Sorry, you need to enable JavaScript to visit this website.

സാന്ത്വനവുമായെത്തിയ കോള്‍, വിശ്വസിക്കാനാവാതെ ഡോ. വര്‍ഷ

അബുദാബി- ഡോ. വര്‍ഷ വാഷിംകര്‍ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്നു, കോവിഡ് രോഗികള്‍ക്ക് സേവനം ചെയ്യുന്നതിനിടെ നഷ്ടപ്പെട്ട ഭര്‍ത്താവിനെക്കുറിച്ച് ചിന്തിച്ചുകൊണ്ട്. അപ്പോഴാണ് സാന്ത്വനത്തിന്റെ മൃദുശബ്ദവുമായി ആ ഫോണ്‍ കോള്‍ എത്തിയത്.

അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ആയിരുന്നു മറുതലക്കല്‍.

ഫോണ്‍ സംഭാഷണത്തിനിടയില്‍, പകര്‍ച്ചവ്യാധിയെ നേരിടുന്നതിനിടെ ജീവിതം നഷ്ടമായ മുന്‍നിര  നായകര്‍ വഹിച്ച വലിയ പങ്കിന് ശൈഖ് മുഹമ്മദ് നന്ദി രേഖപ്പെടുത്തി. എമിറാത്തി സമൂഹം അവരുടെ ത്യാഗങ്ങള്‍ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ഐനിലെ ബര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലില്‍ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നതിനിടെ ഡോ. വര്‍ഷയുടെ ഭര്‍ത്താവ്  ഡോ. സുധീര്‍ രാംബാവു വാഷിംകര്‍ക്ക് (61) കോവിഡ് വൈറസ് ബാധിച്ചു. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ജൂണ്‍ 6 ന് അദ്ദേഹം അന്ത്യശ്വാസം വലിച്ചു.

അല്‍ ഐനിലെ അബുദാബി പോലീസ് ക്ലിനിക്കില്‍ ജനറല്‍ പ്രാക്ടീഷണറായ ഭാര്യയെയും ആണ്‍മക്കളായ സിദ്ധാര്‍ഥ് (29), രാഹുല്‍ (25) എന്നിവരെയും അതീവ സങ്കടത്തിലാഴ്ത്തിയാണ് ഡോ. സുധീര്‍ വിട പറഞ്ഞത്.

കിരീടാവകാശി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് എനിക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്ന് ഒരു കോള്‍ ലഭിച്ചു. വൈകുന്നേരം ആറ് മണിയോടെ അദ്ദേഹം വിളിച്ചു, യു.എ.ഇയെ ഞങ്ങളുടെ ഹൃദയത്തോടും ആത്മാവോടും കൂടി സേവിച്ചതിന് പ്രശംസകള്‍ അര്‍പ്പിച്ചു. അത്രയും മനോഹരവും അവിശ്വസനീയവുമായ ഈ കരുതലിനെ എന്റെ ജീവിതകാലം മുഴുവന്‍ വിലമതിക്കും.
കഴിഞ്ഞ 12 വര്‍ഷമായി രാജ്യത്തെ സേവിക്കാന്‍ എന്റെ ഭര്‍ത്താവ് നടത്തിയ ശ്രമത്തിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശൈഖ് മുഹമ്മദിന്റെ ദയയുള്ള വാക്കുകള്‍ തന്നെ പ്രചോദിപ്പിച്ചതായും ഡോ. വര്‍ഷ പറഞ്ഞു.

 

Latest News