Sorry, you need to enable JavaScript to visit this website.

ഇത് ചോദിക്കാൻ എങ്ങനെ ധൈര്യം വന്നു? 

കാർട്ടൂണിൽ വരുന്നത്  നാണക്കേടാണെന്നാണ് പലരും കരുതുക. രാഷ്ട്രീയക്കാർ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് അങ്ങനെയല്ല. പ്രധാന പത്രത്തിന്റെ പ്രശസ്ത കാർട്ടൂണിസ്റ്റ് ഒരിക്കൽ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞത് ഒരു പ്രാദേശിക പാർട്ടിയുടെ ദേശീയ നേതാവ് ആ പാർട്ടിയുമായി ബന്ധമുള്ള വിഷയത്തിൽ ചിത്രം സൃഷ്ടിക്കുമ്പോൾ  വരയിൽ തന്നെ ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഓർമപ്പെടുത്താറുണ്ടെന്നാണ്. ലൈംലൈറ്റിലില്ലെങ്കിൽ പ്രിയപ്പെട്ട ജനങ്ങൾ മറന്നു പോയാലെന്ത് ചെയ്യും? അത് പോട്ടെ, നെഗറ്റീവ് പബ്ലിസിറ്റി കൊണ്ട് താര സിംഹാസനം മുതൽ പ്രധാനമന്ത്രി പദം വരെ നേടുന്നവർ നമ്മുടെ കണ്മുന്നിലുണ്ടല്ലോ. പിന്നിട്ട വാരത്തിലാണ് ജ്വല്ലറി ഉടമയും സാമൂഹിക പ്രവർത്തകനുമായ ബോബി ചെമ്മണ്ണൂർ കേരള കൗമുദി ടിവിയിലെ പ്രത്യേക അഭിമുഖത്തിൽ പ്രത്യക്ഷപ്പെട്ടത്. 
രണ്ട് ഇന്റർവ്യൂ ആണോ എന്നുമുറപ്പില്ല. ഒരു വനിതയും പുരുഷനും വെവ്വേറെ സന്ദർഭങ്ങളിൽ ബോബിയോട് ചോദ്യങ്ങളുന്നയിക്കുന്നുണ്ടായിരുന്നു. എല്ലാറ്റിനും തകർപ്പൻ മറുപടിയും. ഒരു വയസ്സുള്ളപ്പോൾ അഛൻ മൂവാറ്റുപുഴയാറിൽ നീന്താൻ കൊണ്ടിടാറുണ്ടെന്ന് പറഞ്ഞ സിനിമാതാരം മഡോണ പോലും ഇത് കേട്ട് ബോധം കെട്ടു വീണുവെന്നാണ് ദുഷ്ടന്മാർ പറയുന്നത്. ഏതായാലും സംഗതി കലക്കി. ആറാം ക്ലാസിലെ കാമുകിയെ കാണാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന ബോബി വീട്ടിലെ കാറെടുത്ത് ലൈസൻസില്ലാതെ ബെംഗളുരുവിലേക്ക് ഡ്രൈവ് ചെയ്തതും ജനങ്ങൾക്ക് ആദായ നിരക്കിൽ ഹെലികോപ്ടർ സർവീസ് ഏർപ്പെടുത്തിയതുമെല്ലാം വലിയ അറിവുകളാണ്. കേരളകൗമുദി ചാനലിന്റെ റീച്ചിന്റെ എത്രയോ മടങ്ങ് പബ്ലിസിറ്റിയാണ് ബോബിയ്ക്ക് ട്രോളന്മാർ സമ്മാനിച്ചത്. യുട്യൂബിൽ ട്രോളുകളുടെ മഹാപ്രവാഹമായിരുന്നു തുടർന്നിങ്ങോട്ട്. അഭിമുഖത്തിന് സിനിമാ ക്ലിപ്പിംഗുകൾ അകമ്പടി ചേർത്തുള്ള വിഭവങ്ങൾ കണ്ടു രസിച്ച് ഉല്ലാസത്തോടെ ആളുകൾക്ക് കിടന്നുറങ്ങാനുള്ള വിഭവങ്ങളാണ് ട്രോളന്മാർ മത്സരിച്ച് തയാറാക്കിയത്. 
