Sorry, you need to enable JavaScript to visit this website.

ആഗകളുടെ ജീവിതം

വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പരിചരണത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കപ്പെട്ട ആഗകളുടെ ജീവിതത്തെ കുറിച്ച്...

ആഗാ അഹ്മദ് അലി യാസീന്റെ വിയോഗത്തിലൂടെ ജീവിതം മുഴുവൻ ദൈവിക മാർഗത്തിൽ സമർപ്പിച്ച, കുറ്റിയറ്റുപോയി കൊണ്ടിരിക്കുന്ന ഒരു വിഭാഗത്തിന്റെ അവസാന കണ്ണികളിൽ ഒരാളാണ് മസ്ജിദുന്നബവിയുടെ ചരിത്രത്തിൽ നിന്ന് കൊഴിഞ്ഞുപോയത്. മസ്ജിദുന്നബവിയിൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തിരുശരീരം അടക്കം ചെയ്ത മുറിയുടെയും റൗദ ശരീഫിന്റെയും പരിചാരകനും സേവകനും ആയി ഒരു പുരുഷായുസ്സ് മുഴുവൻ ജീവിച്ചുതീർത്ത ആഗാ അഹ്മദ് അലി യാസീൻ കാലയവനികക്കുള്ളിൽ മറഞ്ഞ് ദൈവീക സന്നിധിയിലേക്ക് യാത്രയായെന്ന വാർത്തകൾ പുറത്തുവന്നത് വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പരിചരണത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കപ്പെട്ട ആഗകളെ കുറിച്ച ജിജ്ഞാസകൾക്ക് ഇടയാക്കി. 
കഴിഞ്ഞയാഴ്ച 95 -ാമത്തെ വയസിലാണ് ആഗാ അഹ്മദ് അലി യാസീൻ എന്ന കർമയോഗി  ഇഹലോകവാസം വെടിഞ്ഞത്. മദീനയിലെ ഏറ്റവും പഴയ ആഗയായിരുന്നു. മദീനയിൽ മസ്ജിദുബവിയുടെ പരിചരണ ചുമതലക്ക് ജീവിതം ഉഴിഞ്ഞുവെച്ച, അവശേഷിക്കുന്ന നാലു ആഗകളിൽ ഒരാളായിരുന്നു ആഗാ അഹ്മദ് യാസീൻ. ഇനി മൂന്നു ആഗമാർ കൂടിയാണ് മദീനയിലുള്ളത്. 


മക്കയിൽ എട്ടു ആഗകളാണുള്ളത്. അലി ഹുസൈൻ ആഗ, സിറാജ് കമാൽ ആഗ, ഇദ്‌രീസ് അബ്ദുല്ല ആഗ, അബ്ദുല്ല അഹ്മദ് മൂസ ആഗ, ഹസൻ ശുകൂറു ആഗ, അഹ്മദ് മുസ്തഫ ആഗ, ഹസൻ മുഹമ്മദ് ആഗ, അലി മുഹമ്മദ് ആഗ എന്നിവരാണിവർ. ഇക്കൂട്ടത്തിൽ പെട്ട അലി ഹുസൈൻ ആഗയാണ് മക്കയിൽ ആഗകളുടെ കാരണവർ. കരുത്തും കർമശേഷിയും കാര്യക്ഷമതയും ഒത്തുചേർന്നവരാണ് ആഗകൾ. 
പ്രതിമാസം 8,000 റിയാൽ വീതമാണ് തങ്ങൾക്ക് വേതനം ലഭിക്കുന്നതെന്ന് സമീപ കാലത്ത് പ്രാദേശിക പത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ അലി ഹുസൈൻ ആഗ വെളിപ്പെടുത്തിയിരുന്നു. ഏറ്റവും ഒടുവിലായി 43 വർഷം മുമ്പ് ഹിജ്‌റ 1399 ലാണ് ഒരാളെ ആഗ പദവിയിൽ നിയമിച്ചത്. ഹിജ്‌റ 1384 ൽ 300 റിയാലായിരുന്നു തന്റെ വേതനം. അക്കാലത്ത് ആ തുക ജീവിത ചെലവുകൾക്ക് ഏറെ ധാരാളമായിരുന്നു. 
