Sorry, you need to enable JavaScript to visit this website.

ഊതിക്കാച്ചിയ സ്വപ്നങ്ങൾ, ജീവിത വിജയത്തിന് പത്തരമാറ്റ്

സോനാ ജ്വല്ലേഴ്‌സ് റിയാദ് ശാഖയുടെ ഉദ്ഘാടനം അന്നത്തെ ഇന്ത്യൻ എംബസി ഡി.സി.എം സുഹൈൽ ഇജാസ് ഖാൻ ( ഇപ്പോൾ ലെബനോനിലെ ഇന്ത്യൻ അംബാസഡർ) നിർവഹിക്കുന്നു. വലത്തേ അറ്റത്ത് കെ.വി മോഹൻ (ഫയൽ ചിത്രം)

ഓർമ / അനുഭവം  സോനാ മോഹൻ

തോൽക്കാൻ തയാറില്ലാത്ത മനസ്സ്,ഇച്ഛാശക്തിയോടെയുള്ള കഠിനാധ്വാനം, സഹജീവി സ്‌നേഹം, സർവോപരി ദൈവകാരുണ്യം.. സൗദിയിലെ ആദ്യ വിദേശ നിക്ഷേപകരിലൊരാളായ പ്രമുഖ ജ്വല്ലറി വ്യവസായി തൃശൂർ അന്തിക്കാട് സ്വദേശി സോനാ മോഹൻ, വ്രതപുണ്യങ്ങളാൽ സ്ഫുടം ചെയ്‌തെടുത്ത ഈ അനുഗൃഹീതമണ്ണ് തനിക്ക്പകർന്നുതന്ന ആത്മീയപ്രഭയെക്കുറിച്ചും അമൃതധാര പോലെ അല്ലാഹു കനിഞ്ഞേകിയ സുകൃതത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു. 
 

എന്റെ ജീവിതത്തെ ഉപവാസകാലത്തെ നന്മയുമായി ഇഴ ചേർക്കാനാണ് എപ്പോഴും ഞാനാഗ്രഹിക്കാറുള്ളത്. റമദാനിലെ ചൈതന്യം ജീവിതത്തിലുടനീളം എനിക്ക് കരുത്ത് പകർന്നു തന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ എന്റെ ഓരോ വിജയങ്ങൾക്കും ഞാൻ പ്രവാസിയായ കാലം തൊട്ടേ മുറ തെറ്റാതെ ശീലിച്ചുപോരുന്ന റമദാൻ വ്രതമാണ് പ്രധാനകാരണമെന്ന വിശ്വാസവും എന്നെ സദാ നയിക്കുന്നു. പരമകാരുണികനായ ദൈവത്തിന് സ്തുതി. 
മുപ്പത്തിനാല് വർഷം മുമ്പ് റമദാനിലെ ആദ്യദിനത്തിലാണ് ഞാൻ സൗദിയുടെ പുണ്യഭൂമിയിൽ കാൽകുത്തുന്നത്. അന്ന് കൊടുംചൂടിൽ ഈ പുണ്യഭൂമി നിന്ന് കത്തുകയായിരുന്നു. ഞാൻ വളർന്ന ചുറ്റുപാടിൽ നിന്ന് തീർത്തും വിഭിന്നമായ പ്രകൃതിയും  മനസ്സും. മുംബൈയിൽ നിന്ന് എന്നോടൊപ്പം സഹയാത്രികനും സഹപ്രവർത്തകനുമായ മംഗലാപുരത്തുകാരൻ അന്തുഞ്ഞി മുഹമ്മദ് ബെറിയും  ഈ പുണ്യഭൂമിയിൽ എത്തിയിരുന്നു. ആദ്യ റമദാൻ  ദിനം തൊട്ട് മുഹമ്മദ് ബെറിയോടൊപ്പം ഞാനും നോമ്പെടുക്കാൻ തുടങ്ങി. ആചാരവും ക്രമവും എല്ലാം പാലിച്ച്, ഇസ്‌ലാംമതാനുഷ്ഠാന പ്രകാരം തന്നെ. അതെ, അദൃശ്യ പ്രകാശം പോലെ നോമ്പിന്റെ പുണ്യം എന്നിലേക്ക് വെളിച്ചം പ്രസരിപ്പിച്ച് ആഴ്ന്നിറങ്ങുകയായിരുന്നു.
