Sorry, you need to enable JavaScript to visit this website.

ഓ മൈ ജൂലി നിന്റെ ഗിറ്റാറിൻ മാറിലെത്ര കമ്പി... 

മുംബൈ അങ്ങാടിയിൽ ആയിരക്കണക്കിന് ബേക്കറികളുണ്ട്. ലോകത്തെ പല നഗരങ്ങളുടേയും പേരുകൾ സ്ഥാപനങ്ങൾക്ക് നൽകുകയെന്നതും ഒരു ഫാഷനാണ്. തലശ്ശേരിയിലെ പാരീസ് ഹോട്ടലുകാരന്റെ പൂർവ പിതാക്കൾ ഫ്രഞ്ചുകാരായതു കൊണ്ടൊന്നുമല്ല പണ്ട് കാലത്ത് ബിരിയാണിക്ക് പ്രസിദ്ധമായ ലോഗൻസ് റോഡിലെ ഹോട്ടലിന് ആ പേര് വന്നത്. മുംബൈ ബാന്ദ്രയിൽ 1953 മുതൽ പ്രവർത്തിച്ചു വരുന്നതാണ് കറാച്ചി ബേക്കറി. രാപകൽ വ്യത്യാസമില്ലാതെ നല്ല കച്ചവടം നടക്കുന്ന സ്ഥാപനമാണിത്. ഇവിടത്തെ പലഹാരങ്ങളും ഐസ്‌ക്രീമും രുചിയേറിയതാണ്. ഒരിക്കൽ സന്ദർശിച്ച കസ്റ്റമർക്ക് വീണ്ടും വരാൻ തോന്നും. അതൊക്കെ നല്ല കാര്യം. 
ശിവസേനയുടെ പുലിയായിരുന്ന ബാൽതാക്കറെയുടെ ആസ്ഥാനത്തിൽ നിന്ന് അധികം ദൂരെയല്ല ഈ സ്ഥാപനം. അദ്ദേഹം ജീവിച്ചിരുന്ന കാലത്തൊക്കെ സ്ഥാപനം കുഴപ്പമില്ലാതെ നടത്തി. ശിവസേനയുടെ പ്രദേശിക നേതാവിന്റെ ബുദ്ധി പ്രവർത്തിച്ചു തുടങ്ങിയത് അടുത്തിടെയാണ്. അതെന്താ ഇന്ത്യയ്ക്കകത്ത് ഒരു കറാച്ചി ബേക്കറി. പാക്കിസ്ഥാനിലെ കറാച്ചിയാണെങ്കിൽ ആഗോള ഭീകരതയുടെ ഹെഡ് ഓഫീസും. ഒന്നുമാലോചിച്ചില്ല, ബേക്കറിക്കാരൻ അറിയാനായി ഒരു വീഡിയോ ക്ലിപ്പ് പുറത്തിറക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ നിന്റെ പൂർവീകർ പാക്കിസ്ഥാനിൽനിന്ന് വന്നവരായിരിക്കും. അതു കൊണ്ടാണല്ലോ ബേക്കറിയ്ക്ക് ഇത്തരമൊരു പേര് കൊടുത്തത്. വേറെ നല്ല പേരൊന്നും കിട്ടിയില്ലേ മോനേ എന്ന് ശങ്കരാടി ചോദിച്ചത് പോലെ ഉപദേശം തുടർന്നു. 
മറാത്തി ഭാഷയിലെ വേറെ വല്ല പേരും തെരഞ്ഞെടുത്ത് സ്ഥാപനത്തിന്റെ പേര് മാറ്റുന്നതാണ് ഉചിതമെന്നും ഭീഷണിയുണ്ട്. സ്ഥാപനത്തിന്റെ ബോർഡ് മറച്ചു വെച്ചിരിക്കുകയാണിപ്പോൾ. കോൺഗ്രസ്, എൻ.സി.പി തുടങ്ങിയ മതേതര പാർട്ടികൾക്കൊപ്പമാണ് ശിവസേന മുംബൈ തലസ്ഥാനമായുള്ള മഹാരാഷ്ട്ര ഭരിക്കുന്നത്. പുള്ളിപ്പുലിയ്ക്ക് സഫാരി സ്യൂട്ട് വാങ്ങിക്കൊടുത്താലും അതിന്റെ സ്വഭാവം മാറില്ലെന്ന് പഴമക്കാർ പറഞ്ഞുവെച്ചത് വെറുതെയല്ല. ഏതായാലും ഇന്ത്യ ടിവിയിലും സീ ന്യൂസിലും ഇതൊരു വലിയ വാർത്തയായി. കോവിഡ് കൊണ്ട് പൊറുതിമുട്ടി കഴിയുമ്പോൾ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നാണല്ലോ കറാച്ചിയുടെ പേരിൽ ഒരു ബേക്കറി പ്രവർത്തിക്കുന്ന കാര്യം. 
*** *** ***
അഡ്വ. എ. ജയശങ്കർ പങ്കെടുക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം എ.എൻ ഷംസീർ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവർ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയത്. ഇതിനെതിരെ ചാനൽ അവതാരകൻ വിനു വി. ജോൺ രംഗത്ത് വരികയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിന് മുന്നിൽ വിനീത വിധേയരായി ഇരിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും ഷംസീർ വ്യക്തമാക്കുന്നു. ജയശങ്കറിനെ പോലുള്ള പാനലിസ്റ്റുകൾ ഉണ്ടെങ്കിൽ ചർച്ചയിൽ പങ്കെടുക്കുകയില്ല എന്നത് ചാനൽ അധികൃതരുമായി നേരത്തേ ഉണ്ടാക്കിയ ധാരണയാണെന്ന് ചർച്ചയിൽ തന്നെ ഷംസീർ വ്യക്തമാക്കിയിരുന്നു. എന്നാൽ അത്തരമൊരു ധാരണയെ കുറിച്ച് തനിക്ക് അറിയില്ല എന്നാണ് വിനു വി. ജോൺ പറയുന്നത്. എ. ജയശങ്കറിനെ  പിന്തുണച്ച് പിന്നീട് വിനു വി. ജോൺ സംസാരിക്കുകയും ചെയ്തു. ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ താൽപര്യത്തിനനുസരിച്ച് പാനൽ ഉണ്ടാക്കാൻ സാധ്യമല്ലെന്നും പറഞ്ഞു. എന്തുകൊണ്ടാണ്, ജയശങ്കറിനെ പോലുള്ളവർ ഉള്ള പാനലിൽ ചർച്ചയിൽ പങ്കെടുക്കേണ്ട എന്ന് തീരുമാനിച്ചത് എന്നത് ആ ചാനൽ തന്നെയാണ് ചിന്തിക്കേണ്ടതെന്നാണ് ഷംസീർ പറയുന്നത്. കൃത്യമായി കാര്യങ്ങൾ ചാനൽ മേധാവികളെ പാർട്ടി അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഏഷ്യാനെറ്റിന് മുന്നിൽ വിനീത വിധേയരായി ഇരിക്കേണ്ട ഗതികേട് സിപിഎമ്മിനില്ലെന്നും ഷംസീർ പറയുന്നു. 
കഴിഞ്ഞ ദിവസത്തെ ചർച്ചയിൽ നടന്നത് ആസൂത്രിത നീക്കമാണെന്നാണ് ഷംസീറിന്റെ ആരോപണം. തങ്ങളേക്കാൾ കൂടുതൽ പരിഗണന എന്തുകൊണ്ട് രാഷ്ട്രീയ നിരീക്ഷകരുടെ വേഷമണിഞ്ഞ് വരുന്ന ഇടത് വിരുദ്ധർക്ക് കൊടുക്കുന്നു എന്നതാണ് ഷംസീറിന്റെ ചോദ്യം. ഇടതുപക്ഷത്തിന്റെ നിരീക്ഷകനെന്ന് പറഞ്ഞ് മുഖ്യമന്ത്രിയേയും പാർട്ടിയേയും പാർട്ടി സെക്രട്ടറിമാരേയും ആക്രമിക്കുന്നതാണ് ജയശങ്കറിനെ പോലുള്ളവരുടെ സ്ഥിരം ശൈലി. അതുകൊണ്ടാണ് അത്തരക്കാർ ഉള്ള ചർച്ചയിൽ പങ്കെടുക്കില്ല എന്ന നിലപാടിലേക്ക് എത്തിയത് എന്നും പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കവേയാണ് സിപിഎമ്മിന്റെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണം വരുന്നത്. ചർച്ചകളിൽ ജനാധിപത്യപരമായി സമയം അനുവദിക്കുന്നില്ല എന്നതായിരുന്നു സിപിഎമ്മിന്റെ ആക്ഷേപം. ആഴ്ചകൾ നീണ്ട ബഹിഷ്‌കരണം പിൻവലിച്ചത് ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി എകെജി സെന്ററിൽ ചെന്ന് നടത്തിയ അഭ്യർത്ഥനയെ തുടർന്നായിരുന്നു. ഇതിലെ രഹസ്യധാരണയാണ് ഇപ്പോൾ പുറത്തായത്. 