ഫുട്‌ബോൾ ഇതിഹാസം ഡിയഗോ മറഡോണ വിട പറഞ്ഞത് ലോകമെമ്പാടുമുള്ള കായിക പ്രേമികളെ വേദനിപ്പിച്ചു. മറോഡണയുടെ കേരള കണക്്ഷനും ബോബിയുമായി ബന്ധപ്പെട്ടാണ്. 2012ൽ ബോബി ചെമ്മണ്ണൂരിന്റെ ജ്വല്ലറി ഉദ്ഘാടനത്തിന് മറഡോണ കേരളത്തിൽ എത്തിയിരുന്നു. റിപ്പോർട്ടർ ടിവി രാത്രി സംവാദത്തിൽ ബോബി ചെമ്മണ്ണൂരിനെയും മോഡലും നടിയുമായ രഞ്ജിനി ഹരിദാസിനെയും പാനലിസ്റ്റുകളായി പങ്കെടുപ്പിച്ചത് ശ്രദ്ധേയമായി. പാശ്ചാത്യ മാധ്യമങ്ങൾ ഒരിക്കൽ മറഡോണയുടെ കാമുകിയായി മാറ്റിയ മോഡലാണ്  രഞ്ജിനി ഹരിദാസ്. കണ്ണൂരിലെ പരിപാടിയിൽ അവതാരകയായി എത്തിയത്  രഞ്ജിനി ആയിരുന്നു. രഞ്ജിനിക്കൊപ്പം മറഡോണ നൃത്തം ചെയ്തിരുന്നു. ചാനലിൽ രഞ്ജിനി പറഞ്ഞു:  വർഷങ്ങൾക്കു മുൻപ്, ഇതിഹാസം തന്റെ ആരാധകരെ കാണാൻ കണ്ണൂരെത്തിയപ്പോൾ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. ഞാൻ അവതരിപ്പിച്ച പരിപാടികളിൽ ഏറ്റവും രസകരവും ഊർജസ്വലമായതും എന്നതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തും. ഫുട്‌ബോൾ താരത്തിന്റെ ഊർജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്‌ബോൾ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്‌നേഹവും തന്നെയായിരിക്കും എല്ലാവരുടേയും മനസിൽ തങ്ങി നിൽക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോൾ.. എന്റെ മനസ് ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ നഷ്ടം. ബോബി ചെമ്മണ്ണൂരും വ്യക്തിപരമായ അനുഭവങ്ങൾ പങ്ക് വെച്ചു. മലയാള സിനിമാലോകവും ഇതിഹാസ ഫുട്‌ബോൾ താരം മറഡോണയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.  മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളും സംവിധായകരും പ്രിയതാരത്തിന് പ്രണാമമർപ്പിച്ചു. ഡിയഗോ മറഡോണ, ഒരു യഥാർത്ഥ ഐക്കൺ, കളിയുടെ ഇതിഹാസം. ആർഐപി' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. സങ്കടം അതൊന്നുമല്ല. മലയാളത്തിലെ യുവതാരം മഡോണ സെബാസ്റ്റിയന്റെ ഇൻബോക്‌സിൽ ആ ദിവസം  ആദരാഞ്ജലികളുടെ പ്രവാഹമായിരുന്നു. മാതൃഭൂമി ഇത് വാർത്തയാക്കുകയും ചെയ്തു.
*** *** ***
മറഡോണ ശരിക്കുമൊരു സഖാവാണോ?  അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കെടുതികൾ ഏറ്റവും അധികം അനുഭവിച്ചവരാണ് ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ജനത. സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടങ്ങളുടെ ഊർജം  തന്നെയായിരുന്നു പലപ്പോഴും അവരുടെ ഫുട്‌ബോളിലും പ്രകടമായത്.  ഫുട്‌ബോളിന് ശേഷം മറഡോണയെ  ലാറ്റിനമേരിക്കയുടെ പ്രിയപ്പെട്ടവനാക്കിയത് സാമ്രാജ്യത്വ വിരുദ്ധതയായിരുന്നു. വലതുകൈയ്യിൽ പച്ചകുത്തിയത് വിപ്ലവ നായകനായ ഏണസ്‌റ്റോ ചെഗുവേരയുടെ ചിത്രമാണ്. 