വിധവകളെയും വിവാഹമോചിതരെയും ആഗകൾ വിവാഹം ചെയ്തിരുന്നു. ദാമ്പത്യ സുഖത്തിനു വേണ്ടിയല്ല ആഗകൾ വിവാഹം കഴിച്ചിരുന്നത്. മറിച്ച് തന്റെ കാര്യങ്ങൾ നോക്കാനും ആവശ്യമായ സേവനങ്ങളും പരിചരണങ്ങളും നൽകാനും മരണപ്പെടുമ്പോൾ മയ്യിത്ത് കുളിപ്പിക്കാനും വേണ്ടിയായിരുന്നു ഈ വിവാഹങ്ങൾ. പുണ്യം തേടിയും, മക്കൾക്കു വേണ്ടിയുള്ള ഭാര്യയുടെ ആഗ്രഹം മനസ്സിലാക്കിയും അധികവും അനാഥ കുട്ടികളുടെ മാതാക്കളെയാണ് ആഗകൾ വിവാഹം ചെയ്തിരുന്നത്. ചിലർ വിദേശങ്ങളിൽ നിന്നും വിവാഹം ചെയ്ത് ഭാര്യമാരെ സൗദിയിലെത്തിച്ചിരുന്നു. ഭാര്യമാർക്ക് മുൻ ബന്ധത്തിൽ മക്കളുണ്ടെങ്കിൽ അവരെയും വിസയിൽ രാജ്യത്തെത്തിച്ച് സ്വന്തം മക്കളെ പോലെയാണ് ആഗകൾ നോക്കിയിരുന്നതെന്ന് അലി ഹുസൈൻ ആഗ പറയുന്നു. 
മക്കയിലും മദീനയിലും ശേഷിക്കുന്ന ആഗകൾ ഏറെ പ്രായം ചെന്നവരാണ്. കൂട്ടത്തിൽ പെട്ട നിരവധി പേർ മൺമറഞ്ഞുപോയിരിക്കുന്നു. വിരലിലെണ്ണാവുന്നവർ മാത്രമാണ് ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ഇരു ഹറമുകളുടെയും ചരിത്രത്തിൽ സ്വാധീനവും സാന്നിധ്യവും ബാക്കിയാക്കിയാണ് ആഗകൾ ഓരോരുത്തരായി വിടവാങ്ങിക്കൊണ്ടിരിക്കുന്നത്. വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും കാലാതിവർത്തിയായ ചരിത്രരചനയിൽ ഇവർ മായാമുദ്രകൾ പതിപ്പിച്ചിരിക്കുന്നു. നൂറ്റാണ്ടുകളായി ഹറമിന്റെയും പ്രവാചക പള്ളിയുടെയും പരിചരണത്തിൽ പകരം വെക്കാനില്ലാത്തവരാണ് ആഗകൾ. 


