Sorry, you need to enable JavaScript to visit this website.
Tuesday , January   19, 2021
Tuesday , January   19, 2021

ഓമലാളെ നിന്നെയോർത്ത്… 

മലയാളികളുടെ ഖൽബിൽ പുഴയായി ഒഴുകുന്ന പാട്ടുകുടുംബത്തിന്റെ വിശേഷങ്ങളിലൂടെ

''നീയെറിഞ്ഞ കല്ല് പാഞ്ഞ്
മാനത്തമ്പിളി പാതിമുറിഞ്ഞ്
തോട്ടുവരമ്പിൽ വീണതെന്ന്
പൊള്ളുപറഞ്ഞില്ലേ...
പൊള്ളുപറഞ്ഞില്ലേ...''

കുഞ്ഞുസൈനുവിനോടൊപ്പം റാസയും ബീഗവും ചേർന്ന് പാടിയ ഈ ഗാനം ആരാധകരുടെ ഖൽബിലാണ് കുളിർമഴയായി വർഷിച്ചത്. ഗസലിന്റെയും ജീവിതത്തിന്റെയും വഴിയിൽ ഒരുമിച്ചുനീങ്ങുന്ന കുടുംബം. കണ്ണൂരുകാരൻ റാസാ റസാക്കും അനന്തപുരിക്കാരി ഇംതിയാസ് ബീഗവും പാട്ടിന്റെ വഴിയിലൂടെയാണ് കൂട്ടുകൂടിയത്. ഇക്കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ മകൾ സൈനുവിന്റെ സ്വരത്തിൽ ഈ പാട്ട് യൂട്യൂബിലൂടെ പുറത്തുവിട്ടപ്പോൾ നിമിഷങ്ങൾക്കുള്ളിലാണ് ഹിറ്റായി മാറിയത്. ലോക്ഡൗണിലെ വിരസതയിൽ മലയാളികൾ നെഞ്ചേറ്റിയ ഈ ഗാനം പത്തുദിവസത്തിനകം പത്തുലക്ഷം പേരാണ് കണ്ടത്.


പ്രിയമുള്ളവളോടും പ്രിയപ്പെട്ടവരോടും ഹൃദയപൂർവ്വം സംവദിക്കുന്ന ഗസൽ ഗാനങ്ങളുടെ അനുഭൂതിയിൽ ആർദ്രമായി അലിഞ്ഞുചേരുകയാണിവർ. ഉത്തരേന്ത്യയിൽനിന്നും അതിർത്തി കടന്നെത്തിയ ഗസലിന് പുതിയ ഭാവുകത്വം നൽകി മലയാളക്കരയിൽ ജനകീയമാക്കിയത് ഒരുപക്ഷേ, ബാബുരാജിനെയും ഉമ്പായിയെയുംപോലുള്ള അനശ്വര ഗായകരായിരിക്കാം. അവർ അനശ്വരമാക്കിയ എത്രയെത്ര ഗാനങ്ങളാണ് നാമെപ്പോഴും മൂളിനടക്കുന്നത്. ഗസൽ സന്ധ്യകളിൽ ലോകസംഗീതജ്ഞരുടെ ഗാനങ്ങൾക്കൊപ്പം മലയാളത്തിൽ ഗസലുകൾ ചിട്ടപ്പെടുത്തി ഹാർമോണിയത്തിൽ വിരലുകളോടിച്ചുകൊണ്ടു പാടിയ ഇവരുടെ ഗാനങ്ങൾ ഈ ഗാനശാഖയെ ജനകീയമാക്കുകയായിരുന്നു. പാട്ടുപാടിനടന്ന് മറ്റൊരു ലോകത്തേയ്ക്കു യാത്രയായ ആ അനശ്വരഗായകരുടെ വഴിയെയാണ് റാസയുടെയും ബീഗത്തിന്റെയും സഞ്ചാരം. ഉമ്പായി പാടിയ ''ചെറുപ്പത്തിൽ നമ്മൾ രണ്ടും മണ്ണുവാരി കളിച്ചപ്പോൾ...''  എന്ന ഗാനം റാസയും ബീഗവും ചേർന്നു പാടുമ്പോൾ ഗൃഹാതുരതയുടെ വേറിട്ട തലത്തിലേയ്ക്കാണ് നമ്മെയെത്തിക്കുന്നത്. മഞ്ചാടിമണികളും മയിൽപ്പീലിത്തുണ്ടുകളും ഹൃദയച്ചെപ്പിൽ ആരും കാണാതെ സൂക്ഷിച്ചിരുന്ന ബാല്യകാലത്ത് നാട്ടിടവഴികളിലൂടെ കളിക്കൂട്ടുകാരിയുമായി കൈകോർത്തുനടന്നിരുന്ന ആ മനോഹരകാലം വീണ്ടും ഓർമ്മയിൽ ഓടിയെത്തുകയാണ്.

