Sorry, you need to enable JavaScript to visit this website.

മരിക്കാത്ത ഓര്‍മകള്‍ ബാക്കി, മറഡോണ മരണപ്പെട്ടു

റിയോഡിജനീറോ- ഫുട്‌ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. അർജന്റീനയെ ലോകകപ്പ് കിരീടം ചൂടിപ്പിച്ച മറഡോണ ലോക ഫുട്‌ബോളിലെ ഇതിഹാസമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.

അർജന്റീനോസ് ജൂനിയേഴ്‌സ്, ബോക്ക ജൂനിയേഴ്‌സ്, ബാഴ്‌സലോണ, നാപ്പോളി, സെവിയ്യ, നെവെൽസ് ഓൾഡ് ബോയ്‌സ് എന്നീ പ്രമുഖ ക്ലബുകൾക്ക് വേണ്ടി കളിച്ച താരമാണ്. അന്താരാഷ്ട്രഫുട്‌ബോളിൽ അർജന്റീനക്ക് വേണ്ടി 91 കളികൾ കളിച്ച മറഡോണ 34 ഗോളുകൾ നേടിയിട്ടുണ്ട്.

1982 മുതൽ 1994 വരെയുള്ള നാല് ലോകകപ്പുകളിൽ അർജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതിൽ 1986ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്. മറഡോണയുടെ നായകത്വത്തിൽ കളിച്ച അർജന്റീന ടീം ഫൈനലിൽ പശ്ചിമജർമ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ മറഡോണ സ്വന്തമാക്കുകയും ചെയ്തു. ഈ ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെയുള്ള കളിയിൽ മറഡോണ നേടിയ രണ്ടു ഗോളുകൾ ചരിത്രത്തിലിടംപിടിച്ചു. റഫറിയുടെ ശ്രദ്ധയിൽപ്പെടാതെ കൈ കൊണ്ട് തട്ടിയിട്ട് നേടിയ ആദ്യത്തെ ഗോൾ ദൈവത്തിന്റെ കൈ എന്ന പേരിലും, ആറ് ഇംഗ്ലണ്ട് കളിക്കാരെ വെട്ടിച്ച് 60 മീറ്റർ ഓടി നേടിയ രണ്ടാം ഗോൾ നൂറ്റാണ്ടിന്റെ ഗോൾ ആയും വിശേഷിപ്പിക്കപ്പെടുന്നു. കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അർജന്റീന ഇംഗ്ലണ്ടിന്റെ തോൽപ്പിച്ചു.
ബ്യൂണസ് അയേഴ്‌സിന്റെ തെക്കൻ പ്രാന്തപ്രദേശത്തെ ചേരിയിൽ ഒരു ദരിദ്രകുടുംബത്തിലായിരുന്നു മറഡോണ ജനിച്ചത്. മറഡോണയുടെ കുടുംബം അർജന്റീനയിലെ കൊറിയന്റസ് പ്രവിശ്യയിൽ നിന്നും ബ്യൂണസ് അയേഴ്‌സിലേക്ക് കുടിയേറിയതായിരുന്നു.
പത്താം വയസിൽ തദ്ദേശീയ ക്ലബായ എസ്‌ട്രെല്ല റോജാക്ക് വേണ്ടി കളിക്കുമ്പോൾത്തന്നെ തന്റെ പ്രകടനങ്ങൾ കൊണ്ട് മറഡോണ ശ്രദ്ധേയനായി. തുടർന്ന് അർജന്റിനോസ് ജൂനിയഴ്‌സിന്റെ ഒരു ജൂനിയർ ടീമായ ലോസ് സെബൊളിറ്റാസിൽ അംഗമായി. അർജന്റീനയിലെ ഒന്നാം ഡിവിഷൻ കളികളുടെ ഇടവേളകളിലെ പന്തടക്കപ്രകടനങ്ങൾ മറഡോണക്ക് മാദ്ധ്യമശ്രദ്ധ നൽകി. അർജന്റീനോസ് ജൂനിയേഴ്‌സിൽ കളിക്കുമ്പോൾ കുട്ടിയായിരുന്ന മറഡോണയെ പലപ്പോഴും പ്രായം കൂടിയവരുടെ കളികളിൽ തുരുപ്പു ചീട്ടായി പരിശീലകൻ കളിക്കാനിറക്കുമായിരുന്നു. 1976 മുതൽ 1980 വരെയുള്ള കാലയളവിൽ അർജന്റീനോസ് ജൂനിയേഴ്‌സിനു വേണ്ടി മറഡോണ 166 മത്സരങ്ങൾ കളിക്കുകയും അതിൽ നിന്ന് 111 ഗോളുകൾ നേടുകയും ചെയ്തു. 1975ൽ അർജന്റീന ഒന്നാം ഡിവിഷൻ ലീഗിലെ 20 ടീമുകളിൽ പത്തൊമ്പതാം സ്ഥാനത്തായിരുന്ന അർജന്റീനോസ് ജൂനിയേഴ്‌സ്, 1980ൽ രണ്ടാം സ്ഥാനത്തേക്കെത്തിയതിൽ മറഡോണയുടെ പങ്ക് എടുത്തുപറയത്തക്കതാണ്.

