Sorry, you need to enable JavaScript to visit this website.

നിറം മാറിയ ബോർഡ്

കാത്തിരുന്നു മുഷിഞ്ഞ കിനാവുകൾ പുതിയ ഉടയാടകളണിഞ്ഞു. ചുവപ്പിനു മേൽ ചുവപ്പണിഞ്ഞ് ആരെയും ആകർഷിക്കും വിധം പുഞ്ചിരി തൂകി.
പക്ഷേ, കണ്ടുനിന്നവരിൽ കണ്ണീരോർമകൾ. താലോലിച്ചു വളർത്തിയ സ്വപ്‌നങ്ങളുടെ ഉടമ അറിഞ്ഞോ അറിയാതെയോ ആണ് ഈ വഴി പിരിയൽ. സ്വപ്‌നങ്ങളേറ്റെടുക്കാൻ പുതിയ ഒരാളു വന്നപ്പോൾ വിൽക്കാനാളുണ്ടായി. 
ആരാന്റെ സ്വപ്‌നങ്ങളുടെ വില അയാൾക്കറിയില്ലല്ലോ? സ്വന്തം സ്വപ്‌നങ്ങളാണ് എല്ലാവർക്കും പ്രധാനം. അതിനു ദേശഭാഷാ വർണ ഭേദങ്ങളില്ല. സ്വ്പനങ്ങൾ തൂക്കിവിറ്റയാൾക്ക് മാത്രമല്ല, പുതിയ കിനാവുകൾ ഏറ്റെടുത്തയാൾക്കും കത്തിച്ചാമ്പലായ സ്വപ്‌നങ്ങളുടെ വില അറിയണമെന്നില്ല.
രണ്ടു മൂന്ന് ദിവസമായി അതുവഴി കടന്നു പോകുമ്പോഴെല്ലാം മൽബുവിന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതായിരുന്നു ആ കാഴ്ച. കാരണം കഴിയും വേഗം തിരികെ വരാൻ നോക്കുമെന്ന് പറഞ്ഞ് നാട്ടിൽ പോയ മൽബുവിന്റെ കൂട്ടുകാരനാണ് പാതി വഴിയിൽ നിലച്ചുപോയ ഈ സ്വപ്‌നങ്ങളുടെ ഉടമ. 


നാടുവിട്ടവൻ നടുമുറിയെ പണിയെടുത്താലും സ്വന്തം കാലിൽ നിൽക്കാൻ പാകത്തിന് വല വീശണമെന്ന സിദ്ധാന്തത്തിന്റെ ഉടമയായിരുന്നു അയാൾ. സിദ്ധാന്തം പറയുന്ന പ്രവാസികൾ ധാരാളമുണ്ടെങ്കിലും പ്രയോഗത്തിലേക്ക് കടന്നതാണ് അയാളെ വേറിട്ടവനാക്കിയത്. സ്വന്തം ബിസിനസുകാരൻ.
കിനാവുകൾ നടാൻ ഒപ്പമുണ്ടായിരുന്ന കൂട്ടുകാരൻ കൂടുതൽ ഉയരത്തിലുള്ള പുതിയ ആകാശം തേടി പറന്നകന്നെങ്കിലും ഓളങ്ങൾക്കിടയിലൂടെ തനിച്ചു തുഴയുകയായിരുന്നു അയാൾ. പാറക്കൂട്ടങ്ങൾ പോലെ വലിയ തടസ്സങ്ങൾ വന്നപ്പോൾ ഏതൊരു പ്രവാസിയേയും പോലെ ഈ തമസ്സിനപ്പുറത്തൊരു വെളിച്ചമുണ്ടെന്ന് അയാളും പാടി. 
മൽബുവിനെ പോലുള്ള പലരുടെയും കേന്ദ്രമായിരുന്നു അത്. നാട്ടിലേക്ക് വിളിക്കാനുള്ള നെറ്റ് കാർഡ് മാത്രമല്ല, അത്യാവശ്യക്കാർക്ക് യഥാസമയം പണമെത്തിക്കാനുള്ള അഭയ കേന്ദ്രം കൂടിയായി മാറി അത്.
മൽബിയെ പോലുള്ളവർ ഫോണിൽ വിളിച്ചു ചോദിച്ചു.
നിങ്ങൾക്ക് ഓനോട് പറഞ്ഞ് അയപ്പിച്ചൂടെ.. പിന്നെ കൊടുത്താൽ പോരേ.. 


