നയന്‍താരയ്ക്ക് ഇന്ന് പിറന്നാള്‍ 

തിരുവല്ല-തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ താരം നയന്‍താരയുടെ 36ാം ജന്മദിനത്തില്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ട് നിഴല്‍ സിനിമാ ടീം. മമ്മൂട്ടിയും മോഹന്‍ലാലുമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
ഇരുവരും നയന്‍താരയ്ക്ക് ജന്മദിനാശംസകള്‍ നേരുകയും ചെയ്തു. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.
പുരുഷന്മാര്‍ അടക്കി വാണിരുന്ന സൂപ്പര്‍ സ്റ്റാര്‍ പദവി കൈയ്ക്കുള്ളിലൊതുക്കി സിനിമ ഇന്‍ഡസ്ട്രിയിലെ അവിഭാജ്യ ഘടകമായി മാറിയ നയന്‍താരയുടെ പിറന്നാളാണിന്ന്. സിനിമയില്‍ നായകന്റെ കൂടെ നാമമാത്രമാകുന്ന വേഷം ചെയ്ത് ഒതുങ്ങുന്ന നായിക കഥാപാത്രങ്ങളെ കണ്ട് ശീലിച്ച പ്രേക്ഷകര്‍, നായിക നയിക്കുന്ന ചിത്രങ്ങള്‍ വിജയിപ്പിക്കാന്‍ ശീലിച്ചതിന് കാരണവും നയന്‍താരയാണ്. തിരുവല്ലാക്കാരിയായ ഡയാന മറിയം കുര്യന്‍ സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെയിലൂടെ ഗൗരിയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയപ്പോള്‍ ഒരിക്കലും പ്രതീക്ഷിച്ചിരിക്കില്ല തെന്നിന്ത്യയിലെ ലേഡീ സൂപ്പര്‍ സ്റ്റാറാകാനുള്ള വരവായിരിക്കും അതെന്ന്. ഒരുപാട് ഗോസിപ്പുകളും പ്രതിസന്ധികളും തരണം ചെയ്തും 15 വര്‍ഷം ഇന്‍ഡസ്ട്രിയില്‍ നിലനിന്നത് താരത്തിന്റെ ആത്മവിശ്വാസവും ധൈര്യവും ആത്മ സമര്‍പ്പണവും കൊണ്ട് തന്നയാണ്. ഒരുപാട് നിരോധനങ്ങള്‍ക്കിടയിലും തമിഴില്‍ തലൈവിയായി തുടരുന്ന നയന്‍താരയെ റോള്‍ മോഡലായി കാണുന്നവരാണ് പുതുതലമുറയിലെ മിക്ക നടികളും.
മലയാളത്തിലാണ് അരങ്ങേറ്റമെങ്കിലും കൂടി തമിഴിലും തെലുങ്കിലുമൊക്കെ വിജയ ചിത്രങ്ങള്‍ ലഭിച്ച നയന്‍താര പിന്നീട് മലയാളത്തില്‍ ചെയ്തത് വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം. 
സമൂഹ്യമാധ്യമങ്ങളില്‍  അക്കൗണ്ട് ഇല്ലാതിരുന്നിട്ട് കൂടി 36 വയസ്സു തികയുന്ന നയന്‍താരയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഒരുപാട് താരങ്ങള്‍ ആശംസയുമായി എത്തിയിട്ടുണ്ടെങ്കിലും തമിഴിലെ മുന്‍നിര സംവിധായകനും നയന്‍താരയുടെ ബോയ്ഫ്രണ്ടുമായ വിഘ്‌നേഷ് ശിവന്റെ പിറന്നാളാശംസയാണ് സമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍.


 

Latest News