അബുദാബി- സര്‍ക്കാര്‍, സ്വകാര്യ സ്കൂളുകളിലെ പ്രവേശനം മുതല്‍ ടി.സി വരെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാക്കുന്ന അഖ്ദാര്‍ ഇ–സെയ്ഫ് സ്കൂള്‍ സംവിധാനത്തിനു അബുദാബിയില്‍ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ലഫ്റ്റനന്റ് ജനറല്‍ ശൈഖ് സെയ്ഫ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉദ്ഘാടനം ചെയ്തു.
കോവിഡ് പശ്ചാത്തലത്തില്‍ സേവനം കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ലോകത്ത് എവിടെ ഇരുന്നും പൂര്‍ത്തിയാക്കാം. ആശയ വിനിമയത്തിനും പഠന സഹായികള്‍ കൈമാറാനും സുരക്ഷിത ഇടമായ സൈബര്‍ സി3 സംവിധാനവും നടപ്പിലായെന്ന് അഖ്ദാര്‍ സി.ഇ.ഒ ഡോ. ഇബ്രാഹിം അല്‍ ദബാല്‍ പറഞ്ഞു.
സ്കൂള്‍ പ്രവേശനം, മാര്‍ക്ക് ഷീറ്റ്, അറ്റസ്റ്റേഷന്, ടിസി, അധ്യാപകരുടെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് തുടങ്ങി എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ വഴി ചെയ്യാനാകും.