അർജന്റീനയിൽ ജനിച്ച്, ക്യൂബൻ വിപ്ലവത്തിൽ പങ്കാളിയായി, ഒടുവിൽ ബൊളീവിയിൽ കൊല്ലപ്പെട്ട ചെഗുവേരയുടെ ജീവിതവുമായി പലരും മറഡോണയുടെ രാഷ്ട്രീയ നിലപാടിനെ കൂട്ടിക്കെട്ടാറുണ്ട്.  വലംകൈയ്യിൽ ചെഗുവേര ആയിരുന്നെങ്കിൽ, കാലിൽ ഫിദൽ കാസ്‌ട്രോയുടെ ചിത്രമായിരുന്നു മറഡോണ പച്ചകുത്തിയിരുന്നത്. അഗാധമായ സൗഹൃദമായിരുന്നു കാസ്‌ട്രോയും മറഡോണയും പങ്കുവെച്ചിരുന്നത്. മറഡോണയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിൽ വലിയ സ്വാധീനമായിരുന്നു കാസ്‌ട്രോ ചെലുത്തിയത്. നിയോലിബറൽ നയങ്ങൾക്കും സാമ്രാജ്യത്വത്തിനും എതിരെ മറഡോണ രൂക്ഷ വിമർശമുയർത്തി.  
വെനസ്വേലൻ നേതാവ് ഹ്യൂഗോ ഷാവേസുമായി അടുത്ത വ്യക്തിബന്ധമായിരുന്നു മറഡോണ പുലർത്തിയിരുന്നത്. ലാറ്റിനമേരിക്കൻ ഐക്യത്തെ കുറിച്ചും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ കുറിച്ചും ഇരുവരും വാചാലരായിരുന്നു. ഷാവേസിന്റെ മരണം മറഡോണയെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്തു. ബൊളീവിയൻ പ്രസിഡന്റ് ആയിരുന്ന ഇവോ മൊറേൽസുമായും ബ്രസീലിയൻ പ്രസിഡന്റ് ആയിരുന്ന ലുല ഡ സിൽവയുമായും നല്ല സൗഹൃദമായിരുന്നു മറഡോണയ്ക്ക്. ഇതെല്ലാം സാമ്രാജ്യത്വ വിരുദ്ധ ലാറ്റിനമേരിക്കൻ ചേരിയുടെ ഭാഗമായിത്തന്നെ ആയിരുന്നു. ഇക്കാര്യങ്ങൾ മനസ്സിലാക്കി കേരളത്തിലെ വ്യവസായ മന്ത്രി മറഡോണയ്ക്ക് ആദരാഞ്ജലിയർപ്പിച്ചിട്ടുണ്ട്. കമന്റുകളിൽ പഴയ മുഹമ്മദലിയുടെ നേട്ടങ്ങൾ മുതൽ ബിനോയ് കോടിയേരിയെ  വരെ കാണാനായി. 
*** *** ***
ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങളിൽ ഏറെ കാലമായി ഉയർന്നുകേൾക്കുന്ന പേരാണ് ഫിറോസ് കുന്നംപറമ്പിലിന്റേത്. നിരവധി ഓൺലൈൻ ചാരിറ്റി പ്രവർത്തനങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട്. ഈ രംഗത്ത് തട്ടിപ്പുകളും അനവധിയാണ്. കഴിഞ്ഞ ദിവസം നടൻ റിയാസ്ഖാൻ മുഖ്യകഥാപാത്രമാകുന്ന സിനിമ പ്രഖ്യാപിച്ചിരുന്നു. ഓൺലൈൻ ചാരിറ്റി തട്ടിപ്പുകൾക്ക് എതിരായ പ്രമേയമാണ് സിനിമ. സുരേഷ് കോടാലിപ്പറമ്പൻ എന്നാണ് റിയാസ് ഖാന്റെ കഥാപാത്രത്തിന്റെ പേര്. ഇത് ഫിറോസ് കുന്നംപറമ്പിലിനെ ലക്ഷ്യമിട്ടാണ് എന്ന പ്രചാരണം വന്നു. സോഷ്യൽ മീഡിയയിൽ ട്രോളുകളും വ്യാപകമാണ്. വിഷയത്തിൽ പ്രതികരണവുമായി എത്തി ഫിറോസ്