*** *** ***
മാണ്ഡ്യ എംപിയും നടിയുമായ സുമലത അംബരീഷിനെ മോശം ഭാഷയിൽ വിമർശിച്ച ബിജെപി യുവനേതാവിന് താക്കീത്. സുമലത ഒന്നിനും കൊള്ളാത്തവരാണെന്ന് പറഞ്ഞ മൈസൂരു എംപി പ്രതാപ് സിംഹയെയാണ് ദേശീയ നേതൃത്വം താക്കീത് ചെയ്തത്. സുമലതയ്‌ക്കെതിരെ ബിജെപിക്കകത്തുയരുന്ന എതിർപ്പ് കൂടിയാണ് വാക്‌പോരിലൂടെ പുറത്തുവന്നത്. സ്വന്തം കഴിവുകേട് മറയ്ക്കാനാണ് പ്രതാപ് സിംഹ സ്ത്രീകൾക്കെതിരെ ഇത്തരം ആരോപണമുന്നയിക്കുന്നതെന്നാണ് സുമലതയുടെ അഭിപ്രായം. എന്നാൽ സുമലതയുടെ റൗഡി പ്രയോഗം ഭർത്താവ് അംബരീഷിന്റെ സിനിമയിലെ വില്ലൻ വേഷം ആലോചിച്ചപ്പോൾ ഓർമയിൽ വന്നതായിരിക്കുമെന്ന് പ്രതാപ് സിംഹ തിരിച്ചടിച്ചതോടെ വിവാദം കൊഴുത്തു, ഇതോടെയാണ് ദേശീയ നേതൃത്വം ഇടപെട്ടത്. സുമലതയുമായി ഉടൻ പ്രശ്‌നങ്ങൾ പറഞ്ഞവസാനിപ്പിക്കണമെന്ന് ബിജെപി സംസ്ഥാന നേതാക്കളും പ്രതാപ് സിംഹയ്ക്ക് കർശന നിർദേശം നൽകി. ജെഡിഎസ് കോട്ടയായിരുന്ന മാണ്ഡ്യയിൽ ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചാണ് സുമലത അട്ടിമറി വിജയം നേടിയത്. മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെയായിരുന്നു സുമലത തോൽപിച്ചത്. മലയാളികളുടെ ഹൃദയം കീഴടക്കിയ തൂവാനതുമ്പികളിലെ ക്ലാരയെയാണ് പൊളിറ്റീഷ്യൻസ് ഇങ്ങനെ അപമാനിക്കുന്നത്. 
*** *** ***
കേരളത്തിൽ ഒരു യുട്യൂബർ ഉണ്ടാക്കിയ പൊല്ലാപ്പ് നമ്മൾ കണ്ടതേയുള്ളു. ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ് കുമാർ യുട്യൂബർക്കെതിരെ 500 കോടിയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരിക്കുന്നു. ബിഹാർ സ്വദേശിയായ റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെയാണ് താരം നോട്ടീസ് നൽകിയിരിക്കുന്നത്. സുശാന്ത് സിംഗ് രാജ്പുത് കേസുമായി തന്റെ പേര് ബന്ധപ്പെടുത്തി അപവാദപ്രചാരണം നടത്തിയെന്നാണ് അക്ഷയ് കുമാറിന്റെ ആരോപണം. സുശാന്ത് സിംഗിന്റെ  മരണവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകളിലൂടെ ഹേറ്റ് ക്യാംപെയ്ൻ നടത്തിയതായി ആരോപിക്കപ്പെട്ട വ്യക്തിയാണ് റാഷിദ് സിദ്ദിഖി. അപകീർത്തി പ്രചാരണം, മനപ്പൂർവ്വമായ അപമാനിക്കൽ തുടങ്ങിയ ചാർജുകൾ ചുമത്തിയാണ് പോലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.  സിദ്ദിഖി മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. സുശാന്ത് സിംഗ് കേസിൽ മുംബൈ പോലീസ്, മഹാരാഷ്ട്ര സർക്കാർ, ആദിത്യ താക്കറെ, അക്ഷയ് കുമാർ എന്നിവർക്കെതിരെ ആയിരുന്നു റാഷിദിന്റെ  വീഡിയോകൾ. ലക്ഷക്കണക്കിന് പേരാണ് ഈ വീഡിയോകൾ കണ്ടത്. 