''ഓമലാളെ നിന്നെയോർത്ത്
കാത്തിരിപ്പിൻ സൂചിമുനയിൽ
മമകിനാക്കൾ കോർത്തുകോർത്ത്
ഞാൻ നിനക്കൊരു മാല തീർത്തു...
ഞാൻ നിനക്കൊരു മാലതീർത്തു...''

എന്ന ഗാനമാണ് റാസയുടെയും ബീഗത്തിന്റെയും പാട്ടുവഴിയിൽ ടേണിംഗ് പോയന്റാവുന്നത്. ഈ പാട്ട് സോഷ്യൽ മീഡിയയിലും ഹിറ്റായതോടെ പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. റാസയുടെ ബാല്യകാല സുഹൃത്തും സഹപാഠിയുമെല്ലാമായ യൂനുസാണ് ഈ പാട്ടെഴുതി റാസയ്ക്ക് നൽകിയത്. ആദ്യനാലുവരിയുടെ ഈണവും ചിട്ടപ്പെടുത്തിയിരുന്നു. ബാക്കിയുള്ള വരികൾ ചിട്ടപ്പെടുത്തിയത് റാസതന്നെയായിരുന്നു. തൃപ്തിയാവാതെ പലവട്ടം മാറ്റി ചിട്ടപ്പെടുത്തിയ ഈ  ഗാനത്തിന്റെ നാലുവരി മകളെ മടിയിലിരുത്തി റാസ പാടിയത് മൊബൈലിൽ ഷൂട്ട് ചെയ്ത് ഫേസ്ബുക്കിലിട്ടപ്പോൾ അപ്രതീക്ഷിത വരവേൽപാണ് ലഭിച്ചത്. കാത്തിരിപ്പിന്റെ വിരഹാർദ്രമായ ഈണത്തിൽ അലിഞ്ഞുചേർന്നവരെല്ലാം ആ ഗാനം പങ്കുവെച്ചു. മുഴുവനായി പാടാമോ എന്നന്വേഷിച്ച് പലരും സന്ദേശമയച്ചു. അഭ്യർത്ഥനമാനിച്ച് ഞങ്ങൾ ആ പാട്ട് മുഴുവനായി പാടി. അത് വൈറലാവുകയായിരുന്നു. നാട്ടിൽനിന്നുപോലും പ്രോഗ്രാം അവതരിപ്പിക്കാമോ എന്ന അന്വേഷണമായി. ജോലി മാറാനുള്ള ഒരുക്കത്തിൽ നാട്ടിലേയ്ക്കു മടങ്ങിയ കാലം. ഇതിനിടയിൽ നാട്ടിൽ നാലോളം പോഗ്രാമുകൾ അവതരിപ്പിച്ചു. അതോടെ തിരക്കായി. പിന്നീട് പാട്ടുതന്നെയാണ് ഇനിയുള്ള ജീവിതം എന്ന് ഞങ്ങളുറപ്പിച്ചു. റാസാബീഗം  എന്ന മ്യൂസിക് ബാന്റ് സംഗീതലോകത്ത് ഒരത്ഭുതമായി മാറുകയായിരുന്നു. ഗസൽ ഗായകൻ ഉമ്പായിയുടെ സംഗീതട്രൂപ്പിലുണ്ടായിരുന്ന ബേണി ഇഗ്‌നേഷ്യസും ഉമ്പായിയുടെ മകനും ഗിറ്റാറിസ്റ്റുമായ സമീർ ഉമ്പായിയും തബലിസ്റ്റ് ജിത്തു ഉമ്മൻ തോമസും സിത്താർ വാദകൻ ജാവേദ് അസ്ലമുമെല്ലാം ഇവർക്കൊപ്പം ചേരുകയായിരുന്നു.


