Sorry, you need to enable JavaScript to visit this website.

ട്രംപ് ഇറങ്ങിയില്ലെങ്കിൽ...

കോഴിക്കോട്ടെ ഒരു പത്രാധിപർ പത്ത് മുപ്പത് കൊല്ലങ്ങൾക്കപ്പുറം സ്‌പെഷ്യലിസ്റ്റ് ഡോക്ടറെ കാണാൻ ചെല്ലുന്നു. അദ്ദേഹം തന്നെ ഈ അനുഭവം പിന്നീട് ഒരു ലേഖനത്തിൽ പരാമർശിച്ചതാണ്. പത്രാധിപർക്ക് കലശലായ മൂത്രത്തിൽ കല്ല്. അതൊരു തെരഞ്ഞെടുപ്പ് കാലവും. ഇ.കെ നായനാരുടെ നേതൃത്വത്തിൽ ഇടതുമുന്നണി അധികാരത്തിലേറാനുള്ള എല്ലാ സാധ്യതയുമുണ്ട്. ഇവിഎം കണ്ടു പിടിച്ചിട്ടില്ലാത്തതിനാൽ വോട്ടുകൾ എണ്ണി ട്രെൻഡ് സൂചനകൾ പുറത്തു വരുന്നതേയുള്ളു. ഫലമറിഞ്ഞ് ബഹളം വെക്കാൻ മാതൃഭൂമിക്കും മനോരമക്കും മുമ്പിൽ മലബാറൊന്നാകെ ഒഴുകിയെത്തിയിരുന്ന കാലം. കഥാനായകൻ പത്രാധിപരോട് ചോദിച്ചു. എന്താവും ആർക്കാണ് ലീഡ്?  ലഭ്യമായ സൂചനകൾ വെച്ച് എൽഡിഎഫിനാണ് സാധ്യതയെന്ന് മറുപടി. അപ്പോഴും ഡോക്ടർക്ക് സംശയം, അതിന് കെ. കരുണാകരൻ  ഒഴിഞ്ഞു കൊടുത്തിട്ട് വേണ്ടേ നായനാർക്ക് കയറിയിരിക്കാൻ. ഈ കഥയിൽ പറഞ്ഞത് പോലെയായി അമേരിക്കൻ ഐക്യനാടുകളിലെ കാര്യം. ദിവസങ്ങളെടുത്ത് കൂത്തുപറമ്പും പയ്യന്നൂരും മഞ്ചേരിയും താനൂരുമെല്ലാം എണ്ണി ട്രംപണ്ണന്റെ കഥ കഴിഞ്ഞുവെന്ന് തെളിഞ്ഞപ്പോഴും മൂപ്പർ ഒഴിയാനുള്ള ഭാവമില്ല. നമുക്ക് അറക്കൽ പൂരത്തിന് കാണാമെന്ന ഭാവത്തിൽ മുൻസിഫ് കോടതി മുതൽ സകല നീതിപീഠങ്ങളിലും കയറിയിറങ്ങുകയാണ്. അധികാരക്കൈമാറ്റം അത്ര എളുപ്പം നടക്കില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. ഏതായാലും ട്രോളന്മാർക്ക് കോളായി. ന്യൂജെൻ കാമുകിമാർ തേച്ചൊട്ടിച്ച് പോകുന്നത് പോലെ ഇന്ത്യയിലെ ഫ്രണ്ട് ലൈൻ മാറ്റി പിടിച്ചിട്ടുണ്ട്. ഇതിനിടയ്ക്ക് പുലിവാല് പിടിച്ചത് യു.എസിലെ ടെലിവിഷൻ ചാനലുകളാണ്.   
തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ട്രംപിന്റെ പ്രസ്താവനകൾ  ലൈവായി സംപ്രേഷണം ചെയ്യുന്നത് നിർത്തിവെക്കേണ്ടി വന്നു  ടിവി ചാനലുകൾക്ക്. വൈറ്റ്ഹൗസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ട്രംപിന്റെ  ലൈവ് സംപ്രേഷണം ചെയ്യുന്നത് ടിവി ചാനലുകൾ നിർത്തിവെച്ചത്. തെറ്റായ വിവരങ്ങൾ ട്രംപ് പറയുന്നതുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചതെന്ന് പ്രേക്ഷകരെ  ടിവി ചാനലുകൾ അറിയിക്കുകയും ചെയ്തു. എല്ലാ മാധ്യമ ഭീകരരേയും കക്കയം കോൺസൻട്രേഷൻ ക്യാമ്പിലേക്ക് ഉടൻ പറഞ്ഞു വിടേണ്ടതാണ്.  പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥിയായ ജോ ബൈഡനെയും ഡെമോക്രാറ്റുകളെയും ആദ്യം മുതൽ തന്നെ കടന്നാക്രമിക്കുന്ന രീതിയാണ് ട്രംപ് പിന്തുടർന്ന് വന്നിരുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി ഡെമോക്രാറ്റുകൾ കള്ളവോട്ട് ചെയ്യുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചാണ് ചാനലുകൾ ട്രംപിന്റെ സംഭാഷണം തടസ്സപ്പെടുത്തിയത്.  ട്രംപിനെ തിരുത്തുക കൂടി ചെയ്യുകയാണെന്ന് അവകാശപ്പെട്ടാണ് എംഎസ്എൻബിസി  ഇത് ചെയ്തത്. അവതാരകനായ ബ്രിയാൻ വില്യംസ് ട്രംപിന്റെ ലൈവ് അവസാനിപ്പിച്ചത് ഏറെ ശ്രദ്ധേയമായി. എൻബിസി, എബിസി എന്നീ വാർത്താ ചാനലുകളും ട്രംപിന്റെ ലൈവ് അവസാനിപ്പിച്ചിരുന്നു. അമേരിക്കയെ സംബന്ധിച്ച് ഏറ്റവും മോശം  രാത്രിയാണിതെന്നാണ് ലൈവ് അവസാനിപ്പിച്ച്  ചാനൽ നൽകിയ വിശദീകരണം.
അമേരിക്കയിലെ തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യൻ വംശജയായ കമല ഹാരിസും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിണറായിയുടെ കമലയുമായോ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ കമലയുമായോ ബന്ധമില്ലെന്ന് ഉറപ്പിക്കാം. കമല എന്നാൽ ലോട്ടസ്. അതായത് താമര. ചെന്നൈക്കടുത്ത ഗ്രാമത്തിലെ തമിഴ് ബ്രാഹ്മണ സ്ത്രീ. ഇന്ത്യയുടെ ഐശ്വര്യത്തിന്റെ പ്രതീകമെന്നൊക്കെ പ്രചരിപ്പിക്കാൻ വരട്ടെ. തെരഞ്ഞെടുപ്പിന് മുമ്പുള്ള യോഗങ്ങളിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പൗരാവകാശ ധ്വംസനങ്ങളെ കുറിച്ച് സംസാരിച്ച് ക്ഷീണിക്കുമ്പോൾ കമലയ്ക്ക് ലിപ്ടൺ ചായയും ബീഫ് കട്്‌ലറ്റും നിർബന്ധമാണ്. 

*** *** ***

ട്രംപ് വൈറ്റ് ഹൗസ് വിടേണ്ടി വരുമെന്ന കാര്യം ഉറപ്പായപ്പോഴതാ പുതിയ പുലിവാലുകൾ തല പൊക്കുന്നു. വിഷമഘട്ടത്തിൽ താങ്ങാവുന്നവരാണ് ജീവിതപങ്കാളികളെന്നാണ് നമ്മുടെ പിന്തിരിപ്പൻ വീക്ഷണം. വൈറ്റ് ഹൗസിൽ ട്രംപണ്ണനും മിലവിനും വെവ്വേറെ ബെഡ് റൂമുകളാണെന്ന് ലണ്ടനിലെ ഡെയ്‌ലി മെയിൽ എപ്പോഴേ റിപ്പോർട്ട് ചെയ്തതാണ്. മൂപ്പരുടെ കൈയിലിരിപ്പ് വെച്ചു നോക്കുമ്പോൾ മാഡത്തിന്റെ പ്രതിഷേധം സ്വാഭാവികം. ഇപ്പോഴിതാ ട്രംപിന്റെ പണി പോകുമെന്നായപ്പോൾ മിലുവും കൈവിടുന്നു. ഇനി കാലിഫോർണിയ കടപ്പുറത്ത് ചെമ്മീനിലെ പരീക്കുട്ടിയെ പോലെ പാട്ടും പാടി നടക്കാം. ഡോണൾഡ് ട്രംപും മെലാനിയ ട്രംപും വിവാഹ മോചിതരാകുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നതാണ്. ഇതിന് സ്ഥിരീകരണമൊന്നും ലഭിച്ചിരുന്നില്ല.  ഇരുവരും തമ്മിലുള്ള കരാർ പ്രകാരം മെലാനിയ കോടീശ്വരിയായി മാറുമെന്നാണ് വിവരങ്ങൾ.  വിവാഹത്തിന് മുമ്പേ ഇവർ സ്വത്തുക്കൾ സംബന്ധിച്ചുള്ള കരാറിൽ എത്തിയിരുന്നു.  ഇതനുസരിച്ചാണ് ട്രംപ് വൻ തുക തന്നെ മെലാനിയക്ക് നൽകേണ്ടി വരുന്നത്. രാഷ്ട്രീയ വിദഗ്ധർ ഇതിനെ എളുപ്പത്തിൽ പണം നേടാനുള്ള കരാർ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.

ധനികരായ പല ആളുകളും ഇത്തരം കരാറുകൾ വിവാഹത്തിന് മുമ്പ് വെക്കാറുണ്ട്. അത് ഒരുഘട്ടത്തിൽ പിരിയേണ്ടി വരുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ്. എന്നാൽ സാധാരണ വിവാഹങ്ങൾ പോലെ ആയിരിക്കില്ല ഇതെന്നും പറയപ്പെടുന്നു. മാനസികമായി ഇവർ തമ്മിൽ അടുപ്പമുണ്ടാകില്ല. ലോകത്തെ തന്നെ ഏറ്റവും വലിയ കോടീശ്വരികളിലൊന്നായി മെലാനിയ മാറും. ട്രംപിന്റെ ആരാധകരെ പോലും അമ്പരപ്പിക്കുന്നതാണ് ഇത്. 50 മില്യണാണ് മെലാനിയക്ക് ലഭിക്കാൻ പോകുന്നത്. ഇത് ലോകത്തെ തന്നെ വലിയ വിവാഹ കരാർ തുകകളിലൊന്നാണ്. പതിനഞ്ച്  വർഷം മുമ്പാണ് ഡോണൾഡ് ട്രംപും മെലാനിയ ട്രംപും വിവാഹിതരാകുന്നത്. ട്രംപ് അധികാരം നേടിയിട്ടും വാഷിംഗ്ടണിലേക്കോ വൈറ്റ് ഹൗസിലേക്കോ വരാൻ മെലാനിയ തയ്യാറായിരുന്നില്ല. മകന്റെ വിദ്യാഭ്യാസമാണ് പ്രധാനമെന്നായിരുന്നു അവർ പറഞ്ഞത്. പിന്നീട് ഇവർ വൈറ്റ് ഹൗസിലേക്ക് എത്തുകയായിരുന്നു. എന്നാൽ വിവാഹമോചനത്തെ കുറിച്ച് കാര്യങ്ങൾ ഔദ്യോഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല. അധികാരമൊഴിയുന്ന ദിവസം മെലാനിയ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുമെന്നാണ് സൂചന.

