ദാമ്പത്യജീവിതത്തിലെ കയ്പും മധുരവും

സ്വപ്‌ന ചിറകിൽ നിന്നും ക്രമേണ ജീവിത യാഥാർത്ഥ്യങ്ങളുടെ പരുക്കൻ പ്രതലങ്ങളിലേക്ക് ദമ്പതികൾ എത്തിത്തുടങ്ങുമ്പോൾ പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും ചില ബന്ധങ്ങളിൽ താമസം വിനാ ഉടലെടുക്കും. പിന്നെ കണ്ണീരായി, പിണക്കമായി, അകൽച്ചയായി. വിവാഹ മോചനമായി.

ഈയിടെ ഒരു കൗൺസലിംഗ് സെഷനിൽ കേട്ട ഒരു അനുഭവം പുതിയ കാലത്തും പ്രസക്തമായതിനാൽപങ്ക് വെക്കട്ടെ. 
'പുതുമണവാട്ടിയായി കയറിച്ചെന്ന വീട്ടിൽ ആരുടെ മുഖത്തും വിവാഹ പിറ്റേന്ന് വേണ്ടത്ര തെളിച്ചം കണ്ടില്ല. കല്യാണത്തിന്റെ അന്നും തലേന്നും അനുഭവിച്ച ക്ഷീണവുമായി ഉണർന്നെഴുന്നേറ്റ ഞാൻ കേട്ടത്: ചെക്കന് നിന്നെ അത്ര പിടിച്ചിട്ടില്ല. മൊഞ്ചിന്റെ കാര്യാ.. നോക്കിം കണ്ടും നിന്നോളിൻ എന്ന് നാടൻ മട്ടിൽ പുതിയാപ്പിളയുടെ ബാപ്പ പറഞ്ഞ വാക്കുകളാണ്. അകതാരിൽ പൊടുന്നനെ കാട്ടുതീ പടർന്ന പോലെ. കണ്ണ് നിറഞ്ഞു. ഉള്ള് പിടഞ്ഞു. ഉടനടി സ്ഥലം വിടണമെന്ന് തോന്നി. ഉടഞ്ഞ മനസ്സിൽ ഉപ്പയുടെയും ഉമ്മയുടേയും മുഖം തെളിഞ്ഞു; അനിയത്തിമാരുടെ ചിത്രവും. ഇട്ടെറിഞ്ഞ് പോവലല്ല യുക്തം; മനസ്സ് പറഞ്ഞു. എന്റെ മൊഞ്ചിനെ കുറിച്ച് ആക്ഷേപം പറഞ്ഞ ഇവരെ കൊണ്ട് ഞാൻ ഈ മനോഭാവം എന്റെ ജീവിതം കൊണ്ട് മാറ്റി പറയിപ്പിക്കും എന്ന പ്രതിജ്ഞയെടുത്താണ് ഞാൻ അന്ന് സമാധാനിച്ചത്. ഏറെ നാളുകൾ കഴിയുന്നതിന് മുമ്പെ എന്റെ സ്വഭാവവും സാന്നിധ്യവുംവീട്ടുകാർക്ക് ഏറ്റവും ഇഷ്ടപ്പെടുന്നതാക്കി തെളിയിച്ചു ഞാൻ. അന്നും ഇന്നും വീട്ടിലെ ഏറ്റവും വേണ്ടപ്പെട്ട മരുമകൾ ഞാനാണ്. മൊഞ്ചില്ലെന്ന് ആക്ഷേപിച്ച എന്റെ കെട്ട്യോനിപ്പോൾ ഒരു ദിവസം എന്നെ പിരിഞ്ഞ് കഴിയാൻ ആവാത്ത അവസ്ഥയാണ്.' അഭിമാനത്തോടെ ചിരിയടക്കി ആ മാതാവ് പറഞ്ഞ് നിർത്തി. ഇത് കേട്ടപ്പോൾ നാട്ടിൽ ഇടതടവില്ലാതെ നടക്കുന്ന വൈവാഹിക കലഹങ്ങളുടേയും വിവാഹമോചനങ്ങളുടെയും കഥകൾ ഒരു വേള ഓർത്ത് പോയി. 