1981ൽ മറഡോണ ബൊകാ ജൂനിയേഴ്‌സിലേക്ക് മാറി. പത്തു ലക്ഷം പൗണ്ടായിരുന്നു കൈമാറ്റത്തുക. ബൊക്ക ജൂനിയേഴ്‌സിനു വേണ്ടി 1982 വരെ കളിച്ച മറഡോണ, 1982ൽ ടീമിനെ ലീഗ് ജേതാക്കളാക്കുന്നതിൽ പ്രമുഖപങ്കുവഹിച്ചു.

1982ലെ ലോകകപ്പിനു ശേഷം, യൂറോപ്പിലെ പ്രശസ്തമായ ഫുട്‌ബോൾ ക്ലബ്ബായ ബാഴ്‌സലോണ മറഡോണയെ സ്വന്തമാക്കി. 1983ൽ മറഡോണയുൾപ്പെട്ട ബാഴ്‌സലോണ സംഘം, റിയൽ മാഡ്രിഡിനെ തോൽപ്പിച്ച് കോപ ഡെൽ റെയ് കപ്പും, അത്‌ലെറ്റിക്കോ ബിൽബാവോയെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും സ്വന്തമാക്കി. എങ്കിലും ബാഴ്‌സലോണയിൽ കളിക്കുന്ന കാലയളവ് പരിക്കുകളുടേയും രോഗത്തിന്റേയ്യും വിവാദങ്ങളുടേയും കാലമായിരുന്നു.1984ൽ മറഡോണ ബാഴ്‌സലോണ വിട്ട് ഇറ്റലിയിലെ നാപ്പോളി ക്ലബിലേക്ക് ചേക്കേറി. ഇത്തവണത്തെ കൈമാറ്റത്തുകയായിരുന്ന 69 ലക്ഷം പൗണ്ടും മറ്റൊരു റെക്കോഡായിരുന്നു.
1984 മുതൽ 1991 വരെ മറഡോണ നാപ്പോളിക്കു വേണ്ടി കളിക്കുകയും ഒട്ടേറെ കിരീടവിജയങ്ങളിൽ പങ്കാളിയാകുകയും ചെയ്തു. ഇക്കാലയളവാണ് മറഡോണയുടെ ഫുട്‌ബോൾജീവിതത്തിന്റെ സുവർണ്ണകാലമായി കണക്കാക്കപ്പെടുന്നത്. നാപ്പോളി ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവും ഇക്കാലയളവിലാണ്. നാപ്പോളിക്ക് ആകെ ലഭിച്ച രണ്ട് ഇറ്റാലിയൻ സീരി 'എ' കിരീടങ്ങളും (1986-87, 1989-90), ഒരു യുവേഫ കപ്പും (1988-89) ഈ വേളയിലേതാണ്. 1987-88, 1988-89 സീസണുകളിൽ ഇറ്റാലിയൻ സീരി എയിൽ നാപ്പോളി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 1987-88 സീസണിൽ 15 ഗോളുകൾ നേടിയ മറഡോണയായിരുന്നു ഏറ്റവുമധികം ഗോളുകൾ നേടിയത്. ഇതിനു പുറമേ ഒരു കോപ്പാ ഇറ്റാലിയ കിരീടവും (1986-87) ഒരു സൂപ്പർ കോപ്പ ഇറ്റാലിയാന കിരീടവും (1990-91) നാപ്പോളി, മറഡോണയുടെ കാലത്ത് നേടിയിട്ടുണ്ട്. 

1991 മാർച്ച് 17ന് ലോകകപ്പ് ഫുട്‌ബോൾ മൽസരത്തിനു ശേഷമുള്ള പരിശോധനയിൽ മറഡോണ, മയക്കുമരുന്ന് (കൊക്കെയ്ൻ) ഉപയോഗിച്ചതായി കണ്ടെത്തി. ഇതിനെത്തുടർന്ന് 15 മാസത്തേക്ക് ഫുട്‌ബോളിൽ നിന്ന് അദ്ദേഹത്തെ വിലക്കി.

Latest News