*** *** ***
ബോളിവുഡിൽ ഇപ്പോഴും നിലനിൽക്കുന്ന പുരുഷാധിപത്യത്തെയും സ്വജനപക്ഷപാതത്തെയും കുറിച്ച് വാചാലയായി തപ്‌സി പന്നു. സിനിമയിലെ തുടക്കകാലത്ത് താൻ നേരിട്ട അനുഭവങ്ങളാണ് തപ്‌സി ചൂണ്ടിക്കാണിക്കുന്നത്. താൻ സുന്ദരിയല്ലെന്നും കാണാൻ കൊള്ളില്ലെന്നുമൊക്കെയായിരുന്നു ആദ്യം പറഞ്ഞിരുന്ന കാരണങ്ങൾ. നായകന്റെ ഭാര്യയ്ക്ക് ഇഷ്ടമായില്ലെന്ന കാരണത്താൽ മാത്രം ഒരു സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്നും നായികയ്ക്ക് തന്നെക്കാൾ പ്രാധാന്യമുള്ള സീൻ വേണ്ടെന്നുളള നായകന്റെ വാശി കാരണം മറ്റൊരു ചിത്രത്തിൽ നിന്നും തന്റെ ഇൻട്രൊഡക്ഷൻ സീൻ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. ഹീറോയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്ന കാരണത്താൽ താൻ ഡബ്ബ് ചെയ്തിരുന്ന ഒരു ഡയലോഗ് മാറ്റി റെക്കോർഡ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മറ്റൊരാളുടെ ഇഷ്ടപ്രകാരം തന്റെ ഡയലോഗ് മാറ്റാൻ തയ്യാറാകാഞ്ഞതിനാൽ പിന്നീട് മറ്റൊരാളെക്കൊണ്ടാണ് ആ ഭാഗം റീറെക്കോർഡ് ചെയ്യിപ്പിച്ചത്- തപ്‌സി കൂട്ടിച്ചേർത്തു.
*** *** ***
മലയാളത്തിലെ പ്രധാന വാർത്താ ചാനലുകളായ ഏഷ്യാനെറ്റ്, ന്യൂസ് 18 എന്നിവയിൽ കുറച്ചു കാലമായി സിനിമാ താരം പേളി മാണിയുടെ വിശേഷങ്ങളാണ്. ആയിരക്കണക്കിന് കമന്റുകളാണ് സദാചാര ആങ്ങളമാർ ഇവയ്ക്ക് താഴെ പോസ്റ്റുന്നത്.  നടിയായും അവതാരികയയും ബിഗ്ഗ് ബോസിലെ  മത്സരാർഥിയായും ഒക്കെ പേളിയെ മലയാളിക്ക് സുപരിചിതയാണ്. ഇപ്പോൾ അനുരാഗ് ബാസു സംവിധാനം ചെയ്ത ലുഡോയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് ഇരിക്കുകയാണ് പേളി. തന്റെ ഗർഭകാലം വാർത്തയാക്കുന്ന  ഓൺലൈൻ മാധ്യമങ്ങളോട് അഭ്യർത്ഥനയുമായി സിനിമാതാരം  പേളി മാണി രംഗത്തെത്തി. ഈ ആവേശം എന്റെ  സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ? എന്നാണ്  ഓൺലൈൻ മാധ്യമങ്ങളോട് പേളി മാണിയുടെ അഭ്യർത്ഥന.  ആദ്യ  ബോളിവുഡ്  ചിത്രം റിലീസ് ആയിട്ടും മാധ്യമങ്ങൾ ഗർഭകാല ചിത്രങ്ങളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇതാണ് പേളി മാണിയുടെ പരാതി. 'ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ എന്റെ  ഗർഭകാലത്തെ കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങൾക്ക് നന്ദി. അതോടൊപ്പം തന്നെ നെറ്റ് ഫഌക്‌സിൽ സംപ്രേഷണം ചെയ്യുന്ന എന്റെ സിനിമ ലുഡോയെയും പ്രൊമോട്ട് ചെയ്യുമോ? ഇതെന്റെ  ആദ്യ ബോളിവുഡ്  സിനിമയാണ്. ഈ ആവേശം അവിടെയും നിങ്ങൾ കാണിച്ചാൽ വളരെ സഹായമാകും’, എന്നാണ് പേളിയുടെ പ്രതികരണം. മലയാളിയായ നഴ്‌സ് ആയാണ് പേളി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. അഭിഷേക് ബച്ചൻ, അനുരാഗ് ബസു, ഫാത്തിമ സന, ആദിത്യ റോയ് കപൂർ എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ.
