Sorry, you need to enable JavaScript to visit this website.

മരുഭൂമിയെ മലർവാടിയാക്കി മലയാളി ദമ്പതികൾ

മരുഭൂമിയെ മലർവാടിയാക്കി മലയാളി ദമ്പതികൾ ശ്രദ്ധേയരാകുന്നു. തൃശൂർ ജില്ലയിലെ എടത്തുരുത്തി സ്വദേശികളായ വലിയവീട്ടിൽ പോളും സിമിയുമാണ്  തങ്ങൾ താമസിക്കുന്ന വില്ലക്ക് ചുറ്റും കൃഷി ചെയ്ത്  മനസ്സുവെച്ചാൽ ആർക്കും മരുഭൂമിയെ മലർവാടിയാക്കാമെന്ന് തെളിയിക്കുന്നത്. 
ഖത്തർ പെട്രോളിയത്തിൽ ഉദ്യോഗസ്ഥയായ സിമി പോളും ബിസിനസുകാരനായ വലിയവീട്ടിൽ പോളും പ്രവാസ ലോകത്തെ തങ്ങളുടെ ഒഴിവുസമയങ്ങൾ ക്രിയാത്മകമാക്കുന്നത്  പൂക്കളേയും ചെടികളേയും പരിചരിച്ചാണ്. പോളിന്റെ ദിവസമാരംഭിക്കുന്നത് അതിരാവിലെ സിമി നൽകുന്ന ചുടു ചായ തോട്ടത്തിലൂടെ നടന്ന് ആസ്വദിച്ച് കുടിച്ചുകൊണ്ടാണ്.  സിമിയാണ് തോട്ടത്തിൽ കൂടുതൽ സമയം ചിലവഴിക്കുന്നത്. അവർക്കാവശ്യമായ പിന്തുണയും പ്രോൽസാഹനവുമാണ് താൻ നൽകുന്നതെന്ന് പോൾ പറഞ്ഞു. 


പോളും സിമിയും കർഷക പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുള്ളവരായതിനാൽ ഏറെ ആസ്വദിച്ചാണ് ഗാർഹിക തോട്ടം പരിചരിക്കുന്നത്. മക്കളായ കെവിനും എഡ്‌വിനും അമ്മയുടേയും അച്ഛന്റേയും ഈ സുന്ദരമായ ഹോബി കണ്ണുനിറയെ കണ്ടാനന്ദിച്ചാണ് ഇതിനോട് ലയിച്ചുചേരുന്നത്. സൗന്ദര്യവും സൗരഭ്യവുമെന്നതിലുപരി പച്ചപ്പിന്റെ തണുപ്പും കുണുപ്പും വീടിന്റെ ഐശ്വര്യമാണ്.    
 പ്രവാസ ജീവിതത്തിന്റെ വരണ്ട നിമിഷങ്ങളെ മനോഹരമാക്കുവാൻ കഴിയുന്നു എന്നു മാത്രമല്ല പ്രകൃതിയുമായി ഇണങ്ങി ചേർന്ന് ചെടികളും പൂക്കളും നട്ടുവളർത്തുകയും താലോലിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന അനുഭൂതി അവാച്യമാണെന്ന് സിമി പറഞ്ഞു. അതുകൊണ്ട് തന്നെ ഓഫീസിലേക്ക് പോകുന്നതിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് ചെടികളെയൊക്കെ പരിചരിക്കുവാൻ ഒരു പ്രയാസവും തോന്നുന്നില്ല. വിരിഞ്ഞ് നിൽക്കുന്ന പൂക്കളും കിളിർത്ത് നിൽക്കുന്ന ചെടികളുമൊക്കെ കണ്ണിനും കരളിനും നൽകുന്ന ആനന്ദം പറഞ്ഞറിയിക്കാനാവാത്തതാണ്.   


