കൂടുതല്‍ ഇളവനുവദിച്ച് ഒമാന്‍, ടൂറിസ്റ്റ് വിസകള്‍ നല്‍കും


മസ്‌കത്ത്- കൊറോണ ഭീഷണി ഒതുങ്ങിയതോടെ ഒമാന്‍ സാധാരണ നിലയിലേക്ക്. രാജ്യത്ത് വീണ്ടും ടൂറിസ്റ്റ് വിസകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ ആറു മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ ജീവനക്കാരും ഹാജരാകണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. ബീച്ചുകളും പാര്‍ക്കുകളും പൊതുസ്ഥലങ്ങളും സിനിമാ തിയേറ്ററുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയാണ് ജീവനക്കാരെല്ലാം ഹാജരാവാന്‍ നിര്‍ദേശിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളിലും സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഡിസംബര്‍ ആറ് മുതല്‍ ജീവനക്കാര്‍ പൂര്‍ണതോതില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം. അതേസമയം, എല്ലാ വകുപ്പുകളും ജീവനക്കാരും മുന്‍കരുതല്‍ നടപടികള്‍ പാലിക്കണം.

കൂടുതല്‍ മേഖലയിലും ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സുപ്രീം കമ്മിറ്റി. തിങ്കളാഴ്ച ചേര്‍ന്ന സുപ്രീം കമ്മിറ്റി യോഗത്തിലാണ് ഏഴാംഘട്ട ഇളവുകള്‍ക്ക് അനുമതി നല്‍കിയത്. ഇന്നലെ മുതല്‍ പുതിയ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു.

മവേല പച്ചക്കറി മാര്‍ക്കറ്റില്‍ ചില്ലറ വില്‍പന പുനരാരംഭിക്കുന്നതിനും അനുമതി നല്‍കിയിട്ടുണ്ട്. 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഷോപ്പിംഗ് മാളുകളില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ് കോര്‍ട്ടുകള്‍, എക്‌സിബിഷന്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ ഗാര്‍ട്ടന്‍, നഴ്‌സറികള്‍ എന്നിവക്കും പ്രവര്‍ത്തനാനുമതി നല്‍കി. മ്യൂസിയങ്ങളും കോട്ടകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറക്കും.

ബ്യൂട്ടി സലൂണുകളിലെ രണ്ടാം ഘട്ട സേവനങ്ങള്‍, വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലെ ട്രയല്‍ റൂം തുറക്കല്‍, മാളുകളിലെ വിനോദ സ്ഥലങ്ങള്‍, ക്യാമ്പിംഗ് സാധനങ്ങള്‍ വാടകക്ക് നല്‍കുന്ന കടകള്‍, പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവക്കും അനുമതി നല്‍കിയിട്ടുണ്ട്. മാളുകളിലെ പാര്‍ക്കിംഗില്‍ മുഴുവന്‍ പാര്‍ക്കിംഗും അനുവദിക്കാനും തീരുമാനിച്ചു.

 

 

Latest News