Sorry, you need to enable JavaScript to visit this website.

കണ്ണീരില്‍ കുതിര്‍ന്ന് അര്‍ജന്റീന

ബ്യൂണസ് ഐറിസ് - വരും തലമുറകള്‍ക്കായി നിരവധി ത്രസിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് ഡിയേഗൊ മറഡോണ മണ്ണോട് ചേര്‍ന്നു. ബ്യൂണസ്‌ഐറിസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍നിന്ന് ആയിരങ്ങളാണ് വികാരഭരിതമായ അന്ത്യയാത്രയില്‍ അണിചേര്‍ന്നത്. പലപ്പോഴും ജനക്കൂട്ടവും പോലീസും ഏറ്റുമുട്ടി. വ്യാഴാഴ്ച സായംസന്ധ്യയുടെ ശോകമൂകമായ അന്തരീക്ഷത്തില്‍ മികച്ച കളിക്കാരിലൊരാള്‍ക്ക് ആരാധകലക്ഷങ്ങള്‍ വിട ചൊല്ലി. തന്റെ അച്ഛനമ്മമാരെ അടക്കം ചെയ്ത ജാര്‍ദിന്‍ ദേ പാസ് സെമിത്തേരിയില്‍ തന്നെയാണ് മറഡോണയുടെയും നിത്യനിദ്ര. ബ്യൂണസ് ഐറിസിലെ പ്രാന്തപ്രദേശത്തുള്ള ബെല്ല വിസ്റ്റയിലാണ് ഈ സെമിത്തേരി. 
പ്രസിഡന്‍ഷ്യല്‍ പാലസില്‍ മറഡോണയുടെ മൃതദേഹം കാണാന്‍ തടിച്ചുകൂടിയവരെ നിയന്ത്രിച്ചു നിര്‍ത്താന്‍ റയട് പോലീസ് പലതവണ ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. വ്യാഴാഴ്ച രാവിലെ മുതല്‍ ആയിരങ്ങളാണ് അവസാനമായി പ്രിയ താരത്തെ കാണാന്‍ വരി നിന്നത്. രണ്ടു കിലോമീറ്ററോളം വരി നീണ്ടു. ജനക്കൂട്ടം കൊട്ടാരത്തിന്റെ മുറ്റത്തേക്ക് ഇടിച്ചുകയറിയതോടെ മൃതദേഹം സുരക്ഷാ മുന്‍കരുതലെന്ന നിലയില്‍ ഉള്‍വശത്തെ മുറിയിലേക്ക് മാറ്റി. അന്ത്യയാത്ര മണിക്കൂറുകളോളം നീണ്ടു. നീലപ്പതാകയും പത്താം നമ്പര്‍ ജഴ്‌സിയും പുതപ്പിച്ച ശവപേടകം ബ്യൂണസ് ഐറിസിന്റെ തെരുവുകളിലൂടെ നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ഇരുവശത്തും പാലങ്ങള്‍ക്കു മുകളിലുമൊക്കെയായി ആയിരങ്ങള്‍ അണിനിരന്നു. ഒരു മണിക്കൂറോളമെടുത്താണ് സെമിത്തേരിയിലെത്തിയത്. പലരും പൂവുകളും സോക്കര്‍ ഷര്‍ടുകളും ശവപേടകത്തിനു നേരെ എറിഞ്ഞു.

Latest News