പാട്ടിന്റെ വഴിയിലാണ് ഇംതിയാസ് ബീഗവും റാസാ റസാഖും ഒന്നുചേരുന്നത്. തിരുവനന്തപുരത്തിനടുത്ത് കണിയാപുരത്താണ് ഇംതിയാസിന്റെ സ്വദേശം. വളപട്ടണം വെസ്‌റ്റേൺ പ്ലൈവുഡ്‌സിലെ ഉദ്യോഗസ്ഥനായിരുന്ന ബാപ്പ ബുഖാരിയുടെ ജോലിയാവശ്യാർത്ഥമാണ് കുടുംബം കണ്ണൂരിലെത്തുന്നത്. ഉമ്മ ഷംഷാദ് ബീഗമാകട്ടെ കണ്ണൂർ സെയിൽ ടാക്‌സ് ഓഫീസിലെ ഉദ്യോഗസ്ഥയുമായിരുന്നു. ഗസൽ ഗായകനായ ജഗജിത് സിങ്ങിന്റെ കടുത്ത ആരാധകനായിരുന്നു ഉപ്പ. കുട്ടിക്കാലംതൊട്ടേ പാട്ടിനോടൊപ്പം കൂട്ടുകൂടിയ ഇംതിയാസിനെ ഡോ. ഓമനക്കുട്ടി ടീച്ചറുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാനയച്ചത് ഉമ്മയും ഉപ്പയുമായിരുന്നു. സ്‌കൂൾ യുവജനോത്സവങ്ങളിൽ ശാസ്ത്രീയ സംഗീതത്തിനൊപ്പം മാപ്പിളപ്പാട്ടും ഗസലുമെല്ലാം അവൾ പാടിനടന്നു. കണ്ണൂരിലെത്തിയപ്പോൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സ്വാതിതിരുനാൾ കലാകേന്ദ്രത്തിലെ ശ്രീനിവാസ് സാറിൽനിന്നും പഠനം തുടർന്നു. ഹിന്ദുസ്ഥാനിയുടെ ബാലപാഠങ്ങൾ പകർന്നുനൽകിയത് കണ്ണൂരിലെ വിജയപ്രഭുവായിരുന്നു.
റാസാ റസാഖ് ആകട്ടെ കണ്ണൂരിനടുത്ത് കുറുവ സ്വദേശിയാണ്. ഉമ്മയിൽനിന്നുമാണ് സംഗീതത്തിന്റെ ആദ്യപാഠം റാസയ്ക്ക് പകർന്നുകിട്ടിയത്. മനോഹരമായി പാട്ടുപാടിയിരുന്ന ഉമ്മ സുബൈദയുടെ ആലാപനമികവ് മകനിലേയ്ക്കും പകർന്നുകിട്ടുകയായിരുന്നു. സംഗീതത്തിലുള്ള മകന്റെ താൽപര്യം കണ്ടറിഞ്ഞ ഉപ്പ ബഷീർ മകനെ തന്റെ സുഹൃത്തും സംഗീതജ്ഞനുമായ മഹമൂദ് പുല്ലൂപ്പിക്കടവിന്റെ അടുത്തേയ്ക്കയച്ചു. മഹമൂദാണ് റാസയെ സംഗീതത്തോട് കൂടുതൽ അടുപ്പിച്ചത്. പിന്നീട് പാപ്പിനിശ്ശേരിയിലെ മൊയ്തു ഉസ്താദിന്റെ ശിക്ഷണത്തിൽ ഹാർമോണിയം വാദനവും സ്വായത്തമാക്കി. കൂത്തുപറമ്പിലെ ഹാരിസ് ബായിയുടെയും റോഷന്റെയുമെല്ലാം ശിക്ഷണത്തിലാണ് ഹിന്ദുസ്ഥാനിയുടെ ആദ്യപാഠങ്ങൾ പഠിച്ചെടുക്കുന്നത്.
കണ്ണൂർ നഗരത്തിലെ അബൂബക്കർ മെമ്മോറിയൽ മ്യൂസിക്ക് അക്കാദമിയിലെ നിത്യസന്ദർശകനായി റാസ മാറുകയായിരുന്നു. ബാബുക്കയെയും മെഹ്ദി ഹസനെയും തലത്തിനെയും ജഗ്ജിത് സിങ്ങിനെയും പങ്കജ് ഉദാസിനെയുംപോലുള്ള സംഗീതസമ്രാട്ടുകളെ അടുത്തറിഞ്ഞത് ഇവിടെവച്ചായിരുന്നു. ഇംതിയാസ് ബീഗത്തിന്റെ ഉപ്പയും മ്യൂസിക് അക്കാദമിയിലെ സന്ദർശകനായിരുന്നു. ഇംതിയാസിന്റെ സംഗീത താൽപര്യങ്ങളെക്കുറിച്ച് റാസയോടു പറയുന്നതും ഉപ്പതന്നെയായിരുന്നു.
കണ്ണൂരിലെയും പരിസരങ്ങളിലെയും മെഹ്ഫിൽവേദികളിൽ പലപ്പോഴും റാസയും ഇംതിയാസും കണ്ടുമുട്ടാറുണ്ടായിരുന്നു. മെഹ്ഫിലുകൾക്കിടയിലെ കൂടിക്കാഴ്ചകൾ പ്രണയത്തിലേയ്ക്കും പിന്നീട് വിവാഹത്തിലേയ്ക്കും ഒഴുകിനീങ്ങുകയായിരുന്നു. ആ പ്രണയവല്ലരിയിലാണ് സൈനബുൽ യുസ്‌റ പിറക്കുന്നത്. ആയുർവ്വേദ നഴ്‌സ് കൂടിയായ ഇംതിയാസ് ബീഗം റാസയോടൊപ്പം ചേർന്നതോടെ അവർ ഒരുമിച്ചായിരുന്നു സംഗീതപരിപാടികൾക്ക് രൂപം നൽകിയത്. പ്രണയം പതഞ്ഞുയരുന്ന ഗസൽ സംഗീതവുമായി റാസാബീഗം കൂട്ടുകെട്ടിന്റെ തേരോട്ടമാണ് പിന്നീട് കണ്ടത്.