*** *** ***
കേരള ചരിത്രത്തിൽ തന്നെ അനിതര സാധാരണമായ ഒരു സംഭവമായിരുന്നു അബുദാബിയിലെ മറൈൻ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന സുകുമാരക്കുറുപ്പ് നടത്തിയ കൊലപാതകം. മരണശേഷം കിട്ടുന്ന ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ കള്ള തെളിവുണ്ടാക്കാനായി തന്റെ ശരീര പ്രകൃതമുള്ളയാളെ കണ്ടെത്തി കൊലപ്പെടുത്തി മുങ്ങിയ ആളാണ് സുകുമാരക്കുറുപ്പ്. 1984ലാണ് സംഭവം. ആലപ്പുഴയ്ക്കടുത്ത് കരുവാറ്റയിൽ വെച്ചായിരുന്നു സംഭവം. അക്കാലത്ത് എൻഎച്ച് 47 എന്ന പേരിൽ ഒരു സിനിമയും വന്നിരുന്നു. ദുൽഖർ സൽമാൻ സുകുമാരക്കുറുപ്പായെത്തുന്ന  ബിഗ് ബജറ്റ് ചിത്രം കുറുപ്പ് ഒ.ടി.ടി. റിലീസിന് ഒരുങ്ങുകയാണ്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം.  ചിത്രം 35 കോടി മുതൽമുടക്കിലാണ് പൂർത്തിയാക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗഌർ, മൈസൂർ എന്നിവിടങ്ങളിലായി 105 ദിവസങ്ങളാണ് ചിത്രീകരണം പൂർത്തിയാക്കാനെടുത്തത്. 
പെരുന്നാൾ റിലീസായി എത്താനിരുന്നതാണെങ്കിലും കോവിഡ് ലോക്ഡൗണിനിടെ മാറ്റിവയ്ക്കുകയായിരുന്നു. 
*** *** ***
എറണാകുളത്തെ പാലാരിവട്ടം പാലം കെ.ജി ജോർജ് സംവിധാനം  ചെയ്ത് മുപ്പതിലേറെ വർഷങ്ങൾക്കപ്പുറം പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന ആക്ഷേപഹാസ്യ സിനിമയെ ഓർമിപ്പിക്കുന്നതാണ്. ഉദ്ഘാടനം കഴിഞ്ഞ് മന്ത്രിയും സംഘവും പോകുന്നതോടെ പൊളിയുന്ന പാലമാണ് ഈ സിനിമയിൽ. കഴിഞ്ഞ വാരത്തിലെ പ്രധാന സംഭവമാണ് മുൻ പൊതുമരാമത്ത് മന്ത്രിയുടെ അറസ്റ്റും ആശുപത്രി വാസവും. അറസ്റ്റിലായ ദിവസം സന്ധ്യയ്ക്ക് മാതൃഭൂമി ന്യൂസിലെ വക്രദൃഷ്ടിയിൽ പാലാരിവട്ടം പാലത്തിന്റെ ഇപ്പോഴത്തെ ദൃശ്യം. പശ്ചാത്തലത്തിൽ ചട്ടക്കാരിയിലെ ഹിറ്റ് യുഗ്്മഗാനം. ഓ മൈ ജൂലീ ജൂലി നിന്റെ ഗിറ്റാറിൻ മാറിലെത്ര കമ്പി.., ഒരേ ഒരേ ഒരു കമ്പി... അടിപൊളി.
 

Latest News