Sorry, you need to enable JavaScript to visit this website.
Friday , January   22, 2021
Friday , January   22, 2021

നവംബറിന്റെ നഷ്ടം: നാളെ നടൻ ജയന്റെ ചരമ വാർഷികം

സ്വന്തം തൊഴിലിനോടുള്ള ആത്മാർഥതയും അർപ്പണമനോഭാവവും അതിരുകവിഞ്ഞപ്പോൾ രക്തസാക്ഷിയാകേണ്ടി വന്ന ഒരു നടൻ അകാലത്തിൽ അരങ്ങൊഴിഞ്ഞപ്പോൾ അനാഥമായ സിംഹാസനമാണത്. അത് ജയൻ എന്ന നടന വിസ്മയം ഒഴിച്ചിട്ട സിംഹാസനമാണ്. 1980 നവംബർ 16-ന് ചെന്നൈക്കടുത്തുള്ള ഷോളാവാരത്ത് കോളിളക്കം എന്ന ചിത്രത്തിലെ ഒരു സ്റ്റണ്ട് രംഗത്തിന്റെ അന്തിമഘട്ടം ചിത്രീകരിക്കുന്നതിനിടയിലാണ് ഹെലികോപ്ടർ അപകടത്തിൽ ജയൻ ദാരുണമായി മരണമടയു ന്നത്. സിനിമയോടും അഭിനയത്തോടുമുള്ള അമിതാവേശമാണ് അദ്ദേഹത്തെ  മരണത്തിലേക്ക് നയിച്ചത് എന്ന് ശ്രീകുമാരൻ തമ്പി രേഖപ്പെടുത്തുന്നുണ്ട്.
ഷൂട്ടിംഗ് നടന്ന ഷോളാവാരത്തെ വായുസേനയുടെ എയർ സ്ട്രിപ്പിൽ മൂന്നു ക്യാമറകൾ വെച്ച് ആ രംഗം ഒരു തവണ ഭംഗിയായി ഷൂട്ട് ചെയ്തതായി രുന്നു. അപ്പോഴാണ് അത് തനിക്കത്ര തൃപ്തിയായില്ലെന്നും ഒന്നുകൂടെ ഷൂട്ട് ചെയ്യണമെന്നുമുള്ള അഭ്യർഥനയുമായി ജയൻ, ചിത്രത്തിന്റെ സംവിധായകൻ പി.എൻ. സുന്ദരത്തിന്റെ മുന്നിലെത്തുന്നത്. അത് ആദ്യം നിഷേധിച്ച സുന്ദരം, ജയന്റെ നിർബന്ധത്തിന് വഴങ്ങി രംഗം വീണ്ടും ഷൂട്ട് ചെയ്യാൻ തയ്യാറായി. 
ചിത്രത്തിൽ, നടൻ സുകുമാരൻ ഓടിക്കുന്ന ബൈക്കിന്റെ പിന്നിൽ നിന്നും ചാടി ഉയർന്ന ജയൻ, വില്ലനായ ബാലൻ കെ.നായർ ഇരിക്കുന്ന ഹെലികോപ്ടറിന്റെ ലാന്റിംഗ് സ്റ്റാന്റിൽ തൂങ്ങി പിടിച്ച് സംഘട്ടനത്തിൽ ഏർപ്പെടുന്ന ഒരു രംഗമുണ്ട്. അതിനിടയിൽ നിയന്ത്രണംവിട്ട ഹെലികോപ്റ്റർ ആടിയുലഞ്ഞ് ജയനേയും കൊണ്ട് താഴേക്ക് വന്നു. അദ്ദേഹം തല നിലത്തടിച്ച് വീണു. ആ വീഴ്ചയിൽ തലച്ചോറിനേറ്റ ക്ഷതമായിരുന്നു മരണ കാരണം. മലയാള സിനിമയ്ക്ക് അക്ഷരാർഥത്തിൽ അത് നവംബറിന്റെ നഷ്ടമായി.
ജയന്റെ ദാരുണമായ അന്ത്യം സിനിമാ ലോകത്തിനും ആരാധകർക്കും വലിയ ഷോക്കായിരുന്നു. സിനിമയിലെ സഹപ്രവർത്തകർ പലരും നി യന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. കേരളത്തിലെ പല തിയേറ്ററുകളിലും സിനിമ ഓടുന്നതിനിടയിൽ പ്രത്യേകം സ്ലൈഡിൽ എഴുതി കാണിച്ചാണ് ജയന്റെ മരണ വിവരം കാണികളെ അറിയിച്ചത്. അവർ തിയേറ്റർ വിട്ട് പുറത്തേക്കോടി വാവിട്ടു നിലവിളിച്ചു. ഒരുപക്ഷെ, മലയാള സിനിമയിൽ മറ്റൊരു അഭിനേതാവിനും കിട്ടാത്തത്ര വലിയ ആദരവായിരുന്നു ജയൻ എന്ന നടന് അന്ന് ആരാധകർ നൽകിയത്.