തീ പാറുന്ന ചൂടും പുതിയ സ്ഥലം നൽകിയ  അപരിചിതത്വവും എന്നെ ഇവിടെ നിന്ന് നാട്ടിലേക്ക് തിരിച്ചു പോയാലോ എന്ന ചിന്ത നിരന്തരം അലട്ടികൊണ്ടിരുന്നു. എങ്കിലും വീട്ടിലെ കഷ്ടപ്പാടുകളും എന്നിൽ അർപ്പിതമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ട ചുമതലയും എന്റെ കാലുകളെ ഈ പുണ്യഭൂമിയിൽ സധൈര്യം ഉറച്ചു നിൽക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. നാടിന്റെ ചിന്ത എന്നെ ഗൃഹാതുരതയോടെ വേദനിപ്പിക്കുമ്പോഴും കുടുംബത്തിലെ ദൈന്യത പേറുന്ന നിരവധി മുഖങ്ങൾ എനിക്ക് മുന്നിൽ തെളിഞ്ഞുവന്നു. എന്റെ വേദനയെക്കാൾ കുടുംബത്തിലുള്ളവരുടെ വേദന മാറ്റാനാണ് ഞാൻ ഇവിടെയെത്തിയതെന്ന ചിന്തയും മനസ്സിനെ ആവർത്തിച്ചു മഥിച്ചു കൊണ്ടേയിരുന്നു. അതാകട്ടെ, ഇവിടെ തന്നെ പിടിച്ചുനിൽക്കാൻ എന്നെ നിരന്തരം പ്രേരിപ്പിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് എത്തിയാൽ സുഹൃത്ത് അന്തുഞ്ഞി മുഹമ്മദ് ബെറി പറഞ്ഞു തന്ന വിശുദ്ധ ഖുർആനിലെ സൂക്തങ്ങളിലെ അർഥതലങ്ങൾ എന്നിൽ പുതിയൊരു ഉൾവെളിച്ചം നിറക്കുകയായിരുന്നു.

നിശ്ചയമായും റമദാനിന്റെ കടുത്ത ചിട്ടയും ജീവിതശൈലിയും പ്രാർഥനയും തുടർന്നു പോന്നതിനാലാണ് ഈ പുണ്യഭൂമി, കേവലം ഒരു സാധാരണ കുടുംബത്തിൽ പിറന്ന് ജീവിതായോധനത്തിനായി പ്രവാസം തെരഞ്ഞെടുത്ത എന്നെ ഇത്രമാത്രം അനുഗ്രഹിച്ചത് എന്നെനിക്കുറപ്പാണ്. തിരിച്ചുപോകാൻ തയാറായി നിന്ന എന്നെ ഇവിടെ പിടിച്ചു നിർത്തിയതും പരമകാരുണികനായ അല്ലാഹു തന്നെ. 

ദൈവം സർവ വ്യാപിയാണെന്നും ദൈവം ഒന്നു മാത്രമേ ഉള്ളൂവെന്ന ചുറ്റുപാടിലുമാണ് ഞാൻ വളർന്നു വന്നിട്ടുള്ളത്. ചെറുപ്പം മുതലേ ജാതി, മതം എന്നിവ പറയുകയോ ചോദിക്കുകയോ ചെയ്യാതെ വളർന്നു വന്ന ഒരാളാണ് ഞാൻ. ഒരു മതത്തോടും ഒരനിഷ്ടവും എന്നിൽ ഉണ്ടായിരുന്നില്ല. ഓരോ മതത്തിന്റെ അന്തസ്സത്ത അറിയാനും എന്റെ ഹൃദയം നിരന്തരം മിടിച്ചിരുന്നു. അന്വേഷണ ത്വരയോടെയുള്ള ഈ ദിശാബോധമായിരിക്കാം കൗമാരകാലത്ത്് തന്നെ  പ്രാരബ്ധം നിറഞ്ഞ ജീവിതത്തിൽ നിന്ന് രക്ഷതേടി കുടുംബം പുലർത്താൻ അഹമ്മദാബാദിൽ എത്തിയപ്പോൾ മുതൽ തന്നെ സാമൂഹിക കാര്യങ്ങളിൽ ബദ്ധശ്രദ്ധനാക്കിയതും വൈകാതെ അവിടത്തെ സൗത്ത് ഇന്ത്യൻ സമാജത്തിന്റെ അധ്യക്ഷസ്ഥാനം വരെയെന്നെ എത്തിച്ചതും.