പാട്ടിനോടൊപ്പം വരയിലും തൽപരനായിരുന്നു റാസ. ചിത്രരചനയിലുണ്ടായിരുന്ന കമ്പമാണ് ഗ്രാഫിക് ഡിസൈനിംഗ് പഠിക്കാൻ പ്രേരിപ്പിച്ചത്. തലശ്ശേരിയിൽനിന്നും പഠിച്ചിറങ്ങിയ ഉടനെ യു.എ.ഇയിലേയ്ക്കു പറന്നു. നാലര വർഷത്തോളം അവിടെ ഡിസൈനറായി ജോലി നോക്കി. അപ്പോഴും മനസ്സുനിറയെ പാട്ടുതന്നെയായിരുന്നു. വ്യാഴാഴ്ച രാത്രികളിൽ യു.എ.ഇയിലെ പല മെഹ്ഫിൽ വേദികളിലും റാസയും ബീഗവും പരിപാടികൾ അവതരിപ്പിച്ചുതുടങ്ങി. പണം സമ്പാദിക്കുന്നതിലുപരി ഇഷ്ടപ്പെട്ട മേഖല തിരഞ്ഞെടുത്തതിന്റെ സന്തോഷവും അവർക്കുണ്ടായിരുന്നു.
ബാബുക്കയുടെ നഗരമായ കോഴിക്കോട്ടാണ് റാസയും ബീഗവും ഇപ്പോൾ താമസിക്കുന്നത്. സംഗീതംതന്നെയാണ് ജീവിതമെന്നറിഞ്ഞ അവർ അവിടെ പല്ലവിയും അനുപല്ലവിയുമായി കഴിയുന്നു. എന്നാൽ റെക്കോർഡിങ്ങും സ്‌റ്റേജ് പരിപാടികളുമെല്ലാമായി പലപ്പോഴും യാത്രയിലായിരിക്കും.
പ്രണയത്തിന്റെയും സ്‌നേഹനൊമ്പരങ്ങളുടെയും നനുത്ത സ്പർശം തലോടുന്നതുപോലെയാണ് റാസാബീഗത്തിന്റെ ഓരോ പാട്ടുകളും. റഷീദ് പാറക്കൽ രചിച്ച് ശിവരാമൻ നാഗലശ്ശേരി ഈണമിട്ട്, സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർ പാടിയ ''മഴചാറുമിടവഴിയിൽ... നിഴലാടും കൽപടവിൽ...'' എന്ന ഗാനം റാസ പാടുമ്പോൾ പ്രേക്ഷകർ വേറിട്ടൊരു അനുഭൂതിയിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. ''ഹൃദയങ്ങളൊന്നാവും മധുമാസരാവിൽ ഹൃദയേശ്വരിക്കെന്തേ പരിഭവമോ...''. ''കരയകലും കപ്പലുപോലെ പിരിയുകയാണീ ഹൃദയം...'', ''എവിടെയോ ഒരാളെന്നെ കാത്തിരിപ്പുണ്ടെന്നറിയുന്നതാണെന്റെ സ്വർഗം...'' എന്നെല്ലാം പാടുമ്പോൾ മനസ്സും കണ്ണും നിറയുകയാണ്. റാസയും ബീഗവും ചേർന്ന് പാട്ടുകളോരോന്നും പാടിക്കഴിയുമ്പോൾ പലയിടത്തുനിന്നും വൺസ് മോർ വിളികൾ ഉയരുന്നതും കേൾക്കാം.
ബാബുരാജിന്റെയും കോഴിക്കോട് അബ്ദുൾ ഖാദറിന്റെയും ജഗ്ജിത് സിങ്ങിന്റെയും ഉമ്പായിയുടെയും നജ്മൽ ബാബുവിന്റെയും ഷഹബാസ് അമന്റെയുമെല്ലാം പാട്ടുകൾ പാടുമ്പോൾ ആ ശബ്ദങ്ങളോടു വല്ലാത്തൊരു സാമ്യതയുണ്ട് റാസയുടെ ശബ്ദത്തിന്. തലത്തിനെയും ഗുലാം അലിയെയും റാഫിയെയും മുകേഷിനെയുമെല്ലാം ഏറെ ആരാധിക്കുന്ന ഈ ഗായകരോട് ഏറെ സ്വാധീനിച്ച ഗായകനാരെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളു. മെഹ്ദി ഉസ്താദ് എന്നുമാത്രം. കാരണം ഗസൽ ചക്രവർത്തിയായ മെഹ്ദി ഹസന്റെ പാട്ടുകളാണ് തങ്ങളുടെ സംഗീതജീവിതത്തിന് കൂടുതൽ കരുത്തു പകരുന്നതെന്ന് ഇവർ വിശ്വസിക്കുന്നു. ഒപ്പം മലയാളികളുടെ സംഗീതരാവുകൾക്ക് ചാരുത പകരാൻ പുതിയ ഈണങ്ങളൊരുക്കുകയാണ് ഈ കുടുംബം.