ഖത്തറിലെ മഅ്മൂറയിൽ സിമിയും പോളും താമസിക്കുന്ന 149 ാം നമ്പർ വില്ലയിലേക്ക് പ്രവേശിക്കുമ്പോൾ ഏതോ ഇന്റർനാഷണൽ നഴ്‌സറിയിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണുണ്ടാവുക. അത്രമനോഹരമായും പ്രൊഫഷണലായുമാണ് പൂക്കളും ചെടികളുമൊക്കെ സംവിധാനിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഖത്തറിൽ ഗാർഹിക തോട്ടപരിചരണത്തിൽ ശ്രദ്ധേയമായ ഈ കുടുംബം ചെറുതും വലുതുമായ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്. 
ബിസിനസിന്റെ ഏത് തിരക്കുകൾക്കിടയിലും വിളഞ്ഞുനിൽക്കുന്ന പച്ചക്കറികളും പഴങ്ങളുമൊക്കെ കണ്ടുണരുവാൻ കഴിയുകയെന്നത് മഹാ ഭാഗ്യമാണ്. വരണ്ട പ്രവാസ ജീവിതത്തിനിടയിലും പ്രകൃതിയുടെ വരദാനങ്ങളെ താലോലിക്കുകയും അവയെ പരിചരിക്കുകയും ചെയ്യുന്നതിലൂടെ ജീവിതത്തിലും കാഴ്ചപ്പാടിലുമൊക്കെ വലിയ വ്യത്യാസമുണ്ടാകുമെന്ന് പോൾ പറഞ്ഞു.   
ജന്തുശാസ്ത്രവും സസ്യശാസ്ത്രവും പഠിച്ച് വിവാഹാനന്തരം ഖത്തറിലേക്ക് വിമാനം കയറുമ്പോൾ മരുഭൂമിയെക്കുറിച്ച സിമിയുടെ സ്വപ്‌നങ്ങൾ വ്യത്യസ്തമായിരുന്നു. എന്നാൽ ദോഹയിലെത്തിയ ഉടനെ തന്നെ കാഴ്ചപ്പാടുകൾ മാറി. നല്ല മനുഷ്യരും നല്ല മണ്ണുമാണ് മരുഭൂമിയുടെ സവിശേഷതയെന്ന് തിരിച്ചറിഞ്ഞ് താമസിച്ചിരുന്ന ഫഌറ്റിൽ തന്നെ ചെറിയ ചെടികളൊക്കെ വളർത്താൻ തുടങ്ങി. വിസ്മയകരമായ വിളവും ചെടികളുടെ വളർച്ചയുമൊക്കെ വല്ലാത്ത സന്തോഷം നൽകി. കൂടുതൽ പച്ചക്കറികളും ഇലകളും പൂക്കളുമൊക്കെ സംഘടിപ്പിച്ച് കൃഷി ചെയ്യുവാനുള്ള ആവേശം നാൾക്കുനാൾ വർദ്ധിച്ചു. നാട്ടിൽ നിന്നും വരുമ്പോൾ ഓരോ സീസണുകളിലേക്കും പറ്റിയ വിത്തുകളും ചെടികളും പ്രത്യേകം കൊണ്ടുവരുമായിരുന്നു. ലോകത്തിന്റെ  ഏത് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോഴും അവിടങ്ങളിൽ നിന്നുള്ള നല്ല ചെടികളൊക്കെ വാങ്ങിക്കൊടുത്താണ് പോൾ ഈ സംരംഭത്തിന്റെ പ്രായോജകനാകുന്നത്. വീടിന് ചുറ്റും പച്ചപ്പ് പരക്കുകയും നല്ല വിളവ് ലഭിക്കുകയും ചെയ്തു തുടങ്ങിയതോടെ  ഗാർഹിക തോട്ടത്തോടുള്ള  ഹരം കൂടുകയായിരുന്നു.  അധികം താമസിയാതെ ഫഌറ്റിൽ നിന്നും വിശാലമായ വില്ലയിലേക്ക് താമസം മാറിയത് തന്നെ കൃഷിയോടുള്ള കമ്പം കൂടി പരിഗണിച്ചായിരുന്നു.