ചെറുപ്പത്തിലേ ഇന്ത്യയ്ക്കകത്തെ നിരവധി സ്ഥലങ്ങൾ, തിളയ്ക്കുന്ന ജീവിതങ്ങൾ ഞാൻ കണ്ടു, തൊട്ടറിഞ്ഞു. ഒടുവിൽ ഏതോ നിയോഗം പോലെയാണ് സൗദിയുടെ പുണ്യഭൂമിയിൽ എത്തുന്നത്. എത്തിയ സമയത്തെ അപരിചിതത്വവും വേവലാതിയും വേദനകളുമെല്ലാം ക്രമേണ എന്നിൽ നിന്ന് വേഗത്തിലാണ് കൊഴിഞ്ഞു പോയത്. റമദാൻ നോമ്പെടുക്കലും ഇവിടത്തെ ചിട്ടകളും അച്ചടക്കപൂർണമായ അന്തരീക്ഷവുമെല്ലാം എന്റെ നിത്യജീവിതത്തിന്റെയും ഭാഗമായി. ഇത്തരം ചുറ്റുപാടുകൾ എന്നെ വളരെയധികം സ്വാധീനിക്കുകയും ചെയ്തു. എന്നാൽ എന്നെ ഏറ്റവും അധികം ആകർഷിച്ചത് പകലിരവുകളെ ആത്മീയ വെളിച്ചത്താൽ പ്രശോഭിതമാകുന്ന പരിശുദ്ധ റമദാൻ തന്നെയാണ്. രാത്രി മുഴുവൻ ജോലി ചെയ്യാനുള്ള അന്തരീക്ഷം. പകലിനേക്കാൾ പ്രകാശപൂരിതമായ രാത്രികൾ. പകലിന്റെ തീക്ഷ്ണമായ ചൂട് രാവുദിക്കുന്നതോടെ അവസാനിക്കും. ഇളംതെന്നലും ഉപവാസത്തിന്റെ ഉൺമയും ഹരം പകരുന്ന, പ്രാർഥനാനിർഭരമായ വ്രതരാത്രികൾ എന്നിൽ ആവേശം ചൊരിഞ്ഞു. കുട്ടികൾക്കും അമ്മമാർക്കും ആഹ്ലാദത്തിന്റെ ദിനങ്ങൾ. കമ്പോളങ്ങൾ മുഴുവൻ തുറന്നിരിക്കുന്ന രാത്രികൾ. കുട്ടികളുടെ കളിയും ചിരിയും എല്ലായിടത്തും പൊട്ടിവിരിയും. ചൈതന്യനിർഭരവും അപരിമേയവുമായ ഭക്തിക്കൊപ്പം സഹനത്തിന്റെയും അത് പകരുന്ന ആഹ്ലാദത്തിന്റെയും കൊതിപ്പിക്കുന്ന ദിനങ്ങൾ.