മതാഫ് കഴുകൽ, പ്രാവുകളുടെ കാഷ്ഠങ്ങൾ വൃത്തിയാക്കൽ, വിളക്കുകൾ കത്തിക്കൽ എന്നിവ അടക്കം 42 ജോലികൾ പഴയ കാലത്ത് ഇരു ഹറമുകളിലും ആഗകൾ നിർവഹിച്ചിരുന്നു. നിലവിൽ രാജാവിനെ സ്വീകരിക്കൽ, വിദേശ രാഷ്ട്ര നേതാക്കൾ അടക്കമുള്ള വിശിഷ്ടാതിഥികളെ സ്വീകരിക്കൽ-അവർക്ക് സംസം വിതരണം ചെയ്യൽ, ത്വവാഫിനിടെ സ്ത്രീപുരുഷന്മാരെ വേർതിരിക്കൽ-ബാങ്ക് കൊടുത്ത ശേഷം സ്ത്രീകളെ ത്വവാഫിൽ നിന്ന് വിലക്കൽ എന്നീ കർത്തവ്യങ്ങളാണ് ആഗകൾ വിശുദ്ധ ഹറമിൽ നിർവഹിക്കുന്നത്. പ്രവാചകന്റെ തിരുശരീരം മറവു ചെയ്ത മുറിയുടെ ശുചീകരണ ചുമതലയും രാഷ്ട്രത്തിന്റെ അതിഥികളെ ബാബുസ്സലാം ഗെയ്റ്റിൽ സ്വീകരിച്ച് അനുഗമിക്കലും മസ്ജിദുന്നബവിയിലെ മിമ്പർ (പ്രസംഗപീഠം) ഖതീബുമാർക്ക് തുറന്നുകൊടുക്കലും മറ്റും മസ്ജിദുന്നബവിയിലും ആഗകൾ നിർവഹിക്കുന്നു. നിലവിൽ പ്രായാധിക്യം മൂലം പല ആഗകളും ഹറമുകളിൽ സേവനമനുഷ്ഠിക്കുന്നില്ല. നമസ്‌കാരങ്ങൾ നിർവഹിക്കാൻ മാത്രമാണ് ഇവർ ഹറമുകളിലെത്തുന്നത്. 
പ്രത്യേക വേഷഭൂഷാദികളാൽ എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ആഗകൾക്ക് വിശ്വാസികൾക്കിടയിൽ പ്രത്യേക സ്ഥാനവും ആദരവുമാണ് ലഭിക്കുന്നത്. ഹറമിലും മസ്ജിദുന്നബവിയിലും ഇരിക്കുന്നതിന് ഇവർക്ക് പ്രത്യേക ഇരിപ്പിടങ്ങളുണ്ട്. ഷാൾ ധാരണത്തിലെ വ്യത്യാസങ്ങൾ അടക്കം അംഗവേഷത്തിലെ വൈജാത്യങ്ങൾ ആഗകളുടെ പദവികൾ സൂചിപ്പിക്കുന്നു. 
രാജകൽപനയുടെ അടിസ്ഥാനത്തിൽ ദശകങ്ങളായി പുതിയ ആഗകളെ റിക്രൂട്ട് ചെയ്യാറില്ല. ആഗ ജോലിയിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന വ്യക്തി ഷണ്ഡീകരിക്കപ്പെട്ടിരിക്കണമെന്നും നല്ല ആരോഗ്യവാന്മാരായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. തങ്ങൾക്കു മേൽ ആഗ നിയമം ബാധകമാക്കാൻ ഇവർ തയാറാവുകയും വേണം. ആഗകളായി നിയമിക്കുന്നതിന് വ്യവസ്ഥകളെല്ലാം തികഞ്ഞവരെ കണ്ടെത്തുന്നതിന് ആഗകൾ പല രാജ്യങ്ങളിലേക്കും യാത്രകൾ പോയിരുന്നു. വ്യവസ്ഥകൾ പൂർണമായവരെ കണ്ടെത്തിയാൽ അക്കാര്യം ആഗകളുടെ കാരണവരെ അറിയിക്കുകയാണ് ചെയ്യുക. സൗദിയിലെത്തിച്ചശേഷം മെഡിക്കൽ പരിശോധനകളെല്ലാം നടത്തി ആഗ നിയമത്തെ കുറിച്ച് അറിയിക്കും. ഇതിനുശേഷം ആഗയായി നിയമിക്കുന്നതിനുള്ള ഫയൽ ആഗാ കാരണവർ ഹജ്, ഔഖാഫ് മന്ത്രിക്ക് സമർപ്പിക്കുകയും ആഗയായി നിയമനം നൽകി മന്ത്രി ഉത്തരവിടുകയും സൗദി പൗരത്വം അനുവദിക്കുകയും ചെയ്യും. 