-റിയാസ് ഖാൻ മുഖ്യകഥാപാത്രമാകുന്ന സിനിമയുടെ പേര് മായക്കൊട്ടാരം എന്നാണ്. ഇതിലെ കഥാപാത്രത്തിന്റെ പേരാണ് സുരേഷ് കോടാലിപ്പറമ്പൻ. പേരുമായുള്ള സാദൃശ്യം കൂടി സൂചിപ്പിച്ചായിരുന്നു ഫിറോസ് കുന്നംപറമ്പിലിനെതിരായ ട്രോളുകൾ. ചാരിറ്റി നടത്തുന്നവരെ അധിക്ഷേപിക്കാനല്ലെന്നും തട്ടിപ്പ് നടത്തുന്നവരെ മാത്രം ലക്ഷ്യമിട്ടാണ് സിനിമ എന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. വിമർശിക്കുന്നവർ ഏറെയാണ്. അവർക്ക് എന്റെ പേരും മതവുമാണ് ലക്ഷ്യം. അവരുടെ മുന്നിൽ മുട്ടുമടക്കാൻ തയ്യാറല്ല. നിങ്ങൾ പരമാവധി ചെയ്‌തോളൂ. ഞാൻ എന്റെ ജോലിയുമായി മുന്നോട്ടുപോകുമെന്നും ഫിറോസ് കുന്നംപറമ്പിൽ വീഡിയോയിൽ പറഞ്ഞു. 
ഞാൻ ആരുടെയും കള്ളപ്പണം വെളുപ്പിക്കാൻ പോയിട്ടില്ല. ആരുടെയും ഹവാല ഏജന്റല്ല. ലഹരി വിൽപ്പന നടത്തിയിട്ടില്ല. സ്വർണം കടത്തിയിട്ടില്ല. ഞാൻ പാവപ്പെട്ടവരെ സഹായിക്കുക മാത്രമാണ് ചെയ്തത്. ഏത് അന്വേഷണ ഏജൻസിയെയും എനിക്കെതിരെ കൊണ്ടുവരൂ. എനിക്ക് പ്രശ്‌നമില്ലെന്നും ഫിറോസ് പറയുന്നു.എല്ലാവരും പറയുന്ന പോലെ അല്ല. മടിയിൽ കനമില്ല എന്ന് പറഞ്ഞാൽ കനമില്ല എന്ന് തന്നെയാണ്. പറയാനുള്ളത് മുഖത്ത് നോക്കി പറയും. ആരുടെയും ചെലവിലല്ല ഞാൻ ജീവിക്കുന്നത്. നിങ്ങൾ വിമർശിച്ചോളൂ. അത് തുടരണം. അപ്പോഴാണ് എന്റെ വീഡിയോസിന് കൂടുതൽ ഫണ്ട് ലഭിക്കുന്നതെന്നും ഫിറോസ് പറഞ്ഞു.
എനിക്കെതിരെ വലിയ ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോൾ സിനിമ വരെ ഒരുക്കുന്നു. വലിയ ഫണ്ട് പിരിച്ച് സിനിമ വരെ പിടിക്കുന്നു. നിങ്ങൾക്കിത് ബിസിനസാണ്. അഭിനയിച്ചാലും സംവിധാനം ചെയ്താലും പണം കിട്ടും. എനിക്ക് ലഭിക്കുന്ന പണത്തിലൂടെയാണ് ഒരുപാട് പേർക്ക് ജീവിത മാർഗം ഒരുങ്ങുന്നത്. ഞാൻ ഇനിയും ചെയ്യും. 
ഈ ജീവിതം ഓടിക്കൊണ്ടേ ഇരിക്കും. നിങ്ങൾ അടിച്ച് താഴെയിടുന്നത് വരെ ഈ ജീവിതം ഓടിക്കൊണ്ടിരിക്കും. ഈ പ്രവർത്തനം തുടരും. ഹവാല, കള്ളപ്പണം തുടങ്ങി എനിക്കെതിരെ പറയുന്നത് നിങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കണം. എന്നെ മോശമാക്കാൻ വലിയ ശ്രമം നടക്കുന്നുണ്ട്. പല മേഖലയിലും പ്രവർത്തിക്കുന്ന വലിയ സംഘമാണ് ഒരുമിച്ച് പ്രവർത്തിക്കുന്നത്.നിങ്ങൾ എന്തിനാണ് എന്നെ പേടിക്കുന്നത്. നിരവധി പേരെ സഹായിക്കുന്നത് കൊണ്ട് എന്തിനാണ് എന്നെ നിങ്ങൾ ഭയക്കുന്നത്. ആളുകൾക്ക് വാഗ്ദാനം മാത്രം നൽകി ജീവിച്ചിരുന്നവർക്ക് എന്നെ പോലുള്ളവർ തിരിച്ചടിയാണ്. എനിക്ക് ഒരു ലക്ഷ്യമുണ്ട്. അതിലേക്കാണ് എന്റെ യാത്ര എന്നും ഫിറോസ് പറയുന്നു.