സോനാ ജ്വല്ലേഴ്‌സ് റിയാദ് ശാഖയുടെ ഉദ്ഘാടനം അന്നത്തെ ഇന്ത്യൻ എംബസി ഡി.സി.എം സുഹൈൽ ഇജാസ് ഖാൻ ( ഇപ്പോൾ ലെബനോനിലെ ഇന്ത്യൻ അംബാസഡർ) നിർവഹിക്കുന്നു. വലത്തേ അറ്റത്ത് കെ.വി മോഹൻ (ഫയൽ ചിത്രം)
അയൽക്കാരായ സൗദി സഹോദരന്മാർ രാത്രി ഭക്ഷണം നൽകും. റമദാൻ കാലത്താണ് എന്നും വിവിധ രുചിയുള്ള ഭക്ഷണങ്ങൾ എന്നെ തേടിയെത്തിയത്. ഇതും റമദാനെ എന്റെ ഹൃദയത്തോട് ചേർത്ത് നിർത്തുകയായിരുന്നു. ബന്ധുക്കൾ ഭക്ഷണം ഉണ്ടാക്കി പരസ്പരം കൈമാറും, എല്ലാവരും പരസ്പരം സ്നേഹത്തോടെ കൂടിച്ചേരും. ബന്ധുക്കൾ ഈ നാളിൽ ഒത്തു ചേർന്ന് സ്നേഹം പരസ്പരം കൈമാറുന്ന അറബികളുടെ രീതി എന്റെ ഹൃദയത്തിൽ സമഭാവനയുടേയും സഹാനുഭൂതിയുടേയും പുതിയ പ്രകാശം ചൊരിഞ്ഞു. അതിനെപ്പറ്റി ആലോചിച്ച് അക്കാലങ്ങളിലും പിന്നീടും ഞാനേറെ ആഹ്ലാദം കൊണ്ടിട്ടുണ്ട്. ഒപ്പം എല്ലാവരും നിസ്‌കാരങ്ങളിൽ  മുഴുകി, ഖുർആൻ പാരായണം ചെയ്ത് പ്രാർത്ഥനാനിരതമായ ഒരന്തരീക്ഷം. റമദാൻ നാളിലാണ് ഒരു ജനതയുടെ മുഴുവൻ ആത്മീയ ചൈതന്യവും എന്നെ ഹഠാദാകർഷിച്ചത്. ഉവ്വ്, ഒരു അജ്ഞാത നിയോഗം പോലെ ഞാനും അല്ലാഹു കാണിച്ചുതന്ന വിജയപാതയിലെ ചെറിയൊരു കണ്ണിയായി- അൽഹംദുലില്ലാഹ്.
റമദാനിൽ കഴിച്ച ഈത്തപ്പഴത്തിന്റെ സത്ത് എന്നിൽ ഔഷധം പോലെ വീര്യം നിറയ്ക്കുകയായിരുന്നു.എന്റെ ജീവിതത്തിലെ ആദ്യത്തെ റമദാൻ കഴിഞ്ഞതോടെ ഈ പുണ്യഭൂമി വിടാനുള്ള മാനസികാവസ്ഥ മാറി.
ഈ പുണ്യഭൂമിയും റമദാനും എന്നെ പുതുക്കി പണിയുകയായിരുന്നു.
എഴുന്നൂറ് റിയാലിന് സെയിൽസ്മാനായി ജോലിക്ക് വന്ന ഞാൻ പടിപടിയായി റീജണൽ മാനേജറായതും പിന്നീട് ജീവിതത്തിന്റെ പടവുകൾ പടിപടിയായി കയറിയതും ഈ പുണ്യഭൂമിയിൽ എത്തിയതു  മുതൽ ഞാൻ നോറ്റ  നോമ്പിന്റെയും റമദാന്റെയും വരദാനം തന്നെയാണ്. ഞാൻ വിവാഹിതനായതു മുതൽ ഭാര്യയും മക്കളുണ്ടായത് മുതൽ അവരും എന്റെ പാതയിൽ എല്ലാ വർഷവും മുറ തെറ്റാതെ, നാട്ടിലായാലും മറുനാട്ടിലായാലും, നോമ്പിന്റെ പുണ്യം നുകരുന്നു.പള്ളികളിൽനിന്ന് ബാങ്ക്വിളി ഉയരുമ്പോൾ ഭയഭക്തിയോടെ മനസ്സ് അല്ലാഹുവിലേക്കടുക്കും. അത് സ്ഥിരം കേൾവിയും കാഴ്ചയുമായി.
