കാലം കാത്തു വെച്ച ഗോള്‍

1986 ജൂണ്‍ 22 ലോകകപ്പ് ചരിത്രത്തിലെ അവിസ്മരണീയ ദിനമാണ്. ഏറ്റവും വലിയ വിവാദങ്ങളിലൊന്നും ഏറ്റവും മികച്ച ഗോളും വഴി ആ ദിവസം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു. രണ്ട് മികച്ച ലോകകപ്പുകള്‍ക്ക് വേദിയൊരുക്കിയ മെക്‌സിക്കോയിലെ ലോകപ്രശസ്തമായ ആസ്റ്റെക്ക സ്റ്റേഡിയമാണ് ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ആ ക്വാര്‍ട്ടര്‍ ഫൈനലിന് വേദിയൊരുക്കിയത്.ഡിയേഗൊ മറഡോണയാണ് രണ്ടു ഗോളും നേടിയത്. ഒന്നാമത്തേത് വിവാദമായി കത്തിപ്പടര്‍ന്നപ്പോള്‍ രണ്ടാമത്തേത് കാലത്തിന് മറഡോണ സമ്മാനിച്ച നയനമനോഹരമായ ദൃശ്യ വിരുന്നായിരുന്നു. 
റഫറിയെയും ഇംഗ്ലണ്ട് ഗോളി പീറ്റര്‍ ഷില്‍ടനെയും കബളിപ്പിച്ച് നേടിയ ആദ്യ ഗോളിന്റെ പാപക്കറ മുഴുവന്‍ തീര്‍ക്കുന്നതായിരുന്നു രണ്ടാമത്തെ ഗോള്‍. എക്കാലത്തെയും മികച്ച ലോകകപ്പ് ഗോളിനായി ഫിഫ വെബ്‌സൈറ്റ് നടത്തിയ വോട്ടെടുപ്പില്‍ 18,062 പേര്‍ ഈ ഗോളിന് വോട്ട് ചെയ്തു, രണ്ടാം സ്ഥാനത്തുള്ള ഗോളിനെക്കാള്‍ എണ്ണായിരത്തോളം വോട്ട് കൂടുതല്‍. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ ആ ഗോളിന് സ്മാരകമുണ്ട്.
ഗ്ലെന്‍ ഹോഡിലിനെ വെട്ടിച്ചാണ് മറഡോണ കുതിപ്പ് തുടങ്ങിയത്. പീറ്റര്‍ റീഡും കെന്നി സാന്‍സമും ഞൊടിയിടയില്‍ പിന്നിലായി. ടെറി ബുച്ചറെ രണ്ടു തവണ വെട്ടിച്ചു. ഫെന്‍വിക്കിനെയും കടന്ന മറഡോണ ഗോളി ഷില്‍റ്റനെ കടത്തി പന്ത് വലയിലേക്കു പറത്തി. 'ജീവിതത്തിലൊരിക്കലേ എതിരാളികളുടെ ഒരു ഗോളിനെ എനിക്ക് പ്രശംസിക്കേണ്ടി വന്നിട്ടുള്ളൂ' -ആ ഗോളിനെക്കുറിച്ച് ഇംഗ്ലണ്ട് സ്‌ട്രൈക്കര്‍ ഗാരി ലിനേക്കര്‍ പറഞ്ഞു. 
വര്‍ഷങ്ങള്‍ക്കു ശേഷം മറഡോണയും ഒന്നയഞ്ഞു. ആ ഗോള്‍ പിറന്നതിന് ഒരു കാരണം ഇംഗ്ലണ്ട് പ്രതിരോധനിര ഏറ്റവും മാന്യമായതു കൊണ്ടാണെന്നും മറ്റു ടീമുകള്‍ തന്നെ ചവിട്ടിയിട്ടിട്ടണ്ടാകുമെന്നും മറഡോണ സമ്മതിച്ചു. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായാണ് അത് വിലയിരുത്തപ്പെടുന്നത്. 

Latest News