*** *** ***

ഓൺലൈൻ മാധ്യമങ്ങൾ ആരംഭിക്കുന്നതിന് നിലവിൽ ഇന്ത്യയിൽ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല. മിക്ക ഓൺലൈൻ മാധ്യമങ്ങളിലും അതിന്റെ സ്ഥാപകരെ കുറിച്ചോ, ബന്ധപ്പെടാനുള്ള അഡ്രസുപോലും ഉണ്ടാകില്ല. വ്യാജ വാർത്തകൾ, മതസ്പർധയുണ്ടാക്കുന്ന ഉള്ളടക്കങ്ങൾ തുടങ്ങിയവ പ്രചരിപ്പിക്കുന്നു. ഈ കാരണത്താൽ സമൂഹ മാധ്യമങ്ങൾക്ക് മേൽ  നിയന്ത്രണങ്ങൾ വേണമെന്ന് കോടതികൾ പലവട്ടം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അപ്പോഴും ഓൺലൈൻ വാർത്ത പോർട്ടലുകൾ ഒഴിവാക്കപ്പെട്ടിരുന്നു. മാധ്യമപ്രവർത്തനമെന്ന മേഖലയിലേക്ക് മുൻപരിചയമൊന്നുമില്ലാതെ കുറഞ്ഞ മുതൽമുടക്കിൽ ആർക്കും ആരംഭിക്കാവുന്ന ഒന്നായി ഓൺലൈൻ മീഡിയകൾ മാറുകയും ചെയ്തു.
വിദേശത്ത് നിന്നും പ്രവർത്തിക്കുന്ന നിരവധി സംരംഭങ്ങൾ ഇതിലുണ്ട്. രാജ്യതാത്പര്യങ്ങളെയും, വ്യക്തിഹത്യയും നടത്തുന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുന്ന ഓൺലൈൻ മാധ്യമങ്ങൾക്ക് നേരെ പരാതി നൽകിയാലും കൃത്യമായ ചട്ടക്കൂടിനുള്ളിൽ നിയമസംവിധാനങ്ങളിൽ പ്രതിപാദിക്കാത്തതിനാൽ ശക്തമായ നടപടികൾ എടുക്കുവാനും അധികാരികൾക്ക് കഴിയുമായിരുന്നില്ല. അടുത്തിടെ മതവിദ്വേഷം കലർന്ന പരിപാടി സംപ്രേഷണം ചെയ്യുന്നതിൽ നിന്നും ഒരു സ്വകാര്യ ചാനലിനെ വിലക്കിയപ്പോൾ സുപ്രീം കോടതിയും ഈ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിനൊരു മാറ്റം വരുത്താനാണ് കേന്ദ്രം ഒരുങ്ങുന്നത്.
വാർത്താ വെബ്‌സൈറ്റുകൾ രജിസ്റ്റർ ചെയ്ത് മാത്രമേ ഇനി പ്രവർത്തിക്കുവാൻ കഴിയുകയുള്ളു. പത്രങ്ങളും ചാനലുകളും പ്രവർത്തിക്കുന്നത് പോലെ വാർത്ത വിതരണ മന്ത്രാലയത്തിൽ നിന്നും ലൈസൻസ് കരസ്ഥമാക്കേണ്ടി വരികയും ചെയ്യും. ഇതിനൊപ്പം ഉള്ളടക്കത്തിൽ പരാതിയുള്ള പക്ഷം വായനക്കാരന് നിശ്ചിത ഫോറങ്ങളിൽ പരാതി നൽകുവാനുമുള്ള സംവിധാനം ഇതിനൊപ്പം ഒരുങ്ങും.
കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണിൽ തിയേറ്ററുകളടക്കം അടഞ്ഞതോടെയാണ് യുവജനങ്ങൾ  വിനോദത്തിനായി മൊബൈലുകളിൽ ഒ ടി ടി പ്ലാറ്റ് ഫോമിലേക്ക് വൻ തോതിൽ എത്തിപ്പെട്ടത്. ആമസോൺ, നെറ്റ് ഫഌക്‌സ് തുടങ്ങിയ ഒ ടി ടി പ്ലാറ്റ് ഫോമുകൾ വളരെ നാളായി പ്രവർത്തിക്കുന്നുവെങ്കിലും അടുത്ത കാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങൾ പോലും ഒ ടി ടി റിലീസിംഗ് ആരംഭിച്ചതോടെയാണ് ജനം ഇടിച്ചുകയറാൻ ആരംഭിച്ചത്. സിനിമ റിലീസിനൊപ്പം വെബ് സീരീസുകളും ഒ ടി ടിയിൽ പ്രദർശനത്തിനെത്തിയതോടെയാണ് പരാതികളും ഏറിയത്. സെൻസറിംഗ് ഇല്ലാതെ ലൈംഗിക രംഗങ്ങളും, അശ്ലീല രംഗങ്ങളുമുള്ള പരിപാടികൾ നിരന്തരം ഒ ടി ടിയിൽ പ്രദർശനത്തിനെത്തുന്നതും പരാതിക്കിടയാക്കി. പരാതികൾ കുന്നുകൂടിയതോടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരിട്ട് ആവശ്യപ്പെട്ടുവെന്നാണ് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് നൗ  റിപ്പോർട്ട് ചെയ്തത്. 
ചാനൽ മുറികളിൽ നടക്കുന്ന ചർച്ചകൾ റിയാലിറ്റി ഷോകൾക്ക് സമാനമായ ഹാസ്യനാടകമാണ്. റേറ്റിങ് അടിസ്ഥാനമാക്കിയുള്ള ബിഗ് ബോസ് മത്സരം. ഒരടിസ്ഥാനവുമില്ലാത്ത കുറ്റം ആരോപിക്കുക, അതുതന്നെ നിരന്തരം പറഞ്ഞുപോകുക. ഇവയെല്ലാം പിന്നീട് തിരുത്തിയാലും ജനങ്ങൾ അതറിയണമെന്നില്ല. അവരുടെ മനസ്സിൽ ആ ആരോപണങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ഇത് നല്ലതിനല്ല. തിരിച്ചറിവുകൾ എപ്പോഴും നല്ലതാണ്. 