*** *** ***
റിപ്പോർട്ടർ ടിവിയിലെ ക്ലോസ് എൻകൗണ്ടറിൽ സംഘപരിവാർ ബന്ധം അടക്കമുളള ആരോപണങ്ങൾക്ക് അഡ്വക്കേറ്റ് ജയശങ്കർ മറുപടി നൽകി. പിണറായി വിജയന്റെ യക്ഷകിങ്കര ഗന്ധർവ്വന്മാരാണ് തന്നെ എതിർക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 
താൻ സംഘപരിവാറുകാരനാണെന്ന് പറയുന്നത് സിപിഎമ്മുകാരാണ്.  താൻ എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പൊതുപരിപാടികളിൽ പങ്കെടുക്കാറുണ്ട്. പങ്കെടുക്കാത്തത്  പോപ്പുലർ ഫ്രണ്ടിന്റെ പരിപാടികളിലാണ്. ഏറ്റവും കുറവ് പരിപാടികളിൽ പങ്കെടുത്തിരിക്കുന്നത് സംഘപരിവാർ സംഘടനകളുടെ പരിപാടികളിലാണ് എന്നും ജയശങ്കർ പറഞ്ഞു. സുരേന്ദ്രന് ചരട് കെട്ടിക്കൊടുത്തത് വീടിന് സമീപത്തുളള ക്ഷേത്രത്തിലെ പരിപാടിക്ക് വന്നപ്പോഴാണ്. അതുകൊണ്ടൊന്നും ജനാധിപത്യവും മതേതരത്വവും തകരുമെന്ന് താൻ കരുതുന്നില്ല. കുഞ്ഞാലിക്കുട്ടിയുടേയും തങ്ങളുടേയും ഒപ്പവും താൻ പരിപാടികളിൽ പങ്കെടുക്കാറുണ്ട്. അതിലൊന്നും കാര്യമില്ലെന്നും ജയശങ്കർ അഭിമുഖത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഒരു വലിയ വിഭാഗം ആളുകളിൽ മുസ്്‌ലിം  വിരോധം പടർന്ന് പിടിക്കുന്നുണ്ട്. അത് ഹിന്ദുക്കളിലുളളതിനേക്കാൾ കൂടുതൽ ക്രിസ്ത്യാനികൾക്കുമാണ്. പ്രത്യേകിച്ച് സവർണ ക്രിസ്ത്യാനികൾക്കാണ്. അത് കേരളത്തെ അപകടകരമായ സ്ഥിതിയിലേക്ക് നയിക്കും. ക്രിസ്ത്യാനികൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥയുണ്ടെന്നും ജയശങ്കർ പറഞ്ഞു. മുസ്്‌ലീങ്ങൾക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടെന്നും അവരുടെ ജനസംഖ്യ ഉയർന്ന് വരികയാണ് എന്നുമുളള തോന്നൽ അവർക്കിടയിലുണ്ടെന്നും ജയശങ്കർ പറഞ്ഞു. ബിജെപി ഒരു ഫാസിസ്റ്റ് ശക്തിയാണ് എന്നതിൽ സംശയമില്ല. താൻ ബിജെപിയിലേക്ക് പോകില്ല എന്നത് 101 ശതമാനം ഉറപ്പാണ്. ആ ചോദ്യം ചോദിക്കാൻ എങ്ങനെ ധൈര്യം വന്നുവെന്ന് അവതാരകനായ നികേഷ് കുമാറിനോട് ജയശങ്കർ ചോദിച്ചു. താൻ പങ്കെടുക്കുന്ന ചർച്ചകളിൽ നിന്ന് സിപിഎം പ്രതിനിധികൾ വിട്ട് നിൽക്കുന്നത് എന്തുകൊണ്ടാണ് എന്ന് തനിക്ക് അറിയില്ല. ബഹിഷ്‌ക്കരണം തന്നെ ബാധിക്കില്ല. അവരോട് സഹതാപം മാത്രമേ ഉളളൂ. അവരെ ദൈവം രക്ഷിക്കട്ടെ എന്ന് മാത്രമേ പറയാനുളളൂ. 