കൃഷിയുമായും പൂച്ചെടികളുമായുമൊക്കെ ബന്ധപ്പെട്ട കാര്യങ്ങൾ  പറഞ്ഞുകൊടുക്കാനും തൽപരയായ സിമി  ഈയിടെ നടുമുറ്റം നടത്തിയ പരിപാടിയിൽ വിഷയമവതരിപ്പിച്ചത് ധാരാളം വീട്ടമ്മമാരെ കൃഷിയിലേക്ക്  ആകർഷിച്ചിരുന്നു. 
ഗൾഫിലെ കാലാവസ്ഥയനുസരിച്ച് ആഗസ്ത് മുതൽ മാർച്ച് വരെയാണ് സജീവമായ കൃഷി സമയം. ബാക്കി സമയങ്ങളിൽ പരിമിതമായ ചെടികളാണ് വളരുക.    
മുരിങ്ങ,  കറിവേപ്പില, കോവയ്ക്ക , വിവിധതരം മുളകുകൾ, വഴുതന, അമര, നാല് തരം തക്കാളികൾ, പൊതീന, മല്ലിച്ചപ്പ്, നാടൻ കക്കിരി,  വെള്ളരി,പാവൽ, പടവലം, ചീരകൾ,  കാബേജ്, കോളി ഫഌവർ ,ലെട്ടൂസ് , വിവിധ ഇനം പയറുകൾ, കുമ്പളങ്ങ, മത്തങ്ങ, കൈപ്പ, വെണ്ട,  ചെരങ്ങ,  ബത്തക്ക, ശമ്മാം , തുടങ്ങി നൂറോളം വിഭവങ്ങളാണ് ഈ കൊച്ചുഗാർഹിക തോട്ടത്തിൽ വിളയുന്നത് എന്നറിയുമ്പോൾ നാം അദ്ഭുതപ്പെടും. 
കണിക്കൊന്ന, മാവ് , അത്തി, ഞാവൽ ,മാതളം , ഓറഞ്ച്, ചെറുനാരങ്ങ, ആപ്പിൾ, നെല്ലിപ്പുളി, വേപ്പ്, ആര്യ വേപ്പ് , പപ്പായ , വാഴ, മുന്തിരി, വെള്ള മൾബറി, വയലറ്റ് മൾബറി, പേര, സീതപ്പഴം, കടല, പൈനാപ്പിൾ, അവക്കാഡോ തുടങ്ങിയവയും ഈ തോട്ടത്തിലെ പ്രധാന അംഗങ്ങളാണെന്നറിയുമ്പോഴാണ് ഈ മലയാളി ദമ്പതികളുടെ മാതൃകാപ്രവർത്തനം നമ്മെ കൂടുതൽ ആകർഷിക്കുന്നത്.  
ചെടികളെയും പൂക്കളേയുമൊക്കെ ഏറെ താലോലിക്കുന്ന സിമി ഒരു കലാകാരി കൂടിയാണ്. അതിനാൽ  കൃഷിയുടെ തിരക്കൊഴിയുന്ന മാസങ്ങളിൽ ചിത്രം വരച്ചും പെയിന്റ് ചെയ്തുമൊക്കെയാണ് സിമി തന്റെ സ്വപ്‌നസാക്ഷാൽക്കാരം കണ്ടെത്തുന്നത്. പാചകവും ഡിസൈനിംഗുമാണ് സിമിയുടെ മറ്റു ഹോബികൾ. 