*** *** ***

ചാനലുകൾക്ക് എല്ലാസമയത്തും ബ്രേക്കിങ് ന്യൂസുകൾ വേണം. ഏതൊരു ചെറിയ കാര്യവും ഊതിവീർപ്പിച്ച് പറയുക എന്നതാണവരുടെ രീതി. ഇങ്ങനെ നിരന്തരം ബ്രേക്കിങ് ന്യൂസുകൾ സംഭവിക്കുന്നതാണോ നമ്മുടെ ജീവിതം? ഫലത്തിൽ ജനാധിപത്യത്തിന്റെ നാലാം തുണിനെ ദ്രവിപ്പിക്കുന്ന സംഗതിയാണത്. മനഃപൂർവം കാറ്റു വിതച്ച് കൊടുങ്കാറ്റ് കൊയ്യുകയാണവർ. മാധ്യമ പ്രവർത്തനത്തിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്ന കാലമെത്തി.
ഏഷ്യാനെറ്റിന്റെ സ്ഥാപകനല്ലെ നിങ്ങൾ എന്ന ചോദ്യം ഇപ്പോൾ കേൾക്കുമ്പോൾ, അത് അഭിനന്ദനമാണോ ആരോപണമാണോ എന്ന ആശങ്കയാണ് എനിക്കിപ്പോൾ. ഇന്ത്യൻ മാധ്യമങ്ങൾ മിക്കതും 'ഗോഡി മീഡിയ' ആയി, അതായത് മോഡിയുടെ മടിയിലിരിക്കുന്ന മാധ്യമങ്ങൾ.
ഇതിനെ തിരുത്താൻ ജനങ്ങളുടെ നീക്കമുണ്ടാകണം. ഒരു സാമൂഹ്യ പ്രശ്‌നമുണ്ടാകുമ്പോൾ ജനങ്ങൾ സ്വയം സംഘടിച്ച് മുന്നോട്ടുവരുന്നതുപോലെ, ഉപഭോക്താവ് എന്ന നിലയിൽ, സമൂഹത്തിന് ദോഷം ചെയ്യുന്ന സംഗതിയാണ് മാധ്യമങ്ങൾ ചെയ്യുന്നത് എന്ന തിരിച്ചറിവിൽ ജനങ്ങൾ സംഘടിച്ച് പ്രതിരോധിക്കണം എന്നാണ് എനിക്ക് തോന്നുന്നത് -മുതിർന്ന മാധ്യമപ്രവർത്തകനും ഏഷ്യൻ സ്‌കൂൾ ഓഫ് ജേണലിസത്തിന്റെ ചെയർമാനുമായ ശശികുമാർ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വളരെ പ്രസക്തമാണ്. 