പക്ഷെ, ജയൻ എന്ന ആ നടനെ ഇന്ന് മലയാള സിനിമ ശരിയാംവണ്ണം വിലയിരുത്തിയിട്ടുണ്ടോ എന്നത് സംശയമാണ്. മിമിക്രി താരങ്ങളിൽ പലരും അതിരുവിട്ട അനുകരണ ആഭാസങ്ങളിലൂടെ അപമാനിച്ച് അലങ്കോലമാക്കിയ ജയനെയാണ് ഇന്നത്തെ തലമുറയ്ക്ക് പരിചയം. 
അവാസ്തവമായ അവതരണമാണത്. മലയാളസിനിമയിലെ ആദ്യത്തെ ലക്ഷണമൊത്ത ഹീറോ എന്ന പദവി കരസ്ഥമാക്കിയ നടനാണ് ജയൻ. എഴുപതുകളിൽ വളരെയേറെ പേരും പ്രശസ്തിയും താരമൂല്യവുമുള്ള നടനുമായിരുന്നു അദ്ദേഹം. ഒരു കാലഘട്ടത്തിന്റെ ആശയും ആവേശവും ആഘോഷവുമായി ജ്വലിച്ചുപടരാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. 


പ്രേംനസീറും മധുവും സുകുമാരനും സോമനും ഹീറോകളായി അരങ്ങുവാഴുന്ന കാലത്ത് തന്നെയാണ് ജയനും മലയാള സിനിമയിൽ അഭിനയ ത്തിന്റെ വെന്നിക്കൊടി പാറിച്ചത്. നസീറിനെ പോലുള്ളവരുടെ പ്രോത്സാഹനം അദ്ദേഹത്തിന് നിർലോഭം ലഭിച്ചിരുന്നു. അന്നേ ജയൻ എന്ന നടന്റെ കരുത്തും കഴിവും തിരിച്ചറിയാൻ പ്രേംനസീറിന് കഴിഞ്ഞിരുന്നു എന്ന് സാരം. ജയനൊപ്പം സഹനടനായി കൂടി അഭിനയിക്കാൻ അദ്ദേഹം തയ്യാറായത് അതുകൊണ്ടായിരുന്നു. നായാട്ട് എന്ന ശ്രീകുമാരൻ തമ്പി ചിത്രം അതിന് ഉദാഹരണമാണ്.  1972-ൽ കുഞ്ചാക്കോയുടെ പോസ്റ്റ്മാനെ കാണാനില്ല എന്ന ചിത്രത്തിലൂടെയാണ് ജയൻ സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് കടന്നു വരുന്നത്. 
1976-ൽ ഇറങ്ങിയ ഹരിഹരന്റെ പഞ്ചമി എന്ന ചിത്രമാണ് ജയനെ ശരിക്കും ശ്രദ്ധേയനാക്കുന്നത്. ഒരേസമയം പ്രേക്ഷകരുടെ വെറുപ്പും സഹതാപവും പിടിച്ചു പറ്റുന്നതിൽ അതിൽ ജയൻ അവതരിപ്പിച്ച റെയിഞ്ചറുടെ വില്ല ൻ വേഷത്തിന് കഴിഞ്ഞു. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നതേയില്ല. കൈനിറയെ പടങ്ങളുമായി നിർമാതാക്കൾ അദ്ദേഹത്തിന് മുന്നിൽ ഡേറ്റിന് വേണ്ടി ക്യൂ നിൽക്കുന്ന അവസ്ഥ പോലും ഉണ്ടായി. 
ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളിൽ പരമാവധി ഡ്യൂപ്പുകളെ ഒഴിവാക്കി അഭിനയിച്ചിരുന്ന ജയൻ, ആക്ഷൻ സിനിമകളുടെ പെരുമഴക്കാലം തീർത്തു കൊണ്ട് മലയാളത്തിൽ നിറഞ്ഞാടി. അന്നത്തെ യുവതലമുറയുടെ സ്വപ് നങ്ങളിലെ സാഹസിക സങ്കൽപ്പത്തിന്, അവർ ആഗ്രഹിക്കുന്നതിനും അപ്പുറം സാധ്യതയും പൂർണതയും നൽകി വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിച്ചു എന്നതായിരുന്നു ജയൻ എന്ന നടൻ നേടിയ വമ്പിച്ച വിജയത്തിന് പിന്നിലെ പ്രധാന രഹസ്യം. യുവത്വത്തിന്റെ ഹരമായി അദ്ദേഹം മാറിയതിന്റെ കാരണവും മറ്റൊന്നല്ല.