പള്ളിമിനാരങ്ങൾ കാണുമ്പോൾ അല്ലാഹുവിന്റെ അപാരചൈതന്യത്തിലേക്കുള്ള ദിശാസൂചിക പോലുള്ള തോന്നലാണ് എനിക്ക് എപ്പോഴും ഉണ്ടാവുക. മുപ്പത്തിനാല് വർഷം സൗദിയിൽ എവിടെയൊക്കെ താമസിച്ചിട്ടുണ്ടോ തൊട്ടടുത്ത് പള്ളിയുമുണ്ടായിരുന്നു. പള്ളി അടുത്ത് ഉണ്ടാവുക അതിലെ 'ആദാൻ വിളി' കേൾക്കുക, ആ കേൾവി എനിക്ക് എന്റെ ഹൃദയത്തിലേക്ക് അല്ലാഹുവിന്റെ അദൃശ്യമായ ഉൾവിളിയായാണ് എപ്പോഴും തോന്നിയിട്ടുള്ളത്.
ഒരു റമദാൻ ദിനത്തിൽ റിയാദിൽനിന്ന് ജിദ്ദയിലേക്ക് അടിയന്തരമായി പോകേണ്ടതുണ്ടായിരുന്നു. വിമാനടിക്കറ്റിന് ശ്രമിച്ചെങ്കിലും കിട്ടിയില്ല. അവസാനം കാറെടുത്ത് യാത്ര പുറപ്പെടാൻ തന്നെ തീരുമാനിച്ചു. ആദ്യമായിട്ടാണ് ഇത്ര ദീർഘമേറിയ ദൂരം കാറിൽ പോകുന്നത്. എന്നോടൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് ജോജോയും രജീഷും കൂട്ടായി.
ജിദ്ദയിലെത്തുന്നതിന് മുമ്പ് മക്കയിലേക്ക് രണ്ട് വഴികളുണ്ട്. ഒന്ന് മുസ്‌ലിംകൾക്കും മറ്റേത് അമുസ്ലിംകൾക്കും. ദിശ നൽകുന്ന ബോർഡിൽ നോൺ മുസ്ലിം പാതയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. റോഡിൽ നിരവധി നിർമാണപ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിലയിടത്ത് വഴി തെറ്റിയോ എന്ന് സംശയം. പേടിച്ച് പേടിച്ച് യാത്ര ചെയ്ത ഞങ്ങൾ കാർ ചെന്നെത്തിയ സ്ഥലം ഏതെന്ന് അറിയാതെ പെട്ടെന്ന് കാറിൽ നിന്ന് ഇറങ്ങി നോക്കിയപ്പോൾ, അധികം അകലെയല്ലാതെ പരിശുദ്ധ കഅ്ബയുടെ മിനാരങ്ങൾ ദൃശ്യമായി. അപ്പോഴാണ് വഴിതെറ്റിപ്പോയി എന്ന് മനസ്സിലായത്. ജി.പി.എസ് സംവിധാനമൊന്നുമില്ലാത്ത കാലമാണെന്നോർക്കുക. ഏതായാലും പലരോടും വഴി ചോദിച്ച് മനസ്സിലാക്കി, നോൺ മുസ്‌ലിം റോഡിലേക്ക് തന്നെ തിരികെ വിടുമ്പോൾ ഞാൻ വീണ്ടും കഅബയുടെ കണ്ണഞ്ചിക്കുന്ന ദൂരക്കാഴ്ചയിലേക്ക് കണ്ണുകൾ പായിച്ചു. ആ വിദൂരദൃശ്യം എന്നിലൂടെ ഏതോ അതീന്ദ്രിയ ശക്തി പ്രവഹിക്കുന്നതു പോലെ ഒരനുഭവമുണ്ടാക്കി. അകലെ നിന്ന്നോക്കിയിട്ടും നോക്കിയിട്ടും കൊതി തീരാത്ത ദൃശ്യം. ലോകത്തിലെ ആദ്യത്തെ ആരാധനാകേന്ദ്രത്തിന്റെ അകലക്കാഴ്ചയുടെ ഊർജം എന്നിലേക്കാവേശിച്ചു. ആത്മീയതയുടെ ഉത്തുംഗതയിലേക്ക് അതെന്റെ മനസ്സിനെ നയിച്ചു. ലോകമാകെ ആരാധിക്കുന്ന ആ കേന്ദ്രദിശയുടെ ആകാശം തൊടുന്ന മിനാരങ്ങളുടെ അകലക്കാഴ്ച ഇന്നുമെന്റെ ജീവിതവിജയങ്ങളുടെ ആത്മീയ സ്രോതസ്സാണെന്ന് ഞാനുറച്ചുവിശ്വസിക്കുന്നു. പഴയ റോഡിലേക്ക് തിരിയുംമുമ്പ് വഴിയോരത്ത് നിർത്തി ആ വിശുദ്ധ നിലം തൊട്ട് ഞാൻ ചുംബിച്ചു. പ്രാർത്ഥിച്ചു. മുപ്പത് കിലോമീറ്റർ ചുറ്റളവിൽ അറിയാതെ ചെന്നുപെട്ട പ്രദേശത്താണ് ഞങ്ങൾ നിൽക്കുന്നതെന്ന തോന്നൽ ഉള്ളിൽ നേരിയ ഭയം ഉണർത്തിയെങ്കിലും  പുണ്യകേന്ദ്രത്തിന്റെ ദൂരക്കാഴ്ച മറക്കാനാവാത്ത ജീവിതാനുഭവമായി മനസ്സിനെ പ്രചോദിപ്പിച്ചു. ഈ അനുഭവത്തിന് ശേഷം മക്കയിലും മദീനയിലും പ്രാർത്ഥന നടക്കുന്ന സമയത്ത് അത് ലൈവായി ടെലിവിഷനിൽ കാണുക എനിക്ക് ശീലമായി. ആ കാഴ്ച എന്നിൽ ഇന്നും ആഹ്ലാദം കോരിനിറയ്ക്കുന്നു.
കഴിഞ്ഞ വർഷത്തെ റമദാനിൽ ഞങ്ങളുടെ ടെക്നിഷ്യൻ ദിവാകരനുമൊപ്പം ഞാൻ മദീനയിലെ ഫാക്ടറി സന്ദർശിക്കാൻ വിമാനമിറങ്ങി. ആദ്യ ദിനത്തിൽ ഫാക്ടറിയിലെ ജോലികൾ കഴിഞ്ഞ് തിരിച്ചുവരുമ്പോൾ സന്ധ്യ കഴിഞ്ഞിരുന്നു. രാത്രി പരക്കുന്നു. ഒപ്പം നേരിയ ചാറ്റൽ മഴയും. ഒരു യെമനി പ്രൈവറ്റ് ടാക്സിയിലായിരുന്നു ഫാക്ടറിയിൽ നിന്നുള്ള മടക്കയാത്ര. മദീനാ പള്ളിയുടെ വിദൂര ദൃശ്യവും മനസ്സിൽ ആഹ്ലാദം നിറച്ചു. പ്രവാചക ചൈതന്യം സദാ തുടിച്ചു നിൽക്കുന്ന മദീന എപ്പോഴും എനിക്ക് ആഹ്ലാദാനുഭൂതി നിറയ്ക്കുന്ന പ്രദേശമാണ്. മനസ്സിൽ എന്നും മക്കയും മദീനയും കൊത്തിവെച്ചിട്ടുള്ള മായാത്ത ചിത്രങ്ങൾ എന്റെ പ്രവാസജീവിതത്തിലെ വഴിവെളിച്ചങ്ങളാണ്.  