*** *** ***

കൈരളി ടിവിയുടെ ചാനലുകൾ വിവാദങ്ങളുടെ കാലത്തും ഒരാശ്വാസമാണ്. ജോൺ ബ്രിട്ടാസിന്റെ ജെ.ബി ജംഗ്ഷനിൽ യുവനായകൻ ടൊവിനോ തോമസ് അതിഥിയായെത്തി. ടൊവിനോയുടെ ചിക്കൻ കമ്പം പുറത്തായി. രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവുമെല്ലാം ടൊവി ചിക്കൻ തട്ടും. ഫ്രീസറിൽ നിന്നെടുത്തായാലും കഴിക്കും. അതാണ് ബോഡി ബിൽഡിംഗ് സീക്രട്ട്. കെ.എം. ഷാജി എം.എൽ.എയുടെ അനധികൃത സ്വത്ത് സമ്പാദനവും എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനുമിടെ ഈ വിഷയം റിപ്പോർട്ടർ ടിവിയിൽ ചർച്ച. ലീഗിനെ പ്രതിനിധീകരിച്ച് എം.സി മായിൻ ഹാജി. ഒരു കോടി 68 ലക്ഷത്തിന്റെ വീടേ കോഴിക്കോട്ട് ഷാജിയ്ക്കുള്ളൂവെന്ന് ഹാജി. മായിൻ ഹാജീ, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ തുകയാണെന്ന് അവതാരക അപർണ സെന്നിന്  ഓർമിപ്പിക്കേണ്ടി വന്നു. കണ്ണന്താനം മന്ത്രിയായ വേളയിൽ ശ്രീമതിയുടെ അഭിമുഖം മാതൃഭൂമി ന്യൂസ് സംപ്രേഷണം ചെയ്തപ്പോഴാണ് മനുഷ്യർ ഉള്ളറിഞ്ഞ് ചിരിച്ചത്. ഇപ്പോഴിതാ അതിനോട് കിടിപിടിക്കാവുന്ന വെളിപ്പെടുത്തലുകളുമായി ബിനീഷ് കോടിയേരിയുടെ അമ്മായിഅമ്മ മിനി വന്നിരിക്കുന്നു. നിങ്ങളൊക്കെ പറഞ്ഞ് അഞ്ച് കോടിയുണ്ടെന്ന്. എന്നിട്ടും ഞങ്ങൾക്ക് ഒണക്ക ഇന്നോവ കാർ. ഈ തിരോന്തരത്ത് എന്തോരം ആഡംബര കാറുകളാ... അത് വല്ലതും വാങ്ങില്ലായിരുന്നുവോ?   ആ കാർഡ് ഇവിടെയുണ്ടായിരുന്നുവെങ്കിൽ ആദ്യം നശിപ്പിക്കില്ലായിരുന്നുവോ? ഇത്രയും പണമുണ്ടായിരുന്നുവെങ്കിൽ ഞങ്ങൾ എത്രയെത്ര വിദേശ യാത്ര നടത്തുമായിരുന്നു. പാസ്‌പോർട്ട് നോക്കിക്കോളൂ, വളരെ കുറച്ച് സ്ഥലത്തല്ലേ പോയുള്ളു. കിലുക്കത്തിലെ രേവതിയെ പോലെ തികച്ചും നിഷ്‌കളങ്കമായി മിനി ആന്റി പറഞ്ഞു. ഇതൊക്കെ നിർവികാരതയോടെ കേട്ടിരുന്ന മനോരമ ന്യൂസിലെ ന്യൂസ് റീഡറാണ്  താരം.
 

Latest News