നേതാവ് എന്ന അർഥത്തിൽ കുർദു, തുർക്കി, പേർഷ്യൻ ഭാഷകളിൽ ആഗ എന്ന വാക്ക് ഉപയോഗിക്കുന്നുണ്ട്. വീട്ടുകാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നയാളെയും പരിചാരകരുടെ തലവനെയുമാണ് ഓട്ടോമൻ രാജ്യത്ത് ആഗ എന്ന് വിളിച്ചിരുന്നത്. ഇരു ഹറമുകളുടെയും പരിചരണത്തിനും സേവനത്തിനും ജീവിതം സമർപ്പിച്ചവരെ വിളിക്കുന്നതിന് ആഗകൾ എന്ന വാക്ക് തുർക്കികളിൽ നിന്നാകും പഴയ കാലത്ത് ഹിജാസ് നിവാസികൾ കടംകൊണ്ടിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. 
വിശുദ്ധ കഅ്ബാലയത്തിന്റെ പരിചരണത്തിന് അടിമകളെ ആദ്യമായി ഉപയോഗിച്ചത് ഇസ്‌ലാമിക ചരിത്രത്തിൽ അമവി (ഉമയ്യഡ്) ഖിലാഫത്തിന് തുടക്കം കുറിച്ച മുആവിയ ബിൻ അബീസുഫ്‌യാൻ ആണെന്ന് ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. മുആവിയയുടെ പുത്രൻ യസീദ് ആണ് ആദ്യമായി ഷണ്ഡന്മാരെ കഅ്ബയുടെ പരിചരണത്തിന് നിയോഗിച്ചത്. മസ്ജിദുന്നബവിയിൽ ആദ്യമായി ഷണ്ഡന്മാരെ നിയമിച്ചത് ഈജിപ്ത് ആസ്ഥാനമായി സിറിയയും യെമനും ഹിജാസും അടക്കമുള്ള വിശാലമായ ഭൂപ്രദേശത്തിന്റെ ഭരണം കൈയാളിയിരുന്ന അയ്യൂബിയ (അയ്യൂബിഡ്) രാജവംശത്തിൽ പെട്ട സുൽത്താൻ സ്വലാഹുദ്ദീൻ ബിൻ അയ്യൂബ് (സ്വലാഹുദ്ദീൻ അയ്യൂബി) ആണെന്ന് ഡോ. സുലൈമാൻ അബ്ദുൽഗനി മാലികി, ഡോ. അഹ്മദ് അബ്ദുറഹീം നസ്ർ, ഡോ. സഅദുദ്ദീൻ ഒനാൽ എന്നിവർ ചേർന്ന് ആഗകളുടെ ചരിത്രത്തെ കുറിച്ച് തയാറാക്കിയ പഠനം പറയുന്നു. അതിനു മുമ്പ് മസ്ജിദുന്നബവിയിൽ സേവകരുണ്ടായിരുന്നില്ല. 
സ്ത്രീകളോട് താൽപര്യമില്ലാത്ത ഷണ്ഡന്മാർ ആനന്ദങ്ങളിൽ നിന്ന് അകന്ന് ജോലിയിൽ അർപ്പണ മനോഭാവം കാണിക്കുമെന്നതിനാലാണ് ഇരു ഹറമുകളുടെയും സേവനത്തിന് പഴയ കാലത്ത് ഇത്തരക്കാരെ ഉപയോഗിച്ചത്. ലോക സഞ്ചാരിയായ ഇബ്‌നുബത്തൂത്തയുടെ കൃതിയിൽ ആഗകളെ കുറിച്ച വിവരണമുണ്ട്. കാലപ്രയാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ രാജാക്കന്മാരും ധനാഢ്യരും പുണ്യം തേടി ആഗകളെ ഇരു ഹറമുകളുടെയും പരിചരണത്തിന് ദാനം ചെയ്തിരുന്നു. 
