Sorry, you need to enable JavaScript to visit this website.

പ്രണയനഷ്ടങ്ങളുടെ മൃദുലഗാഥ

സ്ത്രീയെ ചിരിക്കാനനുവദിക്കാത്ത, നിശ്ശബ്ദമാക്കപ്പെട്ട ജീവിതങ്ങളുടെ സംഘർഷങ്ങൾ കൂട് പൊട്ടിച്ചെറിഞ്ഞ് പുറത്ത് വന്നപ്പോൾ പെണ്ണെഴുത്ത് എന്ന് ലേബൽ ചെയ്യപ്പെട്ടെങ്കിലും ഈ പൂരണം സ്ത്രീപുരുഷ സമസ്യകളെ സമഭാവനയോടെ വീക്ഷിക്കാൻ പുരുഷനെ സജ്ജമാക്കുകയും പെണ്ണെഴുത്തുകാരികളെ ധൈര്യപൂർവ്വമായൊരു തുറന്നെഴുത്തിന് പ്രേരിപ്പിക്കുകയും ചെയ്തു. അത്തരത്തിൽ, അവമതിക്കപ്പെടുകയും ബഹിഷ്‌കൃതരാക്കപ്പെടുകയും ചെയ്യപ്പെട്ട 'സ്ത്രീ’ യുടെ സ്വത്വ ബോധത്തെ ഉയർത്തിപ്പിടിക്കുകയും, സ്‌ത്രൈണ കാമനകളിലൂടെയും പ്രണയാതുരമായ ആന്തരിക സാമീപ്യത്തിലൂടെയും പുരുഷനെ പൂർണനാക്കുകയും സ്ത്രീയുടെ ബഹുമാന്യത  നിലനിർത്തുകയും ചെയ്യുന്ന കഥകളാണ് ബഹിയയുടെ  ഉരഗപർവ്വം എന്ന കഥാസമാഹാരം. 
മലയാള സാഹിത്യം നാളിതുവരെ അതിന്റെ  വളർച്ചയുടെ പരിണാമ ഘട്ടങ്ങളിലെല്ലാം പിൻതുടർന്നു  പോന്നിട്ടുള്ള സ്‌ത്രൈണ നിരാസങ്ങളുടെ വെല്ലുവിളികളേറ്റെടുത്ത കഥാകാരികളുടെ പാതയിലേക്ക് പുരുഷ വിരുദ്ധത പ്രകടിപ്പിക്കാത്ത, എന്നാൽ പുരുഷ സാമീപ്യം ആഗ്രഹിക്കുകയും  കൊതിക്കുകയും ചെയ്യുന്ന പരസ്പര പൂരകങ്ങളായ സ്ത്രീ പുരുഷ   നിയോഗങ്ങളുടെ കഥകളാണ് ഉരഗപർവത്തിലുള്ളത്.
സ്‌ത്രൈണാസ്തിത്വത്തിന്റെ വികലീകൃത ബിംബങ്ങൾ പുരുഷാധിപത്യ വൈകൃതങ്ങളുടെ കണ്ണാടിയിലൂടെ സ്വയം കണ്ട് നീ ആരാണെന്ന് സ്വയം ചോദ്യങ്ങൾ ചോദിക്കുന്ന 'പിറകോട്ടോടുന്ന സൂചികൾ’ എന്ന ആദ്യ കഥ മുതൽ പതിനഞ്ചാം വയസ്സിലെ ചപല പ്രായത്തിൽ എഴുതിയ  ഈ സമാഹാരത്തിലെ  മുപ്പത്തിയെട്ടാമത്തെ അവസാന കഥയായ 'കാത്തിരിപ്പ്’  വരെയുള്ള മുഴുവൻ കഥകളും പങ്ക് വെക്കുന്നത് സ്ത്രീ(കളു)യുടെ  സങ്കീർണമായ മനോവ്യാപാരങ്ങളും പൗരുഷത്തിന്റെ പ്രത്യയശാസ്ത്രലോകത്ത് വിധിവിലക്കുകളാൽ ബന്ധിതമായ സ്ത്രീയുടെ നിശ്ശബ്ദ ജീവിതങ്ങളെക്കുറിച്ചുമാണ്.


യാഥാർത്ഥ്യത്തെ നിർവ്വചിക്കാൻ ഉപയുക്തമായ പ്രതീകാത്മകങ്ങളാണ് രൂപങ്ങൾ, ബിംബങ്ങൾ, ഭാഷകൾ, ധ്വനികൾ, ചിഹ്നങ്ങൾ എന്നിവകളെങ്കിൽ ധ്വനി കൊണ്ട് മാത്രം ശക്തങ്ങളായ  കഥകളാണ് കള്ളിപ്പാലകൾ, തീയമ്മ, വർണ്ണമീനുകൾ, നന്ദി, മരുപ്പറമ്പ്, കീ..., തുടങ്ങിയവ.