തികച്ചും വേറിട്ട സാഹചര്യത്തിൽ, കുടുംബ പശ്ചാത്തലത്തിൽ ജീവിച്ച് വന്ന രണ്ട് പേർ സുശക്തമായ ഒരു കരാറിലേർപ്പെട്ട് ഒരുമിച്ച് ജീവിക്കുന്ന മഹത്തായ പ്രക്രിയയാണ് വിവാഹം. വേദഗ്രന്ഥം വിവാഹത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് ദൈവീക ദൃഷ്ടാന്തമാണതെന്നാണ്. അത്രമേൽ പ്രാധാന്യമുള്ള ബന്ധം. ഒരു പെൺകുട്ടി പ്രായപൂർത്തിയായി അവളുടെ വിവാഹ പ്രായത്തിലേക്ക് പ്രവേശിച്ചാൽ മാതാപിതാക്കൾ രാപകൽ ഏറെ പ്രാർത്ഥനയോടെ കൊതിക്കുന്നത് അവൾക്ക് ചേരുന്ന ഒരു ഇണയെ കിട്ടണമെന്നാണ്. 
ഇരു ശരീരങ്ങൾ തമ്മിലുള്ള താലിചാർത്തൽ മാത്രമല്ല വിവാഹത്തിലൂടെ നടക്കുന്നത്. മനസ്സുകൾ തമ്മിലുള്ള പൊരുത്തപ്പെടലും അനുരാഗ ബന്ധിതവും കാരുണ്യ നിർഭരവുമായ അഗാധ പരിണയവും സമർപ്പണവുമാണത്. പഴയ കാലത്ത്, മാതാപിതാക്കൾ തീരുമാനിക്കുന്ന ബന്ധങ്ങളാണ് നാട്ട് കാരണവൻമാരുടേയും ബന്ധുക്കളുടേയും ആശീർവാദത്തോടെ കൂടുതലും നടന്നിരുന്നത്. വധൂ വരൻമാരുടെ ആശയാഭിലാഷങ്ങൾക്ക് അത്ര പ്രാധാന്യമുണ്ടായിരുന്നില്ല. 
അക്കാലത്ത് വേണ്ടത്ര വിദ്യാഭ്യാസമൊന്നും അധികമാർക്കുമില്ലെങ്കിലും തുടക്ക നാളുകളിലെ സ്വാഭാവികമായ അപരിചിതത്വങ്ങളും ചില്ലറ അഡ്ജസ്റ്റ്‌മെന്റ് പ്രശ്‌നങ്ങളും ഒഴിച്ചുനിർത്തിയാൽ മഹാ ഭൂരിപക്ഷം വിവാഹങ്ങളും സ്‌നേഹവാത്സല്യം സ്ഫുരിക്കുന്ന അന്തരീക്ഷത്തിൽ ഏറെ സന്തോഷഭരിതമായ ജീവിതങ്ങൾക്കു വഴിയൊരുക്കിയിരുന്നു. മാന്യമായ പെരുമാറ്റ രീതിയും ഹൃദ്യമായ വിനിമയ ശൈലിയുമൊന്നുമില്ലാത്ത പല വീടകങ്ങളിലും പല തരം പൊട്ടലും ചീറ്റലും തുടക്കത്തിൽ ഉണ്ടാവാമെങ്കിലും ക്ഷമയിലൂടെയും വിട്ട് വീഴ്ചയിലൂടെയും ദാമ്പത്യത്തിലെ കയ്പ്‌നീർ തരണംചെയ്ത് പലരും പിൽകാലത്ത് ജീവിതാനന്ദം നുകർന്നു. വളരെ അസഹനീയമായ സാഹചര്യങ്ങളിൽ മാത്രമേ അന്നൊക്കെ വിവാഹ മോചനങ്ങൾ നാട്ടിൽ കേട്ട് കേൾവിയുണ്ടായിരുന്നുള്ളൂ. 
ഇന്ന് സ്ഥിതി മാറി. വിദ്യാഭ്യാസം കൂടിയപ്പോൾ, മനുഷ്യബന്ധങ്ങളിൽ പാലിക്കേണ്ട സ്‌നേഹാദരങ്ങളും ക്ഷമയും വിട്ടുവീഴ്ചയും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്തും യുവതീ യുവാക്കളിൽ കുറഞ്ഞ് വരുന്നതായി പല വിവാഹ മോചന വാർത്തകളും വെളിവാക്കുന്നു.