പൂക്കളോടാണ് സിമിക്ക് ഏറെ കമ്പം. വില്ലക്ക് പുറത്തും അകത്തും  സൗന്ദര്യവും സൗരഭ്യവും പരത്തുന്ന മനോഹരങ്ങളായ പൂക്കൾ പുഞ്ചിരി തൂകി നിൽകുന്നത് നിത്യവും അവരുടെ സ്‌നേഹമസൃണമായ തലോടലും പരിചരണവുമേൽക്കുന്നതുകൊണ്ടാണ്. 
രാവിലെ തുടങ്ങി രാത്രിവരെ ഊഴം നിശ്ചയിച്ച് വിരിയുകയും ചുങ്ങുകയും ചെയ്യുന്ന പൂക്കളുടെ വിസ്മയലോകം ഏറെ ആകർഷകമാണ്. എട്ടുമണി, പത്തുമണി, സൂര്യകാന്തി, പാരിജാതം, ശ്രീലങ്കൻ മുല്ല, ശംഖുപുഷ്പം, കൊങ്ങിണി, മുല്ല, രാത്രി മുല്ല, പെറ്റൂണിയ ചെത്തി, കനകാമ്പരം, താമര, ആമ്പൽ, ദാലിയ, വൈവിധ്യമാർന്ന റോസാപ്പൂക്കൾ,  ബോഗൻ വില്ല, വൈൻ ചെടികൾ, കൊങ്ങിണി തുടങ്ങി നിരവധി വിഭാഗത്തിൽപ്പെട്ട പൂക്കളും ചെടികളും ഈ വില്ലയെ അലങ്കരിക്കുന്നു.
വിവിധ ഇനം തത്തകൾ, കാട, പ്രാവ്, ലൗ ബേർഡ്‌സ്, കുരുവി, ബഡ്ജി എന്നിവയും സിമിയുടെ തോട്ടത്തിലെ അന്തേവാസികളാണ്. കൂടാതെ ഇൻഡോർ പഌന്റുകളും സിമിയുടെ വില്ലയെ അലങ്കരിക്കുന്നു.    
ഗൾഫിലെ മലയാളി ദമ്പതികളുടെ കേവലം ഹോബി എന്നതിലപ്പുറം ഏറെ ശ്രദ്ധേയമായ ചില കാര്യങ്ങളും ഇത് നന്മെ ഉദ്‌ബോധിപ്പിക്കുന്നു. മനസ്സ് വെച്ചാൽ ഓരോ വീടിനും ആവശ്യമായ പച്ചക്കറികളും ഇലകളുമൊക്കെ സ്വന്തമായി വിളയിച്ചെടുക്കാമെന്ന പ്രായോഗിക പാഠം. വിഷരഹിത പച്ചക്കറികളിലേക്ക് തിരിച്ചുപോകുന്നതിലൂടെ ശരീരത്തിനാവശ്യമായ പോഷകവും പ്രതിരോധവും നൽകുന്ന മികച്ച ഭക്ഷണക്രമത്തിലേക്ക് മാറാമെന്ന സുപ്രധാനമായ പാഠം. 
മണ്ണിന്റേയും വിണ്ണിന്റേയും സ്വഭാവങ്ങൾ സ്വാംശീകരിച്ചാണ് ഭൂമിയിലെ മനുഷ്യവാസം സാധ്യമാകുന്നത്.  പ്രകൃതിയുടെ താളവും ലയവും മനസിന്റെ താളക്രമത്തെ സ്വാധീനിക്കുമെന്നതു മാത്രമല്ല ജീവിതവും സംസ്‌കാരവുമൊക്കെ തീരുമാനിക്കപ്പെടുന്നതും മണ്ണും മനുഷ്യനും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിനനുസരിച്ചാണ്. 
മനുഷ്യൻ മണ്ണിനോട് അകന്നപ്പോഴൊക്കെ അതിസങ്കീർണമായ സാംസ്‌കാരിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട് എന്നതാണ് യാഥാർഥ്യം.
പൂക്കളുടെ സൗന്ദര്യവും സൗരഭ്യവും മാത്രമല്ല കുറച്ച് നേരം   ഈ ചെടികൾക്കിടയിലൂടെ നടക്കുമ്പോൾ മനസിലെ സംഘർഷങ്ങൾ അലിഞ്ഞില്ലാതാവുകയും കൂടുതൽ ക്രിയാത്മകമാവുകയും ചെയ്യുമെന്നാണ് തന്റെ അനുഭവമെന്ന് സിമി പറഞ്ഞു.

Latest News