തച്ചോളി അമ്പു, പുതിയ വെളിച്ചം, നായാട്ട്, മൂർഖൻ, ആവേശം, മനുഷ്യമൃഗം, ശക്തി, ചന്ദ്രഹാസം, തടവറ, കരിപുരണ്ട ജീവിതങ്ങൾ, ഏഴാംകട ലിനക്കരെ, മീൻ, അങ്ങാടി, കരിമ്പന, കഴുകൻ, കാന്തവലയം, അറിയപ്പെടാത്ത രഹസ്യം തുടങ്ങിയ പടങ്ങളിൽ സൂപ്പർ ഹീറോയും ഹീറോയും ആന്റി ഹീറോയുമായി അദ്ദേഹം തകർത്തഭിനയിച്ചു. ഹിറ്റുകളും സൂപ്പർ ഹിറ്റുകളും പിറന്നു. ഹിറ്റുകളുടെ രാജകുമാരൻ എന്നദ്ദേഹത്തിന് വിളിപ്പേരുണ്ടായി. ജയ നുണ്ടെങ്കിൽ സിനിമ ബോക്‌സോഫീസിൽ വമ്പൻ വിജയം കൊയ്യുമെന്ന നി ർമാതാക്കളുടെ വിശ്വാസം അദ്ദേഹത്തെ നിന്നുതിരിയാൻ കഴിയാത്തവിധം തിരക്കിന്റെ ലോകത്തെത്തിച്ചു. 
വർഷം ശരാശരി 20 സിനിമകളിൽ വരെ അഭിനയിക്കുന്ന തരത്തിൽ ജ യന്റെ തിരക്ക് വർദ്ധിച്ചിരുന്നു(1972 മുതൽ 1980 വരെയുള്ള കാലയളവിൽ 135- ഓളം സിനിമകളിൽ ജയൻ അഭിനയിക്കുകയുണ്ടായി).1972-ൽ സിനിമയിൽ അഭിനയം തുടങ്ങിയ അദ്ദേഹം പക്ഷെ, വെള്ളിത്തിരയിലെ സ്ഥിരസാന്നിദ്ധ്യമായി മാറുന്നത് 1974 മുതലാണ്. അങ്ങനെ നോക്കിയാൽ കേവലം 6 വർഷം മാത്രമെ അദ്ദേഹം സിനിമാരംഗത്ത് സജീവമായി ഉണ്ടായിരുന്നുള്ളൂ. അതിൽ ത ന്നെ 1978 മുതൽ 1980 വരെയുള്ള കാലമാണ് സിനിമയിൽ അദ്ദേഹത്തിന്റെ സുവർണ കാലം(1978-ൽ ജയൻ അഭിനയിച്ച സിനിമകളുടെ എണ്ണം 31-ഓളം വരും എന്നറിയുക!)
കേവലം 6 വർഷം കൊണ്ട് മലയാള സിനിമാലോകം കീഴടക്കിയ അതുല്യ പ്രതിഭയാണ് ജയൻ. ഒരുപക്ഷെ, മലയാളത്തിൽ മറ്റൊരു നടനും അവകാ ശപ്പെടാൻ ആവാത്തതാണ് ഈ ഹ്രസ്വമായ കാലയളവിൽ അദ്ദേഹം സാധിച്ചെടുത്തത്. ഒരുകാലഘട്ടത്തിന്റെ നായക സങ്കൽപ്പത്തെയാകെ അദ്ദേഹം ഉട ച്ചുവാർത്തു. 
ചലച്ചിത്രലോകത്ത് അദ്ദേഹം ഒരു നവതരംഗമായി. പൗരുഷത്തിന്റെ പ്രതീകമായി. സാഹസികതയുടെ ആൾരൂപമായി. ആൾക്കൂട്ട ആരവങ്ങളുടെ ആരാധ്യനായി. യുവതലമുറയുടെ ലഹരിയായി. മലയാള സിനിമയുടെ പൊൻചക്രവാളത്തിൽ വെള്ളിവെളിച്ചം വിതറുന്ന നക്ഷത്രമായി ഉദിച്ചുയർന്ന്, പൂർണമായും പ്രഭചൊരിയും മുമ്പ് കത്തിയമർന്ന് കാണികളുടെ കനവിൽ 
കദനം വിതച്ച ജയൻ, ഈ 40 വർഷങ്ങൾക്കിപ്പുറവും ഒരു തലമുറയുടെ മനസിൽ മറവിയിലേക്ക് മായാത്ത മധുരസ്മരണയായി മാറുന്നു.