Sorry, you need to enable JavaScript to visit this website.

കോടതിയില്‍ കരഞ്ഞിട്ട് കാര്യമില്ല -ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി-നടി ആക്രമിക്കപ്പെട്ട കേസില്‍   ഹൈക്കോടതിയിലുണ്ടായ വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന്  ജസ്റ്റിസ് കെമാല്‍ പാഷ. ശരിയായ വിധിയാണ് ഉണ്ടായതെന്നാണ് മനസിലാകുന്നത്. ജുഡിഷ്യല്‍ ഓഫിസര്‍ക്കെതിരെ അസ്ഥാനത്ത്, ആവശ്യമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയത്. ശരിയായ നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് ഉണ്ടായിരിക്കുന്നത്. ട്രയല്‍ മുന്നോട്ട് കൊണ്ടു പോകുകയാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
ഇര പൊട്ടിക്കരഞ്ഞിട്ടും കോടതി ഇടപെട്ടില്ല എന്നാണ് ഒരു ആരോപണം. കോടതികളില്‍ പൊട്ടിക്കരയല്‍ ഒരു പുതുമയല്ല, ആ കുട്ടിക്കുണ്ടായ ദുരനുഭവം അത്ര വലിയതാണ്. സങ്കകരമായ കാര്യമാണ്, അത് അത്ര വലിയ ദ്രോഹവുമാണ്. പക്ഷെ, പൊട്ടിക്കരയുന്നു എന്ന് പറഞ്ഞ്, കരച്ചില്‍ കണ്ട് കോടതിക്ക് മുന്നോട്ടു പോകാന്‍ സാധിക്കില്ല. കാരണം കോടതിയുടെ ജോലി അതല്ല. 'വിത്തൗട്ട് ഫിയര്‍ ഓര്‍ ഫേവര്‍ ഓര്‍ അഫക്ഷന്‍ ഓര്‍ ഇല്‍ വില്‍' ആണ് കോടതി തീരുമാനം എടുക്കേണ്ടത്. ഒരാള്‍ സങ്കടപ്പെടുന്നത് നമ്മള്‍ കാണും എന്നത് ശരിയാണ്, അത് മാത്രം കണ്ടതുകൊണ്ട് കാര്യമില്ല. അവര്‍ പ്രതികരിച്ചില്ല എന്നു പറയുമ്പോള്‍ നിയമവിരുദ്ധമായ ഒരു ചോദ്യം ചോദിക്കുമ്പോള്‍ ഉറപ്പായും പ്രതികരിക്കും. അതല്ല, നിയമവിരുദ്ധമല്ലാത്ത ഒരു ചോദ്യം ചോദിക്കുമ്പോള്‍ സാക്ഷി കരഞ്ഞാല്‍ ജഡ്ജിക്ക് ഒന്നും പറയാനാവില്ല, ചോദ്യങ്ങള്‍ക്കു മുന്നില്‍ കരഞ്ഞു നിന്നതുകൊണ്ട് കാര്യമില്ല.
ജുഡിഷ്യല്‍ ഓഫിസര്‍ക്കെതിരെ പറയുന്നത് അവരെ കെട്ടിയിട്ട് അടിക്കുന്നതു പോലെയാണ്. അവര്‍ക്ക് ഒന്നും പറയാന്‍ ഒരു മാര്‍ഗവുമില്ല. കോടതിയില്‍ ഉയര്‍ത്തിയ കാര്യങ്ങള്‍ വച്ച് ഈ ജഡ്ജിയുടെ മുന്നില്‍ വച്ച് കേസ് മാറ്റിയിരുന്നെങ്കില്‍ അവരുടെ ക്രെഡിബിലിറ്റി എവിടെ പോകുമായിരുന്നു എന്ന് ആലോചിക്കണം. ഈ കേസ് ഇന്‍കാമറ പ്രൊസീഡങ്‌സാണ്. പുറത്ത് നമ്മളാരും കണ്ടിട്ടില്ല. ഇത്രയധികം വക്കീലന്‍മാര്‍ ക്രോസ് വിസ്താര സമയത്ത് ഇരുന്നെന്നു പറയുന്നത്, ഇത്രയധികം പ്രതികള്‍ ഉള്ളതിനാലാണ്. ക്രോസ് എക്‌സാമിന്‍ ചെയ്യുമ്പോള്‍ സ്വാഭാവികമായും കുറെ ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. അത് പ്രതികളുടെ അവകാശമാണ്. നമ്മളുടെ നീതിന്യായ വ്യവസ്ഥയിലുള്ള അവകാശമാണ്.

Latest News