സൗദിയുടെ പുണ്യഭൂമിയിൽ എത്തിയതു മുതൽ ഈ പുണ്യ സ്ഥലങ്ങൾ ദൂരെ നിന്നെങ്കിലും കാണണമെന്നത് മനസ്സിലെ വലിയ ആഗ്രഹമായിരുന്നു. അല്ലാഹു തന്നെ എന്റെ ആഗ്രഹങ്ങൾ നിവർത്തിച്ചു തരികയാണെന്നാണ് ഇപ്പോഴും എന്റെ മനസ്സ് പറയുന്നത്. 
നിശ്ചയമായും റമദാനിന്റെ കടുത്ത ചിട്ടയും ജീവിതശൈലിയും പ്രാർഥനയും തുടർന്നു പോന്നതിനാലാണ് ഈ പുണ്യഭൂമി, കേവലം ഒരു സാധാരണ കുടുംബത്തിൽ പിറന്ന് ജീവിതായോധനത്തിനായി പ്രവാസം തെരഞ്ഞെടുത്ത എന്നെ ഇത്രമാത്രം അനുഗ്രഹിച്ചത് എന്നെനിക്കുറപ്പാണ്. തിരിച്ചുപോകാൻ തയാറായി നിന്ന എന്നെ ഇവിടെ പിടിച്ചു നിർത്തിയതും പരമകാരുണികനായ അല്ലാഹു തന്നെ. നൂറുക്കണക്കിനാളുകൾക്ക് ജീവിതമാർഗം കാണിച്ചു കൊടുക്കാനും വിനയാന്വിതമായ എന്റെ ബിസിനസ് സംരംഭങ്ങളിലൂടെ സാക്ഷാൽക്കാരിക്കപ്പെട്ടതും അല്ലാഹുവിന്റെ അനുഗ്രഹം ഒന്ന്കൊണ്ട് മാത്രമാണ്.
എന്റെ കഠിന പ്രയത്നത്തിന് അല്ലാഹു പ്രതിഫലം തന്നതും ഉപവാസകാലങ്ങളിലെ എന്റെയും കുടുംബത്തിന്റേയും പ്രാർഥന കൊണ്ടു തന്നെ.
വ്രതപുണ്യങ്ങൾ പെയ്ത് നിറഞ്ഞ വിശുദ്ധ റമദാൻ മാസങ്ങൾ എന്നെ തൊഴിൽപരമായി ഏറെ  സഹായിച്ചു. രാത്രിയും പകലും തൊഴിൽ ചെയ്യാൻ എന്നെ പ്രാപ്തനാക്കിയത് റമദാൻ നാളുകളാണ്. അത്തരമൊരു അവസരം എനിക്ക് മുന്നിൽ തുറന്നിടപ്പെടുകയായിരുന്നു. രാത്രിയും പകലും ഞാൻ നടത്തിയ അധ്വാനമാണ്, മറ്റാർക്കും നൽകാത്ത ലോക്കൽ റിലീസ് അതേ കമ്പനി എനിക്ക് തരാൻ നിമിത്തമായത്. അനുജനൊപ്പം ചെറിയ തരത്തിൽ മീൻകച്ചവടത്തിന്റെ വഴി തുറന്നത് ഈ ലോക്കൽ റിലീസാണ്. തുടർന്ന് 
പല വ്യവസായ സംരംഭങ്ങൾ ആരംഭിച്ച് വിജയം കണ്ടു. 
എന്നെ കഠിനാധ്വാനിയാക്കുകയും വിജയത്തിലേക്കുയർത്തിയതും സൗദി അറേബ്യയിലെ പുണ്യപ്രദേശങ്ങളും അനുഗ്രഹങ്ങളുടെ ഉപവാസകാലങ്ങളും ആരാധനയുടെ ആത്മമന്ത്രങ്ങളുണരുന്ന തിരുഗേഹങ്ങളിലെ സുകൃതാമൃതങ്ങളുടെ ജീവചൈതന്യവുമാണെന്ന കാര്യത്തിൽ എനിക്ക് അശേഷം സംശയമില്ല- ആയിരം വട്ടം ഞാൻ ചൊല്ലട്ടെ, അനുദിനം- അൽഹംദുലില്ലാഹ്.

Latest News