Sorry, you need to enable JavaScript to visit this website.

അവതാര്‍2ല്‍  7 മിനിറ്റ് 14 സെക്കന്റ്  ശ്വാസം  വിടാതെ വെള്ളത്തില്‍ മുങ്ങി കേറ്റ് 

ലോസ് ഏഞ്ചല്‍സ്-സിനിമ ചിത്രീകരണവേളയില്‍ അഭിനേതാക്കള്‍  ശ്വാസം നിയന്ത്രിച്ച് വെള്ളത്തിനടിയില്‍ നിന്നു കൊണ്ട് അഭിനയിക്കേണ്ടതായി വരാറുണ്ട്. ജയിംസ് കാമറൂണിന്റെ ഏറ്റവും പുതിയ ചിത്രമായ 'അവതാര്‍ 2'ല്‍ കുറേ സീനുകള്‍ വെള്ളത്തിനടിയിലായാണ് ചിത്രീകരിച്ചത്. ഈ സീനുകളില്‍ അഭിനയിക്കുന്നതിനായി കേറ്റ് വിന്‍സ്ലെറ്റിന് ഒരുപാട് നേരം ശ്വാസം പിടിച്ച് വെക്കേണ്ടതായി വന്നു. ഇതിലൂടെ കേറ്റ് വിന്‍സ്ലെറ്റ് തകര്‍ത്തതാകട്ടെ, ടോം ക്രൂയിസിന്റെ റെക്കോഡ് ആണ്. ചിത്രീകരണ വേളയില്‍ ഏറ്റവും അധിക നേരം വെള്ളത്തിനടിയില്‍ ശ്വാസം വിടാതെ നിന്ന റെക്കോഡാണ് കേറ്റ് തകര്‍ത്തത്. ഏകദേശം 7 മിനിറ്റ് 14 സെക്കന്റാണ് കേറ്റ് ശ്വാസം വിടാതെ വെള്ളത്തില്‍ മുങ്ങി കിടന്നത്.'  മിഷന്‍ ഇംപോസിബിള്‍ റോഗ് നേഷന്റെ' ചിത്രീകരണത്തിന്റെ ഭാഗമായി ആറ്  മിനിറ്റിലേറെ ടോം ക്രൂയിസ് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഹോളിവുഡ് സിനിമയിലെ സര്‍വ്വകാല റെക്കോഡായിരുന്നു ഇത്. ഇതാണ് കേറ്റ് തകര്‍ത്തത്. പക്ഷേ, അത്തരത്തില്‍ ഒരു റെക്കോഡ് ഉണ്ടായിരുന്നത് പോലും തനിക്കറിയില്ലായിരുന്നുവെന്നും ഇത്രയും സമയം ശ്വാസം വിടാതെ പിടിച്ചു നില്‍ക്കുന്നത് തന്നെ സംബന്ധിച്ച് അസാധ്യമായിരുന്നുവെന്നും എങ്ങനെയോ അത് ചെയ്യാന്‍ കഴിഞ്ഞുവെന്നുമാണ് കേറ്റ് പ്രതികരിച്ചത്. '7 മിനിറ്റിലേറെ വെള്ളത്തില്‍ മുങ്ങി കിടന്നുവല്ലേ, അതി ഗംഭീരം' എന്ന് ആളുകള്‍ പറഞ്ഞപ്പോഴാണ് താന്‍ അതിനെ കുറിച്ച് ചിന്തിക്കുന്നത്. ഇനി ഒരിക്കല്‍ കൂടി എനിക്ക് അങ്ങനെ സാധിക്കുമെന്ന് തോന്നുന്നില്ല, കേറ്റ് പറയുന്നു. മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററില്‍നിന്ന് വാരിയത്. നാലര വര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്. അവതാര്‍ 2ന്റെ കഥ പൂര്‍ണമായും ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് കാമറൂണ്‍ പറയുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. 1832 കോടി രൂപയാണ് അവതാര്‍2ന്റെ നിര്‍മാണ ചെലവ്. മൂന്നാം ഭാഗത്തിന് 7500 കോടിയോളമാണ് മുതല്‍ മുടക്ക്. അവതാര്‍ 2വിന്റെയും 3യുടേയും ചിത്രീകരണം ന്യൂസിലാന്റില്‍ പൂര്‍ത്തിയായി. കൊറോണ കാരണം റിലീസ് വൈകിയ പടത്തിന്റെ രണ്ടാം ഭാഗം  2022 ഡിസംബര്‍ 16നും മൂന്നാം ഭാഗം 2024 ഡിസംബര്‍ 20 നും ആയിരിക്കും പുറത്തിറക്കുന്നത്. 

Latest News