അങ്ങനെ നാട്ടിലുള്ള മൽബികൾക്കും പ്രിയങ്കരനായി ഈ സ്വപ്‌ന കാമുകനും അവൻ വഴി രൂപഭേദം വരുന്ന റിയാലുകളും. 
കടയുടെ ഷട്ടർ താഴ്ത്തരുതെന്ന് മൽബു അവനോട് പലതവണ പറഞ്ഞിട്ടുണ്ട്. തിരികെയെത്തും വരെ ആരെയങ്കിലും പിടിച്ചാക്കിയാൽ മതീന്നും. അനുഭവമാണല്ലോ ഗുരു. ഒരിക്കലങ്ങനെയൊരു പകരക്കാരൻ തേച്ചിട്ടുപോയ കഥ പറഞ്ഞു അയാൾ. അതുകൊണ്ട് രണ്ടോ മൂന്നോ കൂടിയാൽ ആറു മാസം വരെ പൂട്ടിയിട്ടാലും സാരമില്ല.
ആദ്യത്തെ കൺമണിയെ കൊഞ്ചിക്കാൻ കുറച്ചധികം നിൽക്കണമെന്ന് പറഞ്ഞായിരുന്നു ഒടുവിൽ യാത്ര. അറംപറ്റിയതു പോലെ കോവിഡ് കാലം അതിനവസരമൊരുക്കി.
കയറ്റം കഴിഞ്ഞാലൊരു ഇറക്കമുണ്ടെന്നും ഈ കാലവും പോകുമെന്നും പറയാനാണ് മൽബു അയാളെ വിളിച്ചത്. 
നഷ്ടസ്വപനങ്ങൾക്കു മേൽ പുതിയ പ്രതീക്ഷ പകർന്നു നൽകണം. അതാണ് പ്രവാസികളുടെ ശീലവും. മതമോ ജാതിയോ പാർട്ടിയോ ഒന്നും നോക്കില്ല. ഒരാൾക്ക് മറ്റൊരാൾ തണലാകുന്നതാണ് ചരിത്രം.


മൽബു പറഞ്ഞു: ഒന്നും ചെയ്യാൻ കഴിഞ്ഞില്ലാട്ടോ. ഒരു ബംഗാളിയുടെ നേതൃത്വത്തിൽ കുറെ പേർ ചേർന്ന് നിങ്ങളുടെ കട പിടിച്ചടക്കി. അതിന്റെ ബോർഡൊക്കെ കടുംചുവപ്പാക്കി. ബംഗാളിയോട് ഞാൻ നിങ്ങളുടെ സ്വപ്‌നങ്ങളെ കുറിച്ചൊക്കെ പറഞ്ഞു. മറുപടി കേട്ടപ്പോൾ അവന് നിങ്ങളേക്കാൾ വലിയ സ്വപ്‌നങ്ങൾ. 
ഒക്കെ ഞാനറിഞ്ഞു ഇക്കാ.. പിന്നെ ഇത്തിരി നേരം നിശ്ശബ്ദതയായിരുന്നു.
അവനെ യാഥാർഥ്യത്തിലേക്ക് കൊണ്ടുവരനായിരുന്നു വളഞ്ഞ വഴിയിലൂടെ മൽബുവിന്റെ ശ്രമം. 
പക്ഷേ അയാൾ യഥാസമയം എല്ലാം അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ വാർത്ത അപ്രതീക്ഷിതമല്ലതായി. 
അത്രയെങ്കിലും ഭാഗ്യം. ആരോരും അറിയാതെ എത്രയെത്ര പ്രവാസി സ്വപ്‌നങ്ങൾ ഇല്ലാതാകുന്നു. 
ഞാൻ അന്നേ പറഞ്ഞതാണ്.. ആരെയെങ്കിലും ആക്കുന്നതാണ് നല്ലതെന്ന്: മൽബു പറഞ്ഞു.
സാരമില്ല മൽബൂ.. ദുബായ് വഴിയെങ്കിലും  അവിടെ എത്തിച്ചേരണമെന്ന് പലതവണ ആലോചിച്ചതായിരുന്നു.
ആലോചിച്ചു തീരുമ്പോഴേക്കും കഥ മാറിയല്ലേ..