കൗമാര സ്വപ്‌നങ്ങളുടെ വേനൽ കിനാവുകളിൽ കാംപസ് പ്രണയങ്ങളിലൂടെയും മറ്റും രൂപപ്പെടുന്ന ഭാര്യാ ഭർതൃബന്ധങ്ങൾ അധികവും വിവാഹമോചനങ്ങളിൽ കലാശിക്കുന്നതായി പൊതുവേ കാണാറുണ്ട്. തുടക്ക കാലങ്ങളിലെ സ്വപ്‌ന ചിറകിൽ നിന്നും ക്രമേണ ജീവിത യാഥാർത്ഥ്യങ്ങളുടെ പരുക്കൻ പ്രതലങ്ങളിലേക്ക് ദമ്പതികൾ എത്തിത്തുടങ്ങുമ്പോൾ പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും ചില ബന്ധങ്ങളിൽ താമസം വിനാ ഉടലെടുക്കും. പിന്നെ കണ്ണീരായി, പിണക്കമായി, അകൽച്ചയായി. വിവാഹ മോചനമായി. ഇതിനിടയിൽ പിറന്ന കുട്ടികൾ ഇതൊന്നുമറിയാതെ മാതാ പിതാക്കൾ തമ്മിലുള്ള വൈരത്തിന്റെയും പോരടിയുടേയും ബലിയാടുകളാവുന്നു. അവർ അരക്ഷിതരായി വളരേണ്ടി വരുന്നു. 
എം.എൻ വിജയൻ മാഷുടെ വാക്കുകൾ ഇത്തരുണത്തിൽ ഓർത്ത് പോവുകയാണ്. 'പരാജയപ്പെട്ട പ്രണയം കവിതയായിത്തീരുകയുംവിജയിച്ച പ്രണയം കുടുംബ കലഹമായി മാറുകയും ചെയ്യുന്നു.'എന്നാണ് മാഷ് സരസമായി നിരീക്ഷിച്ചത്. 
വൈവാഹിക ജീവിതത്തിലെ സുസ്ഥിതി രൂപപ്പെടുന്നതിൽ ഇണകൾ തമ്മിലുള്ള ഇണക്കത്തോടൊപ്പം അടുത്ത ബന്ധുക്കളുടെ പിന്തുണയും വാൽസല്യനിർഭരമായ മനോഭാവവും കൂടി നിർണ്ണായമായ പങ്ക് വഹിക്കുന്നുണ്ട്. തന്റെ ഇണയെ പോറ്റി വളർത്തിയ മാതാപിതാക്കളുടെ കാര്യത്തിൽ വധുവോ വരനോ കാണിക്കുന്ന സ്‌നേഹാദരങ്ങൾ അസൂയയോടെയും സംശയ ദൃഷ്ടിയോടെയും കണ്ട് തുടങ്ങുന്നിടത്താണ് ചില കുടുംബങ്ങളിൽ കലഹങ്ങൾ നാമ്പിടുന്നത്. മറ്റു ചിലയിടങ്ങളിൽ അവരോട് കാണിക്കുന്ന അനാദരവും അസഹിഷ്ണുതയുമാണ് വില്ലൻ. ചിലരുടെ ദുരഭിമാനവും അതിര് വിട്ട കുടുംബ മഹിമയും ഉൽക്കർഷതാ ബോധവും അപകർഷതാ ചിന്തയും ബന്ധങ്ങൾ വഷളാവുന്നതിനിടയാക്കിയ സംഭവങ്ങളുമില്ലാതല്ല. 
ഇല്ലാത്ത മേൻമയും വിദ്യാഭ്യാസ യോഗ്യതയും വിവാഹമുറപ്പിക്കുന്ന സമയത്ത് പെരുപ്പിച്ച് തട്ടി വിട്ട് പിന്നീട് സത്യം തിരിച്ചറിയുമ്പോഴുണ്ടാകുന്ന നീറ്റലും പുകച്ചിലും വളരെ കുറഞ്ഞ തോതിലെങ്കിലും ചില ബന്ധങ്ങളെ വഷളാക്കിയിട്ടുണ്ട്. ഇങ്ങനെ പല ഘടകങ്ങളും ചേർന്ന് താറുമാറാക്കിയ കുടുംബ ജീവിതങ്ങൾ കാരണം 
ആജീവനാന്തം കണ്ണീർ കുടിക്കുന്ന പലരേയും ആധുനിക സമൂഹത്തിൽ കാണാം. പ്രതിസന്ധികളിൽ ശാന്തി കൈമോശം വരാത്തതും അനുരാഗലോലവുമായ സൈ്വര്യദായകമായ വൈവാഹിക ജീവിതം ആസ്വദിക്കാനും മക്കൾക്ക് അത്തരം ക്ഷേമ ജീവിതം ലഭ്യമാക്കാനും കൂടിയായിരിക്കട്ടെ ഓരോരുത്തരുടേയും പ്രാർത്ഥനയും പ്രവർത്തനങ്ങളും.


 

Latest News