സ്ത്രീയെക്കുറിച്ചുള്ള  ബാഹ്യസ്ഫുരണങ്ങളായി ഒതുങ്ങിപ്പോകാത്ത വിധം ഏതാനും ചെറിയ ചില വാക്കുകളിലൂടെ സ്ത്രീയുടെ ആന്തരികമായ വ്യഥകളും ചിന്തകളുമാണ് ഈ കഥകൾ പറയുന്നത്. 
'കീ’ എന്ന ചെറിയ  കഥ ഇത്രയേ ഉള്ളൂ. ഡ്യൂപ്ലിക്കേറ്റ് കീ ഉണ്ടാക്കുന്ന കടയിൽ ചെന്ന അവൾ ആവശ്യപ്പെട്ടത് തന്റെ  മനസ്സിനൊരു 'കീ’ വേണമെന്നാണ്. അതെന്താണെന്ന് ആശ്ചര്യപ്പെട്ടു നിൽക്കുന്ന കടക്കാരനോട് അവൾ പറയുന്നത് കീ കൊടുത്ത് ഉറക്കാനും ഉണർത്താനും നടത്താനും കീ കൊടുക്കുമ്പോൾ മാത്രം സംസാരവും ചിരിയും കളിയുമൊക്കെ കടന്നുവരുന്ന ഒരു കീ എന്നാണ്.  ധ്വനി കൊണ്ട് മാത്രമാണ് ഈ കഥ അതിന്റെ അർത്ഥം പൂർണ്ണമാക്കുന്നത്. ഈ കഥയിലെ ആവശ്യങ്ങൾക്കൊക്കെ ധ്വനി രൂപമാണ്. ഉറങ്ങാനും ഉണരാനും നടക്കാനുമല്ല മറിച്ച്, ഉറ'ക്കാ’നും ഉണർ'ത്താ’നും  നട'ത്താ’നും ഉള്ള കീ യാണ് ആവശ്യം.  സ്ത്രീയെ, സ്ത്രീ തന്റെ സ്ത്രീത്വം (ശരീരം) കൊണ്ട് സ്വയം പ്രതിരോധമാക്കുന്നു ഈ കഥ.    
എവിടെയും ബഹിഷ്‌കൃതയും നിഷ്‌ക്കാസിതയുമാക്കപ്പെട്ട സ്ത്രീക്കെന്തിനാണ് മനസ്സ്..? (ആ മനസ്സിനെ ആരും അംഗീകരിച്ചിട്ടില്ലല്ലോ..?)  ‘മനസ്സു’ണ്ടെങ്കിലല്ലേ സ്വയം  ഉണരാനും ഉറങ്ങാനും നടക്കാനുമൊക്കെ കഴിയൂ.. സ്ത്രീയുടെ സ്വത്വത്തെയോ സ്‌ത്രൈണാഭിമാനത്തെയോ അനുവദിച്ചു തരാത്തവർക്കിടയിൽ മറ്റുള്ളവരാൽ ഉണർത്തപ്പെടുകയും ഉറക്കപ്പെടുത്തുകയും ചെയ്യുന്ന, മറ്റൊരാളുടെ കൈവിരലുകളാൽ കൺട്രോൾ ചെയ്യപ്പെടുന്ന ഒരു റോബോട്ടാവുകയല്ലേ അഭികാമ്യം..? സ്ത്രീത്വവും  സ്ത്രീയും  ബഹിഷ്‌കൃതയാക്കപ്പെടുന്നതിന്റെ പ്രതിഷേധത്തെ അവൾ ഇങ്ങനെയല്ലാതെ മറ്റെങ്ങിനെയാണ് പ്രതിരോധിക്കേണ്ടത്..? ബഹിയ കഥയിൽ ധ്വനിപ്പിക്കുകയേയുള്ളൂ. വായനക്കാരൻ മനസ്സിലത് പൂർണമാക്കിയെടുക്കുന്നു.
'ധ്വനി’ രൂപം കഥയിൽ ടി. പത്മനാഭനോളം ഉപയോഗപ്പെടുത്തിയവർ ആരുമില്ല. നന്ദി എന്ന കഥ വെറും നാല് വരിയേയുള്ളൂ.
