ലോകം ഉറ്റുനോക്കിയ രക്ഷാ പ്രവര്‍ത്തനം സിനിമയാക്കുന്നു 

മെല്‍ബണ്‍- ഏറെ പ്രതീക്ഷയോടെയും പ്രാര്‍ത്ഥനയോടെയും ലോകം ഉറ്റുനോക്കിയ രക്ഷാ പ്രവര്‍ത്തനമായിരുന്നു തായ്‌ലന്‍ഡിലെ ചിയാങ് റായ് പ്രവിശ്യയിലെ താം ലുവാങ് ഗുഹയില്‍ നടന്നത്. 2018 ജൂണ്‍ 23 നു ഗുഹ സന്ദര്‍ശിക്കാന്‍ പോയ വൈല്‍ഡ് ബോര്‍ സോക്കര്‍ ടീം മെമ്പര്‍മാരായ 12 പേരായിരുന്നു അന്ന് ഗുഹയിലകപ്പെട്ടത്. വടക്കന്‍ തായ്‌ലാന്‍ഡിലുള്ള ചിയാങ് റായ് പ്രവിശ്യയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികളും ഏക് എന്നറിയപ്പെടുന്ന അസിസ്റ്റന്റ് ഫൂട്‌ബോള്‍ കോച്ചും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കാരണം ഗുഹയ്ക്കകത്തു കുടുങ്ങുകയായിരുന്നു. ഓക്‌സിജന്റെ കുറവ് മൂലം ആരോഗ്യസ്ഥിതി മോശമായ ഇവരെ ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്. 2018 ജൂലൈ 2 നു ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ദ്ധന്മാര്‍ സാഹസികമായി പതിമൂന്ന് പേരേയും സുരക്ഷിതമായ നിലയില്‍ കണ്ടെത്തുകയും പുറത്തെത്തിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തായ് നാവികസേനയിലെ മുങ്ങല്‍വിദഗ്ധന്‍ സമന്‍ ഗുനാന് ജീവന്‍ നഷ്ടമായിരുന്നു.
ഇപ്പോഴിതാ സംഭവത്തിന് 2 വര്‍ഷത്തിന് ശേഷം ഗുഹയിലകപ്പെട്ടതും രക്ഷാപ്രവര്‍ത്തനവും ആസ്പദമാക്കി സിനിമയാക്കാനൊരുങ്ങുകയാണ് ഓസ്‌കര്‍ ജേതാവും ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ റോണ്‍ ഹോവാര്‍ഡ്. 'തെര്‍ട്ടീന്‍ ലിവ്‌സ്' എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത വര്‍ഷം മാര്‍ച്ചോടെ ആരംഭിക്കും. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലാണ് ചിത്രീകരണം. ഓസ്‌കര്‍ ജേതാവ് ബ്രയാന്‍ ഗ്രേസര്‍, പി.ജെ. വാന്‍ സാന്‍ഡ്വിജ്ക്, ഗബ്രിയേല്‍ ടാന, കരന്‍ ലണ്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചെലവ് 96 ലക്ഷം ഡോളര്‍ വരുമെന്നാണ് കരുതുന്നത്.

Latest News