അങ്ങനെ തന്നെയാണ് സംഭവിച്ചത്.
ബിൽഡിംഗിന്റെ കഫീൽ എത്ര കാലം കാത്തുനിൽക്കും. വാടകയാണല്ലോ അയാളുടെ ജീവിതം. 
പക്ഷേ അയാൾ മാന്യനാണ്. നിങ്ങളെ സമയത്ത് വിവരങ്ങളെങ്കിലും അറിയിച്ചല്ലോ. 
അല്ലാതെയും എത്രയെത്ര സ്ഥാപനങ്ങൾ നഷ്ടപ്പെടുന്നു.
അതെ, നല്ല വാക്കുകൾ പറഞ്ഞു. അതു കേട്ടപ്പോൾ ഇത്തിരി സന്തോഷമായി. തൽക്കാലം കട വേറൊരാൾക്ക് കൊടുക്കകയാണെന്നും സാഹചര്യം മാറിയാൽ പുതിയ വിസ തരപ്പെടുത്തി അയക്കാമെന്നും പറഞ്ഞിട്ടുണ്ട്. ഇനിയിപ്പോ ആ വാക്കുകളിലാണ് പ്രതീക്ഷ.
അതെ ഈ കാലം പോയിമറയുമെന്ന പ്രതീക്ഷ തന്നെയാണ് പൂത്തുവിടരുന്നത്. സ്ഥിതിഗതികൾ മാറിവരികയാണ്. അധികം വൈകാതെ നിങ്ങൾക്കും തിരിച്ചെത്താൻ പറ്റും: മൽബു പറഞ്ഞു.
തൽക്കാലം കുഞ്ഞുമോനൊടപ്പം ആഹ്ലാദകരമാകട്ടെ ഓരോ ദിനവും. അവനിലൂടെ കിനാവുകൾക്ക് നിറം നൽകൂ. കൊറോണ കൊണ്ടുവന്ന നഷ്ടത്തെ ലാഭത്തിൽ മൈനസ് ചെയ്ത് പുതിയ കണക്കുകൾ നിർമിക്കൂ.. 

 

ഫോൺ വെച്ചപ്പോഴാണ് കണക്കിനെ കുറിച്ച് പറയണ്ടാരുന്നുവെന്ന് മൽബുവിന് തോന്നിയത്.
അത് കേട്ടപ്പോൾ രണ്ടു കാരണങ്ങളാൽ അയാൾ പോക്കറ്റിൽ തപ്പിക്കാണും. ഒന്ന്, നാട്ടിലെന്താ ഇപ്പോൾ ചെലവ്. കോവിഡ് കാരണം ഒന്നും രണ്ടും മാസത്തിനപ്പുറം കുടുബത്തോടൊപ്പം കഴിയാൻ അസുലഭാവസരം ലഭിച്ചവരും മടങ്ങാൻ തിരക്കു കൂട്ടൂന്നു.  
രണ്ട്, ഓരോ ദിവസവും റിയാലിൽ രൂപ ഭേദപ്പെടുമ്പോഴുള്ള കണക്കിൽ കൂടിയായിരുന്നല്ലോ അയാളുടെ ജീവിതം. റിയാലിനിന്നെത്ര കിട്ടുമെന്ന ചോദ്യത്തിന് എപ്പോഴും അയാളിൽ ഉത്തരം റെഡിയായിരുന്നു.

Latest News