന്നും ഒരു വർഷത്തേക്കുള്ള ലെവി ഒറ്റത്തവണയായി മുൻകൂറായി അടക്കണമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. 
ആശ്രിത ലെവി തവണകളായി അടക്കുന്നതിന് സാധിക്കുമോയെന്ന അന്വേഷണത്തിന് മറുപടിയായാണ് ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. 
ജൂലൈ ഒന്നു മുതലാണ് സൗദിയിൽ ആശ്രിത ലെവി നിലവിൽ വന്നത്. വിദേശികളുടെ കുടുംബാംഗങ്ങളിൽപെട്ട ഓരോരുത്തർക്കും പ്രതിമാസം നൂറു റിയാൽ വീതമാണ് ലെവി. 2018 ജൂലൈ മുതൽ പ്രതിമാസ ലെവി 200 റിയാലും 2019 ജൂലൈ മുതൽ 300 റിയാലായും 2020 ജൂലൈ മുതൽ 400 റിയാലായും വർധിക്കും. ആശ്രിത ലെവി എല്ലാ രാജ്യക്കാർക്കും ഒരുപോലെ ബാധകമാണ്. 
കുറഞ്ഞ വേതനക്കാരെയും കൂടുതൽ അംഗങ്ങളുള്ള കുടുംബങ്ങളിലെ രക്ഷാകർത്താക്കളെയുമാണ് ആശ്രിത ലെവി ഏറ്റവുമധികം ബാധിക്കുക. 
2020 ൽ കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 400 റിയാൽ തോതിൽ വർഷത്തിൽ 4,800 റിയാൽ ലെവി അടക്കേണ്ടിവരും. ഭാര്യയും മൂന്നു മക്കളുമുള്ള വിദേശ തൊഴിലാളി 2020 ൽ ലെവി ഇനത്തിൽ ഒരു വർഷത്തിൽ 19,200 റിയാൽ അടക്കേണ്ടിവരും. ഇത്രയും ഭീമമായ തുക ഒരുമിച്ച് മുൻകൂറായി അടക്കുന്നതിന് ഇപ്പോൾ കുടുംബത്തോടൊപ്പം കഴിയുന്ന ഭൂരിഭാഗം പേർക്കും സാധിക്കില്ല. ഈ പശ്ചാത്തലത്തിൽ കൂടിയാണ് ലെവി തവണകളായി അടക്കുന്നതിന് സാധിക്കുമോയെന്ന് ജവാസാത്തിനോട് ആരാഞ്ഞത്.

Latest News