പെണ്ണിന്റെ ജൻമം തന്നെ വൃഥാവിലാണ്.അത് കൊണ്ട് തുടക്കത്തിലെ തീരുമാനിച്ച ഭ്രൂണഹത്യയ്ക്കിടയിൽ  ഡോക്ടറോടും അമ്മയോടും ഭ്രൂണം പറഞ്ഞു, നന്ദി.. നന്ദിയോ..എന്തിന്..? അവർ വിസ്മയിച്ചു. നിങ്ങളെ പോലെ നിന്ദ്യരും വന്യരുമായവരുടെ ജീവിതത്തിലേക്ക് എന്നെ വലിച്ചെറിയാത്തതിന് എന്നു മൊഴിഞ്ഞ് ആ ഭ്രൂണം നിശ്ചലമായി..
തിളങ്ങുന്ന സ്ഫടികപ്പാത്രത്തിൽ ഒത്തിരി മീനുകൾ ഓടിക്കളിക്കുന്നത് കാണാനുള്ള കുരുന്നിന്റെ ആഗ്രഹം കണ്ടാണ് അയാൾ അവളെ വീട്ടിലേക്ക് ക്ഷണിച്ചത്. പിറ്റേന്ന് തോട്ടിലെ സ്ഫടികജലത്തിലെ മീനുകൾക്ക് അവളുടെ കണ്ണുകൾ ഭക്ഷണമായി കാണാനുള്ള ഭാഗ്യമുണ്ടായി. (കഥ: വർണമീനുകൾ) 
ബഹിയയുടെ കഥകൾക്ക്  ശക്തമായ ഒരു മറുവശമുണ്ട്. സ്ത്രീത്വത്തെ പ്രതിരോധമാക്കിയിട്ടുള്ള  കഥകളാണവ. സ്വന്തം ശരീരത്തെ പ്രതിരോധായുധമാക്കി പുരുഷനിലെ ആണത്തത്തെ തനിക്കഭിവന്ദ്യമാക്കുന്ന കഥകൾ. 
മൃദുലത കൈവിടാതെ പുരുഷക്രമങ്ങളോട് പൊരുതുന്ന കഥകൾ എന്നാണ് ഈ കഥകളെ അവതാരികയിൽ കെ. പി. രാമനുണ്ണി വിശേഷിപ്പിച്ചത്. 
പൗരുഷത്തിന്റെ എല്ലാ ആടയാഭരണങ്ങളും പെണ്ണുടലിന്റെ നഗ്‌നതയിൽ വീണുരുളുന്ന ഈ കഥകളിൽ   പ്രണയനീലകളും പ്രണയനാഗങ്ങളും പ്രത്യക്ഷപ്പെടുന്നു. 
ശരീരത്തെ ഭാഷയാക്കി, പൊതു ഇടങ്ങളിലും കുടുംബവ്യവഹാരങ്ങളിലും സ്ത്രീ സാന്നിധ്യത്തെ അവമതിക്കുന്ന പുരുഷ ധാർഷ്ട്യത്തെ  മുഖപടമണിഞ്ഞ നഗ്‌നമായ ശരീരഭാഷ കൊണ്ട് പ്രണയത്തിന്റെ  
പ്രതിരോധ ഗാഥകൾ തീർക്കുന്ന മറ്റൊരു കഥയാണ്  ‘പ്രണയത്തിന്റെ ഞണ്ടിറുക്കങ്ങൾ’. 'പ്രണയത്തിന്റെ മീസാൻ കല്ല്’പരൽമീനുകളുടെ ജഡം മുഹബ്ബത്തിന്റെ ജിന്ന്’ തുടങ്ങിയ കഥകളിൽ പ്രണയത്തിനു വേണ്ടി സമർപ്പിക്കപ്പെടുമ്പോൾ അവൾ  തേജസ്വിനിയാകുന്നതും അവൻ അവളിൽ അനുരക്തയായി പടം പൊഴിക്കുകയും ചെയ്യുന്നത് കാണാം.
ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായത് കൊണ്ടാവാം ബഹിയയുടെ സ്ത്രീകൾ സ്‌ത്രൈണതയുടെ ആത്മസംഘർഷങ്ങളും സ്‌ത്രൈണ ചേതന മൗനത്തിന്റെ നിശ്ശബ്ദലോകം സൃഷ്ടിച്ച് ആത്മാവിലേക്ക് പിൻവാങ്ങുന്ന സ്ത്രീകഥാപാത്രങ്ങളെ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോൾ ഉള്ളിലെ തപം കൊണ്ട് കത്തിനിൽക്കുകയും ചെയ്യുന്നത്.

Latest News