മനുഷ്യരെ ഷണ്ഡീകരിക്കുന്നത് ഇസ്‌ലാം വിലക്കുന്നുണ്ട്. അജ്ഞത മൂലം കുട്ടികളായിരിക്കെ ഷണ്ഡീകരിച്ചാണ് ആഗകളെ രൂപപ്പെടുത്തിയിരുന്നത്. ജന്മനാ ഷണ്ഡന്മാരായവരും ഇക്കൂട്ടത്തിലുണ്ടായിരിക്കാമെന്നാണ് കരുതപ്പെടുന്നത്. പഴയ കാലത്ത് ആഫ്രിക്കയിൽ ഗോത്രാധിപത്യ മേഖലകളിൽ പ്രാദേശിക സംഘർഷവുമായി ബന്ധപ്പെട്ട കാരണങ്ങൾ കുട്ടികളെ ഷണ്ഡീകരിക്കാൻ ഇടയാക്കിയിരുന്നു. ശത്രുചേരിയിലുള്ള ഗോത്രത്തിന്റെ കൈകളിൽ അകപ്പെടുന്ന കുട്ടികളെ പ്രതികാരത്തിനുവേണ്ടി ഷണ്ഡീകരിക്കും. ഷണ്ഡീകരിച്ച ശേഷവും ഇവർ ജീവിച്ചിരിക്കുന്നപക്ഷം ഇത്തരക്കാരുടെ പ്രശ്‌നത്തിന് പരിഹാരമെന്നോണം ഇരു ഹറമുകളുടെയും പരിചരണത്തിന് കുടുംബങ്ങൾ തന്നെ  അയക്കുകയാണ് ചെയ്തിരുന്നതെന്നും പറയപ്പെടുന്നു. ആഗകൾ ഭൂരിഭാഗവും എത്യോപ്യയിൽ നിന്നുള്ളവരും അവശേഷിക്കുന്നവർ സുഡാനിൽ നിന്നുള്ളവരുമായിരുന്നു. 


ലൗകീക സുഖങ്ങളിൽ നിന്നെല്ലാം അകന്നാണ് ജീവിതം കഴിക്കുന്നതെങ്കിലും ആഗകൾ നല്ല സാമ്പത്തിക ഭദ്രതയുള്ളവരാണ്. കിഴക്കൻ മദീനയിലെ ഏറ്റവും മികച്ച ഡിസ്ട്രിക്ടിലാണ് ആഗകൾ കഴിഞ്ഞിരുന്നത്. ഇവരുടെ വീടുകളിലെ ഫർണിച്ചർ മദീനയിലെ മറ്റേതൊരു വീട്ടിലെതിനെക്കാളും മുന്തിയവയായിരുന്നു. ജീവകാരുണ്യ മേഖലയിലും ദരിദ്രർക്ക് സഹായങ്ങൾ നൽകുന്നവരും മതത്തിൽ അഗാധ ജ്ഞാനം നേടിയവരും ആഗകളുടെ കൂട്ടത്തിലുണ്ടായിരുന്നു. മദീനയിൽ മസ്ജിദുകളും സ്‌കൂളുകളും നിർമിച്ച ആഗകളുണ്ട്. ഖുബാ ഡിസ്ട്രിക്ടിലെ ആഗ മസ്ജിദ് ഇതിന് ഏറ്റവും വലിയ തെളിവാണ്.