*** *** ***
മലയാള സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസിയെ കുറിച്ചും താരസംഘടനയായ അമ്മയെ കുറിച്ചും മനസ്സ് തുറന്ന് നടി ഉർവശി. സ്ത്രീകളുടെ ഉന്നമനത്തിന് സംഘടനയുണ്ടാകുന്നത് നല്ലത്, പക്ഷേ അത് അമ്മയെ തകർത്തു കൊണ്ടാകരുത്.  സ്ത്രീകളുടെ സംഘടനകൾ തുടങ്ങിയതും അതുമായി ബന്ധപ്പെട്ട വിവരങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെയാണ് അറിയുന്നത്. വിഷയവുമായി ഞാൻ ആരോടും സംസാരിച്ചിട്ടില്ല, എന്നോട്  ആരുമൊന്നും പറഞ്ഞിട്ടില്ല. സ്ത്രീകളുടെ ഉന്നമനത്തിലും അവരുടെ ശബ്ദമാകാനും സംഘടനകളുണ്ടാകുന്നത് നല്ലതാണ്. താരസംഘടനയായ അമ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ടറിയാം. അർഹതപ്പെട്ട ഒരുപാടു പേർക്ക് സംഘടനയിലൂടെ വലിയ സഹായം ലഭിക്കുന്നുണ്ട്. അമ്മ പോലൊരു സംഘടനയെ തകർത്തു കൊണ്ടാകരുത് പുതിയ സംഘടനകളുടെ പ്രവർത്തനമെന്ന് ഉർവശി  ഓർമ്മിപ്പിക്കുകയും ചെയ്തു. 
*** *** ***
ടൊവിനോ നായകനായ ഗോദ സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് പഞ്ചാബി സ്വദേശിയായ വാമിഖ ഗബ്ബി. കർഷക പ്രതിഷേധത്തിന് പിന്തുണയറിയിച്ച് കൊണ്ടുള്ള വാമിഖയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. ദൽഹി ചലോ എന്ന മുദ്രാവാക്യവുമായി രാജ്യ തലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന റാലിക്കെതിരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വാമിഖ. ഹരിയാനയുടെ അതിർത്തിയിൽ വെച്ച് വെള്ളിയാഴ്ച രാത്രി മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് വാമിഖ സംഭവത്തിന്റെ വീഡിയോ സഹിതം പോസ്റ്റ് ചെയ്തത്. 
മഹാമാരി കാലത്ത് പോലും നമ്മളെ പട്ടിണി കിടന്ന് മരിക്കാതെ കാത്തു സംരക്ഷിച്ചവരോടാണ് ഇങ്ങനെ ചെയ്യുന്നത്. അവരോടൊപ്പം ഇരുന്ന് സംസാരിക്കാനാവില്ലേ? അവർ പറയുന്നതൊന്ന് കേൾക്കൂ. ജനാധിപത്യം തന്നെയല്ലേ ഇത്. എന്നാൽ പിന്നെ പരസ്പരം സംസാരിക്കാൻ ഒന്നു ശ്രമിക്കൂ സുഹൃത്തേ- എന്നാണ്  വാമിഖയുടെ പോസ്റ്റ്. കർഷകർ ഇന്ദ്രസ്ഥത്തിലേക്ക് മാർച്ച് ചെയ്തതിന്റെ വിശദാംശങ്ങൾ ഹിന്ദി പ്രാദേശിക ചാനലുകളിൽ വരെയുണ്ട്. 
118എ പോലുള്ള വകുപ്പുകൾ പ്രയോഗിച്ചില്ലെങ്കിൽ വാമിഖ ഗബ്ബിയെ പോലുള്ള സിനിമാതാരങ്ങൾ വരെ വഴിമുടക്കാനെത്തും. ജാഗ്രതൈ.
 

Latest News