പഴയ കാലത്ത് മദീനയിൽ ആഗകൾ കഴിഞ്ഞിരുന്ന പ്രദേശം അൽഅഗവാത് ഡിസ്ട്രിക്ട് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. മസ്ജിദുന്നബവിക്ക് കിഴക്ക് ജന്നത്തുൽ ബഖീഇന് പടിഞ്ഞാറായിരുന്ന ഈ ഭാഗം ഇപ്പോൾ നിലവിലില്ല. മസ്ജിദുന്നബവി വികസന പദ്ധതിക്കു വേണ്ടി ഈ ഭാഗം ഏറ്റെടക്കുകയായിരുന്നു. ആഗമാർക്ക് മക്കയിലും മദീനയിലും ജിദ്ദയിലും തായിഫിലും അൽഹസയിലും ഇറാഖിലും മൊറോക്കൊയിലും യെമനിലും വഖഫ് സ്വത്തുക്കളുണ്ട്. ഇരു ഹറമുകളുടെയും സേവന മേഖലയിൽ ആഗകൾ നിർവഹിക്കുന്ന സ്തുത്യർഹ സേവനം കണ്ട് ഇവരുടെ ക്ഷേമത്തിനുള്ള സ്ഥിരവരുമാനമെന്നോണം പഴയ കാലത്ത് ഉദാരമതികൾ കെട്ടിടങ്ങളും കൃഷിയിടങ്ങളും വഖഫ് ചെയ്യുകയായിരുന്നു. 
ആഗകളുടെ രീതികളെയും ആചാരങ്ങളെയും പാരമ്പര്യങ്ങളെയും സൗദി ഭരണാധികാരികൾ പ്രത്യേകം മാനിച്ചിരുന്നു. ഇക്കാര്യങ്ങളിലൊന്നും ഒരുവിധ ഇടപെടലുകളും നടത്തരുതെന്ന് രാജാക്കന്മാർ പ്രത്യേകം നിഷ്‌കർഷിച്ചിരുന്നു. പുതിയ ആഗകളെ റിക്രൂട്ട് ചെയ്യുന്നത് വിലക്കിയെങ്കിലും നിലവിലുള്ള ആഗകളെ ആദരിക്കുന്നത് സൗദി അറേബ്യ തുടർന്നു. ഹറംകാര്യ വകുപ്പ് വഴി ഓരോ വർഷവും ഇവർക്ക് രാജാവ് പ്രത്യേക സഹായം എത്തിക്കുന്നുണ്ട്. വേതനവും വഖഫ് സ്വത്തുക്കളിൽ നിന്നുള്ള വരുമാനവും ഇതിനു പുറമെയാണ്. 
ആഗകളെ കുറിച്ച ചരിത്രം രേഖപ്പെടുത്തിവെക്കാൻ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ചുമതലപ്പെടുത്തിയതു പ്രകാരം മസ്ജിദുന്നബവിയിലെ ആഗകളുടെ ഫോട്ടോകൾ ചിത്രീകരിച്ച സൗദി ഫോട്ടോഗ്രാഫർ ആദിൽ അൽഖുറൈശി ഇവ മദീനയിലും ലണ്ടനിലും അടക്കം പ്രദർശിപ്പിച്ചിട്ടുണ്ട്. മസ്ജിദുന്നബവിയിൽ പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ തിരുശരീരം മറവു ചെയ്ത മുറിയുടെ താക്കോൽ സൂക്ഷിപ്പ് ചുമതല ഇന്നും ആഗകളുടെ പക്കലാണ്. 
താക്കോൽ കൈവശം വെക്കുന്നയാളല്ലാതെ മറ്റാരും ഇത് കാണാൻ പാടില്ലെന്ന് ഇവർക്ക് നിർദേശമുണ്ട്. മൂന്നു വർഷം നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ഈ താക്കോലിന്റെ ഫോട്ടോ എടുക്കാൻ ഉപാധിയോടെ ആഗകൾ തന്നെ അനുവദിച്ചതെന്ന് ആദിൽ അൽഖുറൈശി പറയുന്നു. ഹറംകാര്യ വകുപ്പിൽ നിന്ന് പ്രത്യേകം അനുമതി നേടണമെന്നതായിരുന്നു ഈ ഉപാധി. ഹറംകാര്യ വകുപ്പിൽ നിന്ന് സമ്മതം നേടിയതിനെ തുടർന്ന് താക്കോലിന്റെ ഫോട്ടോയെടുക്കാൻ ആഗകൾ തന്നെ അനുവദിക്കുകയായിരുന്നെന്ന് ആദിൽ അൽഖുറൈശി പറയുന്നു. 

Latest News